സൂറ: സ്വാദ്, ഭാഗം 01

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ജനുവരി 27, 1445 റജബ് 15

അധ്യായം: 38, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَإِذَا مَسَّ ٱلْإِنسَـٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُبَلِصٓ ۚ وَٱلْقُرْءَانِ ذِى ٱلذِّكْرِ (١) بَلِ ٱلَّذِينَ كَفَرُوا۟ فِى عِزَّةٍ وَشِقَاقٍ (٢) كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ فَنَادَوا۟ وَّلَاتَ حِينَ مَنَاصٍ (٣) وَعَجِبُوٓا۟ أَن جَآءَهُم مُّنذِرٌ مِّنْهُمْ ۖ وَقَالَ ٱلْكَـٰفِرُونَ هَـٰذَا سَـٰحِرٌ كَذَّابٌ (٤) أَجَعَلَ ٱلْـَٔالِهَةَ إِلَـٰهًا وَٰحِدًا ۖ إِنَّ هَـٰذَا لَشَىْءٌ عُجَابٌ (٥) وَٱنطَلَقَ ٱلْمَلَأُ مِنْهُمْ أَنِ ٱمْشُوا۟ وَٱصْبِرُوا۟ عَلَىٰٓ ءَالِهَتِكُمْ ۖ إِنَّ هَـٰذَا لَشَىْءٌ يُرَادُ (٦) مَا سَمِعْنَا بِهَـٰذَا فِى ٱلْمِلَّةِ ٱلْـَٔاخِرَةِ إِنْ هَـٰذَآ إِلَّا ٱخْتِلَـٰقٌ (٧) أَءُنزِلَ عَلَيْهِ ٱلذِّكْرُ مِنۢ بَيْنِنَا ۚ بَلْ هُمْ فِى شَكٍّ مِّن ذِكْرِى ۖ بَل لَّمَّا يَذُوقُوا۟ عَذَابِ (٨‬) أَمْ عِندَهُمْ خَزَآئِنُ رَحْمَةِ رَبِّكَ ٱلْعَزِيزِ ٱلْوَهَّابِ (٩) أَمْ لَهُم مُّلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ فَلْيَرْتَقُوا۟ فِى ٱلْأَسْبَـٰبِ (١٠)

1. സ്വാദ്- ഉൽബോധനം ഉൾകൊള്ളുന്ന ക്വുർആൻ തന്നെ സത്യം.

2. എന്നാൽ സത്യനിഷേധികൾ ദുരഭിമാനത്തിലും കക്ഷിമാത്സര്യത്തിലുമാകുന്നു.

3. അവർക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അപ്പോൾ അവർ മുറവിളികൂട്ടി. എന്നാൽ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല.

4. അവരിൽനിന്നുതന്നെയുള്ള ഒരു താക്കീതുകാരൻ അവരുടെ അടുത്തു വന്നതിൽ അവർക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികൾ പറഞ്ഞു: ഇവൻ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു.

5. ഇവൻ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീർച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ!

6. അവരിലെ പ്രധാനികൾ (ഇപ്രകാരം പറഞ്ഞുകൊണ്ട്) പോയി: ‘നിങ്ങൾ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തിൽ നിങ്ങൾ ക്ഷമാപൂർവം ഉറച്ചുനിൽക്കുകയും ചെയ്യുക. തീർച്ചയായും ഇത് ഉദ്ദേശ്യപൂർവം ചെയ്യപ്പെടുന്ന ഒരു കാര്യംതന്നെയാകുന്നു.

7. അവസാനത്തെ മതത്തിൽ ഇതിനെപ്പറ്റി ഞങ്ങൾ കേൾക്കുകയുണ്ടായിട്ടില്ല. ഇതൊരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു.

8. ഞങ്ങളുടെ ഇടയിൽനിന്ന് ഉൽബോധനം ഇറക്കപ്പെട്ടത് ഇവന്റെ മേലാണോ?’ അങ്ങനെയൊന്നുമല്ല. അവർ എന്റെ ഉൽബോധനത്തെപ്പറ്റിതന്നെ സംശയത്തിലാകുന്നു. അല്ല, അവർ എന്റെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല.

9. അതല്ല, പ്രതാപിയും അത്യുദാരനുമായ നിന്റെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഖജനാവുകൾ അവരുടെ പക്കലാണോ?

10. അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും ആധിപത്യം അവർക്കാണോ? എങ്കിൽ ആ മാർഗങ്ങളിലൂടെ അവർ കയറിനോക്കട്ടെ.

1) ക്വുർആനിനെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. നിഷേധികൾ അതിനോട് സ്വീകരിച്ച സമീപനവും അതോടൊപ്പം ക്വുർആനുമായി വന്ന പ്രവാചകനെക്കുറിച്ചും അത് വിശദീകരിക്കുന്നു. (സ്വാദ്- ഉൽബോധനം ഉൾക്കൊള്ളുന്ന ക്വുർആൻതന്നെ സത്യം). അല്ലാഹുവിന്റെ നാമങ്ങൾ, വിശേഷണങ്ങൾ, പ്രവൃത്തികൾ എന്നിവയെക്കുറിച്ചും മതപരമായ വിധികളെക്കുറിച്ചും പുനരുത്ഥാനവും പ്രതിഫലവും സംബന്ധിച്ച് എന്തു സംഭവിക്കും എന്നതിനെക്കുറിച്ചും ആളുകൾ അറിയേണ്ട എല്ലാ കാര്യങ്ങളും ഇത് ഉൽബോധിപ്പിക്കുന്നു. ദീനിന്റെ അടിസ്ഥാനപരവും ശാഖാപരവുമായ കാര്യങ്ങളെല്ലാം അവരെ ഉപദേശിക്കുന്നു.

സത്യം ചെയ്തു പറയുന്ന കാര്യം ഇവിടെ പറയേണ്ടതില്ല. യഥാർഥത്തിൽ സത്യവും സത്യംചെയ്ത് പറയുന്ന കാര്യവും ഇവിടെ ഒന്നുതന്നെയാണ്. അത് ക്വുർആനാണ്. ഈ മഹത്തായ വിശേഷണം അതിനുള്ളതാണ്. ക്വുർആൻ ഇതുകൊണ്ട് വിശേഷിപ്പിക്കപ്പെടുമ്പോൾ മനുഷ്യന് അതിലേക്കുള്ള ആവശ്യം മറ്റെന്തിലേക്കുമുള്ളതിനെക്കാൾ വളരെയധികമാണ്. അതിന്റെ പരാമർശങ്ങൾ ഉൾക്കൊണ്ട് വിശ്വസിക്കാനും സത്യപ്പെടുത്താനും സത്യവിശ്വാസിക്ക് ബാധ്യതയുണ്ട്.

2). ഇതിൽനിന്ന് വഴികണ്ടെത്തുന്നവനെ അല്ലാഹു നേർമാർഗത്തിലാക്കും. സത്യനിഷേധികൾ അതിനെയും അതുമായി വന്ന ദൂതനെയും വിശ്വസിക്കാൻ വിസമ്മതിക്കുന്നു. അവർ (ധാർഷ്ട്യത്തോടെയുള്ള ധിക്കാരത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു) അതായത് അഹങ്കാരം, അതിൽ വിശ്വസിക്കാനുള്ള വിസമ്മതം, ദുരഭിമാനം. ധാർഷ്ട്യത്തോടെയുള്ള ധിക്കാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിനെ നിരാകരിക്കുന്നതിലും പ്രവാചകനെ തള്ളിക്കളയുന്നതിലുമുള്ള ധിക്കാരമാണ്.

3). കഴിഞ്ഞ നൂറ്റാണ്ടുകളിൽ പ്രവാചകന്മാരെ കളവാക്കിയവരെ നശിപ്പിച്ചതിനെ അല്ലാഹു അവരെ ഓർമപ്പെടുത്തുന്നു. നാശം വന്നണഞ്ഞപ്പോൾ അവർ രക്ഷക്കായി വിളിച്ചു. ശിക്ഷ അവരിൽനിന്ന് മാറ്റിക്കളയാൻ അപേക്ഷിച്ചു. പക്ഷേ, (അപ്പോൾ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല) അവരകപ്പെട്ടതിൽനിന്നും രക്ഷപ്പെടാനുള്ള സമയം തീർന്നു. വന്നുചേർന്ന വിപത്തിൽനിന്നും ഇനി രക്ഷയില്ല. കക്ഷി മാത്സര്യത്തിലും ദുരഭിമാനത്തിലും മുന്നോട്ടുപോകുന്ന ഇവരും ഭയപ്പെട്ടുകൊള്ളട്ടെ. അവർക്ക് വന്നത് ഇവർക്കും വരും.

