സൂറ: സ്സബഅ്‌, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

അധ്യായം: 34, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُل لَّا تُسْـَٔلُونَ عَمَّآ أَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُونَ (٢٥) قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ (٢٦) قُلْ أَرُونِىَ ٱلَّذِينَ أَلْحَقْتُم بِهِۦ شُرَكَآءَ ۖ كَلَّا ۚ بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ (٢٧) وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةًۭ لِّلنَّاسِ بَشِيرًۭا وَنَذِيرًۭا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ (٢٨) وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ (٢٩) قُل لَّكُم مِّيعَادُ يَوْمٍۢ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةًۭ وَلَا تَسْتَقْدِمُونَ (٣٠) وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَـٰذَا ٱلْقُرْءَانِ وَلَا بِٱلَّذِى بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ (٣١) قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَـٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم ۖ بَلْ كُنتُم مُّجْرِمِينَ (٣٢) وَقَالَ

25. പറയുക: ഞങ്ങൾ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങൾ ചോദിക്കപ്പെടുകയില്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല.

26. പറയുക: നമ്മുടെ രക്ഷിതാവ് നമ്മെ തമ്മിൽ ഒരുമിച്ചുകൂട്ടുകയും അനന്തരം നമുക്കിടയിൽ അവൻ സത്യപ്രകാരം തീർപ്പുകൽപിക്കുകയും ചെയ്യുന്നതാണ്. അവൻ സർവജ്ഞനായ തീർപ്പുകാരനത്രെ.

27. പറയുക: പങ്കുകാരെന്ന നിലയിൽ അവനോട് (അല്ലാഹുവോട്) നിങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളവരെ എനിക്ക് നിങ്ങളൊന്ന് കാണിച്ചുതരൂ. ഇല്ല, (അങ്ങനെ ഒരു പങ്കാളിയുമില്ല). എന്നാൽ അവൻ പ്രതാപിയും യുക്തിമാനുമായ അല്ലാഹുവത്രെ.

28. നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത് നൽകുന്നവനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല.

29. അവർ ചോദിക്കുന്നു; നിങ്ങൾ സത്യവാദികളാണെങ്കിൽ, ഈ താക്കീത് എപ്പോഴാണ് (പുലരുക) എന്ന്.

30. പറയുക: നിങ്ങൾക്കൊരു നിശ്ചിത ദിവസമുണ്ട്. അതുവിട്ട് ഒരു നിമിഷം പോലും നിങ്ങൾ പിന്നോട്ട് പോകുകയോ മുന്നോട്ട് പോകുകയോ ഇല്ല.

31. ഈ ക്വുർആനിലാകട്ടെ, ഇതിന് മുമ്പുള്ള വേദത്തിലാകട്ടെ ഞങ്ങൾ വിശ്വസിക്കുന്നതേ അല്ല എന്ന് സത്യനിഷേധികൾ പറഞ്ഞു. (നബിയേ,) ഈ അക്രമികൾ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ നിർത്തപ്പെടുന്ന സന്ദർഭം നീ കണ്ടിരുന്നെങ്കിൽ! അവരിൽ ഓരോ വിഭാഗവും മറുവിഭാഗത്തിന്റെ മേൽ കുറ്റം ആരോപിച്ചുകൊണ്ടിരിക്കും. ബലഹീനരായി ഗണിക്കപ്പെട്ടവർ വലുപ്പം നടിച്ചിരുന്നവരോട് പറയും: നിങ്ങളില്ലായിരുന്നെങ്കിൽ ഞങ്ങൾ വിശ്വാസികളായിരുന്നേനെ.

32. വലുപ്പം നടിച്ചവർ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാർഗദർശനം നിങ്ങൾക്ക് വന്നെത്തിയതിനുശേഷം അതിൽനിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല, നിങ്ങൾ കുറ്റവാളികൾ തന്നെയായിരുന്നു!

