സൂറ: സ്വാഫ്ഫാത്ത്, ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

അധ്യായം: 37, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَـٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ (٣٥) وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍ مَّجْنُونٍۭ (٣٦) بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ (٣٧) إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ (٣٨) وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ (٣٩) إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ (٤٠) أُو۟لَـٰٓئِكَ لَهُمْ رِزْقٌ مَّعْلُومٌ (٤١) فَوَٰكِهُ ۖ وَهُم مُّكْرَمُونَ (٤٢) فِى جَنَّـٰتِ ٱلنَّعِيمِ (٤٣)

35. അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാൽ അവർ അഹങ്കാരം നടിക്കുമായിരുന്നു.

36. ഭ്രാന്തനായ ഒരു കവിക്കുവേണ്ടി ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു.

37. അല്ല, സത്യവും കൊണ്ടാണ് അദ്ദേഹം വന്നത്. (മുമ്പ് വന്ന) ദൈവദൂതൻമാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

38. തീർച്ചയായും നിങ്ങൾ വേദനയേറിയ ശിക്ഷ ആസ്വദിക്കുകതന്നെ ചെയ്യേണ്ടവരാകുന്നു.

39. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനു മാത്രമെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയുള്ളൂ.

40. അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസൻമാർ ഇതിൽനിന്ന് ഒഴിവാകുന്നു.

41. അങ്ങനെയുള്ളവർക്കാകുന്നു അറിയപ്പെട്ട ഉപജീവനം.

42. വിവിധതരം പഴവർഗങ്ങൾ. അവർ ആദരിക്കപ്പെടുന്നവരായിരിക്കും.

43. സൗഭാഗ്യത്തിന്റെ സ്വർഗത്തോപ്പുകളിൽ.

35. പിന്നീട് അല്ലാഹു പ്രസ്താവിക്കുന്നത് അവരുടെ തിന്മ പരിധി വിടുകയും അതിരുകൾ ലംഘിക്കുകയും ചെയ്തു എന്നാണ്. (അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാൽ) ഈ സന്ദേശത്തിലേക്ക് വിളിക്കപ്പെടുകയും മറ്റെല്ലാ ദൈവങ്ങളെയും ഉപേക്ഷിക്കാൻ നിർദേശിക്കുകയും ചെയ്താൽ. (അവർ അഹങ്കാരം നടിക്കുന്നു) അതിലും അത് കൊണ്ടുവന്നവനിലും.

36. അതിനെ എതിർത്തുകൊണ്ട് അവർ പറയുന്നു: (ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച് കളയണമോ?) ഞങ്ങളും ഞങ്ങളുടെ പൂർവികരും ആരാധിച്ചുപോരുന്ന ഞങ്ങളുടെ ദൈവങ്ങളെ. (ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി) അവർ മുഹമ്മദ് നബിﷺയെയാണ് ഉദ്ദേശിക്കുന്നത് -അല്ലാഹു അവരെ നശിപ്പിക്കട്ടെ-അദ്ദേഹത്തിൽനിന്ന് തിരിഞ്ഞുകളഞ്ഞതും നിരസിച്ചതും കൊണ്ടൊന്നും അവർ മതിയാക്കിയില്ല. ഏറ്റവും അന്യായമായ വാദമാണ് അദ്ദേഹത്തിൽ ആരോപിച്ചത്. അദ്ദേഹത്തെ അവർ ഭ്രാന്തനായ ഒരു കവിയാക്കി. അദ്ദേഹത്തിന് കവിതയെക്കുറിച്ചോ കവികളെക്കുറിച്ചോ ഒന്നും അറിയില്ലെന്നും അദ്ദേഹത്തിന്റെ സ്വഭാവം ഒരു കവിയുടേതല്ലെന്നും അവർക്ക് നന്നായി അറിയാമായിരുന്നു. മറിച്ച് അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ബുദ്ധിമാനും ചിന്തയിൽ ഏറ്റവും പക്വതയുള്ളവനുമായിരുന്നു അദ്ദേഹം.

