സൂറ: യാസീൻ, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ജൂലായ് 27, 1446 മുഹർറം 21

അധ്യായം: 36, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَمَا عَلَّمْنَـٰهُ ٱلشِّعْرَ وَمَا يَنۢبَغِى لَهُۥٓ ۚ إِنْ هُوَ إِلَّا ذِكْرٌ وَقُرْءَانٌ مُّبِينٌ (٦٩) لِّيُنذِرَ مَن كَانَ حَيًّا وَيَحِقَّ ٱلْقَوْلُ عَلَى ٱلْكَـٰفِرِينَ (٧٠) أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَـٰمًا فَهُمْ لَهَا مَـٰلِكُونَ (٧١) وَذَلَّلْنَـٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ (٧٢) وَلَهُمْ فِيهَا مَنَـٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ (٧٣) وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لَّعَلَّهُمْ يُنصَرُونَ (٧٤) لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ (٧٥) فَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّا نَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ (٧٦) أَوَلَمْ يَرَ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ (٧٧) وَضَرَبَ لَنَا مَثَلًا وَنَسِىَ خَلْقَهُۥ ۖ قَالَ مَن يُحْىِ ٱلْعِظَـٰمَ وَهِىَ رَمِيمٌ (٧٨) قُلْ يُحْيِيهَا ٱلَّذِىٓ أَنشَأَهَآ أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ (٧٩) ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ (٨٠) أَوَلَيْسَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِقَـٰدِرٍ عَلَىٰٓ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ ٱلْخَلَّـٰقُ ٱلْعَلِيمُ (٨١) إِنَّمَآ أَمْرُهُۥٓ إِذَآ أَرَادَ شَيْـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ (٨٢) فَسُبْحَـٰنَ ٱلَّذِى بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَإِلَيْهِ تُرْجَعُونَ (٨٣)

69. അദ്ദേഹത്തിന് (നബിക്ക്) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉൽബോധനവും കാര്യങ്ങൾ സ്പഷ്ടമാക്കുന്ന ക്വുർആനും മാത്രമാകുന്നു.

70. ജീവനുള്ളവർക്ക് താക്കീത് നൽകുന്നതിന് വേണ്ടിയത്രെ ഇത്. സത്യനിഷേധികളുടെ കാര്യത്തിൽ (ശിക്ഷയുടെ) വചനം സത്യമായി പുലരുവാൻ വേണ്ടിയും.

71. നമ്മുടെ കൈകൾ നിർമിച്ചതിൽപ്പെട്ട കാലികളെ അവർക്കു വേണ്ടിയാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് അവർ കണ്ടില്ലേ? അങ്ങനെ അവർ അവയുടെ ഉടമസ്ഥരായിരിക്കുന്നു.

72. അവയെ അവർക്കുവേണ്ടി നാം കീഴ്‌പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവയിൽ നിന്നാകുന്നു അവർക്കുള്ള വാഹനം. അവയിൽനിന്ന് അവർ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.

73. അവർക്ക് അവയിൽ പല പ്രയോജനങ്ങളുമുണ്ട്; (പുറമെ) പാനീയങ്ങളും. എന്നിരിക്കെ അവർ നന്ദി കാണിക്കുന്നില്ലേ?

74. തങ്ങൾക്ക് സഹായം ലഭിക്കുവാൻ വേണ്ടി അല്ലാഹുവിനു പുറമെ പല ദൈവങ്ങളെയും അവർ സ്വീകരിച്ചിരിക്കുന്നു.

75. അവരെ സഹായിക്കാൻ അവർക്ക് (ദൈവങ്ങൾക്ക്) സാധിക്കുകയില്ല. അവർ അവർക്ക് (ദൈവങ്ങൾക്ക്) വേണ്ടി സജ്ജീകരിക്കപ്പെട്ട പട്ടാളമാകുന്നു.

76. അതിനാൽ അവരുടെ വാക്ക് നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീർച്ചയായും അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നു.

77. മനുഷ്യൻ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തിൽനിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു.