(25). (നീ പറയുക): അവരോട് (ഞങ്ങങ്ങൾ കുറ്റം ചെയ്തിതനെ പറ്റി നിങ്ങൾ ചോദിക്കപ്പെടുകയില്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല). ഞങ്ങൾക്കും നിങ്ങൾക്കും നാം ഓരോരുത്തരും ചെയ്തതുണ്ട്. ഞങ്ങളുടെ ദുഷ്പ്രവൃത്തികളെയും പാപങ്ങളെയും കുറിച്ച് നിങ്ങൾ ചോദ്യ ചെയ്യപ്പെടുകയില്ല. നിങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങളോട് ചോദിക്കപ്പെടില്ല. അതിനാൽ നമ്മൾ ഓരോരുത്തരും യാഥാർഥ്യം അന്വേഷിക്കുകയും ശരിയുടെ മാർഗത്തിൽ പ്രവേശിക്കുകയും ചെയ്യുക. ഞങ്ങൾ ചെയ്യുന്നത് നിങ്ങൾ വിട്ടേക്കുക. അത് സത്യത്തെ പിൻപറ്റാൻ നിങ്ങൾക്ക് തടസ്സമാകരുത്. ഇവിടുത്തെ കാര്യങ്ങൾ പുറത്തു കാണുന്നതിനെ അടിസ്ഥാനമാക്കിയാണ്. അതിൽ സത്യമായി കാണുന്നത് പിൻപറ്റണം. അസത്യമായത് ഒഴിവാക്കണം. എന്നാൽ കർമങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ തീരുമാനം മറ്റൊരു ലോകത്താണ്. അവിടെ വിധിക്കുന്നവരിൽ ഏറ്റവും വലിയ നീതിമാൻ വിധിക്കും. തർക്കങ്ങളിൽ അവൻ നീതിപൂർവം തീരുമാനമെടുക്കും.

(26). (പറയുക: നമ്മുടെ രക്ഷിതാവ് നമ്മെ തമ്മിൽ ഒരുമിച്ചുകൂട്ടുകയും അനന്തരം നമുക്കിടയിൽ അവന്റെ സത്യപ്രകാരം തീർപ്പ് കൽപിക്കുകയും ചെയ്യുന്നതാണ്) സത്യം പറയുന്നത് ആരാണ്, കളവു പറയുന്നത് ആരാണ് എന്ന് വ്യക്തമാക്കുന്ന തീർപ്പ്. ശിക്ഷക്ക് ആരാണ് അർഹൻ എന്ന തീരുമാനം തീർപ്പാക്കുന്ന ഇടമാണിത്. തീർപ്പ് കൽപിക്കുന്നതിൽ ഉത്തമനാണവൻ.

(27). (പറയുക:) പ്രവാചകരേ, അവരോട് പറയുക. താങ്കൾ, അല്ലെങ്കിൽ താങ്കളുടെ ദൗത്യം നിർവഹിക്കുന്നവർ. (പങ്കുകാരനെന്ന നിലയിൽ അവനോട് -അല്ലാഹുവിനോട്-നിങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളവരെ എനിക്ക് നിങ്ങളൊന്ന് കാണിച്ചുതരൂ) അതായത്, അവർ എവിടെയാണ്? അവരെ അറിയാൻ എന്താണ് വഴി? അവർ ഭൂമിയിലാണോ അതോ ആകാശത്തോ? അദൃശ്യവും ദൃശ്യവും അറിയുന്നവൻ ഞങ്ങളോട് പറഞ്ഞു; അങ്ങനെ അവന്ന് ഒരു പങ്കാളിയും നിലവിലില്ല.

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ

“അല്ലാഹുവിന്നു പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവർ - ആരാധ്യർ-അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശിപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. പറയുക: അല്ലാഹുവിന് അറിയാത്ത വല്ല കാര്യങ്ങളും നിങ്ങളവന് അറിയിച്ചുകൊടുക്കുകയാണോ?’’(10:18).

ٱلْأَرْضِ ۗ وَمَا يَتَّبِعُ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ شُرَكَآءَ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ ٦٦

“അല്ലാഹുവിന്നു പുറമെ പങ്കാളികളെ വിളിച്ചു പ്രാർഥിക്കുന്നവർ എന്തൊന്നിനെയാണ് പിൻപറ്റുന്നത്? അവർ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവർ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്’’(10:66).

