സൂറ: യാസീൻ, ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ജൂലായ് 30, 1446 മുഹർറം 14
അധ്യായം: 36, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
53. അത് ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവർ ഒന്നടങ്കം നമ്മുടെ അടുക്കൽ ഹാജരാക്കപ്പെടുന്നു.
54. അന്നേദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയുമില്ല.
55. തീർച്ചയായും സ്വർഗവാസികൾ അന്ന് ഓരോ ജോലിയിലായിക്കൊണ്ട് സുഖമനുഭവിക്കുന്നവരായിരിക്കും.
56. അവരും അവരുടെ ഇണകളും തണലുകളിൽ അലംകൃതമായ കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും.
57. അവർക്കവിടെ പഴവർഗങ്ങളുണ്ട്, അവർക്ക് തങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ട്.
58. സമാധാനം! അതായിരിക്കും കരുണാനിധിയായ രക്ഷിതാവിങ്കൽ നിന്ന് അവർക്കുള്ള അഭിവാദ്യം.
59. കുറ്റവാളികളേ, ഇന്ന് നിങ്ങൾ വേറിട്ട് നിൽക്കുക (എന്ന് അവിടെ വെച്ച് പ്രഖ്യാപിക്കപ്പെടും).
60. ആദം സന്തതികളേ, ഞാൻ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ; ‘നിങ്ങൾ പിശാചിനെ ആരാധിക്കരുത്. തീർച്ചയായും അവൻ നിങ്ങൾക്ക് പ്രത്യക്ഷശത്രുവാകുന്നു.
61. നിങ്ങൾ എന്നെ ആരാധിക്കുവിൻ. ഇതാണ് നേരായ മാർഗം’ എന്ന്.
62. തീർച്ചയായും നിങ്ങളുടെ കൂട്ടത്തിൽ നിന്ന് അനേകം സംഘങ്ങളെ അവൻ (പിശാച്) പിഴപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കുന്നവരായില്ലേ?
63. ഇതാ, നിങ്ങൾക്ക് മുന്നറിയിപ്പ് നൽകപ്പെട്ടിരുന്ന നരകം!
64. നിങ്ങൾ അവിശ്വസിച്ചിരുന്നതിന്റെ ഫലമായി അതിൽ കടന്ന് എരിഞ്ഞുകൊള്ളുക.
65. അന്ന് നാം അവരുടെ വായകൾക്കു മുദ്രവെക്കുന്നതും അവരുടെ കൈകൾ നമ്മോട് സംസാരിക്കുന്നതും അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകൾ സാക്ഷ്യം വഹിക്കുന്നതുമാണ്.
66. നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കുമായിരുന്നു. എന്നിട്ടും പാതയിലൂടെ മുന്നോട്ട് നീങ്ങാൻ അവർ ശ്രമിച്ചേനെ. എന്നാൽ അവർക്കെങ്ങനെ കാണാൻ കഴിയും?
67. നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവർ നിൽക്കുന്നേടത്ത് വെച്ചുതന്നെ അവർക്ക് നാം രൂപഭേദം വരുത്തുമായിരുന്നു. അപ്പോൾ അവർക്ക് മുന്നോട്ട് നീങ്ങാൻ സാധിക്കുകയില്ല. അവർക്ക് തിരിച്ചുപോകാനുമാവില്ല.
68. വല്ലവന്നും നാം ദീർഘായുസ്സ് നൽകുന്നുവെങ്കിൽ അവന്റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവർ ചിന്തിക്കുന്നില്ലേ?

(53). ക്വബ്‌റുകളിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ് (ഒരൊറ്റ ഘോരശബ്ദം). (ഇത് ആയിരിക്കും) ഇസ്‌റാഫീൽ കാഹളത്തിൽ ഊതുന്ന ഊത്ത്. അപ്പോൾ ശരീരങ്ങൾ ജീവിക്കും. (അപ്പോഴതാ അവർ ഒന്നടങ്കം നമ്മുടെ അടുക്കൽ ഹാജരാക്കപ്പെടുന്നു) ആദ്യകാലക്കാരും അവസാന കാലക്കാരും മനുഷ്യരും ജിന്നുകളും; അവരുടെ പ്രവർത്തനങ്ങളുടെ വിചാരണക്കായി.