78. അവൻ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവൻ മറന്നുകളയുകയും ചെയ്തു. അവൻ പറഞ്ഞു: ‘എല്ലുകൾ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത്?’

79. പറയുക: ‘ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ.’

80. പച്ചമരത്തിൽനിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവൻ അങ്ങനെ നിങ്ങളതാ അതിൽനിന്ന് കത്തിച്ചെടുക്കുന്നു.

81. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും.

82. താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു!

83. മുഴുവൻ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങൾ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവൻ എത്ര പരിശുദ്ധൻ!

(69). കവിയാണെന്ന് ബഹുദൈവവിശ്വാസികൾ നബിﷺയെ കുറിച്ച് പറഞ്ഞ ആരോപണത്തിൽനിന്ന് അദ്ദേഹത്തെ അല്ലാഹു പരിശുദ്ധപ്പെടുത്തുന്നു. അദ്ദേഹം കൊണ്ടുവന്നത് കവിതയാണെന്ന് അവർ പറഞ്ഞു. അല്ലാഹു പറഞ്ഞു: (അദ്ദേഹത്തിന് നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാവുകയുമില്ല) കവിയാവുക എന്നത് നബിയുടെ കാര്യത്തിൽ അസംഭവ്യമാണ്. കാരണം അദ്ദേഹം സന്മാർഗിയും വിവേകിയുമാണ്. വിവേകമില്ലാത്ത കവികൾ വഴിപിഴച്ചവരാണ്. വഴിപിഴച്ചവർ അവരെ പിന്തുടരുന്നു.

തന്റെ ദൂതനെപ്പറ്റി വഴിതെറ്റിയവർ പറഞ്ഞ സംശയങ്ങളെയെല്ലാം അല്ലാഹു തള്ളിക്കളഞ്ഞു; എഴുതാനും വായിക്കാനും അറിയുമെന്ന് പറഞ്ഞതിനെയും. അദ്ദേഹത്തെ കവിത പഠിപ്പിച്ചിട്ടില്ലെന്നും അത് അദ്ദേഹത്തിന് യോജിച്ചതല്ലെന്നും വ്യക്തമാക്കി.

(ഇത് ഒരു ഉൽബോധനവും കാര്യങ്ങൾ സ്പഷ്ടമാക്കുന്ന ക്വുർആനും മാത്രമാകുന്നു) അതായത്, അദ്ദേഹം കൊണ്ടുവന്നത് ബുദ്ധിയുള്ള ആളുകൾക്ക് എല്ലാ മതപാഠങ്ങളും ഓർമിപ്പിക്കാൻ കഴിയുന്ന ഉൽബോധനം മാത്രമാണ്. എല്ലാ കാര്യങ്ങളും അതിൽ സമഗ്രമായി പരാമർശിക്കുന്നു. അത് ബുദ്ധികളെ ഉൽബോധിപ്പിക്കുന്നു. നല്ലതെല്ലാം കൽപിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു.

(സ്പഷ്ടമാക്കുന്ന ക്വുർആനും) അതായത്, വിശദീകരിക്കേണ്ട എല്ലാ കാര്യങ്ങളും ഇത് വിശദീകരിക്കുന്നു. വിശദീകരിച്ചത് എന്തെന്ന് ഇവിടെ പറഞ്ഞില്ല. അതിന്റെ അർഥം വിശദീകരിക്കേണ്ടതെല്ലാം വ്യക്തമായ തെളിവുകളോടെ വിശദമായും പൊതുവായും പറഞ്ഞു. അസത്യത്തെ തെളിവുകൾകൊണ്ട് നിരർഥകമാക്കി. അപ്രകാരം അത് തന്റെ ദൂതന് ഇറക്കി.