അതുപോലെ തന്നെ അവന് പങ്കുകാരുള്ളതായി അവന്റെ സൃഷ്ടികളിലെ ഉന്നതന്മാരായ പ്രവാചകന്മാർക്കും അറിയില്ല. അതിനാൽ ബഹുദൈവ വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിൽ വ്യാജമായി പങ്കുചേർത്തവരെ എനിക്ക് കാണിച്ചുതരൂ. അവർക്ക് ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ല. അതിനാൽ അല്ലാഹു പറയുന്നു: (ഇല്ല). അതായത്, അല്ലാഹുവിന് പങ്കാളിയോ എതിരാളിയോ സമന്മാരോ ഇല്ല. (അവനാണ് അല്ലാഹു) അവനല്ലാതെ ആരാധനക്കും ദൈവികതയ്ക്കും അവകാശിയില്ല. (പ്രതാപി) എല്ലാറ്റിനെയും കീഴ്‌പ്പെടുത്തുന്ന സർവശക്തൻ. (യുക്തിമാൻ) താൻ സൃഷ്ടിച്ചതിനെല്ലാം പൂർണത നൽകിയവനും അതിന് നിയമങ്ങളും വ്യവസ്ഥകളും നിശ്ചയിക്കുകയും ചെയ്തവൻ. അവന്റെ ജ്ഞാനത്തിന്റെ ഏറ്റവും വലിയ തെളിവ് അവൻ ഏകനാണെന്നതും ആരാധന അവന് മാത്രമായിരിക്കണമെന്ന കൽപനയുമാണ്. അതിനെ അവൻ ഇഷ്ടപ്പെടുകയും രക്ഷയുടെ മാർഗമാക്കുകയും ചെയ്തു. ശിർക്കിനെ വിരോധിക്കുകയും അവന് സമന്മാരെ സ്വീകരിക്കുന്നതിനെ നിരോധിക്കുകയും ചെയ്തു. അത് നാശത്തിന്റെയും നഷ്ടത്തിന്റെയും വഴിയാക്കി. അതു മതി അവന്റെ ജ്ഞാനത്തിന്റെ പരിപൂർണത മനസ്സിലാകാൻ. അവന്റെ കൽപനാവിരോധങ്ങളിൽ യുക്തിയുണ്ടെന്ന് പറയുമ്പോൾ അത് എത്രത്തോളമായിരിക്കും!

(28). എല്ലാ മനുഷ്യർക്കും അല്ലാഹു നൽകുന്ന പ്രതിഫലത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും ഈ പ്രതിഫലം നേടുന്ന കർമങ്ങളെക്കുറിച്ച് അവരോട് പറയാനും ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പു നൽകാനും മാത്രമാണ് അല്ലാഹു തന്റെ ദൂതന്മാരെ അയച്ചതെന്നാണ് ഇവിടെ പറയുന്നത്. കൽപനാധികാരങ്ങളൊന്നും നിങ്ങൾക്കില്ല. ധിക്കാരത്തിന്റെയും നിഷേധത്തിന്റെയും ആളുകൾ ആവശ്യപ്പെടുന്നത് നൽകാൻ നിങ്ങൾക്ക് ബാധ്യതയില്ല. അതെല്ലാം അല്ലാഹുവിന്റെ കൈകളിലാണ്. (പക്ഷേ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല) അവർക്ക് ശരിയായ അറിവില്ല. അവർ അറിവില്ലാത്തവരോ ധാർഷ്ട്യമുള്ളവരോ ആണ്. അതിനാൽ അവർ അവരുടെ അറിവനുസരിച്ച് പ്രവർത്തിക്കുന്നില്ല. അതിനാൽ അവർ അറിവില്ലാത്തവരെ പോലെയാണ്. അറിവില്ലാത്തതിനാൽ പ്രവാചകന്റെ ക്ഷണം നിരസിക്കാൻ അവർ തീരുമാനിച്ചു. കാരണം, അവർ ആവശ്യപ്പെട്ട കാര്യങ്ങളോട് പ്രവാചകന്മാർ പ്രതികരിച്ചില്ല.

