സൂറ: സ്സബഅ്‌, ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

അധ്യായം: 34, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْـَٔاخِرَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ (١) يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ ٱلرَّحِيمُ ٱلْغَفُورُ (٢) وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَـٰلِمِ ٱلْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍۢ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَـٰبٍۢ مُّبِينٍۢ (٣) لِّيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۚ أُو۟لَـٰٓئِكَ لَهُم مَّغْفِرَةٌۭ وَرِزْقٌۭ كَرِيمٌۭ (٤) وَٱلَّذِينَ سَعَوْ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ لَهُمْ عَذَابٌۭ مِّن رِّجْزٍ أَلِيمٌۭ (٥) وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ (٦)

1. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ആരുടെതാണോ ആ അല്ലാഹുവിന് സ്തുതി. അവൻ യുക്തിമാനും സൂക്ഷ്മജ്ഞനുമത്രെ.

2. ഭൂമിയിൽ പ്രവേശിക്കുന്നതും, അതിൽ നിന്ന് പുറത്ത് വരുന്നതും, ആകാശത്തുനിന്ന് ഇറങ്ങുന്നതും അതിൽ കയറുന്നതുമായ വസ്തുക്കളെ പറ്റി അവൻ അറിയുന്നു. അവൻ കരുണാനിധിയും ഏറെ പൊറുക്കുന്നവനുമത്രെ.

3. ആ അന്ത്യസമയം ഞങ്ങൾക്ക് വന്നെത്തുകയില്ലെന്ന് സത്യനിഷേധികൾ പറഞ്ഞു. നീ പറയുക: അല്ല, എന്റെ രക്ഷിതാവിനെ തന്നെയാണ, അത് നിങ്ങൾക്ക് വന്നെത്തുകതന്നെ ചെയ്യും. അദൃശ്യകാര്യങ്ങൾ അറിയുന്നവനായ (രക്ഷിതാവ്). ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കമുള്ളതോ അതിനെക്കാൾ ചെറുതോ വലുതോ ആയ യാതൊന്നും അവനിൽനിന്ന് മറഞ്ഞ് പോകുകയില്ല. സ്പഷ്ടമായ ഒരു രേഖയിൽ ഉൾപെടാത്തതായി യാതൊന്നുമില്ല.

4. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവൻ പ്രതിഫലം നൽകുന്നതിന് വേണ്ടിയത്രെ അത്. അങ്ങനെയുള്ളവർക്കാകുന്നു പാപമോചനവും മാന്യമായ ഉപജീവനവും ഉള്ളത്.

5. (നമ്മെ) തോൽപിച്ചുകളയാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിർക്കുന്നതിന് ശ്രമിച്ചവരാരോ അവർക്കത്രെ വേദനാജനകമായ കഠിനശിക്ഷയുള്ളത്.

6. നിനക്ക് നിന്റെ രക്ഷിതാവിങ്കൽനിന്ന് അവതരിപ്പിക്കപ്പെട്ടതുതന്നെയാണ് സത്യമെന്നും പ്രതാപിയും സ്തുത്യർഹനുമായ അല്ലാഹുവിന്റെ മാർഗത്തിലേക്കാണ് അത് നയിക്കുന്നതെന്നും ജ്ഞാനം നൽകപ്പെട്ടവർ കാണുന്നുണ്ട്.

(1). (സ്തുതി) ഇവിടെ ഹംദ് എന്നത് അല്ലാഹുവിന്റെ സ്തുതിക്കപ്പെടേണ്ട ഗുണങ്ങൾ, ഉന്നതമായ പ്രവൃത്തികൾ എന്നിവ കൊണ്ട് മഹത്ത്വപ്പെടുത്തുന്നതിനെ സൂചിപ്പിക്കുന്നു. എല്ലാ സ്തുതികളും അല്ലാഹുവിന്നാണ്. അവന്റെ എല്ലാ ഗുണങ്ങളും സ്തുതിക്ക് യോഗ്യമാണ്. കാരണം, അവ പരിപൂർണ ഗുണങ്ങളാണ്. അവന്റെ പ്രവൃത്തികൾ സ്തുതിക്ക് യോഗ്യമാണ്. കാരണം അവ കരുണയും നീതിയും അടിസ്ഥാനമാക്കിയുള്ളതാണ്.

