സൂറ: സ്സബഅ്‌, ഭാഗം 08

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 നവംബർ 02, 1446 റ. ആഖിർ 30

അധ്യായം: 34, ഭാഗം 08 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَٱلْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍۢ نَّفْعًۭا وَلَا ضَرًّۭا وَنَقُولُ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّتِى كُنتُم بِهَا تُكَذِّبُونَ (٤٢) وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍۢ قَالُوا۟ مَا هَـٰذَآ إِلَّا رَجُلٌۭ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ ءَابَآؤُكُمْ وَقَالُوا۟ مَا هَـٰذَآ إِلَّآ إِفْكٌۭ مُّفْتَرًۭى ۚ وَقَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَـٰذَآ إِلَّا سِحْرٌۭ مُّبِينٌۭ (٤٣) وَمَآ ءَاتَيْنَـٰهُم مِّن كُتُبٍۢ يَدْرُسُونَهَا ۖ وَمَآ أَرْسَلْنَآ إِلَيْهِمْ قَبْلَكَ مِن نَّذِيرٍۢ (٤٤) وَكَذَّبَ ٱلَّذِينَ مِن قَبْلِهِمْ وَمَا بَلَغُوا۟ مِعْشَارَ مَآ ءَاتَيْنَـٰهُمْ فَكَذَّبُوا۟ رُسُلِى ۖ فَكَيْفَ كَانَ نَكِيرِ (٤٥) ۞ قُلْ إِنَّمَآ أَعِظُكُم بِوَٰحِدَةٍ ۖ أَن تَقُومُوا۟ لِلَّهِ مَثْنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُوا۟ ۚ مَا بِصَاحِبِكُم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌۭ لَّكُم بَيْنَ يَدَىْ عَذَابٍۢ شَدِيدٍۢ (٤٦) قُلْ مَا سَأَلْتُكُم مِّنْ أَجْرٍۢ فَهُوَ لَكُمْ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ شَهِيدٌۭ (٤٧)

42. ആകയാൽ അന്ന് നിങ്ങൾക്ക് അന്യോന്യം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവുണ്ടായിരിക്കുന്നതല്ല. അക്രമം ചെയ്തവരോട് നിങ്ങൾ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന ആ നരകശിക്ഷ നിങ്ങൾ ആസ്വദിച്ചുകൊള്ളുക എന്ന് നാം പറയുകയും ചെയ്യും.

43. നമ്മുടെ ദൃഷ്ടാന്തങ്ങൾ സ്പഷ്ടമായ നിലയിൽ അവർക്ക് വായിച്ചുകേൾപിക്കപ്പെട്ടാൽ അവർ (ജനങ്ങളോട്) പറയും: നിങ്ങളുടെ പിതാക്കൻമാർ ആരാധിച്ചുവന്നിരുന്നതിൽനിന്ന് നിങ്ങളെ തടയുവാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമാണിത്. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ് എന്നും അവർ പറയും. തങ്ങൾക്ക് സത്യം വന്നുകിട്ടിയപ്പോൾ അതിനെപ്പറ്റി അവിശ്വാസികൾ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു.

44. അവർക്ക് പഠിക്കാനുള്ള വേദഗ്രന്ഥങ്ങളൊന്നും നാം അവർക്ക് നൽകിയിരുന്നില്ല. നിനക്ക് മുമ്പ് അവരിലേക്ക് ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല.

45. ഇവർക്ക് മുമ്പുള്ളവരും നിഷേധിച്ചുതള്ളിയിട്ടുണ്ട്. അവർക്ക് നാം കൊടുത്തിരുന്നതിന്റെ പത്തിലൊന്നുപോലും ഇവർ നേടിയിട്ടില്ല. അങ്ങനെ നമ്മുടെ ദൂതൻമാരെ അവർ നിഷേധിച്ചുതള്ളി. അപ്പോൾ എന്റെ രോഷം എങ്ങനെയുള്ളതായിരുന്നു!