(29). അവർ ഉന്നയിച്ച ആവശ്യങ്ങളിൽ പെട്ടതായിരുന്നു അദ്ദേഹം അവർക്ക് മുന്നറിയിപ്പ് നൽകിയ ശിക്ഷ അവർക്ക് വേഗത്തിൽ നൽകണമെന്നത്. അല്ലാഹു പറയുന്നു: (അവർ ചോദിക്കുന്നു: നിങ്ങൾ സത്യവാദികളാണെങ്കിൽ ഈ താക്കീത് എപ്പോഴാണ് പുലരുക എന്ന്) ഇത് അവരുടെ അക്രമമാണ്. ശിക്ഷ സംഭവിക്കുന്ന സമയവും അദ്ദേഹത്തിന്റെ സത്യസന്ധതയും തമ്മിൽ എന്ത് ബന്ധമാണുള്ളത്? ഇത് സത്യത്തെ നിരാകരിക്കലും യുക്തിയുടെ അഭാവവുമല്ലാതെ മറ്റെന്താണ്?

ആത്മാർഥതയിലും സത്യസന്ധതയിലും അറിയപ്പെട്ട ഒരു വ്യക്തി ജനങ്ങളുടെ അടുത്ത് വരികയും ആസന്നമായ ഒരു അപകടത്തെ-അവരെ ആക്രമിക്കാൻ അവസരം കാത്തു നിൽക്കുന്ന ഒരു ശത്രുവിനെ-കുറിച്ച് ആ വ്യക്തി മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അദ്ദേഹം പറ ഞ്ഞു: നിങ്ങളുടെ ശത്രു നിങ്ങളെ ആക്രമിക്കാനും ഇല്ലാതാക്കാനും ലക്ഷ്യമിട്ട് നിങ്ങൾക്കു നേരെ വരുന്നത് ഞാൻ കണ്ടു അപ്പോൾ അവരിൽ ചിലർ പറഞ്ഞു: നീ സത്യമാണ് പറയുന്നതെങ്കിൽ അവർ ഏതു സമയത്താണ് ഞങ്ങളിലേക്ക് എത്തുക എന്നും ഇപ്പോൾ എവിടെയാണെന്നും ഞങ്ങളോട് പറയൂ. ഇങ്ങനെ ചോദിക്കുന്നവനെ ബുദ്ധിയുള്ളവനായി കണക്കാക്കുമോ? അതോ വിഡ്ഢിയും ഭ്രാന്തനുമായി കണക്കാക്കുമോ? ഈ പറയുന്നവൻ സത്യം പറയുന്നവനോ കളവ് പറയുന്നവനോ ആകാം. ഒരുപക്ഷേ, ശത്രുവല്ലാത്തമറ്റാരെയെങ്കിലും അവൻ കണ്ടതാകാം. ശത്രുക്കൾക്ക് അവരുടെ നിശ്ചയദാർഢ്യം നഷ്ടപ്പെടുകയും അവരെ ആക്രമിക്കാതിരിക്കുകയും ചെയ്യാം. ശത്രുവിനെ പ്രതിരോധിക്കാൻ അവർ ഒരുങ്ങിയിരിക്കാം. ഏറ്റവും സത്യസന്ധനും പറയുന്നതിൽ അബദ്ധമില്ലാത്തവനും തന്റെ ഇച്ഛക്കനുസരിച്ച് സംസാരിക്കാത്തവനും നിശ്ചയമായതും തടുക്കാൻ കഴിയാത്തതും അതിനെതിരെ സഹായിയായ ആരുമില്ലാത്തതുമായ ശിക്ഷയെക്കുറിച്ച് പറഞ്ഞതിനെ എങ്ങനെയാണ് അവിശ്വസിക്കുക? എപ്പോൾ സംഭവിക്കുമെന്ന് വ്യക്തമായി പറയാൻ കഴിയില്ല എന്നതിന്റെ പേരിൽ അവൻ അവരോട് പറഞ്ഞതിനെ അവർ നിരസിക്കുന്നത് ഏറ്റവും വലിയ മണ്ടത്തരമല്ലേ.