ഇവിടെ അവൻ സ്വയം പുകഴ്ത്തുകയാണ്. കാരണം (ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അവന്റെതാണ്) അവൻ അവയുടെയെല്ലാം ഉടമസ്ഥനാണ്. അവ അവന് കീഴ്‌പ്പെട്ടിരിക്കുന്നു. അവൻ അവയെ നിയന്ത്രിക്കുകയും അവയുടെ കാര്യങ്ങൾ അവൻ ഉദ്ദേശിക്കുന്നതുപോലെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

(പരലോകത്തും അവന് സ്തുതി) കാരണം, ഈ ലോകത്ത് അവൻ സ്തുതിക്കപ്പെടുന്നതിനെക്കാളും പരലോകത്ത് അവൻ സ്തുതിക്കപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നു. അല്ലാഹു തന്റെ സൃഷ്ടികൾക്കിടയിൽ വിധി കൽപിക്കുമ്പോൾ ജനങ്ങളും സർവ സൃഷ്ടികളും അവന്റെ നീതിയുടെ പൂർണത ദർശിക്കും; ശിക്ഷയ്ക്ക് അർഹരായവർ പോലും. അതിലവർ അവനെ പുകഴ്ത്തും. ഹൃദയം നിറച്ച് അവനെ സ്തുതിച്ചുകൊണ്ടേ അവർ നരകത്തിൽ പ്രവേശിക്കൂ. ശിക്ഷ അവരുടെ പ്രവർത്തന ഫലമാണെന്നും അവൻ നീതിമാനാണെന്നും അവർ അംഗീകരിക്കും.

സുഖാനുഗ്രഹത്തിന്റെയും പ്രതിഫലത്തിന്റെയും ഭവനത്തിൽവച്ചുള്ള സ്തുതിയാകട്ടെ; അതിനെ സംബന്ധിച്ച് ധാരാളം രേഖകൾ വന്നിട്ടുണ്ട്. പ്രമാണപരവും യുക്തിപരവുമായ തെളിവുകളും അതിനെ സാക്ഷ്യപ്പെടുത്തുന്നു. സ്വർഗത്തിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഒന്നിനു പുറകെ ഒന്നായി വരുന്നു. ധാരാളം അനുഗ്രഹങ്ങളും അപാരമായ ഔദാര്യവും ലഭിച്ചുകൊണ്ടേയിരിക്കുന്നു. സ്വർഗക്കാരുടെ മനസ്സിൽ യാതൊരാഗ്രഹവും അവശേഷിക്കുന്നില്ല. എന്ത് ഉദ്ദേശിച്ചാലും അത് വിചാരിക്കുന്നതിനെത്രയോ അപ്പുറത്ത് അവർക്ക് ലഭിക്കുന്നു. ഇതുവരെ ആരും ആഗ്രഹിച്ചിട്ടില്ലാത്തതും ചിന്തിച്ചിട്ടില്ലാത്തതുമായ ഗുണങ്ങൾ അവർക്ക് നൽകപ്പെടും. അല്ലാഹുവിനെ അറിയുക, സ്‌നേഹിക്കുക, സ്തുതിക്കുക എന്നതിൽനിന്നെല്ലാം അവരെ തടയുന്ന യാതൊരു തടസ്സവും സ്വർഗത്തിലില്ല. ആ സ്തുതിയെക്കാളും സ്വർഗക്കാർക്ക് ആസ്വാദ്യകരമായ മറ്റൊന്നുണ്ടോ? അതിനാൽ, അവർ അല്ലാഹുവിനെ കാണുമ്പോഴും അവന്റെ വാക്കുകൾ കേൾക്കുമ്പോഴും എല്ലാ സ്വർഗീയാനന്ദങ്ങളെയും അവർ വിസ്മരിക്കും. സ്വർഗത്തിൽ ദിക്ർ അവർക്ക് ശ്വാസോച്ഛ്വാസം പോലെയായിരിക്കും. അത് എല്ലാ സമയത്തും അവർ നടത്തിക്കൊണ്ടിരിക്കും. സ്വർഗത്തിലെ ആളുകൾക്ക് തങ്ങളുടെ രക്ഷിതാവിന്റെ മഹത്ത്വം എല്ലാ സമയത്തും പ്രകടമായിരിക്കും. അവന്റെ മഹത്ത്വവും ഭംഗിയും പൂർണതയും അവർക്ക് വ്യക്തമാവും. അത് അവനെ പുകഴ്്ത്താനും സ്തുതിക്കാനും അവരെ പ്രേരിപ്പിക്കും.

