സൂറ: സ്വാഫ്ഫാത്ത്, ഭാഗം 12
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ജൂൺ 15, 1445 ദുൽഹിജ്ജ 08
അധ്യായം: 37, ഭാഗം 12 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
167. തീർച്ചയായും അവർ (സത്യനിഷേധികൾ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
168. പൂർവികൻമാരിൽനിന്ന് ലഭിച്ച വല്ല ഉൽബോധനവും ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നെങ്കിൽ
169. ഞങ്ങൾ അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസൻമാരാവുക തന്നെ ചെയ്യുമായിരുന്നു.
170. എന്നിട്ട് അവർ ഇതിൽ (ഈ വേദഗ്രന്ഥത്തിൽ) അവിശ്വസിക്കുകയാണ് ചെയ്തത്. അതിനാൽ അവർ പിന്നീട് (കാര്യം) മനസ്സിലാക്കിക്കൊള്ളും.
171. ദൂതൻമാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസൻമാരോട് നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്.
172. തീർച്ചയായും അവർതന്നെയായിരിക്കും സഹായം നൽകപ്പെടുന്നവരെന്നും,
173. തീർച്ചയായും നമ്മുടെ സൈന്യംതന്നെയാണ് ജേതാക്കളായിരിക്കുക എന്നും.
174. അതിനാൽ ഒരു അവധിവരെ നീ അവരിൽനിന്ന് തിരിഞ്ഞുകളയുക.
175. നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവർ പിന്നീട് കണ്ടറിഞ്ഞുകൊള്ളും.
176. അപ്പോൾ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവർ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്?
177. എന്നാൽ അത് അവരുടെ മുറ്റത്ത് വന്നിറങ്ങിയാൽ ആ താക്കീത് നൽകപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും!
178. (അതിനാൽ) ഒരു അവധിവരെ നീ അവരിൽനിന്ന് തിരിഞ്ഞുകളയുക.
179. നീ വീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. അവർ പിന്നീട് കണ്ടറിഞ്ഞുകൊള്ളും.
180. പ്രതാപത്തിന്റെ നാഥനായ നിന്റെ രക്ഷിതാവ് അവർ ചമച്ചുപറയുന്നതിൽനിന്നെല്ലാം എത്ര പരിശുദ്ധൻ!
181. ദൂതൻമാർക്കു സമാധാനം!
182. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി!

(167-173). ഈ ബഹുദൈവാരാധകർ അവരുടെ ആഗ്രഹങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് അവർ പറയുന്നു: പൂർവികർക്ക് വന്നതുപോലെ വേദഗ്രന്ഥങ്ങൾ ഞങ്ങൾക്കും വന്നിരുന്നെങ്കിൽ ഞങ്ങളും അല്ലാഹുവിന് മാത്രം ആരാധന ചെയ്യുന്നവരും അതിൽ ആത്മാർഥത കാണിക്കുന്നവരും ആകുമായിരുന്നു.
എന്നാൽ, അതവർ പറയുന്നത്, കള്ളമാണ്. കാരണം, അവർക്ക് ഏറ്റവും ഉത്തമമായ വേദഗ്രന്ഥങ്ങൾ വന്നിട്ടുണ്ട്. പക്ഷേ, അവരതിൽ അവിശ്വസിച്ചു. അങ്ങനെ അവർ സത്യത്തെ ധിക്കാരപൂർവം തള്ളിക്കളഞ്ഞു എന്നതാണ് അറിവ്. (അവർ പിന്നീട് മനസ്സിലാക്കിക്കൊള്ളും). ശിക്ഷ അവരെ പിടികൂടുമ്പോൾ അവർക്ക് മനസ്സിലാകും.
ഇഹലോകത്തും അവർ വിജയിക്കുമെന്ന് അവർ കരുതരുത്. ശിക്ഷയുടെ വചനം മുൻകടന്നു. അതിനെ പിൻവലിക്കാനോ എതിർക്കാനോ ആവില്ല. തന്റെ ദൂതന്മാരായ ദാസന്മാരും സജ്ജനങ്ങളുമായ സൈന്യം മറ്റുള്ളവരെ കീഴടക്കുമെന്നും തങ്ങളുടെ മതം സ്ഥാപിക്കാൻ അവർക്ക് കഴിയുമെന്നും അല്ലാഹു ഇതിനകം തീരുമാനിച്ചുകഴിഞ്ഞതാണ്. മഹത്തായ സഹായം അല്ലാഹു അവർക്ക് നൽകും. അല്ലാഹുവിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെട്ട ഏതൊരാൾക്കും ഇതൊരു സന്തോഷവാർത്തയാണ്. അവർ ശരിയായി നിലകൊള്ളുകയും ചെയ്യും. കൽപിക്കപ്പെട്ട പ്രകാരം ചെയ്യുന്ന യുദ്ധമാണെങ്കിൽ വിജയം ഉറപ്പാണ്.