4). (അവരിൽനിന്നുതന്നെയുള്ള ഒരു താക്കീതുകാരൻ അവരുടെ അടുത്ത് വന്നതിൽ അവർക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു) അത്ഭുതപ്പെടേണ്ടതില്ലാത്ത ഒരു കാര്യത്തിൽ ഈ നിഷേധികൾ അത്ഭുതപ്പെടുന്നു. അവരിൽനിന്ന് ഒരു താക്കീതുകാരൻ വരുക എന്നതാണത്. അതവർക്ക് അദ്ദേഹത്തെ സ്വീകരിക്കാൻ കൂടുതൽ സൗകര്യമാകുന്നതിന് വേണ്ടിയാണ്. അദ്ദേഹത്തെ ശരിയായി മനസ്സിലാക്കാനും അതുപകരിക്കും. കാരണം അദ്ദേഹം അവരിൽ പെട്ടവനാണ്. അതിനാൽ അദ്ദേഹത്തെ പിൻപറ്റാൻ സാമുദായികമായ ദുരഭിമാനം അവർക്കുണ്ടാവില്ല. ഇതിന്നവർ നന്ദിചെയ്യുകയും പൂർണമായി കീഴൊതുങ്ങുകയുമാണ് വേണ്ടത്.

എന്നാൽ നേർവിപരീതമാണ് അവർ പ്രവർത്തിച്ചത്. നിഷേധത്തിലൂടെ അത്ഭുതമാണ് അവർ പ്രകടിപ്പിച്ചത്. (അവിശ്വാസികൾ പറയുകയും ചെയ്തു) അവരുടെ നിഷേധവും അക്രമവും കാരണം. (ഇവൻ കള്ളവാദിയായ ഒരു ജാല വിദ്യക്കാരനാകുന്നു).

5) പ്രവാചകന് അവർ കണ്ട തെറ്റ്: (ഇവൻപല ദൈവങ്ങളെ ഒരൊറ്റ ആരാധ്യനാക്കിയിരിക്കുകയാണോ?) പങ്കാളികളെയും സമന്മാരെയും സ്വീകരിക്കുന്നത് വിരോധിക്കുകയും ആരാധന അല്ലാഹുവിന് മാത്രമായിരിക്കണമെന്ന് കൽപിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? (തീർച്ചയായും ഇത്) ഇതുമായി വന്നവൻ. (ഒരു അത്ഭുതകരമായ കാര്യം തന്നെ) അവരെ സംബന്ധിച്ചിടത്തോളം അദ്ദേഹം അസത്യത്തിലും കുഴപ്പത്തിലുമാണ് എന്നതിനാൽ അവർ അത്ഭുതം പ്രകടിപ്പിക്കുന്നു.

6). (അവരിലെ പ്രധാനികൾ ഇപ്രകാരം പറഞ്ഞുകൊണ്ട് പോയി) അവരുടെ വാക്ക് അവർക്ക് സ്വീകാര്യമാണ്. അവരാണ് ശിർക്കിൽ അടിയുറച്ച് നിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. (നിങ്ങൾ മുന്നോട്ടുപോയിക്കൊള്ളുക, നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തിൽ ക്ഷമാപൂർവം ഉറച്ചുനിൽക്കുകയും ചെയ്യുക) അതിൽ ഉറച്ചുനിൽക്കൂ. നിങ്ങളുടെ മനസ്സുകളെ അതിൽ ക്ഷമാപൂർവം പിടിച്ചുനിർത്താൻ പരിശ്രമിക്കൂ. അവയെത്തന്നെ ആരാധിക്കുക. ഒരാളും നിങ്ങളെ തടയരുത്. അവയെ ആരാധിക്കുന്നതിൽ ഒരാളും നിങ്ങളെ തടസ്സപ്പെടുത്തുകയും അരുത്. (തീർച്ചയായും ഇത്) അവയെ ആരാധിക്കുന്നതിനെ നിരോധിച്ച് മുഹമ്മദ് കൊണ്ടുവന്നത് (ഉദ്ദേശ്യപൂർവം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു) അത് ആസൂത്രിതമാണ്. അദ്ദേഹത്തിന് അതിൽ നിഗൂഢ ലക്ഷ്യവും ദുരുദ്ദേശ്യവുമുണ്ട്. ഇതെല്ലാം വിവരമില്ലാത്തവർക്കുണ്ടാകുന്ന ചില ആശയക്കുഴപ്പങ്ങളാണ്. കാരണം, സത്യത്തിലേക്കായാലും അസത്യത്തിലേക്കായാലും ഒരാൾ ക്ഷണിക്കുമ്പോൾ, അവന്റെ ഉദ്ദേശ്യശുദ്ധിയെ എതിർക്കേണ്ടതില്ല. ഉദ്ദേശ്യവും പ്രവൃത്തിയുമെല്ലാം അവനെ മാത്രം ബാധിക്കുന്നതാണ്. തെളിവിന്റെയും പ്രമാണത്തിന്റെയും അടിസ്ഥാനത്തിൽ അതിന്റെ നിരർഥകതയെയാണ് നേരിടേണ്ടത്. ഉദ്ദേശ്യപൂർവം എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത്; ‘മുഹമ്മദ് ഈ പ്രബോധനം നടത്തുന്നത് നിങ്ങളിൽ അവന്റെ മഹത്ത്വം സ്ഥാപിക്കാനും അവന്റെ അനുയായികളാക്കാനും വേണ്ടിയാണ്’ എന്ന താണ്.

