സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 14
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ജനുവരി 06, 1445 ജു.ഉഖ്റാ 24
അധ്യായം: 39, ഭാഗം 14 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
60. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ, അല്ലാഹുവിന്റെ പേരിൽ കള്ളം പറഞ്ഞവരുടെ മുഖങ്ങൾ കറുത്തിരുണ്ടതായി നിനക്ക് കാണാം. നരകത്തിലല്ലയോ അഹങ്കാരികൾക്കുള്ള വാസസ്ഥലം!
61. സൂക്ഷ്മത പുലർത്തിയവരെ രക്ഷപ്പെ ടുത്തി അവർക്കുള്ളതായ സുരക്ഷിതസ്ഥാനത്ത് അല്ലാഹു എത്തിക്കുകയും ചെയ്യും. ശിക്ഷ അവരെ സ്പർശിക്കുകയില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല.
62. അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവൻ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകർത്താവുമാകുന്നു.
63. ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാ കുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാരോ അവർ തന്നെയാകുന്നു നഷ്ടക്കാർ.
64. (നബിയേ,) പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോൾ അല്ലാഹുവല്ലാത്തവരെ ഞാൻ ആരാധിക്കണമെന്നാണോ നിങ്ങൾ എന്നോട് കൽപിക്കുന്നത്?
65. തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്നപക്ഷം തീർച്ചയായും നിന്റെ കർമം നിഷ്ഫലമായിപ്പോകുകയും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും.

60). അല്ലാഹുവിനെ കളവാക്കുന്നവർക്ക് വരാനിരിക്കുന്ന നിന്ദ്യതയെക്കുറിച്ചാണ് അല്ലാഹു പറയുന്നത്. ഇരുണ്ട രാത്രിപോലെ കറുത്തിരുണ്ടതായിരിക്കും അന്ത്യദിനത്തിൽ അവരുടെ മുഖങ്ങൾ, അവിടെ നിൽക്കുന്നവർക്ക് അത് മനസ്സിലാകും. സത്യം പകൽപോലെ തെളിച്ചമുള്ളതും വ്യക്തവുമാണ്. അവർ സത്യത്തിന്റെ മുഖം ഇരുണ്ടതാക്കി. അല്ലാഹു അവരുടെ മുഖവും ഇരുണ്ടതാക്കി. തത്തുല്യമായ പ്രതിഫലം!
ഇരുണ്ട മുഖങ്ങളാണ് അവർക്കുള്ളത്; നരകത്തിൽ കഠിനശിക്ഷയും. അതാണ് അല്ലാഹു പറഞ്ഞത്: (നരകത്തിലല്ലയോ അഹങ്കാരികൾക്കുള്ള പാഥേയം) സത്യം സ്വീകരിക്കുന്നതിനോ തങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുന്നതിനോ അഹങ്കരിക്കുന്നവരും അവനെതിരെ കള്ളം കെട്ടിച്ചമയ്ക്കുന്നവരും ആരാണ്? നരകംതന്നെ അവർക്കു നല്ലത്. അതിൽ അപരാധത്തിന്റെ യും കോപത്തിന്റെയും ശിക്ഷയുണ്ട്. അഹങ്കാരികൾക്ക് അത് എത്തേണ്ടിടത്ത് എത്തും. അവരിൽനിന്ന് എടുക്കേണ്ടത് അതെടുക്കും. അല്ലാഹുവിന്റെമേൽ കളവു പറയൽ തന്നെയാണ് അവന് മക്കളും ഇണയും ഉണ്ടെന്ന് പറയുന്നത്. അവന്റെ മഹത്ത്വത്തിന് യോജിക്കാത്തത് അവനെക്കുറിച്ച് പറയുന്നതും അതിൽപെടും. പ്രവാചകത്വം വാദിക്കുന്നതും അവൻ നിയമമാക്കാത്തത് പറയലും അവന്റെ പേരിലുള്ള കളവുതന്നെ.