(70) (ജീവനുള്ളവർക്ക് താക്കീത് നൽകുന്നതിന് വേണ്ടിയത്രെ ഇത്) ശ്രദ്ധയും ജീവനും ഉള്ള ഹൃദയം. അത് ഈ ക്വുർആനിനാൽ സംസ്‌കൃതമാകും. അത് അറിവും പ്രവർത്തനവും വർധിപ്പിക്കുന്നു. നല്ല മണ്ണിൽ പെയ്യുന്ന മഴയെപ്പോലെയാണ് ഹൃദയങ്ങൾക്ക് ക്വുർആൻ. (സത്യനിഷേധികളുടെ കാര്യത്തിൽ-ശിക്ഷയുടെ വചനം-സത്യമായി പുലരാൻവേണ്ടിയും) അവർക്കെതിരെ അല്ലാഹുവിന്റെ തെളിവ് വന്നു. അവരുടെ വാദങ്ങൾ നിരാകരിക്കപ്പെടുന്നു. അവർക്ക് ഒരു ഒഴികഴിവും അവശേഷിക്കുന്നില്ല.

(71-73). ഇവിടെ അല്ലാഹു മനുഷ്യർക്ക് സേവനത്തിനായി സൃഷ്ടിച്ചിട്ടുള്ള കന്നുകാലി മൃഗങ്ങളിലേക്ക് നോക്കാൻ കൽപിക്കുന്നു. അവയ്ക്ക് അവൻ യജമാനൻമാരാണ്. അവർ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളിലും അവ അവരെ അനുസരിക്കുന്നു. അവരുടെ ചരക്കുകളും ഭാരങ്ങളും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ അവയെ പ്രയോജനപ്പെടുത്തുന്നതിലൂടെ

അവർക്ക് ധാരാളം ഉപകാരം അവയിൽനിന്ന് ലഭിക്കുന്നു. അതിൽ നിന്ന് അവർ ഭക്ഷിക്കുന്നു. തണുപ്പകറ്റാൻ സഹായിക്കുന്നത് അവയിലുണ്ട്. അതിന്റെ രോമങ്ങളിൽനിന്നും തൊലികളിൽ നിന്നും ഒരു നിശ്ചിത അവധിവരെ ഉപയോഗിക്കാവുന്ന സാമഗ്‌രികളും അവർക്ക് ലഭിക്കുന്നു. അതിൽ സൗന്ദര്യവും അലങ്കാരവും കാണാവുന്ന മറ്റു പല നേട്ടങ്ങളും ഉണ്ട്. (അവൻ നന്ദി കാണിക്കുന്നില്ലേ?) അല്ലാഹുവാണ് ഈ അനുഗ്രഹങ്ങൾ നൽകിയത്. അവനെ മാത്രം ആരാധിച്ചും ചിന്തിച്ചു പാഠമുൾക്കൊണ്ടും മാത്രം ഈ അനുഗ്രഹങ്ങൾ അനുഭവിക്കുക.

(74-75). ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ സഹായവും ശിപാർശയും പ്രതീക്ഷിച്ച് ആരാധ്യന്മാരായി സ്വീകരിച്ചതിന്റെ നിരർഥകതയാണ് ഇവിടെ പറയുന്നത്. അവർ അങ്ങേയറ്റം ദുർബലരാണ്. (അവരെ സഹായിക്കാൻ അവർക്ക് സാധിക്കുകയില്ല) അവരെത്തന്നെയും സഹായിക്കാൻ അവർക്ക് സാധിക്കുകയില്ല. അവർക്ക് സ്വന്തത്തെ സഹായിക്കാനാവില്ലെങ്കിൽ അവരെങ്ങനെയാണ് മറ്റുള്ളവരെ സഹായിക്കുന്നത്? എതു സഹായത്തിനും രണ്ട് നിബന്ധനകളുണ്ട്; അത് ചെയ്യാൻ കഴിയുക, അതിന് ശേഷിയുണ്ടാവുക. ഇനി സഹായിക്കാൻ കഴിയുമെങ്കിൽ, തന്റെ ആരാധകനെ സഹായിക്കണോ വേണ്ടയോ എന്നതാണ്. ഇനി സഹായിക്കാൻ കഴിവില്ലെങ്കിലോ, രണ്ട് കാര്യവും ഒഴിവാക്കപ്പെടും. (അവർ അവർക്ക്-ദൈവങ്ങൾക്ക്-വേണ്ടി സജ്ജീകരിക്കപ്പെട്ട പട്ടാളമാകുന്നു) ശിക്ഷയിൽ ഹാജരാക്കപ്പെടുന്നവർ; അവരിൽ ചിലർ ചിലരിൽനിന്ന് മാറിനിൽക്കും. അവർക്ക് ഇവരെ ആരാധിക്കുന്നതിൽ നിന്ന് മാറി നിന്നുകൂടായിരുന്നോ? അധികാരമുള്ളവരെ ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നവനുമായവനെ മാത്രം ആരാധിച്ചുകൂടായിരുന്നോ? നൽകാനും തടയാനും കഴിയുന്നവൻ, സഹായിയും രക്ഷാധികാരിയുമായവൻ.