(54). (അന്നേദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല) ചെയ്ത നന്മകൾക്ക് പ്രതിഫലം കിട്ടാതെ വരികയോ ചെയ്യാത്ത കുറ്റം ചുമത്തപ്പെടുകയോ ഇല്ല. (നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയില്ല) നല്ലതിനും തിന്മക്കുമല്ലാതെ പ്രതിഫലം നൽകപ്പെടുകയില്ല. വല്ല നന്മയും കണ്ടെത്തിയാൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. തിന്മയാണെങ്കിലോ തന്നെത്തന്നെ കുറ്റപ്പെടുത്തട്ടെ.
(55,56). ഓരോരുത്തർക്കും അവർ ചെയ്തതിനു മാത്രമെ പ്രതിഫലം ലഭിക്കൂ. രണ്ടു കൂട്ടരുടെയും പ്രതിഫലം ഇവിടെ പറഞ്ഞു. ആദ്യം പറഞ്ഞത് സ്വർഗക്കാരുടെതാണ്. അവർ (ഓരോ ജോലിയിൽ ആയിക്കൊണ്ട് സുഖമനുഭവിക്കുന്നവരായിരിക്കും) മനസ്സ് ആഗ്രഹിക്കുന്നതും കണ്ണിന് ആനന്ദം നൽകുന്നതും. ആഗ്രഹിക്കാവുന്നതെന്തെല്ലാമുണ്ടോ അവകൊണ്ട് മനസ്സിനെ സുഖിപ്പിക്കുന്ന ജോലികളിൽ അവർ വ്യാപൃതരാകും. (അവരും അവരുടെ ഇണകളും) സുന്ദരികളായ ഇണകളോടൊപ്പമുള്ള സന്തോഷവും അതിൽ പെടുന്നു. അതായത് സ്വർഗസുന്ദരികൾ, മുഖസൗന്ദര്യവും ശരീരഭംഗിയും സ്വഭാവഗുണങ്ങളും ചേർന്നവർ. (അലംകൃതമായ കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും) മനോഹരമായ അലങ്കരിച്ച വസ്ത്രങ്ങൾ ധരിച്ച്, കട്ടിലുകളിൽ. (ചാരിയിരിക്കുന്നവരായിരിക്കും) ചാരിയിരിക്കുന്നുവെന്നത് പരിപൂർണമായ സന്തോഷത്തെയും സമാധാനത്തെയും ആസ്വാദനത്തെയും സൂചിപ്പിക്കുന്നു.
(57). (അവർക്കവിടെ പഴവർഗങ്ങളുണ്ട്) എല്ലാതരം രുചികരമായ പഴങ്ങളും; മുന്തിരിയും അത്തിപ്പഴവും മാതളനാരങ്ങയും തുടങ്ങി (അവർ ആവശ്യപ്പെടുന്നതെല്ലാം). അവർ എന്താവശ്യപ്പെട്ടാലും ആഗ്രഹിച്ചാലും അവർക്കത് ലഭിക്കും.
(58). അവർക്കാകട്ടെ ‘സലാം’ (സമാധാനം) എന്ന ഒരു വചനം അവരുടെ ഏറ്റവും കരുണാമയനായ രക്ഷിതാവിന്റെ അ ടുക്കൽനിന്ന് പഠിക്കുകയും ചെയ്യും. സ്വർഗത്തിലുള്ളവരെ അല്ലാഹു അഭിസംബോധന ചെയ്യുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്യുമെന്ന് ഇതിലുണ്ട്. അതിനെ ശക്തിപ്പെടുത്തുന്നതാണ് ആ വാക്ക്. അല്ലാഹു അവർക്ക് സലാം അർപ്പിച്ചാൽ അവർക്ക് എല്ലാനിലയിലും പൂർണസമാധാനം ലഭിക്കും. അതിനെക്കാളും വലിയൊരു അഭിവാദ്യം വേറെ എന്താണുള്ളത്! അതിനെക്കാളും വലിയൊരനുഗ്രഹം മറ്റെന്താണുള്ളത്! രാജാധിരാജന്റെ, മഹാനായ രക്ഷിതാവിന്റെ അഭിവാദ്യത്തെക്കുറിച്ച് നിന്റെ വിചാരമെന്താണ്? ദയാപരനും കരുണാനിധിയുമായവന്റെ ആദരണീയഭവനത്തിൽ താമസിക്കുന്നവർ; അല്ലാഹുവിന്റെ തൃപ്തി ലഭിച്ചവരാണവർ. ഇനി ഒരിക്കലും അവൻ അവരോട് കോപിക്കില്ല. അവർ ഒരിക്കലും മരിക്കില്ലെന്നും അവരുടെ ഹൃദയങ്ങൾ സന്തോഷവും ആനന്ദവും കൊണ്ട് നീങ്ങിപ്പോകില്ലെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നുവെങ്കിൽ അത് സംഭവിക്കുമായിരുന്നു. അല്ലാഹു നമുക്ക് സുഖാനുഗ്രഹം നിഷേധിക്കാതിരിക്കട്ടെ. അവന്റെ പരിശുദ്ധമുഖം കാണാൻ അവസരമുണ്ടാക്കട്ടെ.