61) അഹങ്കാരികളെക്കുറിച്ച് പറഞ്ഞതിനു ശേഷം സൂക്ഷ്മത പാലിക്കുന്നവരെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. (സൂക്ഷ്മത പുലർത്തിയവരെ രക്ഷപ്പെടുത്തി അവരുടേതായ സുരക്ഷിതസ്ഥാനത്ത് അല്ലാഹു എത്തിക്കും). എന്തെന്നാൽ, എല്ലാ വിപത്തുകൾക്കും പ്രയാസങ്ങൾക്കുമുള്ള തയ്യാറെടുപ്പിനായി അവർക്കുള്ള രക്ഷയുടെ മാർഗം, അതായത് അല്ലാഹുവോടുള്ള ഭയം. (ശിക്ഷ അവരെ സ്പർശിക്കുകയില്ല) അവിശ്വസിച്ചവരെ ബാധിച്ച ശിക്ഷ. (അവർ ദുഃഖിക്കേണ്ടി വരികയും ഇല്ല). ശിക്ഷയിൽനിന്നും ഭയത്തിൽനിന്നും അത്രത്തോളം അവർ നിർഭയരായിരിക്കും. സ്വർഗത്തിലേക്കെത്തുന്നതുവരെ ആ നിർഭയത്വം ആവോളം അവരെ അനുഗമിക്കും. എല്ലാ പ്രതികൂലതയും അവസാനിച്ചു. പൂർണനിർഭയരായി. സുഖാനുഗ്രഹത്തിന്റെ ശോഭ അവരിൽ പരക്കും.
ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَذْهَبَ عَنَّا ٱلْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ
അവർ പറയും: “ഞങ്ങളിൽനിന്നും ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന് സ്തുതി. തീർച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ’’(35:34).
62) അല്ലാഹു തന്റെ മഹത്ത്വത്തെയും പൂർണതയെയും കുറിച്ചാണ് സംസാരിക്കുന്നത്; അവനെ നിഷേധിക്കുന്നവർക്കുള്ള തീരാനഷ്ടത്തെക്കുറിച്ചും. (അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു) ഇതിനു സമാനമായ വാചകങ്ങൾ ക്വുർആനിൽ ധാരാളമായി കാണാം. അല്ലാഹുവും അവന്റെ നാമവിശേഷണങ്ങളുമല്ലാത്തതെല്ലാം സൃഷ്ടിക്കപ്പെട്ടവയാണ് എന്നാണ് ഈ വചനങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ പൊളിഞ്ഞുപോകുന്നത് ചില തത്ത്വചിന്തകരുടെ പ്രസ്താവനകളാണ്. അവർ പറയുന്നത് ഭൂമിയും ആകാശങ്ങളും ആദ്യമേ ഉണ്ടെന്നാണ്. ആത്മാവുകൾ പണ്ടേ ഉള്ളതാണെന്ന് വാദിച്ചവരും അവരിലുണ്ട്. ഇതെല്ലാം തെറ്റായ വാദങ്ങളാണ്. ഇതിലെല്ലാം സ്രഷ്ടാവിന്റെ സൃഷ്ടിപ്പുകളെ നിഷേധിക്കുന്നുണ്ട്.

അല്ലാഹുവിന്റെ വാക്കുകളും സൃഷ്ടിയല്ല. സംസാരമെന്നത് സംസാരിക്കുന്നവന്റെ വിശേഷണമാണ്. അല്ലാഹുവാകട്ടെ, അവന്റെ നാമങ്ങളിലും വിശേഷണങ്ങളിലും എല്ലാറ്റിനും മുമ്പുള്ളവനാണ്. ഈ വചനങ്ങളിൽനിന്ന്, മുഅ്തസിലികൾ അല്ലാഹുവിന്റെ സംസാരം സൃഷ്ടിയാണെന്ന് വാദിച്ചത് ഏറ്റവും വലിയ അറിവില്ലായ്മയാണ്. അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും സദാ ഉള്ളതാണ്. അവയിലൊന്നും പുതുതായി ഉണ്ടായതില്ല. ഒരു സമയത്തും അവ അവനില്ലാതിരിക്കുന്നുമില്ല.
