സൂറ: അഹ്സാബ്, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27
അധ്യായം: 33, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
33. നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളിൽ നിന്ന് മാലിന്യം നീക്കികളയുവാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
34. നിങ്ങളുടെ വീടുകളിൽ വെച്ച് ഓതിക്കേൾപിക്കപ്പെടുന്ന, അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനവും നിങ്ങൾ ഓർമിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
35. (അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷൻമാർ, സ്ത്രീകൾ; വിശ്വാസികളായ പുരുഷൻമാർ, സ്ത്രീകൾ; ഭക്തിയുള്ളവരായ പുരുഷൻമാർ, സ്ത്രീകൾ; സത്യസന്ധരായ പുരുഷൻമാർ, സ്ത്രീകൾ; ക്ഷമാശീലരായ പുരുഷൻമാർ, സ്ത്രീകൾ; വിനീതരായ പുരുഷൻമാർ, സ്ത്രീകൾ; ദാനം ചെയ്യുന്നവരായ പുരുഷൻമാർ, സ്ത്രീകൾ; വ്രതമനുഷ്ഠിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ; തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ; ധാരാളമായി അല്ലാഹുവെ ഓർമിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ-ഇവർക്ക് തീർച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.
36. അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചുപോയിരിക്കുന്നു.

33) (നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക) അതായത് അവിടെത്തന്നെ തുടരുക. കാരണം അതാണ് നിങ്ങൾക്ക് ഏറ്റവും സുരക്ഷിതവും സൂക്ഷ്മതയുള്ളതും. (പഴയ അജ്ഞാതകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്) അതായത് അറിവില്ലാത്ത കാലത്തെ ആളുകൾക്കിടയിലെ പതിവുപോലെ അലങ്കാരമോ സുഗന്ധദ്രവ്യമോ ഉപയോഗിച്ച് പുറത്തിറങ്ങരുത്. അവർക്ക് മതമോ അറിവോ ഉണ്ടായിരുന്നില്ല. ഇതെല്ലാം ഉപദ്രവങ്ങളെയും അതിന്റെ കാരണങ്ങളെയും പ്രതിരോധിക്കാനാണ്. പൊതുവായി അല്ലാഹുവിനെ സൂക്ഷിക്കാനും പ്രത്യേകിച്ച് സ്ത്രീകളുടെ വിഷയത്തിൽ അവനെ ഭയപ്പെടാനും അവരോട് കൽപിച്ച ശേഷം അവനെ അനുസരിക്കാൻ അല്ലാഹു അവരോട് പ്രത്യേകം കൽപിക്കുന്നു. പ്രത്യേകിച്ച് നമസ്‌കാരത്തിന്റെയും സകാത്തിന്റെയും കാര്യങ്ങളിൽ. അവ രണ്ടും അവർക്കും എല്ലാവർക്കും അത്യാവശ്യമായ കാര്യമാണ്. അത് ആരാധനകളിൽ ഏറ്റവും മഹത്ത്വമേറിയതാണ്. നമസ്‌കാരത്തിൽ ആരാധ്യനോടുള്ള ആത്മാർഥതയും ഭക്തിയും ഉൾക്കൊള്ളുന്നു. സകാത്തിൽ അവന്റെ ദാസൻമാരോടുള്ള ദയയുമുണ്ട്.
തുടർന്ന് അല്ലാഹു പൊതുവിൽ അനുസരിക്കാൻ കൽപിക്കുന്നു. അല്ലാഹു പറയുന്നു: (അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക) അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കണം എന്ന് പറയുന്നതിൽ നിർബന്ധമോ ഐഛികമോ ആയ എല്ലാ കൽപനകളും ഉൾപ്പെടും. (അല്ലാഹു ഉദ്ദേശിക്കുന്നത്) നിങ്ങളോട് കൽപിച്ചതും വിരോധിച്ചതുമായ കാര്യങ്ങൾകൊണ്ട്. (നിങ്ങളിൽനിന്ന് മാലിന്യം നീക്കിക്കളയാനാണ്) അതായത് മ്ലേഛതകളിൽ നിന്നും. (പ്രവാചകന്റെ വീട്ടുകാരേ, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും) അങ്ങനെ നിങ്ങളും ശുദ്ധരും ശുദ്ധീകരിക്കുന്നവരുമാകാൻ വേണ്ടി. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ നാഥനെ സ്തുതിക്കുകയും നിങ്ങളുടെ ഗുണത്തിനുവേണ്ടി അവൻ അറിയിച്ചുതന്ന കൽപനകൾക്കും വിരോധങ്ങൾക്കും അവനോട് നന്ദി കാണിക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ഗുണത്തിന് മാത്രമാണ്. നിങ്ങൾക്കൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ അല്ലാഹു ഒരിക്കലും ആഗ്രഹിക്കുന്നില്ല. മറിച്ച് നിങ്ങളുടെ മനസ്സുകളെ ശുദ്ധീകരിക്കുക, നിങ്ങളുടെ പ്രവൃത്തികൾ നല്ലതാക്കുക, അതുവഴി നിങ്ങളുടെ പ്രതിഫലം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
34) കൽപനകളും വിലക്കുകളും മുഖേന തന്റെ മാർഗത്തിൽ പ്രയത്‌നിക്കാൻ നിർദേശിച്ച അല്ലാഹു അവരോട് അറിവുനേടാൻ പറയുകയും അത് നേടാനുള്ള മാർഗം അവർക്ക് വിശദീകരിച്ച് കൊടുക്കുകയും ചെയ്യുന്നു. (നിങ്ങളുടെ വീടുകളിൽ വെച്ച് ഓതി കേൾപിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനവും നിങ്ങൾ ഓർമിക്കുകയും ചെയ്യുക) അല്ലാഹുവിന്റെ ആയത്തുകൾകൊണ്ട് ഉദ്ദേശിക്കുന്നത് ക്വുർആനാണ്. ജ്ഞാനം കൊണ്ട് ഉദ്ദേശിക്കുന്നത് അതിന്റെ സൂക്ഷ്മമായ അർഥങ്ങൾ, അല്ലെങ്കിൽ നബിചര്യ. വാക്കുകളും അർഥവും ചിന്തിച്ച് പാരായണം ചെയ്യുക. അതിൽനിന്നും മതവിധികൾ മനസ്സിലാക്കുക. അതനുസരിച്ച് പ്രവർത്തിക്കുകയും വിശദീകരിക്കുകയും ചെയ്യുക.

(തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു) കാര്യങ്ങളുടെ വസ്തുതകളും മറഞ്ഞിരിക്കുന്ന അർഥങ്ങളും ഹൃദയങ്ങളിലുള്ള ആശയങ്ങളും ആകാശഭൂമികളിൽ മറഞ്ഞിരിക്കുന്നതും പരസ്യമായും രഹസ്യമായും ചെയ്യുന്ന പ്രവർത്തനങ്ങളും അവൻ അറിയുന്നതാണ്. അവന്റെ അറിവും സ്‌നേഹവും പ്രതിപാദിക്കുന്നതിലൂടെ അവൻ അവരെ സത്യസന്ധരായിരിക്കാനും അല്ലാഹു പ്രതിഫലം നൽകുന്ന രഹസ്യ പ്രവർത്തനങ്ങൾ തുടരാനും പ്രേരിപ്പിക്കുന്നു എന്നാണ്.
‘അൽ-ലത്വീഫ്’ (സൂക്ഷ്മജ്ഞാനി) എന്നതിന്റെ അർഥം തന്റെ ദാസനെ അവൻ നൻമയിലേക്ക് നയിക്കുകയും മനസ്സിലാക്കാൻ കഴിയാത്ത രഹസ്യവഴികളിലൂടെ അവരെ അവൻ സംരക്ഷിക്കുകയും അവനറിയാത്ത വഴികളിലൂടെ അവന് ഭക്ഷണമെത്തിക്കുകയും മനസ്സ് ഇഷ്ടപ്പെടാത്ത വഴികൾ അവന് കാണിച്ചുകൊടുത്ത് അവ നെ ഉന്നത തലങ്ങളിൽ എത്തിക്കുകയും ചെയ്യുക എന്നതാണ്.
പ്രവാചകന്റെ പത്‌നിമാരുടെ പ്രതിഫലവും അവർ അതനുസരിക്കുന്നില്ലെങ്കിൽ അവർക്കുള്ള ശിക്ഷയും അവർ മറ്റു സ്ത്രീകളെപ്പോലെയല്ലെന്നും പറഞ്ഞശേഷം മറ്റു സ്ത്രീകളെക്കുറിച്ച് പറയുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിധി ഒന്നായതിനാൽ അല്ലാഹു പറയുന്നു: (മുസ്‌ലിം പുരുഷന്മാർ, മുസ്‌ലിം സ്ത്രീകൾ) ബാഹ്യമായ മത ചിട്ടകൾ പാലിക്കുന്നവരെക്കുറിച്ചാണ് ഇത്. (വിശ്വാസികളായ പുരുഷന്മാർ, സ്ത്രീകൾ) ഇത് ആന്തരിക പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു. അതായത് ഹൃദയത്തിലെ വിശ്വാസങ്ങളും പ്രവർത്തികളും. (അല്ലാഹുവിനോടും അവന്റെ ദൂതനോടും അനുസരണയുള്ള പുരുഷന്മാർ, സ്ത്രീകൾ; സത്യസന്ധരായ പുരുഷന്മാർ, സ്ത്രീകൾ) വാക്കിലും പ്രവൃത്തിയിലും സത്യസന്ധർ. (ക്ഷമാശീലരായ പുരുഷന്മാർ, സ്ത്രീകൾ) പ്രയാസങ്ങളിലും വിപത്തുകളിലും സഹിച്ചു നിൽക്കുന്നവർ. (വിനീതരായ പുരുഷന്മാർ, സ്ത്രീകൾ) എല്ലായ്‌പ്പോഴും ആരാധകളിൽ; പ്രത്യേകിച്ചും നമസ്‌കാരത്തിൽ. (ദാനം ചെയ്യുന്നവരായ പുരുഷന്മാർ, സ്ത്രീകൾ) നിർബന്ധദാനവും ഐഛിക ദാനവും. (നോമ്പ് നോൽക്കുന്ന പുരുഷന്മാർ, സ്ത്രീകൾ) സുന്നത്തും ഫർദുമായ നോമ്പുകൾ ഇതിൽ പെടും.
(ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്മാരും സ്ത്രീകളും) വ്യഭിചാരത്തിൽനിന്നും അതിലേക്ക് നയിക്കുന്ന കാര്യങ്ങളിൽനിന്നും വിട്ടുനിൽക്കുന്നവർ. (ധാരാളമായി അല്ലാഹുവെ ഓർമിക്കുന്നവരായ പുരുഷന്മാർ, സ്ത്രീകൾ) മിക്ക സമയങ്ങളിലും അല്ലാഹുവെ സ്മരിക്കുന്ന; പ്രത്യേകമായി രാവിലെയും വൈകുന്നേരവും ദിക്ർ ചൊല്ലേണ്ട സന്ദർഭങ്ങളിൽ; നിർബന്ധ നമസ്‌കാരങ്ങൾക്ക് ശേഷവും. (ഇവർക്ക് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു) ഈ ഗുണങ്ങളുള്ളവർക്കും മഹത്തായ സ്ഥാനങ്ങൾ ഒരുക്കിവെച്ചിരിക്കുന്നു. വിശ്വാസം,
ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ, ശാരീരിക പ്രവൃത്തികൾ, സംസാരിക്കുന്ന വാക്കുകൾ, തനിക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന മഹത്തായ സ്വഭാവ സവിശേഷതകൾ ഉള്ളവർക്ക് ഉന്നത പദവികളുണ്ട്. ഇത്തരം ആളുകൾ മതത്തിന്റെ മുഴുവൻ കാര്യങ്ങളും നിർവഹിക്കുന്നവരുമായിരിക്കും. അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലമായി അവരുടെ പാപങ്ങൾ പൊറുക്കപ്പെടും. കാരണം നൻമകൾ തിൻമകളെ മായ്ക്കും. (മഹത്തായ പ്രതിഫലം) നൽകുമെന്നല്ലാതെ, അതിന്റെ കണക്ക് നിർണയിക്കുന്നില്ല. ഒരു കണ്ണും കാണാത്തത്, ഒരു കാതും കേൾക്കാത്തത്, ഒരു മനുഷ്യഹൃദയവും ചിന്തിക്കാത്തത്. അല്ലാഹു നമ്മെയും അതിൽ ഉൾപ്പെടുത്തട്ടെ.
36) (ഒരു സത്യവിശ്വാസിയായ പുരുഷനും സ്ത്രീക്കും പാടില്ല) വിശ്വാസിയെന്ന് വിശേഷിക്കപ്പെട്ടവർക്ക് നിർബന്ധമാണ്. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും തൃപ്തിക്ക് ധൃതിപ്പെടുകയും അവരുടെ അനിഷ്ടങ്ങളിൽനിന്ന് അകലുകയും വേണം. അവരുടെ കൽപനകൾ സ്വീകരിക്കുകയും വിരോധങ്ങൾ ഉപേക്ഷിക്കുകയും വേണം.
ഒരു വിശ്വാസിക്കോ വിശ്വാസിനിക്കോ യോജിച്ചതല്ല. (അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ) ഏത് കാര്യമായാലും അത് നിർബന്ധമായും സ്വീകരിക്കണം. (തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവതല്ല) അത് ചെയ്യണോ വേണ്ടയോ എന്ന സ്വാതന്ത്ര്യം. മറിച്ച് ഒരു വിശ്വാസി മനസ്സിലാക്കുന്നത് തീർച്ചയായും റസൂൽ തനിക്ക് തന്നെക്കാൾ ഏറ്റവും പ്രിയപ്പെട്ടതാണ് എന്നാണ്. തന്റെ ഇഷ്ടങ്ങൾ തനിക്കും അല്ലാഹുവിന്റെയും ദൂതന്റെയും ഇടയിൽ മറയാവില്ല. (വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചുപോയിരിക്കുന്നു) വ്യക്തമായി. കാരണം അവൻ അല്ലാഹുവിന്റെ ആദരവിലേക്കെത്തിക്കുന്ന ശരിയായ പാതവിട്ട് കഠിന ശിക്ഷയിലേക്കെത്തിക്കുന്ന വഴിയിൽ പ്രവേശിക്കുന്നു. അല്ലാഹുവിനും റസൂലിനും എതിരാകാതിരിക്കേണ്ടതിന്റെ കാരണം അല്ലാഹു ആദ്യം പറയുന്നു. അത് ഈമാനാണ്. പിന്നീട് അതിന്റെ തടസ്സം പറഞ്ഞു. അത് ശിക്ഷകൾ കാരണമാകുന്ന വഴികളെക്കുറിച്ചുള്ള താക്കീതാണ്