(അവൻ യുക്തിമാനും) അവന്റെ ആധിപത്യത്തിലും കൽപനകളിലും വിലക്കുകളിലും അവൻ യുക്തിമാനാണ്. (സൂക്ഷ്മജ്ഞനുമാകുന്നു).

(2). അതിനാൽ അവന്റെ അറിവിനെ വിശദമായി പരാമർശിക്കുന്നു. (ഭൂമിയിൽ പ്രവേശിക്കുന്നത് അവനറിയുന്നു) അതായത് മഴ, വിത്തുകൾ, മൃഗങ്ങൾ. (അതിൽ നിന്ന് പുറത്തുവരുന്നതും) എല്ലാതരം സസ്യങ്ങൾ, മൃഗങ്ങൾ. (അതിൽ കയറുന്നതുമായ വസ്തുക്കൾ) മലക്കുകൾ, ഭക്ഷണം, അല്ലാഹുവിന്റെ വിധികൾ, അവരെയും അവരുടെ കാര്യങ്ങളെക്കുറിച്ചുള്ള അവന്റെ അറിവും. അല്ലാഹു തുടർന്ന് പറയുന്നു: (അവൻ കരുണാനിധിയും ഏറെ പൊറുക്കുന്നവനുമത്രെ) കരുണയും പാപമോചനവും അവന്റെ വിശേഷണങ്ങളാണ്. അതിന്റെ ഫലങ്ങൾ എപ്പോഴും തന്റെ ദാസന്മാരിൽ ഇറക്കുന്നു; അതിനു വേണ്ടി അവർ ചെയ്യുന്ന കാര്യങ്ങൾക്കനുസരിച്ച്.

(3). അല്ലാഹു അവന്റെ മഹത്ത്വത്തെ സ്വയം വ്യക്തമാക്കുന്നതിലൂടെ ആവശ്യപ്പെടുന്നത് അവനെത്തന്നെ ആരാധിക്കുകയും മഹത്ത്വപ്പെടുത്തുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യണമെന്നാണ്. അല്ലാഹുവിനെ കണക്കാക്കേണ്ടവിധം കണക്കാക്കാത്ത ചിലർ ജനങ്ങളിലുണ്ട്. അവനിൽ അവർ അവിശ്വസിക്കുന്നു. മരിച്ചവരെ തിരിച്ചുകൊണ്ടുവരാനും അന്ത്യനാൾ സംഭവിപ്പിക്കാനുമുള്ള അല്ലാഹുവിന്റെ കഴിവിനെ അവർ നിഷേധിക്കുകയും ചെയ്യുന്നു. അതിലവർ പ്രവാചകന്മാരോട് വിയോജിച്ചു. (സത്യനിഷേധികൾ പറഞ്ഞു) അല്ലാഹുവിലും അവന്റെ ദൂതരിലും അവർ കൊണ്ടുവന്നതിലും അവിശ്വസിക്കുന്നവർ. (ആ അന്ത്യസമയം ഞങ്ങൾക്ക് വന്നെത്തുകയില്ലെന്ന്) അതായത്, ഐഹികജീവിതമല്ലാതെ മറ്റൊന്നില്ലെന്ന്. ഞങ്ങൾ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. അപ്പോൾ അല്ലാഹു തന്റെ ദൂതനോട് അവർ പറഞ്ഞതിനെ നിഷേധിക്കാനും അതിന് മറുപടി പറയാനും നിർദേശിക്കുന്നതോടൊപ്പം അന്ത്യനാൾ സംഭവിക്കുമെന്ന് സത്യം ചെയ്ത് പറയുകയും ചെയ്യുന്നു. അതിനുള്ള തെളിവ് അദ്ദേഹം അവതരിപ്പിച്ചു. അതംഗീകരിക്കുന്നവർ തീർച്ചയായും പരലോകത്തിൽ വിശ്വസിക്കണം. അത് അല്ലാഹുവിനെ കുറിച്ചുള്ള വിശാലമായ അറിവാണ്.