അല്ലാഹു അവനെക്കുറിച്ച് പറയുന്നതുതന്നെയാണ് അതിന്റെ തെളിവ്. അല്ലാഹു തന്റെ പരിശുദ്ധ നഫ്‌സിനെക്കുറിച്ച് പറയുന്നത് സർവലോകങ്ങളുടെയും സ്രഷ്ടാവ് അവനാണെന്നാണ്. സർവതും ഏറ്റെടുക്കുന്നവന്റെ പൂർണ സംരക്ഷണം ഏറ്റെടുക്കുന്നവന് ഏറ്റെടുക്കുന്നതിനെപ്പറ്റി സമഗ്രവും വിശദവുമായ അറിവ് ആവശ്യമാണല്ലോ. അവന്റെ കഴിവിന്റെ പൂർണത അവനേറ്റെടുത്തതെല്ലാം അവൻ കൈകാര്യം ചെയ്യന്നുവെന്നതാണ്. അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാവശ്യമായ അറിവും യുക്തിജ്ഞാനവും കൈകാര്യം ചെയ്യാൻ ആവശ്യമായ കഴിവും അവനുണ്ട്. അതിനാൽ, മുകളിൽ സൂചിപ്പിച്ചവയിലൂടെയല്ലാതെ ചുമതലയുള്ളയാൾക്ക് തന്റെ ജോലി പൂർണതയിൽ ചെയ്യാൻ കഴിയില്ല. അതിനാൽ എന്തെങ്കിലും കുറവുണ്ടായാൽ അത് ചുമതലപ്പെടുത്താനുള്ള അവന്റെ കഴിവിനെ ബാധിക്കും.
അല്ലാഹു എല്ലാ കുറവുകളിൽനിന്നും പരിപൂർണനാണെന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. അതല്ലെങ്കിൽ സർവ വിശേഷണങ്ങളി ലും പൂർണനാണെന്നത്, എല്ലാറ്റിന്റെയും സംരക്ഷണം അവൻ ഏറ്റെടുക്കുന്നു എന്നത്, എല്ലാറ്റിനെക്കുറിച്ചും അവൻ സൂക്ഷ്മമായി അറിയുന്നു എന്നുകൂടി മനസ്സിലാക്കിത്തരുന്നു. നിയന്ത്രിക്കാനുള്ള അവന്റെ കഴിവും ജ്ഞാനവും ഓരോന്നിനെയും അവയ്ക്ക് വേണ്ടവിധം സംവിധാനിക്കാനുള്ള ശേഷിയും ഇതറിയിക്കുന്നുണ്ട്.
63. (ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാകുന്നു). അതിനുള്ള കഴിവും നിയന്ത്രണാധികാരവുമെല്ലാം അവനാണ്.
مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
“അല്ലാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം, അത് പിടിച്ചുവെക്കാനാരുമില്ല. അവൻ വല്ലതും പിടിച്ചുവെക്കുന്നപക്ഷം അതിനുശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും’’ (35:2). അല്ലാഹുവിനെക്കുറിച്ച് ഹൃദയത്തിൽ ആദരവും മഹത്ത്വബോധവും ഉണ്ടാകത്തക്കവിധത്തിലാണ് ഈ വചനത്തിലെ പരാമർശം. അതിന് വിപരീതമായി പ്രവർത്തിക്കുകയും തനിക്ക് അർഹമായ അംഗീകാരം നൽകാതിരിക്കുകയും ചെയ്യുന്നവരെയാണ് അല്ലാഹു ഇപ്പോൾ പരാമർശിക്കുന്നത്. (അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാരോ അവർ) യഥാർഥ സത്യത്തിന്റെ തെളിവുകളെ. (അവർതന്നെയാകുന്നു നഷ്ടക്കാർ) ഹൃദയങ്ങൾക്കു ഗുണം ലഭിക്കുന്ന തൗഹീദിനെ അവർ നഷ്ടപ്പെടുത്തി. അവന്റെ നാമങ്ങൾ ഉരുവിടുന്നത് നാവുകൾക്ക് നന്മ വരുത്തുന്നു. അവനെ അനുസരിക്കുന്നത് ബാഹ്യശരീരത്തിന് ഗുണം നൽകുന്നു. ഇതെല്ലാം അവർ നഷ്ടപ്പെടുത്തി. ശരീരത്തിനും മനസ്സിനും ദോഷകരമായതാണ് അവർ പകരം സ്വീകരിച്ചത്. അതിലൂടെ സുഖാനുഗ്രഹത്തിന്റെ സ്വർഗവും അവർ നഷ്ടപ്പെടുത്തി. അതിനു പകരമാക്കിയതാകട്ടെ വേദനിക്കുന്ന ശിക്ഷയും.