(76). അതായത്, സത്യനിഷേധികളുടെ വാക്കുകൾ നിങ്ങളെ ദുഃഖിപ്പിക്കരുത്. ഇവിടെ വാക്ക് ഏതാണെന്ന് സന്ദർഭത്തിൽ നിന്ന് മനസ്സിലാകുന്നു. പ്രവാചകനെയും സന്ദേശത്തെയും ആക്ഷേപിക്കുന്ന എല്ലാ വാക്കും ഉദ്ദേശിക്കാം. അതായത്, അവരെ ഓർത്ത് സങ്കടപ്പെടരുത്. (തീർച്ചയായും നാം അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുന്നു).

അവരെക്കുറിച്ച് നമുക്കറിയാവുന്നതിനനുസരിച്ച് നാം അവർക്ക് പ്രതിഫലം നൽകും. അവരുടെ വാക്ക് താങ്കൾക്ക് യാതൊരു ദോഷവും വരുത്തില്ല.

ഉയിർത്തെഴുന്നേൽപിനെ നിഷേധിക്കുന്നവരുടെ വാദവും അതിനുള്ള ഏറ്റവും നല്ലതും വ്യക്തവുമായ പ്രതികരണമാണ് ഈ വചനങ്ങളിലുള്ളത്.

(77). അല്ലാഹു പറയുന്നു: (മനുഷ്യൻ കണ്ടില്ലേ?) അതായത് പുനരുത്ഥാനത്തെ സംശയിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന മനുഷ്യർ കണ്ടില്ലേ. ഉയിർത്തെഴുന്നേൽപ് ഉറപ്പായും സംഭവിക്കുമെന്നതിന് ശക്തമായ തെളിവുകളൊന്നും കണ്ടില്ലേ? അത്: തുടക്കത്തിൽ (ഒരു ബീജകണത്തിൽനിന്ന് തീർച്ചയായും നാം അവനെ സൃഷ്ടിച്ചു) പിന്നീട് അവൻ പല ഘട്ടങ്ങളിലൂടെ കടന്നുപോയി. അങ്ങനെ വലുതായി. യുവാവായി. ബുദ്ധിയുള്ളവനായി. ഘട്ടംഘട്ടമായി വളർന്നു. (എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു) തുടക്കത്തിൽ അവനൊരു ബീജകണമായിരുന്നതിന് ശേഷം മുമ്പത്തേതും ഇപ്പോഴുള്ളതുമായ രണ്ടവസ്ഥകൾ തമ്മിലുള്ള അവന്റെ വ്യത്യാസത്തെക്കുറിച്ച് അവൻ ചിന്തിക്കട്ടെ. ഒന്നുമില്ലായ്മയിൽ നിന്ന് അവനെ സൃഷ്ടിച്ചവൻ ചിതറിപ്പോയതിനുശേഷം അവനെ പുനർനിർമിക്കാൻ ഏറ്റവും അർഹനാണെന്ന് അവ മനസ്സിലാക്കട്ടെ.