(59). സൂക്ഷ്മത പാലിക്കുന്നവർക്കുള്ള പ്രതിഫലം പറയുമ്പോൾതന്നെ കുറ്റവാളികളുടെ പ്രതിഫലവും പറയുന്നു. അവരോട് ഉയിർത്തെഴുന്നേൽപുനാളിൽ പറയപ്പെടും: (കുറ്റവാളികളേ വേറിട്ട് നിൽക്കുക) വിശ്വാസികളിൽനിന്ന് മാറിനിൽക്കുക. നരകത്തിൽ പ്രവേശിക്കപ്പെടുന്നതിനുമുമ്പ് സാക്ഷികൾക്കുമുമ്പിൽ അവർ വഷളാക്കപ്പെട്ടു. അവരോട് പറയും: (ഞാൻ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ?) എന്റെ ദൂതന്മാരുടെ നാവിലൂടെ ഞാൻ നിങ്ങളോട് ഉപദേശിക്കുകയും കൽപിക്കുകയും ചെയ്തതല്ലേ? (ആദം സന്തതികളേ, നിങ്ങൾ പിശാചിനെ ആരാധിക്കരുത്) അതായത് അനുസരിക്കരുത്. ഈ നിരോധത്തിൽ സർവതെറ്റുകളും നിഷേധങ്ങളും ഉൾപ്പെടും. അതെല്ലാം പിശാചിനുള്ള ആരാധനയും അനുസരണവുമാണ്. (അവൻ നിങ്ങൾക്ക് പ്രത്യക്ഷ ശത്രുവാകുന്നു) അതിനാൽ ഞാൻ അവനെതിരെ നിങ്ങൾക്ക് ഏറ്റവും ശക്തമായ മുന്നറിയിപ്പ് നൽകുന്നു. അവനെ അനുസരിക്കരുതെന്ന് താക്കീത് നൽകുന്നു. അവൻ നിങ്ങളെ ക്ഷണിക്കുന്നതിനെ കുറിച്ച് നിങ്ങളെ അറിയിക്കുകയും ചെയ്തിരിക്കുന്നു.
(61,62). കൂടാതെ എന്റെ കൽപനകൾ അനുസരിക്കുകയും ഞാൻ വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുകൊണ്ട് നിങ്ങളെന്നെ ആരാധിക്കണമെന്നും ഞാൻ നിങ്ങളോട് കൽപിച്ചു. (ഇതാണ്) പിശാചിനെ അനുസരിക്കാതിരിക്കലും എന്നെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതാണ് (നേരായ മാർഗം).
നേരായ മാർഗത്തെക്കുറിച്ചുള്ള അറിവും അതനുസരിച്ച് പ്രവർത്തിക്കുന്നതും രണ്ടു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. അതായത്, നിങ്ങൾ എന്റെ കരാറുകൾ പാലിച്ചില്ല. എന്റെ നിർദേശപ്രകാരം പ്രവർത്തിച്ചതുമില്ല.