64). (പറയുക) അല്ലാഹു അല്ലാത്തവരെ ആരാധിക്കാൻ നിന്നെ ക്ഷണിക്കുന്ന വിവരദോഷികളായ ഇവരോട് താങ്കൾ പറയുക: (ഹേ, വിവരം കെട്ടവരേ, അല്ലാഹു അല്ലാത്തവരെ ഞാൻ ആരാധിക്കണമെന്നാണോ നിങ്ങൾ എന്നോട് കൽപിക്കുന്നത്?) ഇത് നിങ്ങളുടെ അജ്ഞതയിൽനിന്നുത്ഭവിക്കുന്നതാണ്. എല്ലാ നിലയ്ക്കും അല്ലാഹു സമ്പൂർണനാണന്നും മുഴുവൻ അനുഗ്രഹങ്ങൾ തരുന്നവനാണെന്നും അവൻ മാത്രമാണ് ആരാധനക്കർഹനെന്നും മറ്റുള്ളവർ എല്ലാ നിലയ്ക്കും അപൂർണരും ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവരും ആണെന്നും നിങ്ങൾക്ക് അറിവുണ്ടായിരുന്നുവെങ്കിൽ അവനല്ലാത്തവരെ ആരാധിക്കാൻ നിങ്ങൾ എന്നോട് കൽപിക്കുമായിരുന്നില്ല.
65). അങ്ങനെ പറയുന്നത്, അല്ലാഹുവിൽ പങ്കുചേർക്കുന്നത് കർമങ്ങളെ നിഷ്ഫലമാക്കുന്നതും എല്ലാം തകരാറിലാക്കുന്നതുമാണ്. അതാണല്ലാഹു പറഞ്ഞത്: (തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ) മുഴുവൻ പ്രവാചകന്മാർക്കും. (നീ പങ്കാളിയെ ചേർക്കുന്നപക്ഷം നിന്റെ കർമം നിഷ്ഫലമാകും) ഇവിടെ ‘നിന്റെ കർമം’ എന്ന പ്രയോഗം പൊതുവായ അർഥത്തെ സൂചിപ്പിക്കുന്നു. അതിനാൽ സർവ കർമങ്ങളും അതിൽപെടും.
മുൻകാല പ്രവാചകന്മാരുടെ പ്രബോധന വിഷയങ്ങളിൽ, ശിർക്ക് നന്മകളെ നിഷ്ഫലമാക്കും എന്ന കാര്യം ഉൾപ്പെട്ടിരുന്നു. ധാരാളം പ്രവാചകന്മാരുടെ പേരുകൾ എണ്ണിപ്പറയുന്ന സൂറതുൽ അൻആമിൽ ഇക്കാര്യം അല്ലാഹു പറയുന്നുണ്ട്:
ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَلَوْ أَشْرَكُوا۟ لَحَبِطَ عَنْهُم مَّا كَانُوا۟ يَعْمَلُونَ
“അതാണ് അല്ലാഹുവിന്റെ മാർഗദർശനം. അതുമുഖേന തന്റെ ദാസന്മാരിൽനിന്ന് താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലേക്ക് നയിക്കുന്നു. അവർ അല്ലാഹുവോട് പങ്കുചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചടത്തോളം നിഷ്ഫലമായി പോകുമായിരുന്നു’’ (6:88).
(തീർച്ചയായും നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും) നിന്റെ ദീനും പരലോകവും. ശിർക്കിനാൽ കർമങ്ങൾ നിഷ്ഫലമായി ശിക്ഷക്ക് അർഹനാവുകയും ചെയ്യും.