(78). (അവൻ നമുക്ക് ഒരു ഉപമ എടുത്ത് കാണിക്കുകയും ചെയ്തിരിക്കുന്നു) ആരും അവന് ഉപമ പറയരുത്. കാരണം പടപ്പുകളുടെ കഴിവിനോട് സ്രഷ്ടാവിന്റെ ശക്തിയും കഴിവും താരതമ്യപ്പെടുത്തലാണത്. സൃഷ്ടികൾക്ക് കഴിയാത്തത് സ്രഷ്ടാവിനും കഴിയില്ലെന്ന് പറയലാണത്. അതിന് ഉദാഹരണം ഇവിടെ പറയുന്നു: (അവൻ പറഞ്ഞു: അതായത് മനുഷ്യന്റെ എല്ലുകൾ ദ്രവിച്ചുപോയിരിക്കെ ആരാണ് അതിന് ജീവൻ നൽകുന്നത്?) അതായത്, ആരെങ്കിലും ഇവയെ പുനർജീവിപ്പിക്കുമോ? ഇത് നിഷേധാത്മകമായ ഒരു ചോദ്യമാണ്. അവ ശിഥിലമായി അപ്രത്യക്ഷമായാൽ ഒരാളും അവയെ പുനർജീവിപ്പിക്കില്ല. ഇതാണ് ഉപമയിൽ സാദൃശ്യമാക്കുന്ന വിഷയം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം അസാധ്യമാണ്. ഇത്തരം ഒരു ചോദ്യം അവനിൽ നിന്നുണ്ടായത് അവൻ അവന്റെ ആദ്യ സൃഷ്ടിപ്പിനെക്കുറിച്ച് അശ്രദ്ധനായതിനാലാണ്. പ്രസ്താവ്യമല്ലാത്ത ഒരു അവസ്ഥയിൽനിന്ന് അവൻ എങ്ങനെ സൃഷ്ടിക്കപ്പെട്ടു? അവൻ കാണപ്പെടുന്ന ഒന്നായി. ഇതവൻ ചിന്തിച്ചിരുന്നുവെങ്കിൽ അവൻ ഇങ്ങനെ വാദിക്കുമായിരുന്നില്ല.

(79). ഉയിർത്തെഴുന്നേൽപിന് സാധ്യതയില്ല എന്ന വാദത്തിന് ഒരു സമ്പൂർണ മറുപടി നൽകുകയാണ് ഇവിടെ: (പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്) ഒന്ന് ചിന്തിച്ചാൽ അവന് സംശയരഹിതമായി ബോധ്യപ്പെടും. ആദ്യം ഉണ്ടാക്കാമെങ്കിൽ അത് രണ്ടാമത് ആവർത്തിക്കാനും കഴിയും. സൃഷ്ടിക്കാൻ കഴിയുന്ന ഒരാൾക്ക് അത് ആവർത്തിക്കാൻ വളരെ എളുപ്പമാണ്.

(അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ) ഇത് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ടതാണ്. അത് രണ്ടാമത്തെ തെളിവാണ്. അവന്റെ അറിവ് എല്ലാ സമയത്തും സാഹചര്യങ്ങളിലും എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്നു. മരിച്ചവരുടെ ശരീരങ്ങൾ ഭൂമി ദഹിപ്പിക്കുന്നതും അവശേഷിപ്പിക്കുന്നതും അവനറിയുന്നു. അദൃശ്യവും ദൃശ്യവും അവനറിയുന്നു. ഈ മഹത്തായ ദൈവികജ്ഞാനം അംഗീകരിക്കുന്ന ഒരാൾക്ക് ആ അല്ലാഹുവിന് മരിച്ചവരെ ജീവിപ്പിക്കാനും കുഴിമാടങ്ങളിൽനിന്ന് പുറത്തുകൊണ്ടുവരാനും എളുപ്പമാണെന്ന് മനസ്സിലാകും.

(80). മൂന്നാമത് ഒരു തെളിവുകൂടി അല്ലാഹു കൊണ്ടുവരുന്നു: (പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവൻ. അങ്ങനെ നിങ്ങളതാ അതിൽനിന്ന് കത്തിച്ചെടുക്കുന്നു) നനവുള്ളതും ഈർപ്പമുള്ളതുമായ പച്ചമരങ്ങളിൽ നിന്ന് അവൻ തീ ഉൽപാദിപ്പിക്കുന്നു. ഉണക്കമരവും പച്ചമരവും അങ്ങേയറ്റം വൈരുധ്യമുള്ളതാണ്. എന്നിട്ടും അവനതുണ്ടാക്കുന്നു. അപ്പോൾ ക്വബ്‌റുകളിൽനിന്ന് പുറത്തുകൊണ്ടുവരുന്നതും അങ്ങനെ തന്നെയാണ്.