37. അതുകൊണ്ടാണ് അല്ലാഹു അവരെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞത്: (അല്ല, സത്യവും കൊണ്ടാണ് അദ്ദേഹം വന്നത്) അദ്ദേഹം വന്നു എന്നത് സത്യമാണ്. അദ്ദേഹം കൊണ്ടുവന്ന മതവും വേദഗ്രന്ഥവും സത്യംതന്നെ. (ദൈവദൂതൻമാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തു) അദ്ദേഹത്തിന്റെ ആഗമനം മുൻ പ്രവാചകന്മാരെ സത്യപ്പെടുത്തി. അദ്ദേഹത്തിന്റെ വരവും സന്ദേശവും ഇല്ലായിരുന്നുവെങ്കിൽ ദൂതന്മാർ സത്യപ്പെടുത്തപ്പെടുമായിരുന്നില്ല. മുൻ പ്രവാചകന്മാർക്കെല്ലാം അദ്ദേഹം ഒരു അമാനുഷിക തെളിവും ദൃഷ്ടാന്തവുമാണ്. കാരണം, അവർ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് മുൻകൂട്ടി പ്രവചിക്കുകയും ചെയ്തു. അല്ലാഹു അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചു; അദ്ദേഹം അവരുടെ അടുക്കൽ വന്നാൽ അവർ അദ്ദേഹത്തിൽ വിശ്വസിക്കുമെന്ന്, അദ്ദേഹത്തെ സഹായിക്കുമെന്നും. ആ ദൂതന്മാർ തങ്ങളുടെ ജനങ്ങളെക്കൊണ്ടും ആ കരാർ ചെയ്യിച്ചു.

അദ്ദേഹം വന്നപ്പോൾ അദ്ദേഹത്തിന് മുമ്പുള്ള എല്ലാ പ്രവാചകന്മാരുടെയും സത്യത സ്ഥാപിക്കപ്പെട്ടു. അവരെ എതിർത്തവരുടെ അസത്യം വ്യക്തമായി. അദ്ദേഹം വരാതിരുന്നുവെങ്കിൽ അത് പ്രവചിച്ച മുഴുവൻ പ്രവാചകന്മാരുടെയും സത്യസന്ധതയിൽ സംശയം ജനിക്കുമായിരുന്നു.

അവർ കൊണ്ടുവന്നത് തന്നെയാണ് അദ്ദേഹവും കൊണ്ടുവന്നത് എന്നതും അവർ എന്തിലേക്ക് ക്ഷണിച്ചുവോ അതിലേക്കു തന്നെയാണ് അദ്ദേഹവും ക്ഷണിച്ചത് എന്നതും, അദ്ദേഹം ആ പ്രവാചകന്മാരിൽ വിശ്വസിച്ചതും, അവരുടെ പ്രവാചകത്വത്തെ സത്യപ്പെടുത്തിയതും ആ പ്രവാചകന്മാരുടെ സത്യം സ്ഥാപിക്കുന്ന മറ്റൊരു കാര്യമായി.

38,39. കാരണം, അവർ നേരത്തെ പറഞ്ഞു: (തീർച്ചയായും ഞങ്ങൾ ആസ്വദിക്കും) അവർ പറഞ്ഞ വാക്കാണിത്. അത് സത്യമായോ അല്ലാതെയോ പറഞ്ഞതാവാം. അല്ലാഹു പറയുന്നത് ഖണ്ഡിതമായാണ്. അതിൽ അസത്യമോ ഖണ്ഡിതമല്ലാത്തതോ ഉണ്ടാകില്ല. അവൻ സത്യമായി മാത്രമെ പറയൂ. (തീർച്ചയായും നിങ്ങൾ വേദനയേറിയ ശിക്ഷ ആസ്വദിക്കുകതന്നെ ചെയ്യേണ്ടവരാകുന്നു) വേദനിക്കുന്ന ശിക്ഷ.

