സൂറ: സ്സബഅ്, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 സെപ്തംബർ 21, 1446 റ. അവ്വൽ 18
അധ്യായം: 34, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
7. സത്യനിഷേധികൾ (പരിഹാസസ്വരത്തിൽ) പറഞ്ഞു: നിങ്ങൾ സർവത്ര ഛിന്നഭിന്നമാക്കപ്പെട്ടു കഴിഞ്ഞാലും നിങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുകതന്നെ ചെയ്യുമെന്ന് നിങ്ങൾക്ക് വിവരം തരുന്ന ഒരാളെപ്പറ്റി ഞങ്ങൾ നിങ്ങൾക്കു അറിയിച്ചുതരട്ടെയോ?
8. അല്ലാഹുവിന്റെ പേരിൽ അയാൾ കള്ളം കെട്ടിച്ചമച്ചതാണോ അതല്ല അയാൾക്കു ഭ്രാന്തുണ്ടോ? അല്ല, പരലോകത്തിൽ വിശ്വസിക്കാത്തവർ ശിക്ഷയിലും വിദൂരമായ വഴികേടിലുമാകുന്നു.
9. അവരുടെ മുമ്പിലും അവരുടെ പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവർ നോക്കിയിട്ടില്ലേ? നാം ഉദ്ദേശിക്കുകയാണെങ്കിൽ അവരെ നാം ഭൂമിയിൽ ആഴ്ത്തിക്കളയുകയോ അവരുടെ മേൽ ആകാശത്തുനിന്ന് കഷ്ണങ്ങൾ വീഴ്ത്തുകയോ ചെയ്യുന്നതാണ്. അല്ലാഹുവിലേക്ക് (വിനയാന്വിതനായി) മടങ്ങുന്ന ഏതൊരു ദാസനും തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്.
10. തീർച്ചയായും ദാവൂദിന് നാം നമ്മുടെ പക്കൽനിന്ന് അനുഗ്രഹം നൽകുകയുണ്ടായി. (നാം നിർദേശിച്ചു:) പർവതങ്ങളേ, നിങ്ങൾ അദ്ദേഹത്തോടൊപ്പം (കീർത്തനങ്ങൾ) ഏറ്റുചൊല്ലുക; പക്ഷികളേ, നിങ്ങളും. നാം അദ്ദേഹത്തിന് ഇരുമ്പ് മയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
11. പൂർണവലുപ്പമുള്ള കവചങ്ങൾ നിർമിക്കുകയും, അതിന്റെ കണ്ണികൾ ശരിയായ അളവിലാക്കുകയും, നിങ്ങളെല്ലാവരും സൽകർമം പ്രവർത്തിക്കുകയും ചെയ്യുക എന്ന് (നാം അദ്ദേഹത്തിന് നിർദേശം നൽകി). തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു.
12. സുലൈമാന്ന് കാറ്റിനെയും (നാം അധീനപ്പെടുത്തികൊടുത്തു). അതിന്റെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്‌ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന് നാം ചെമ്പിന്റെ ഒരു ഉറവ് ഒഴുക്കിക്കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രക്ഷിതാവിന്റെ കൽപനപ്രകാരം അദ്ദേഹത്തിന്റെ മുമ്പാകെ ജിന്നുകളിൽ ചിലർ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരിൽ ആരെങ്കിലും നമ്മുടെ കൽപനക്ക് എതിരുപ്രവർത്തിക്കുന്നപക്ഷം നാം അവന്ന് ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.