(30). (നീ പറയുക) അത് സംഭവിക്കുന്ന സമയത്തെക്കുറിച്ച്, അതിൽ സംശയമില്ല. (നിങ്ങൾക്കൊരു നിശ്ചിതദിവസമുണ്ട്. അതിൽ ഒരു നിമിഷംപോലും നിങ്ങൾ പിന്നോട്ട് പോകുകയോ മുന്നോട്ട് പോകുകയോ ഇല്ല) അതിനാൽ ആ ദിവസത്തെ സൂക്ഷിക്കുക. അതിനായി തയ്യാറെടുക്കുക.

(31). ശിക്ഷയ്ക്ക് ധൃതികൂട്ടുന്നവരോട് പറയാൻ അല്ലാഹു ഇവിടെ നിർദേശിക്കുന്നത് അവധിയെത്തിയാൽ അത് സംശയരഹിതമായി സംഭവിക്കുമെന്നതാണ്. അവിടെയുള്ള അവരുടെ അവസ്ഥയും പരാമർശിക്കുന്നു. തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ നിർത്തപ്പെടുന്ന സന്ദർഭത്തിൽ അവരുടെ അവസ്ഥ നീ കണ്ടാൽ അതെത്ര ഭയാനകമാണ്! വഴികേടിലും നിഷേധത്തിലും നേതാക്കളും അനുയായികളുമായി കഴിഞ്ഞവർ അവിടെ ഒരുമിച്ച് കൂടും. അത് വല്ലാത്തൊരു രംഗമായിരിക്കും. അവർ പരസ്പരം കുറ്റപ്പെടുത്തുന്നത് കാണാം. (അവരിൽ ഓരോ വിഭാഗവും മറു ഭാഗത്തിന്റെ മേൽ കുറ്റമാരോപിച്ചുകൊണ്ടിരിക്കും. ബലഹീനരായി ഗണിക്കപ്പെട്ടവർ അവരാണ്) അനുയായികൾ. (വലുപ്പം നടിച്ചവരോട് പറയുക) അവരാണ് നേതാക്കൾ. (നിങ്ങളില്ലായിരുന്നെങ്കിൽ ഞങ്ങൾ വിശ്വാസികളായിരുന്നേനെ) നിങ്ങൾ ഞങ്ങളെ വിശ്വാസത്തിൽനിന്ന് തടഞ്ഞു. നിഷേധം ഞങ്ങൾക്ക് ഭംഗിയായി കാണിച്ചുതന്നു. അപ്പോൾ ഞങ്ങൾ നിങ്ങളെ അനുഗമിച്ചു. അങ്ങനെ പറയുന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് ശിക്ഷ നൽകേണ്ടത് ഞങ്ങൾക്കല്ല നേതാക്കൾക്കാണ് എന്ന അർഥത്തിലാണ്.

(32). (വലുപ്പം നടിച്ചവർ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും) ആശ്ചര്യം പ്രകടിപ്പിക്കുകയും എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്ന് പറയുകയും ചെയ്യും. (മാർഗദർശനം നിങ്ങൾക്ക് വന്നെത്തിയതിനുശേഷം അതിൽനിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ?) ഞങ്ങളുടെ ശക്തികൊണ്ട് നിങ്ങളെ നിർബന്ധിച്ചുവോ? (അല്ല, നിങ്ങൾ കുറ്റവാളികൾ തന്നെയായിരുന്നു) അതായത്, തിന്മ നിങ്ങൾ തന്നെ സ്വയം തിരഞ്ഞെടുത്തു. അങ്ങനെ ചെയ്യാൻ ഞങ്ങൾ നിങ്ങളെ നിർബന്ധിച്ചില്ല. ഞങ്ങൾ നിങ്ങൾക്കത് ഭംഗിയായി തോന്നിപ്പിച്ചാലും നിങ്ങളുടെ മേൽ ഞങ്ങൾക്ക് അധികാരമുണ്ടായിരുന്നില്ല.