(174-179). തുടർന്ന് അല്ലാഹു പറയുന്നത് തന്റെ ദൂതനോട് ശാഠ്യം കാണിക്കുകയും സത്യം അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവരിൽ നിന്ന് പിന്തിരിയണമെന്നാണ്. കാരണം, അവർക്ക് ശിക്ഷ ലഭിക്കാൻ കാത്തിരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. അതിനാൽ, അവൻ പറയുന്നു: (നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവർ പിന്നീട് കണ്ടറിഞ്ഞുകൊള്ളും) ആർക്കാണ് ശിക്ഷ വരികയെന്ന്. അവർക്ക് വന്നുകൊള്ളും. (എന്നാൽ അത് അവരുടെ മുറ്റത്ത് വന്നിറങ്ങിയാൽ) അവരുടെ മേൽ ഇറങ്ങിയാൽ. അവരുടെ സമീപത്ത്. (ആ താക്കീത് നൽകപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും) കാരണം, അത് ദുരന്തത്തിന്റെ പ്രഭാതമാണ്; ശിക്ഷയുടെയും ഉന്മൂലനത്തിന്റെയും. തുടർന്ന് അല്ലാഹു അവരിൽനിന്ന് പിന്തിരിയാനുള്ള കൽപന ആവർത്തിക്കുകയും ശിക്ഷയുടെ വരവിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
(180). ഈ അധ്യായത്തിൽ അവരുടെ നിരവധി നികൃഷ്ടമായ വാദങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അവർ അല്ലാഹുവിനെ കുറിച്ച് ആരോപിച്ചത്, അതിൽനിന്നെല്ലാം അവൻ അവനെ പരിശുദ്ധപ്പെടുത്തുന്നു. (നിന്റെ രക്ഷിതാവ് മഹാപരിശുദ്ധൻ) അല്ലാഹു അവനെ പരിശുദ്ധപ്പെടുത്തുന്നു. (പ്രതാപത്തിന്റെ നാഥനായ) അവൻ പ്രതാപമുള്ളവനാണ്. എല്ലാറ്റിനെയും അവൻ കീഴ്‌പ്പെടുത്തുന്നു. അവർ അവനെപ്പറ്റി ഉന്നയിക്കുന്ന എല്ലാ ദുരാരോപണങ്ങളിൽനിന്നും അവൻ പ്രതാപവാനാണ്.

(181). (ദൂതന്മാർക്ക് സമാധാനം) കാരണം, അവർ പാപങ്ങളും ന്യൂനതകളും ഇല്ലാത്തവരും ആകാശഭൂമികളുടെ സ്രഷ്ടാവിനെ കുറിച്ച് പറയുന്ന ആരോപണങ്ങളിൽനിന്ന് അവനെ പരിശുദ്ധമാക്കുന്നതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവരാണ്.
(182). (ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി) ഇവിടെ ‘സ്തുതി’ എന്ന വാക്കിനോട് ചേർന്നുള്ള ‘അലിഫ്,’ ‘ലാം’ എന്നീ അക്ഷരങ്ങൾ എല്ലാവിധ സ്തുതികളും ഉൾപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നു. അവൻ പരിശുദ്ധനും എല്ലാ കുറവുകൾക്കും അതീതനുമാണ്. എല്ലാവിധ അനുഗ്രഹങ്ങളും അവൻ അവർക്ക് നൽകുന്നു. എല്ലാ ദുരന്തങ്ങളും അവരിൽനിന്ന് അവൻ തടുക്കുകയും ചെയ്യുന്നു. അവരുടെ അനക്കങ്ങളും അടക്കങ്ങളും അവനാണ് നിയന്ത്രിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലുംഎല്ലാ ന്യൂനതകളിൽനിന്നും പരിശുദ്ധൻ. പ്രശംസിക്കപ്പെടുകയും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നവൻ. ദൂതന്മാരും അവരെ പിൻപറ്റിയവരും സമാധാനത്തിലും രക്ഷയിലുമാണ്; ഇഹത്തിലും പരത്തിലും. അവരുടെ ശത്രുക്കുൾ നാശത്തിലും നഷ്ടത്തിലുമാണ്; ഇഹത്തിലും പരത്തിലും.
സൂറതുസ്സ്വാഫാത്ത് വിശദീകരണം പൂർത്തിയായി. അല്ലാഹുവിന് സ്തുതി. മുഹമ്മദ് നബിയിലും കുടുംബത്തിലും സ്വഹാബത്തിലും അവന്റെ കരുണയുണ്ടാവട്ടെ. (ആമീൻ)