(പ്രതിഫലം നൽകപ്പെടുന്നില്ല) വേദനാജനകമായ ശിക്ഷ അനുഭവിപ്പിക്കുന്നതിലൂടെ. (നിങ്ങൾ പ്രവർത്തിച്ചിരുന്നതിന് മാത്രമല്ലാതെ) ഞങ്ങൾ നിങ്ങളോട് അനീതി ചെയ്തിട്ടില്ല. മറിച്ച് ഞങ്ങൾ നിങ്ങളോട് നീതി മാത്രമാണ് ചെയ്തത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗം പൊതുവായതാണ്; പറഞ്ഞത് മുശ്‌രിക്കുകൾ എന്നാണെങ്കിലും. എന്നാൽ വിശ്വാസികളെ അല്ലാഹു പ്രത്യേകം മാറ്റിനിർത്തുന്നു. (അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസന്മാർ ഇതിൽനിന്ന് ഒഴിവാകുന്നു).

40. അല്ലാഹു പറയുന്നു: (നിഷ്‌കളങ്കരായ ദാസന്മാർ ഇതിൽനിന്ന് ഒഴിവാകുന്നു) അവർ വേദനാജനകമായ ഈ ശിക്ഷ അനുഭവിക്കുകയില്ല. കാരണം അവർ തങ്ങളുടെ കർമങ്ങളിൽ ആത്മാർഥത പുലർത്തിയിരുന്നു. അതിനാൽ അവൻ അവരെ തിരഞ്ഞെടുത്തു. പ്രത്യേക കരുണ നൽകി. സ്‌നേഹം അവരിൽ വർഷിച്ചു.

41. (അങ്ങനെയുള്ളവർക്കാകുന്നു അറിയപ്പെട്ട ഉപജീവനം) അറിയപ്പെടാത്തതിലും ഉന്നതവും മഹത്ത്വമേറിയതുമായ ഉപജീവനം. അതിന്റെ ഇനവും ഗുണവും അജ്ഞാതമല്ല. അതിന്റെ തനിമ അപ്രാപ്യമാണ്.

42. അതിനെ വിശദീകരിക്കുന്നു: (വിവിധതരം പഴങ്ങൾ) മനസ്സിന് ആനന്ദം നൽകുന്ന വ്യത്യസ്ത പഴങ്ങൾ. അതിന്റെ നിറവും രുചിയും ആനന്ദദായകം. (അവർ ആദരിക്കപ്പെടുന്നവരായിരിക്കും) അവർ നിന്ദിക്കപ്പെടുകയോ നിസ്സാരമാക്കപ്പെടുകയോ ഇല്ല. മറിച്ചവർ ബഹുമാനിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യും.

അവർ തന്നെ പരസ്പരം ബഹുമാനിക്കും. ആദരണീയരായ മലക്കുകളും അവരെ ആദരിക്കും. എല്ലാ വാതിലുകളിലൂടെയും അവരുടെ അടുക്കൽ പ്രവേശിച്ച് ഈ മഹത്തായ ആദരവ് നേടിയതിന് അവരെ അഭിനന്ദിക്കും. ഏറ്റവും വലിയ ആദരണീയർ അവരെ ആദരിക്കും. അവരുടെ ഹൃദയങ്ങൾക്കും ആത്മാവിനും ശരീരത്തിനും സന്തോഷം നൽകുന്ന എല്ലാതരം അനുഗ്രഹങ്ങളും അവർക്ക് നൽകും.

43. (സ്വർഗത്തോപ്പുകളിൽ) പൂന്തോട്ടങ്ങൾ ആനന്ദമാണ്. അതിന്റെ വിശേഷണം സന്തോഷമാണ്. കാരണം ഒരു കണ്ണും കാണാത്ത, ഒരു കാതും കേൾക്കാത്ത, മനുഷ്യമനസ്സിന്റെ സങ്കൽപത്തിൽ വരാത്ത ആനന്ദങ്ങളാണ് അതിൽ സമ്മേളിച്ചത്. അതിലെ സുഖങ്ങൾക്ക് പരിക്കേൽക്കുന്ന സർവ പ്രശ്‌നങ്ങളിൽനിന്നും സമ്മർദങ്ങളിൽനിന്നും ആ സ്വർഗം മുക്തമാണ്.