(7). അതായത് (സത്യനിഷേധികൾ പറഞ്ഞു) പരിഹസിച്ചും അസംഭവ്യമായി കണ്ടും നിഷേധിച്ചുകൊണ്ടും അവരിൽ ചിലർ ചിലരോട് പറഞ്ഞു: (നിങ്ങൾ സർവത്ര ഛിന്നഭിന്നമാക്കപ്പെട്ടാലും നിങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുകതന്നെ ചെയ്യുമെന്ന് നിങ്ങൾക്ക് വിവരം തരുന്ന ഒരാളെപ്പറ്റി ഞങ്ങൾ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?. ഇവിടെ ഒരാൾ എന്നു അവൻ ഉദ്ദേശിച്ചത് അല്ലാഹുവിന്റെ ദൂതനെക്കുറിച്ചാണ്. അദ്ദേഹത്തെ വളരെ വിചിത്രമായ ഒരു വാദം കൊണ്ടുവന്ന ഒരാളായിട്ടാണ് അവർ അഭിപ്രായപ്പെട്ടത്. നിങ്ങൾ ശിഥിലമാകുകയും നിങ്ങളുടെ അവശിഷ്ടങ്ങൾ ചിതറുകയും അപ്രത്യക്ഷമാവുകയും ചെയ്തശേഷം നിങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടും എന്നവർ എങ്ങനെ പറയും എന്നാണ് അവർ ചോദിക്കുന്നത്.
(8). (ഈ മനുഷ്യനാണ് ഇത് കൊണ്ടുവന്നത്. അല്ലാഹുവിന്റെ മേൽ കളവ്) കെട്ടിപ്പറയുകയോ? (അതല്ല, അയാൾക്ക് ഭ്രാന്തുണ്ടോ?) അതൊരു വിചിത്രമായ കാര്യമല്ല. കാരണം, ഭ്രാന്ത് പലതരത്തിലുമുണ്ട്. ഇതെല്ലാം അവരുടെ ധിക്കാരവും അക്രമവുമാണ്. അവർക്കറിയാം, അദ്ദേഹം സൃഷ്ടികളിൽ ഏറ്റവും വലിയ ബുദ്ധിമാനും സത്യവാനുമാണെന്ന്. അതവർ പ്രകടിപ്പിക്കുകയും അവർ ശത്രുത കാണിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളിൽ നിന്നും അദ്ദേഹത്തെ തടയാൻ അവർ സ്വത്തും ശരീരവും വിനിയോഗിച്ചു. ഇനി അദ്ദേഹം കളവ് പറയുന്നവനും ഭ്രാന്തനുമാണെങ്കിൽ അദ്ദേഹം പറയുന്നത്, എന്തിന് ശ്രദ്ധിക്കണം? ഒരു ഭ്രാന്തനെ ബുദ്ധിയുള്ളവൻ പരിഗണിക്കില്ല. അയാൾ പറയുന്നതാവട്ടെ, എവിടെയും എത്തുകയുമില്ല. നിങ്ങളുടെ ശാഠ്യവും അക്രമവും ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ക്ഷണം നിങ്ങൾക്ക് എന്നേ സ്വീകരിക്കാമായിരുന്നു. എന്നാൽ വിശ്വസിക്കാത്ത ജനതക്ക് ഉൽബോധനങ്ങൾ ഫലപ്പെടില്ല. അതാണ് അല്ലാഹു പറഞ്ഞത്: (അല്ല, പരലോകത്തിൽ വിശ്വസിക്കാത്തവർ) അവരിൽ പെട്ടവരാണ് ആ വാക്ക് പറഞ്ഞത്. (ശിക്ഷയിലും വിദൂരമായ വഴികേടിലും ആകുന്നു) അവരാണ് നാശത്തിലും വിദൂരമായ വഴികേടിലും അകപ്പെട്ടവർ. ശരിയുടെ അടുത്തുപോലും അവരില്ല. ഉയിർത്തെഴുന്നേല്പിക്കാൻ അല്ലാഹുവിന് കഴിയില്ല എന്ന് പറയുന്നതിനെക്കാൾ വലിയ വഴികേടെന്താണ്? ദൂതന്മാരെ കളവാക്കുന്നു, പരിഹസിക്കുന്നു. അവർ കൊണ്ടുവന്നതാണ് സത്യമെന്നവർ ഉറപ്പാക്കുന്നു. അങ്ങനെ സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും അവർ കാണുന്നു; വഴികേടിനെ സന്മാർഗമായും.