46. നീ പറയുക: ഞാൻ നിങ്ങളോട് ഒരു കാര്യം മാത്രമെ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിനുവേണ്ടി നിങ്ങൾ ഈരണ്ടു പേരായോ ഒറ്റയായോ നിൽക്കുകയും എന്നിട്ട് നിങ്ങൾ ചിന്തിക്കുകയും ചെയ്യണമെന്ന്. നിങ്ങളുടെ കൂട്ടുകാരന്ന് (മുഹമ്മദ് നബിക്ക്) യാതൊരു ഭ്രാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുമ്പിൽ നിങ്ങൾക്കു താക്കീത് നൽകുന്ന ആൾ മാത്രമാകുന്നു അദ്ദേഹം.

47. നീ പറയുക: നിങ്ങളോട് ഞാൻ വല്ല പ്രതിഫലവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിങ്ങൾക്കുവേണ്ടി തന്നെയാകുന്നു. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കൽ നിന്ന് മാത്രമാകുന്നു. അവൻ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു.

(42). ബഹുദൈവാരാധകരെ മലക്കുകൾ നിരാകരിക്കുമ്പോൾ അല്ലാഹു അവരോട് പറയും: (ആകയാൽ അന്ന് നിങ്ങൾക്ക് അന്യോന്യം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവുണ്ടായിരിക്കുന്നതല്ല) കാരണം, നിങ്ങൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. പരസ്പരം ഒന്നും ചെയ്യാനാകില്ല. (അക്രമം ചെയ്തവരോട് നാം പറയും:) നിഷേധിച്ചും തെറ്റുകൾ ചെയ്തും നരകത്തിൽ പ്രവേശിച്ചതിനുശേഷം. (നിങ്ങൾ നിഷേധിച്ചു തള്ളിക്കൊണ്ടിരുന്ന ആ നരകശിക്ഷ നിങ്ങൾ ആസ്വദിച്ചുകൊള്ളുക) ഇന്ന് നിങ്ങൾ അത് കണ്ണുകൾ കൊണ്ട് കാണുകയും നിങ്ങളുടെ അവിശ്വാസത്തിന്റെയും നിഷേധത്തിന്റെയും പരിണിത ഫലമായി ആ ശിക്ഷയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. അതിലേക്കെത്തിക്കുന്ന കാരണങ്ങളിൽനിന്ന് നിങ്ങൾക്ക് ഇന്ന് അകന്നുനിൽക്കാനാവില്ല.

(43). ബഹുദൈവാരാധകർക്ക് അല്ലാഹുവിന്റെ സുവ്യക്തമായ സൂക്തങ്ങൾ ഓതിക്കേൾപ്പിക്കപ്പെടുകയും നന്മ അറിയിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന വിശദീകരണങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുമ്പോ ൾ അവരുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് അല്ലാഹു ഇവിടെ പറയുന്നത്. ഇത് അവർക്കു ലഭിച്ച മഹത്തായ അനുഗ്രഹമാണെന്ന് മനസ്സിലാക്കി അതിൽ വിശ്വസിക്കുകയും സ്വീകരിക്കുക യും ചെയ്തു. എന്നാൽ അവർ എതിര് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അതവർ നിരസിക്കുന്നു; കളവാക്കുകയും ചെയ്യുന്നു. അവർ പറയുന്നു: (നിങ്ങളുടെ പിതാക്കൾ ആരാധിച്ചുവന്നിരുന്നതിൽനിന്ന് നിങ്ങളെ തടയാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമാണിത്) അതായത്, അല്ലാഹുവിന് മാത്രം സമർപ്പിക്കാനും പിതാക്കളുടെ ആചാരങ്ങൾ ഉപേക്ഷിക്കാനും അവൻ നിങ്ങളോട് പറയുമ്പോൾ അതാണദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെ വഴിപിഴച്ചവരുടെ വാദങ്ങൾ ഉന്നയിച്ച് അവർ സത്യത്തെ എതിർത്തു. എന്നാൽ ഒരു തെളിവും അതിനവർ കൊണ്ടുവന്നില്ല. പ്രവാചകന്മാർ സത്യത്തെ പിൻപറ്റാൻ പറയുമ്പോൾ തങ്ങളുടെ സഹോദരങ്ങൾ ഇപ്പോഴും ആ വഴിയിൽ ഉറച്ചുനിൽക്കുന്നു എന്ന് അവകാശപ്പെടുന്നത് എന്തു ന്യായമാണ്? ഇത് വിഡ്ഢിത്തവും വഴിതെറ്റിയവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സത്യത്തെ നിരാകരിക്കലുമാണ്. സത്യത്തെ നിരാകരിക്കുന്നവരെ കുറിച്ചെല്ലാം നിങ്ങൾ ചിന്തിച്ചാൽ ഒരേ രീതിയിലാണ് എല്ലാവരും സത്യത്തെ നിരാകരിക്കുന്നതെന്നു കാണാം. ബഹുദൈവാരാധകരായിരുന്നാലും നിരീശ്വരവാദികളായാലും വഴിപിഴച്ചവർ പറയുന്ന അടിസ്ഥാനങ്ങൾ തന്നെയാണ് ഇവർക്കും പറയാനുള്ളത്. പ്രകൃതിവാദികളാകട്ടെ, തത്ത്വചിന്തകരാകട്ടെ, അഗ്നിയാരാധകരാകട്ടെ, ആരുതന്നെയായാലും സത്യത്തെ നിരാകരിക്കാൻ എല്ലാവർക്കും ലോകാവസാനംവരെ അവലംബം വഴിപിഴച്ചവരുടെ വാദങ്ങൾ തന്നെയാണ്.