(അദൃശ്യകാര്യങ്ങൾ അറിയുന്നവൻ) നമ്മുടെ ദൃഷ്ടിയിൽനിന്നും അറിവിൽനിന്നും മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ. അപ്പോൾ ദൃശ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് എങ്ങനെയായിരിക്കും? വീണ്ടും അവന്റെ അറിവിനെ കുറിച്ച് ഊന്നിപ്പറയുന്നു: (അവനിൽനിന്ന് മറഞ്ഞുപോകുന്നില്ല) അവന്റെ അറിവിൽനിന്നും മറഞ്ഞു പോകുന്നില്ല. (ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുവിന്റെ തൂക്കമുള്ളത്) അതായത്, അവന്റെ അറിവിന് അതീതമായ യാതൊന്നും തന്നെയില്ല. സ്വന്തമായി നിൽക്കുന്നവയോ ഒന്നിന്റെ ഭാഗമായി നിൽക്കുന്നതോ ആകട്ടെ-അ ണുവിനെ പോലെ ഏറ്റവും ചെറിയ കണികകൾ പോലും-എല്ലാ വസ്തുക്കളും അവ ൻ അറിയും.

(അതിനെക്കാൾ ചെറുതോ വലുതോ ആയ യാതൊന്നും അവനിൽനിന്ന് മറഞ്ഞുപോകുന്നില്ല. സ്പഷ്ടമായ ഒരു രേഖയിൽ ഉൾപ്പെടാത്തതായി യാതൊന്നുമില്ല) അതായത് അതെല്ലാം അവന്റെ അറിവിൽ പെടും. അവന്റെ തൂലിക അത് എഴുതിയിരിക്കുന്നു. അതെല്ലാം ‘ലൗഹുൽ മഹ്ഫൂദ്വ്’ എന്ന വ്യക്തമായ രേഖയിലുണ്ട്. ഒരു സമയത്തും നിസ്സാരമായ ഒരു കണികപോലും അവന്റെ അറിവിൽനിന്ന് മറയുന്നില്ല. മരിച്ചവരുടെ ശരീരത്തിൽനിന്നും മണ്ണിൽ അവശേഷിപ്പിക്കുന്നത് അവനറിയും. അതിനാൽ അവരെ ഉയിർത്തെഴുന്നേല്പിക്കുക പ്രയാസകരമല്ല. ഈ അറിവിനെക്കാൾ അത്ഭുതകരമല്ല അവരുടെ ഉയിർത്തെഴുന്നേൽപ്.

(4). ഉയിർത്തെഴുന്നേൾപിന്റെ ഉദ്ദേശ്യമാണ് ഇവിടെ പറയുന്നത്. (വിശ്വസിക്കുന്നവർക്ക് പ്രതിഫലം നൽകുന്നതിന്) അവരുടെ ഹൃദയംകൊണ്ട് അവർ അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും സത്യപ്പെടുത്തിയതിന്. (സൽക്കർമങ്ങൾ പ്രവർത്തിക്കുകയും) വിശ്വാസത്തെ സ്ഥിരീകരിച്ചുകൊണ്ട്. (അങ്ങനെയുള്ളവർക്ക് പാപമോചനമുണ്ട്) അവരുടെ പാപങ്ങൾക്കുള്ള എല്ലാ ശിക്ഷകളെയും പ്രതിരോധിക്കുന്ന വിശ്വാസ-കർമങ്ങൾകൊണ്ട്. (മാന്യമായ ഉപജീവനവും) ആഗ്രഹിച്ചതെല്ലാം നേടിക്കൊടുക്കുന്ന അവരുടെ നന്മകൾ കൊണ്ട്.

(5). (നമ്മെ തോൽപിച്ചുകളയാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിർക്കുന്നതിന് ശ്രമിച്ചവരാരോ അവർക്ക്) നമ്മുടെ ദൃഷ്ടാന്തങ്ങളെ പരാജയപ്പെടുത്താനും നിഷേധിക്കാനും. അത് ഇറക്കിയവന്റെ കഴിവുകളെ. അതായത്, മരിച്ചവരെ ജീവിപ്പിക്കുക എന്നതിനെ നിഷേധിക്കുന്നവർ. (അവർക്ക് വേദനാജനകമായ കഠിന ശിക്ഷയാണുള്ളത്) ഹൃദയത്തെയും ശരീരത്തെയും വേദനിപ്പിക്കുന്ന ശിക്ഷ.