(9). അവർ സംഭവിക്കില്ലെന്ന് പറയുന്ന ഉയിർത്തെഴുന്നേൽപ് സംഭവിക്കുമെന്നതിനുള്ള ബുദ്ധിപരമായ തെളിവുകൾ അവരെ ഉണർത്തുന്നു. അവരുടെ മുമ്പിലും പിന്നിലുമുള്ള ആകാശഭൂമികളെ അവർ സൂക്ഷ്മമായി ഒന്ന് നിരീക്ഷിച്ചാൽ ചിന്തിക്കുന്നവരെ അമ്പരപ്പിക്കുന്ന, അല്ലാഹുവിന്റെ കഴിവ് അവർക്ക് കാണാനാകും. അറിവുള്ള മഹത്തുക്കൾ അതിൽ അത്ഭുതപ്പെടും. ക്വബ്‌റുകളിൽനിന്നും മനുഷ്യരെ തിരിച്ചുകൊണ്ടുവരുന്നതിനെക്കാൾ എത്രയോ വലുതാണ് ആകാശ ഭൂമികളുടെയും അവയിൽ ഉള്ള സൃഷ്ടികളുടെയും സൃഷ്ടിപ്പ്. ഈ സൃഷ്ടിപ്പിനെ അംഗീകരിക്കുന്നവർ അത് നിഷേധിക്കുന്നത് എന്തുകൊണ്ടാണ്? അതെ, അത് അദൃശ്യമായ കാര്യമാണ്. അത് അവർക്ക് ദൃശ്യമായില്ല. അതിനാൽ അവരത് നിഷേധിച്ചു. (നാം ഉദ്ദേശിക്കുകയാണെങ്കിൽ അവരെ നാം ഭൂമിയിൽ ആഴ്ത്തിക്കളയുകയോ ആകാശത്തു നിന്ന് കഷ്ണങ്ങൾ വീഴ്ത്തുകയോ ചെയ്യുന്നതാണ്) ശിക്ഷയെന്ന നിലയിൽ. ആകാശഭൂമികളുടെ നിയന്ത്രണം നമ്മുടെ കൈകളിലാണ്. അവ അനുസരണക്കേട് കാണിക്കില്ല. അതിനാൽ, അവയിലൂടെ നിങ്ങൾ ശിക്ഷിക്കപ്പെടുന്നത് നിങ്ങൾ സൂക്ഷിക്കുക.
(തീർച്ചയായും അതിൽ) ആകാശഭൂമികളിലും അതിലുള്ള സൃഷ്ടിജാലങ്ങളിലും. (മടങ്ങുന്ന ഏതൊരു ദാസനും അതിൽ ദൃഷ്ടാന്തമുണ്ട്) ഒരു വ്യക്തി എത്രത്തോളം പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് തിരിയുന്നുവോ, അത്രയധികം ദൃഷ്ടാന്തങ്ങളിൽനിന്ന് അയാൾക്ക് പ്രയോജനം ലഭിക്കും. കാരണം, തന്റെ നാഥനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നവൻ പൂർണഹൃദയത്തോടെയും ആഗ്രഹത്തോടെയും അവനിൽ കേന്ദ്രീകരിക്കുന്നു. അവന്റെ എല്ലാ കാര്യവും അവനെ ഏൽപിക്കുന്നു. അങ്ങനെ അവൻ തന്റെ രക്ഷിതാവിലേക്ക് അടുക്കുന്നു. അവന്റെ തൃപ്തിയല്ലാതെ മറ്റൊന്നും അവന്റെ ജീവിതത്തിൽ ലക്ഷ്യമായില്ല. അപ്പോൾ അവൻ എല്ലാ സൃഷ്ടിജാലങ്ങളെയും നോക്കുന്നത് അതിനെ കുറിച്ച് ചിന്തിക്കാനും പാഠമുൾക്കൊള്ളാനും വേണ്ടിയാണ്.