(81). തുടർന്ന് നാലാമത്തെ തെളിവ് പറയുന്നു: വലുപ്പത്തിലും വിശാലതയിലും (ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലെയുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ?) അവരെത്തന്നെ മടക്കി കൊണ്ടുവരാൻ അവന് കഴിയില്ലേ? (തീർച്ചയായും) അതിന് കഴിവുള്ളവൻ തന്നെ. ആകാശഭൂമികളുടെ സൃഷ്ടിപ്പ് മനുഷ്യസൃഷ്ടിപ്പിനെക്കാൾ വലുതാണ്. (അവനത്രെ സർവവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും) ഇത് അഞ്ചാമത്തെ തെളിവാണ്.

അവൻ എല്ലാറ്റിന്റെയും സ്രഷ്ടാവാണ്. മുമ്പുള്ളതിന്റെയും പിന്നീടുണ്ടായതിന്റെയുമെല്ലാം സ്രഷ്ടാവ്. ചെറുതും വലതുമെല്ലാം അവന്റെ ശക്തിയുടെയും കഴിവിന്റെയും തെളിവാണ്. ഒരു സൃഷ്ടിയും അവൻ സൃഷ്ടിക്കാൻ ഉദ്ദേശിച്ചാൽ അതിന് എതിര് നിൽക്കുകയില്ല. അപ്പോൾ മരിച്ചവരെ തിരിച്ചുകൊണ്ടുവരൽ അവന്റെ സൃഷ്ടിപ്പിൽ ഒന്നുമാത്രം.

(82). അതിനാൽ അവൻ പറയുന്നു: (അവൻ ഒരു കാര്യം ഉദ്ദേശിച്ചാൽ) ഏത് കാര്യവും ആകാം. ഉദ്ദേശിക്കുന്ന കാര്യം ഇവിടെ പറഞ്ഞിട്ടില്ല. അതിനാൽ എല്ലാറ്റിനും ബാധകമാണത്. (അതിനോട് ഉണ്ടാകൂ എന്നു പറയുക മാത്രമാകുന്നു അവന്റെ കാര്യം) അപ്പോൾതന്നെ, യാതൊരു തടസ്സവും കൂടാതെ (അപ്പോഴതാ, അത് ഉണ്ടാകുന്നു).

(83). (മുഴുവൻ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കൈയിലാണോ അവൻ മഹാപരിശുദ്ധൻ) ഇത് ആറാമത്തെ തെളിവാണ്. അല്ലാഹു, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന പരമാധികാരി. ഈ ലോകത്തും ഉപരിലോകത്തുമുള്ള എല്ലാം അവനുള്ളതാണ്. എല്ലാം അവന്റെ നിയന്ത്രണത്തിന് വിധേയരാകുന്ന അടിമകളാണ്. അവന്റെ മതനിയമങ്ങളും പ്രാപഞ്ചിക നിയമങ്ങളും പ്രതിഫലവ്യവസ്ഥയുമനുസരിച്ച് എല്ലാം അവൻ കൈകാര്യം ചെയ്യുന്നു. പ്രതിഫലം വിധിക്കാൻ അവരെ മരണശേഷം തിരിച്ചു കൊണ്ടുവരിക എന്നത് അവന്റെ അധികാരത്തിൽ പെട്ടതാണ്.

(അവങ്കലേക്കാണ് നിങ്ങൾ മടക്കപ്പെടുന്നത്) അതായത്, യാതൊരു സംശയവുമില്ല. അതിന് ഖണ്ഡിതമായ പ്രത്യക്ഷ തെളിവുകൾ ധാരാളമുണ്ട്. തന്റെ വാക്കുകളിൽ മാർഗദർശനവും ശമനവും വെളിച്ചവും നിശ്ചയിച്ചവൻ അനുഗ്രഹപൂർണനായിരിക്കുന്നു.

യാസീൻ സൂറത്തിന്റെ വ്യാഖ്യാനം പൂർത്തിയായി.