(തീർച്ചയായും) നിങ്ങളുടെ ശത്രുവായ പിശാചിനെ നിങ്ങൾ മിത്രമാക്കി. (നിങ്ങളുടെ കൂട്ടത്തിൽനിന്ന് അനേകം സംഘങ്ങളെ അവൻ വഴിപിഴപ്പിച്ചിട്ടുണ്ട്) ധാരാളം പടപ്പുകളെ. (എന്നിട്ടും നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കുന്നവർ ആയില്ലേ?) നിങ്ങളുടെ രക്ഷിതാവിനെ മിത്രമാക്കാനും ശരിയായ രക്ഷാധികാരിയായി സ്വീകരിക്കാനും. ഏറ്റവും വലിയ ശത്രുവിനെ മിത്രമാക്കരുതെന്ന കൽപന മനസ്സിലാക്കാൻ നിങ്ങൾക്ക് ബുദ്ധിയില്ലേ. ശരിയായ ബുദ്ധിയുണ്ടെങ്കിൽ നിങ്ങൾ അത് ചെയ്യുമായിരുന്നില്ല.
(63). നിങ്ങൾ ശൈത്വാനെ അനുസരിച്ച് പരമകാരുണികനെ ശത്രുവാക്കി. അവനെ കണ്ടുമുട്ടുന്നതിനെ നിങ്ങൾ കളവാക്കി. ഇപ്പോൾ നിങ്ങൾ അന്ത്യനാളിലെ പ്രതിഫലലോകത്തെത്തി. നിങ്ങളുടെമേൽ ശിക്ഷ യാഥാർഥ്യമായി. (ഇതാ, നിങ്ങൾക്ക് മുന്നറിയിപ്പ് നൽകപ്പെട്ടിരുന്ന ആ നരകം) അതിൽ നിങ്ങൾ അവിശ്വസിച്ചു.
അതിനാൽ നിങ്ങൾ നേർക്കുനേർ കണ്ടുകൊള്ളുക. അവിടെ അവരുടെ ഹൃദയങ്ങൾ ഭയന്നുവിറക്കും. ഭീതിയോടെ ഉറ്റുനോക്കും. വലിയ പരിഭ്രാന്തി ഉണ്ടാകും.
(64). അവരെ നരകത്തിലേക്ക് കൊണ്ടുപോകാനുള്ള കൽപനയോടെ അത് പൂർത്തിയാകും. അവരോട് പറയപ്പെടും: (നിങ്ങൾ അവിശ്വസിച്ചതിന്റെ ഫലമായി അതിൽ കടന്ന് എരിഞ്ഞുകൊള്ളുക; അതിന്റെ ചൂടിൽ നിങ്ങൾ പൊള്ളലേറ്റ് തളർന്നുപോകുന്ന വിധത്തിൽ അതിൽ പ്രവേശിക്കുക. അതിന്റെ ചൂട് നിങ്ങളെ വലയം ചെയ്യും. ചൂട് അതിന്റെ പരമാവധി പ്രാപിക്കും. അല്ലാഹുവിന്റെ തെളിവുകളെ നിഷേധിച്ചതിന്റെ ഫലം; അവന്റെ ദൂതന്മാരെ കളവാക്കിയതിന്റെ ഫലവും.
(65). കഷ്ടപ്പാടിന്റെ വാസസ്ഥലത്ത് സംഭവിക്കാൻ പോകുന്ന നികൃഷ്ടമായ അവസ്ഥ വിശദീകരിക്കുന്നു: (അന്ന് നാം അവരുടെ വായകൾക്ക് സീൽ വെക്കും) അവരെ നാം മൂകരാക്കും. അവർ ചെയ്ത സത്യനിഷേധവും കളവും അവർക്ക് നിഷേധിക്കാനാവില്ല. (അവരുടെ കൈകൾ നമ്മോട് സംസാരിക്കുന്നതും അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകൾ സാക്ഷ്യം വഹിക്കുന്നതുമാണ്) അതായത്, അവർ ചെയ്ത കാര്യങ്ങളെക്കുറിച്ച് അവരുടെ അവയവങ്ങൾ അവർക്കെതിരെ സാക്ഷ്യം വഹിക്കും. എല്ലാറ്റിനെയും സംസാരിപ്പിച്ചവൻ അവയെ സംസാരിപ്പിക്കും.