(10-11). അതായത്, നമ്മുടെ അടിമയും ദൂതനുമായ ദാവൂദിനെ നാം അനുഗ്രഹിച്ചു. അദ്ദേഹത്തിന് ധാരാളം പ്രയോജനപ്രദമായ അറിവ് നൽകുകയും സൽക്കർമങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുകയും ചെയ്തു. ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു. ആ അനുഗ്രഹങ്ങളിൽ പെട്ടതാണ് നിർജീവ വസ്തുക്കളോടും പക്ഷികൾ പോലുള്ള ജീവജാലങ്ങളോടും അവന്റെ മഹത്ത്വത്തെ വാഴ്ത്തുമ്പോൾ തന്റെ കൂടെ അതാവർത്തിക്കാൻ പറയുന്നത്. ഈ പ്രത്യേകത അദ്ദേഹത്തിന്റെ മുമ്പോ ശേഷമോ ഒരാൾക്കും നൽകിയിട്ടില്ല. അചേതന വസ്തുക്കളും ജീവജാലങ്ങളും തങ്ങളുടെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുന്ന വാക്കുകൾ ആവർത്തിക്കുന്നത് കണ്ടപ്പോൾ ഇത് അദ്ദേഹത്തെയും മറ്റുള്ളവരെയും അവനെ കൂടുതൽ മഹത്ത്വപ്പെടുത്താൻ പ്രേരിപ്പിച്ചു.
ദാവൂദ് നബി(അ)ക്ക് കിട്ടിയ അനുഗ്രഹത്തിന്റെ മറ്റൊരു ഉദാഹരണം പല പണ്ഡിതന്മാരും പ്രസ്താവിച്ചതുപോലെ ദാവൂദിന്റെ ശബ്ദമാണ്. അല്ലാഹു അദ്ദേഹത്തിന് മറ്റെല്ലാവരെയും വെല്ലുന്ന മനോഹരമായ ശബ്ദം നൽകി. ശ്രുതിമധുരമായ ആ ശബ്ദത്തിൽ അദ്ദേഹം പ്രകീർത്തനവും സ്തുതിയും ചൊല്ലിയപ്പോൾ അത് കേട്ടവരെല്ലാം (മനുഷ്യരും ജിന്നുകളും പക്ഷികളും പർവതങ്ങളും അടക്കം) അതിൽ ആനന്ദംകൊണ്ടു. അവർ തങ്ങളുടെ നാഥനെ മഹത്ത്വപ്പെടുത്തി.
ഒരുപക്ഷേ, അവർ പ്രകീർത്തനം ചെയ്യുന്നത് പ്രതിഫലം നേടുന്നതിനായിരിക്കാം. അദ്ദേഹമാണ് അതിന് കാരണമായത്. അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതിലും അവർ അദ്ദേഹത്തെ അനുഗമിക്കുകയായിരുന്നു.
അല്ലാഹു അദ്ദേഹത്തിന് ചെയ്തുകൊ ടുത്ത മറ്റൊരു അനുഗ്രഹം ഇരുമ്പിനെ മയപ്പെടുത്തിക്കൊടുത്തു എന്നുള്ളതാണ്. അതുമൂലം അദ്ദേഹത്തിന് പൂർണ വലുപ്പമുള്ള അങ്കികൾ ഉണ്ടാക്കാൻ സാധിച്ചു. അതെങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് അല്ലാഹു പഠിപ്പിച്ചു; ശരിയായ അളവിലുള്ള കണ്ണികൾ നിർമിക്കാനും. എന്നിട്ടവ ഒന്ന് മറ്റൊന്നിൽ പ്രവേശിപ്പിക്കും. അല്ലാഹു പറയുന്നു:
وَعَلَّمْنَـٰهُ صَنْعَةَ لَبُوسٍۢ لَّكُمْ لِتُحْصِنَكُم مِّنۢ بَأْسِكُمْ ۖ فَهَلْ أَنتُمْ شَـٰكِرُونَ ٨٠
“നിങ്ങൾ നേരിടുന്ന യുദ്ധ വിപത്തുകളിൽനിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകാനായി നിങ്ങൾക്കുവേണ്ടിയുള്ള പടയങ്കിയുടെ നിർമാണവും അദ്ദേഹത്തെ പഠിപ്പിച്ചു. എന്നിട്ട് നിങ്ങൾ നന്ദിയുള്ളവരാണോ?’’(21:80).