7). (ഇതിനെക്കുറിച്ച് ഞങ്ങൾ കേൾക്കുകയുണ്ടായിട്ടില്ല) അദ്ദേഹം പറയുന്ന വാദങ്ങൾ; അദ്ദേഹം ക്ഷണിക്കുന്ന മതവും. (അവസാനത്തെ മതത്തിൽ) അവസാനത്തെ സമയത്ത് ഞങ്ങളുടെ പിതാക്കളിൽ ഇതൊന്നും ഞങ്ങൾ കണ്ടില്ല. ഞങ്ങളുടെ പിതാക്കളാകട്ടെ അവരുടെ പിതാക്കന്മാർ അങ്ങനെ ചെയ്യുന്നതോ പറയുന്നതോ കണ്ടിട്ടില്ല. അതിനാൽ നിങ്ങൾ പിതാക്കളുടെ വഴിയിൽ പോകുക, അതാണ് സത്യം. മുഹമ്മദ് ക്ഷണിക്കുന്നത് പുതുതായി നിർമിക്കപ്പെട്ട ആശയങ്ങളിലേക്കാണ്; കെട്ടിയുണ്ടാക്കപ്പെട്ട കളവുകൾ.

ഇത് മറ്റൊരു സംശയമാണ്. ദുർബലമായ ഒരു തെളിവുപോലും ഇല്ലാതെ സത്യത്തെ അവർ നിരസിച്ചു. അതായത്, പ്രവാചകൻ കൊണ്ടുവന്നത് അവരുടെ വഴിപിഴച്ചുപോയ പൂർവികർ പിന്തുടർന്നതിന് വിരുദ്ധമാണ് എന്ന വാദം. ഇതെന്തു തെളിവ്? അതിന്റെ നിരർഥകതയെ ഇതെങ്ങനെ തെളിയിക്കും?

8) (ഞങ്ങളുടെ ഇടയിൽനിന്ന് ഉൽബോധനം ഇറക്കപ്പെട്ടത് ഇവന്റെ മേലാണോ?) ഞങ്ങൾക്കിറക്കാത്ത ഒന്ന് ഇദ്ദേഹത്തിന് പ്രത്യേകം ഇറക്കിക്കൊടുക്കാൻ മാത്രം ഇദ്ദേഹത്തിന് എന്ത് പ്രത്യേകതയാണ് ഞങ്ങളെക്കാൾ ഉള്ളത്?

ഇതും ഒരു സംശയമാണ്. അദ്ദേഹം പറയുന്ന സത്യങ്ങൾക്കുള്ള ഖണ്ഡനം ഇതിലെവിടെയാണ്? അല്ലാഹു അനുഗ്രഹം നൽകിയ എല്ലാ പ്രവാചകന്മാരും ഇതുപോലെതന്നെയല്ലേ? അവരൊക്കെയും അല്ലാഹുവിലേക്ക് ക്ഷണിക്കാൻ കൽപിക്കപ്പെടുകയാണുണ്ടായത്.