(66). (നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കുമായിരുന്നു) അവരുടെ സംസാരശേഷി നഷ്ടപ്പെടുത്തിയതുപോലെ കാഴ്ചയും നഷ്ടപ്പെടുത്തുമായിരുന്നു. (എന്നിട്ടും പാതയിലൂടെ മുന്നോട്ടു നീങ്ങാൻ അവർ ശ്രമിച്ചേനെ) അതിനാൽ അവർ തിടുക്കപ്പെട്ടാലും സ്വിറാത്വിലേക്ക് വഴി കണ്ടെത്താൻ അവർക്കാവില്ല. കാരണം, അത് സ്വർഗത്തിലേക്കുള്ള പാതയാണ്. (എന്നാൽ, അവർക്കെങ്ങനെ കാണാൻ കഴിയും) അവരുടെ കണ്ണുകൾ തുടച്ചുനീക്കപ്പട്ടില്ലേ!
(67). (നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ നിൽക്കുന്നേടത്തുവച്ചുതന്നെ അവർക്ക് നാം രൂപഭേദം വരുത്തുമായിരുന്നു) അവരെ നിശ്ചലമാക്കുമായിരുന്നു. (അപ്പോൾ അവർക്ക് മുന്നോട്ടു നീങ്ങാൻ സാധിക്കുകയില്ല. നരകത്തിൽനിന്ന് രക്ഷപ്പെടാൻ അവർക്ക് തിരിച്ചുപോകാനുമാവില്ല) തീർച്ചയായും ഈ അവിശ്വാസികളിൽ ശിക്ഷയുടെ വചനം യാഥാർഥ്യമായി. അവരെ ശിക്ഷിക്കാതിരിക്കാൻ നിവൃത്തിയില്ല. വെളിവാക്കപ്പെടുന്ന നരകമല്ലാതെ അവിടെ മറ്റൊന്നില്ല. സ്വിറാത്വിലൂടെ കടന്നുപോകുന്നവർ മാത്രമെ രക്ഷപ്പെടൂ. തങ്ങളുടെ സ്വന്തം വെളിച്ചത്തിൽ കടന്നുപോകുന്ന വിശ്വാസികൾ മാത്രമെ ആ സ്വിറാത്ത് കടക്കൂ. ഇവരെ നരകത്തിൽനിന്ന് രക്ഷപ്പെടുത്താമെന്ന് അല്ലാഹു പറഞ്ഞിട്ടുമില്ല. അവൻ ഉദ്ദേശിച്ചാൽ അവരുടെ കണ്ണുകൾ തുടച്ചുനീക്കാനും ചലനശേഷി ഉണ്ടായിരിക്കെത്തന്നെ എത്ര തന്നെ ശ്രമിച്ചാലും സ്വിറാത്വ് കടക്കാൻ അവർക്കാവില്ല. അവനുദ്ദേശിച്ചാൽ അവരുടെ ചലനം ഇല്ലാതാക്കാനും മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാതാക്കാനും അവന് കഴിയും. ഇതിനർഥം അവർ സ്വിറാത്വ് മുറിച്ചുകടക്കുന്നില്ല; അതിനാൽ രക്ഷനേടില്ല എന്നതാണ്.
(68). (വല്ലവനും ദീർഘായുസ്സ് നൽകുന്നുവെങ്കിൽ അവന്റെ പ്രകൃതി നാം തലതിരിച്ച് കൊണ്ടുവരുന്നു).
അല്ലാഹു പറയുന്നു: (വല്ലവനും നാം ദീർഘായുസ്സ് നൽകുന്നുവെങ്കിൽ) മനുഷ്യരിൽ. (അവന്റെ പ്രകൃതി നാം തലതിരിച്ച് കൊണ്ടുവരുന്നു) ആദ്യത്തെ അവസ്ഥയിലേക്ക്. ദൂർബലാവസ്ഥ. ശരീര വും മനസ്സും ദുർബലമായ അവസ്ഥ. (എന്നിരിക്കെ അവർ ചിന്തിക്കുന്നില്ലേ?) എല്ലാ നിലയ്ക്കും മനുഷ്യൻ ദുർബലനാണ്. അതിനാൽ അവൻ അവന്റെ ശക്തിയും ബുദ്ധിയും തിരിച്ചറിയുകയും തന്റെ രക്ഷിതാവിനെ അനുസരിക്കുന്നതിൽ അത് ശരിയായി വിനിയോഗിക്കുകയും വേണം.