തങ്ങളുടെ പിതാക്കന്മാരുടെ ചെയ്തികൾ തെളിവായി ഉദ്ധരിച്ച് അതിനെ പ്രവാചകന്മാർ കൊണ്ടുവന്നതിനെ പ്രതിരോധിക്കാൻ ആയുധമാക്കി സത്യത്തെ ആക്ഷേപിച്ചു. (ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്) ഇതുമായി വന്ന വ്യക്തി കെട്ടിച്ചമച്ചുണ്ടാക്കിയ കളവ്. (തങ്ങൾക്ക് സത്യം വന്നുകിട്ടിയപ്പോൾ അതിനെപ്പറ്റി അവിശ്വാസികൾ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു) എല്ലാവർക്കും വ്യക്തമായി മനസ്സിലാകുന്ന ജാലവിദ്യ. സത്യത്തെ തള്ളിപ്പറയാനും വിഡ്ഢികളെ കബളിപ്പിക്കാനുമാണ് അവർ അങ്ങനെ പറഞ്ഞത്.

(44). അവർ സത്യത്തെ തള്ളിക്കളയുകയാണെന്നും അവർ പറയുന്നതെല്ലാം പിഴച്ച വാദങ്ങളാണെന്നും അതിന് തെളിവ് നൽകാനായില്ലെന്നും പറഞ്ഞശേഷം, ഇനി ആരെങ്കിലും അവരുടെ വാദങ്ങൾക്ക് തെളിവ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും അവരുടെ അടുക്കൽ യാതൊരു അടിസ്ഥാനവുമില്ല എന്ന് അല്ലാഹു പറയുന്നു: (അവർക്ക് പഠിക്കാനുള്ള വേദഗ്രന്ഥങ്ങളൊന്നും നാം അവർക്ക് നൽകിയിരുന്നില്ല) ഉണ്ടെങ്കിൽ അതവർക്ക് ഒരവലംബമാക്കാമായിരുന്നു. (നിനക്ക് മുമ്പ് അവരിലേക്ക് ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല) ആ മുന്നറിയിപ്പുകാരന് വല്ല വാക്കോ രേഖയോ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് നിന്നെ അവർ പ്രതിരോധിക്കുമായിരുന്നു. എന്നാൽ അവരുടെ അടുക്കൽ യാതൊരറിവും രേഖയും ഇല്ല.