അദ്ദേഹത്തിനും കുടുംബത്തിനും അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ പരാമർശിച്ചശേഷം അവനോട് നന്ദി പറയാനും സൽക്കർമങ്ങൾ ചെയ്യാനും ഉപദേശിച്ചു. അല്ലാഹു നിരീക്ഷിക്കുന്നുണ്ട് എന്ന ബോധത്താൽ അവ ശരിയായി നിർവഹിക്കാനും കൽപിക്കുന്നു. അവൻ അവരുടെ പ്രവർത്തനങ്ങളെ കാണുന്നു. നിരന്തരം അവരെ നിരീക്ഷിക്കുകയും ചെയ്യുന്നു. അവനിൽനിന്ന് ഒന്നും മറഞ്ഞിരിക്കുകയില്ല.
(12). ദാവൂദ് നബി(അ)യോടുള്ള അവന്റെ ഔദാര്യം പരാമർശിച്ച ശേഷം അല്ലാഹു ഇവിടെ അദ്ദേഹത്തിന്റെ മകൻ സുലൈമാൻ നബി(അ)ക്ക് നൽകിയ അനുഗ്രഹത്തെക്കുറിച്ചാണ് പറയുന്നത്. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് സഞ്ചരിക്കും വിധം കാറ്റിനെ കീഴ്‌പ്പെടുത്തി കൊടുത്തു. അങ്ങനെ അത് അദ്ദേഹത്തോടൊപ്പമുള്ളതെല്ലാം വഹിച്ചു. കുറഞ്ഞ സമയംകൊണ്ട് വളരെയധികം ദൂരത്തേക്ക് സഞ്ചരിക്കാൻ അതുമൂലം സാധിച്ചു. ഒരു ദിവസംകൊണ്ട് രണ്ടു മാസത്തെ യാത്രാദൂരം വരെ യാത്ര ചെയ്യുമായിരുന്നു. അത് രാവിലെ ഒരു മാസത്തെ വഴിദൂരം. (സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരം) ഉച്ചമുതൽ പകൽ അവസാനിക്കുന്നതുവരെ. (അദ്ദേഹത്തിന് നാം ചെമ്പിന്റെ ഒരു ഉറവ ഒഴുക്കിക്കൊടുക്കുകയും ചെയ്തു) അതിൽ നിന്ന് പാത്രങ്ങളും മറ്റും ഉൽപാദിപ്പിക്കുന്നതിനുള്ള മാർഗം അദ്ദേഹത്തിന് ലഭിച്ചു. പിശാചുക്കളെയും ജിന്നുകളെയും അല്ലാഹു അദ്ദേഹത്തിന് കീഴ്‌പ്പെടുത്തി. അങ്ങനെ അവർക്ക് അദ്ദേഹത്തിന്റെ കൽപനകൾ ലംഘിക്കാൻ കഴിഞ്ഞില്ല. (അവരിൽ ആരെങ്കിലും നമ്മുടെ കൽപനക്ക് എതിര് പ്രവർത്തിക്കുന്ന പക്ഷം അവന് നാം ജ്വലിക്കുന്ന ശിക്ഷ അനുഭവിപ്പിക്കുന്നതാണ്).