(6). ഉയിർത്തെഴുന്നേൽപിനെ നിഷേധിക്കുന്നവരുടെ നിഷേധത്തെക്കുറിച്ച് പറയുകയും തന്റെ ദൂതന് അവതരിപ്പിച്ചത് സത്യമല്ലെന്ന് അവർ വിചാരിക്കുകയും ചെയ്യുന്നു എന്ന് പരാമർശിച്ച ശേഷം തന്റെ ദാസന്മാരിൽ സത്യവിശ്വാസം സ്വീകരിച്ചവരെക്കുറിച്ച് പറയുകയാണ്. അവരാണ് അറിവുള്ളവർ. അല്ലാഹു തന്റെ ദൂതന് ഇറക്കിയ ഗ്രന്ഥവും അതുൾക്കൊള്ളുന്ന കാര്യങ്ങളും. (അതു തന്നെയാണ് സത്യമെന്നും) അതായത് സത്യം അതിൽ മാത്രം പരിമിതമാണ്. അതിനെതിരാവുന്നതെല്ലാം അസത്യമാണ്. അവർ അറിവിൽ ദൃഢജ്ഞാനത്തിന്റെ പദവിയിലെത്തി. കൂടാതെ, അത് കൽപിക്കുന്നതും വിലക്കുന്നതും അവരെ (പ്രതാപിയും സ്തുത്യർഹനുമായ അല്ലാഹുവിന്റെ മാർഗത്തിലേക്കാണ് അത് നയിക്കുന്നതെന്നും) അവർ കാണുന്നു.

താഴെ പറയുന്ന കാരണങ്ങളാൽ ക്വുർആന്റെ സത്യതയെ അവർ വിശ്വസിക്കുന്നു. അത് കൊണ്ടുവന്നവന്റെ സത്യതയിൽ അവർക്കുറപ്പുണ്ട്. മറ്റൊന്ന് അത് മുൻവേദഗ്രന്ഥങ്ങളിൽ പറഞ്ഞ യാഥാർഥ്യങ്ങളോട് യോജിക്കുന്നു എന്നതാണ്. അതിൽ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുന്നത് അവൻ നേർക്കുനേർ കാണുന്നു. അതിലുള്ള വചനങ്ങളെ സ്ഥിരീകരിക്കുന്ന തെളിവുകൾ സ്വന്തത്തിലും ചക്രവാളങ്ങളിലും അവർ കാണുന്നു. അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങൾ അതിൽ പറഞ്ഞ കാര്യങ്ങൾ യോജിച്ചുവരുന്നതായി കാണുന്നു. അതിലെ കൽപനകളും വിലക്കുകളും നേരായ പാതയിലേക്ക് നയിക്കുന്നതായി കാണുന്നു. അതിലുള്ള കാര്യങ്ങൾ ആത്മാവിനെ ശുദ്ധീകരിക്കുന്നതും പ്രവർത്തിക്കുന്നവന് പ്രതിഫലം വർധിപ്പിക്കുന്നതുമാണ്. സത്യസന്ധത, ആത്മാർഥത, മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ, കുടുംബബന്ധം ചേർക്കൽ, സർവ സൃഷ്ടികൾക്കും നന്മ ചെയ്യൽ, ഇതുപോലുള്ള കാര്യങ്ങൾ. എല്ലാ ചീത്ത കാര്യങ്ങളെയും അത് വിരോധിക്കുന്നു. അതായത്, മനസ്സിനെ മലിനമാക്കുന്ന, പ്രതിഫലം നഷ്ടപ്പെടുത്തുന്ന, തിന്മയായ കാര്യങ്ങൾ. ശിർക്ക് പോലെ. വ്യഭിചാരം, പലിശ, രക്തം ചിന്തൽ, ധനം, അഭിമാനം എന്നിവയിൽ അനീതി ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ.

ഇത് അറിവുള്ളവരുടെ പ്രത്യേകതയെ സൂചിപ്പിക്കുന്നു. അവരുടെ മഹത്ത്വത്തിന്റെ ലക്ഷണങ്ങളും അല്ലാഹുവിന്റെ ദൂതൻ കൊണ്ടുവന്നതിനെ എത്രത്തോളം അറിയുകയും സത്യപ്പെടുത്തുകയും ചെയ്യുന്നുവോ അത്രത്തോളം അവന് അതിലെ കൽപനാ വിരോധങ്ങളെക്കുറിച്ച് അറിയുന്നവനായിരിക്കും. പ്രവാചകത്വത്തിന്റെ സത്യതയെ തെളിയിക്കാൻ അല്ലാഹു നിശ്ചയിച്ച പണ്ഡിതന്മാരിൽ പെട്ടവനാണവൻ. ഇവരെക്കൊണ്ടാണ് ധിക്കാരികളായ സത്യനിഷേധികൾക്കെതിരെ അല്ലാഹു തെളിവ് പിടിക്കുന്നത്.