(45). അവർക്കു മുമ്പ് വന്ന സത്യനിഷേധികളായ ജനതക്ക് എന്തു സംഭവിച്ചു എന്ന് ഓർമപ്പെടുത്തി അല്ലാഹു അവർക്ക് മുന്നറിയിപ്പ് നൽകുന്നു: (ഇവർക്ക് മുമ്പുള്ളവരും നിഷേധിച്ച് തള്ളിയിട്ടും അവർ നേടിയിട്ടില്ല) ഇവർ നേടിയ അത്ര (അവർക്ക് നാം നൽകിയതിന്റെ പത്തിലൊന്ന് പോലും). (അവർ നിഷേധിച്ചുതള്ളി) മുൻ സമുദായങ്ങൾ. (എന്റെ ദൂതന്മാരേ, അപ്പോൾ എന്റെ രോഷം എങ്ങനെയുള്ളതായിരുന്നു?) അവരുടെ മേൽ എന്റെ രോഷവും ശിക്ഷയും എത്രത്തോളമായിരുന്നു? അവർക്ക് എന്തു ശിക്ഷയാണ് സംഭവിച്ചത്? അവരിൽ ചിലരെ മുക്കിക്കൊന്നു. ചിലരെ വിനാശകരമായ കാറ്റ്, ഘോരശബ്ദം, ഭൂകമ്പം, ഭൂമിയിൽ ആഴ്ത്തിക്കളയൽ, ആകാശത്തുനിന്ന് ചരൽവർഷം എന്നിവയാൽ നശിപ്പിച്ചു. അതുകൊണ്ട് നിഷേധികളേ, നിഷേധത്തിൽ തുടരുന്നത് നിങ്ങൾ സൂക്ഷിക്കുക. അവർക്ക് ലഭിച്ച ശിക്ഷ നിങ്ങൾക്കും ലഭിക്കും. അവർക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിക്കും.

(46). (പറയുക) ഓ, ദൂതരേ, സത്യത്തെ എതിർക്കാനും തള്ളിക്കളയാനും അത് കൊണ്ടുവന്നവനെ വിമർശിക്കാനും സന്നദ്ധരായ ഇവരോട് പറയുക. (ഞാൻ നിങ്ങളോട് ഒരു കാര്യം മാത്രമെ ഉപദേശിക്കുന്നുള്ളൂ) ഒരു ന്യായവുമില്ലാതെ എന്റെ അഭിപ്രായം പിന്തുടരാനോ നിങ്ങളുടെ അഭിപ്രായം ഉപേക്ഷിക്കാനോ ഞാൻ നിങ്ങളോട് പറയുന്നില്ല. ഞാൻ നിങ്ങളെ കാണിക്കുന്ന കാര്യം ഇതാണ്. (ഈ കാര്യം ഗൗരവമായി എടുത്ത് ഈ രണ്ടു പേരായോ ഒറ്റക്കോ ചിന്തിക്കുക; അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച്) ഈ വിഷയം ഗൗരവമായിക്കണ്ട് താൽപര്യത്തോടെയും ഉന്മേഷത്തോടെയും ഒന്നിച്ചു സംവദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക. അല്ലെങ്കിൽ ഓരോ വ്യക്തിയും സ്വയം ചിന്തിക്കുക. ഈരണ്ടു പേരായോ ഒറ്റയ്‌ക്കോ ചിന്തിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ പ്രവാചകന്റെ സ്വഭാവവും അവസ്ഥയും നിങ്ങ ൾക്ക് മനസ്സിലാകും. അദ്ദേഹം ഭ്രാന്തനാണോ ഭ്രാന്തിന്റെ വല്ല ലക്ഷണവും അദ്ദേഹത്തിന്റെ സ്വഭാവത്തിലോ രൂപത്തിലോ ഉണ്ടോ എന്നും അതോ അദ്ദേഹം സത്യസന്ധനും നിങ്ങൾക്കു വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള താക്കീതുകാരണമാണോ എന്നും.

ഈ ഉപദേശം അവർ സ്വീകരിച്ച് നടപ്പാക്കിയിരുന്നുവെങ്കിൽ അദ്ദേഹം ഭ്രാന്തനല്ലെന്ന് മറ്റുള്ളവരെക്കാളും അവർക്ക് മനസ്സിലാകും. സാധാരണയായി ഭ്രാന്തന്മാരിൽ ഉണ്ടാകുന്ന വിറയലും പ്രത്യേക നോ ട്ടവുമൊന്നും തന്നെ അദ്ദേഹത്തിന്റെ ഭാവത്തിൽ കാണാവുന്നതല്ല. പകരം അദ്ദേഹത്തിന്റെ മനോഭാവം ഏറ്റവും നല്ലതാണ്. അദ്ദേഹം പെരുമാറ്റത്തിൽ ഏറ്റവും മാന്യനാണ്. മനോഭാവം, പെരുമാറ്റം, ശാന്തത, വിനയം എന്നിവയിൽ ഏറ്റവും തികഞ്ഞവനാണ്. അദ്ദേഹത്തിൽ മറ്റു മനുഷ്യരെ ക്കാൾ ഏറ്റവും വലിയ ജ്ഞാനവും പക്വതയും മാത്രമെ കാണാൻ സാധിക്കുകയുള്ളൂ.