എന്തിനായിരുന്നു അവർ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത്? ഇതിലൊന്നും പ്രവാചകന്മാർ കൊണ്ടുവന്നതിന് ഖണ്ഡനമില്ല. മറിച്ച് ഇതെങ്ങനെയുണ്ടാകുന്നുവെന്ന് അല്ലാഹുതന്നെ പറയുന്നു. (അവർ എന്റെ ഉൽബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു) അവർക്ക് അറിവോ പ്രമാണമോ ഇല്ല. അവർ സംശയത്തിലകപ്പെട്ടപ്പോൾ അതിൽ അവർ സംതൃപ്തരായി. സത്യം വ്യക്തമായി അവർക്ക് വരികയും ചെയ്തു. അവർ സംശയത്തിൽതന്നെ ഉറച്ചുനിൽക്കുമെന്ന് തീരുമാനിച്ചു. അതുകൊണ്ടാണ് അവരിതെല്ലാം പറഞ്ഞത്. തെളിവുണ്ടായിട്ടല്ല, സത്യത്തെ പ്രതിരോധിക്കാൻ വേണ്ടിമാത്രം. ഇതൊക്കെ ആരോപണങ്ങളാണ്; സംശയമില്ല. ഇത്തരം ആളുകൾ ധിക്കാരവും സംശയവും പ്രകടിപ്പിച്ചുകൊണ്ടിരിക്കും. ഇത് സ്വീകരിക്കാവതല്ല. ഇതിൽ സത്യത്തിൽ നിന്ന് ഒന്നും തന്നെയില്ല. പ്രവാചകനെ ആക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രം. അതുകൊണ്ടാണ് അവരെ ശിക്ഷകൊണ്ട് താക്കീത് ചെയ്യുന്നത.് (അല്ല. അവർ എന്റെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല) ഇഹലോകത്തെ സുഖങ്ങൾ ആസ്വദിച്ചിരിക്കുന്നതുകൊണ്ടാണ് അവർക്കിതൊക്കെ പറയാൻ ധൈര്യമുണ്ടായത്.

അല്ലാഹുവിന്റെ യാതൊരു ശിക്ഷയും അവർക്കതുവരെ വന്നിട്ടില്ല. അതവർ അനുഭവിച്ചിരുന്നുവെങ്കിൽ അവർക്കിതിന് ധൈര്യമുണ്ടാകുമായിരുന്നില്ല.

9) (അതല്ല പ്രതാപിയും അത്യുദാരനുമായ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഖജനാവുകൾ അവരുടെ പക്കലാണോ?) അങ്ങനെയാണെങ്കിൽ അവർ ഉദ്ദേശിക്കുന്നവർക്ക് നൽകാനും നൽകാതിരിക്കാനും അവർക്ക് കഴിയുമായിരുന്നു. അവർ പറയുന്നത്: (ഞങ്ങളുടെ ഇടയിൽനിന്ന് ഉൽബോധനം ഇറക്കപ്പെട്ടത് ഇവന്റെ മേലാണോ?) മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരാൾക്ക് അല്ലാഹു അവന്റെ അനുഗ്രഹങ്ങളും കാരുണ്യവും നൽകുന്നതിനെ അവർക്ക് നിഷേധിക്കാൻ കഴിയാത്തവണ്ണം അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും അവരുടെ നിയന്ത്രണത്തിലില്ല.

10). (അതല്ല ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും ആധിപത്യം അവർക്കാണോ?) വിചാരിക്കുന്നതെല്ലാം ചെയ്യാൻ കഴിയുന്നവരാകാൻ. (എങ്കിൽ ആ മാർഗങ്ങളിലുടെ അവർ കയറിനോക്കട്ടെ) ആകാശത്തിലേക്കെത്താൻ. എന്നിട്ട് അല്ലാഹുവിന്റെ ദൂതന്നിറങ്ങുന്ന അനുഗ്രഹത്തെ അവർ നിർത്തലാക്കട്ടെ. അല്ലാഹുവന്റെ സൃഷ്ടികളിൽ ഏറ്റവും നിസ്സഹായരും ദുർബലരുമായ ഇവർക്ക് എങ്ങനെ ഇത്തരം കാര്യങ്ങൾ പറയാൻ കഴിയും? കക്ഷിത്വവും അസത്യത്തെ സഹായിക്കലും സത്യത്തെ നിരാകരിക്കലുമാണവർ ചെയ്യുന്നത്.