ഹൃദയത്തിൽ ആശ്വാസവും വിശ്വാസവും നിറയ്ക്കുകയും ഹൃദയത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുകയും ഉന്നതമായ ഗുണങ്ങളിലേക്ക് പ്രേരിപ്പിക്കുകയും നല്ല പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും മോശം പെരുമാറ്റങ്ങളിൽ നിന്ന് തടയുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സുന്ദരമായ വാക്കുകളും സംസാരവും അവർ ആലോചിച്ചാൽ ആളുകൾ ആദരവോടെയും ബഹുമാനത്തോടെയും അദ്ദേഹത്തെ സമീപിക്കുന്നത് എന്തുകൊണ്ടാണെന്ന് ബോധ്യമാകും.

ഇതെല്ലാം ഏതെങ്കിലും ഭ്രാന്തന്മാരുടെ അർഥമില്ലാത്ത സംസാരങ്ങൾ പോലെയാണോ? അദ്ദേഹത്തിന്റെ സാഹചര്യങ്ങളും ഉദ്ദേശ്യവും ആലോചിച്ചാൽ തന്നെ അദ്ദേഹം പ്രവാചകനാണോ അല്ലേ എന്ന് മനസ്സിലാക്കാൻ കഴിയും. അദ്ദേഹം അല്ലാഹുവിന്റെ സത്യദൂതനും യഥാർഥ പ്രവാചകനുമാണെന്ന് ഒറ്റയ്ക്ക് ചിന്തിച്ചാലും കൂട്ടായി ചിന്തിച്ചാലും ഉറപ്പാകും. പ്രത്യേകിച്ചും ക്വുർആനിന്റെ അഭിസംബോധിതർക്ക് അദ്ദേഹം അവരുടെ കൂട്ടുകാരനാണ്. അദ്ദേഹത്തെ കുട്ടിക്കാലം മുതൽ അവർക്കറിയും.

(47). സത്യത്തിലേക്ക് വിളിക്കുന്നവരെ പിന്തുടരുന്നതിൽനിന്ന് ആളുകളെ തടയുന്ന മറ്റൊരു കാര്യമുണ്ട്. അത് തന്റെ പ്രബോധനത്തിനു പകരമായി തന്നോടൊപ്പം ചേരുന്നവരുടെ സമ്പത്ത് പ്രതിഫലമായി എടുക്കുമോ എന്നതാണ്. ഇത്തരം ഒരു കാര്യം ചെയ്യുന്നതിൽ തന്റെ ദൂതൻ പരിശുദ്ധനാണെന്ന് അല്ലാഹു വിശദീകരിച്ചു. (നീ പറയുക: ഞാൻ നിങ്ങളോട് വല്ല പ്രതിഫലവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ) നിങ്ങൾ സത്യത്തെ പിന്തുടരുന്നതിന്. (അത് നിങ്ങൾക്കു വേണ്ടി തന്നെയാകുന്നു) അത് നിങ്ങൾക്കു വേണ്ടി തന്നെയുള്ളതാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. (എനിക്കുള്ള പ്രതിഫലം അല്ലാഹുവിൽനിന്ന് മാത്രമാകുന്നു. അവൻ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു) ഞാൻ എന്തിലേക്ക് ക്ഷണിക്കുന്നുവെന്ന് അവനറിയാം. ഞാൻ കളവ് പറയുന്നവനാണെങ്കിൽ എന്നെ അവൻ ശിക്ഷിക്കും. നിങ്ങളുടെ പ്രവർത്തനങ്ങൾക്കും അവൻ സാക്ഷി തന്നെ. അത് രേഖപ്പെടുത്തപ്പെടുകയും നിങ്ങൾക്ക് അവയ്ക്ക് പ്രതിഫലം നൽകുകയും ചെയ്യും.