സൂറ: യാസീൻ, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ജൂലായ് 13, 1446 മുഹർറം 07
അധ്യായം: 36, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
40. സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു.
41. അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലിൽ നാം കയറ്റിക്കൊണ്ട് പോയതും അവർക്കൊരു ദൃഷ്ടാന്തമാകുന്നു.
42. അതുപോലെ അവർക്ക് വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവർക്കു വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്.
43. നാം ഉദ്ദേശിക്കുന്നപക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്. അപ്പോൾ അവർക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവർ രക്ഷിക്കപ്പെടുന്നതുമല്ല.
44. നമ്മുടെ പക്കൽനിന്നുള്ള കാരുണ്യവും ഒരു നിശ്ചിതകാലംവരെയുള്ള സുഖാനുഭവവും ആയിക്കൊണ്ട് (നാം അവർക്ക് നൽകുന്നത്) അല്ലാതെ.
45. നിങ്ങളുടെ മുമ്പിൽ വരാനിരിക്കുന്നതും നിങ്ങളുടെ പിന്നിൽ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാൽ (അവരത് അവഗണിക്കുന്നു).
46. അവരുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഏതൊരു ദൃഷ്ടാന്തം അവർക്ക് വന്നെത്തിയാലും അവർ അതിൽനിന്ന് തിരിഞ്ഞുകളയാതിരിക്കുന്നില്ല.
47. നിങ്ങൾക്ക് അല്ലാഹു നൽകിയതിൽനിന്ന് നിങ്ങൾ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാൽ അവിശ്വാസികൾ വിശ്വാസികളോട് പറയും: ‘അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻതന്നെ ഭക്ഷണം നൽകുമായിരുന്ന ആളുകൾക്ക് ഞങ്ങൾ ഭക്ഷണം നൽകുകയോ? നിങ്ങൾ വ്യക്തമായ വഴികേടിൽ തന്നെയാകുന്നു.’
48. അവർ ചോദിക്കുന്നു: ‘നിങ്ങൾ സത്യവാൻമാരാണെങ്കിൽ ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക?’
49. ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവർ കാത്തിരിക്കുന്നത്. അവർ അന്യോന്യം തർക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും.
50. അപ്പോൾ യാതൊരു വസ്വിയ്യത്തും നൽകാൻ അവർക്ക് സാധിക്കുകയില്ല. അവർക്ക് അവരുടെ കുടുംബത്തിലേക്ക് മടങ്ങാനും ആകുകയില്ല.
51. കാഹളത്തിൽ ഊതപ്പെടും. അപ്പോൾ അവർ ക്വബ്‌റുകളിൽനിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും.
52. അവർ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തിൽനിന്ന് നമ്മെ എഴുന്നേൽപിച്ചതാരാണ്? ഇത് പരമകാരുണികൻ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതൻമാർ സത്യം തന്നെയാണ് പറഞ്ഞത്.

40. സൂര്യനും ചന്ദ്രനും രാവി നും പകലിനും ഓരോന്നിനും അല്ലാഹു ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനെ അവ മറികടക്കില്ല. ഓരോന്നിനും ഒരു സമയവും അധികാര പരിധിയുമുണ്ട്. ഒന്നുണ്ടാകുമ്പോൾ മറ്റൊന്ന് അപ്രത്യക്ഷമാകുന്നു. (സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല) അതായത്, അത് പ്രബലമാകുന്ന സമയത്ത് രാത്രി. അതിനാൽ രാത്രിയിൽ സൂര്യനെ കാണുകയില്ല. (രാവ് പകലിനെ മറികടക്കുന്നതുമല്ല) അതിന്റെ സമയം അവസാനിക്കും മുമ്പ് മറ്റേതിന് കടന്നുവരാനാകില്ല. (അവയെല്ലാം) സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം. (ഓരോന്നും ഓരോ ഭ്രമണപഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു) അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്രഷ്ടാവിന്റെ മഹത്ത്വത്തിനും വിശേഷണങ്ങൾക്കും ഏറ്റവും പ്രത്യക്ഷമായ തെളിവുകളാണിവയെല്ലാം. പ്രത്യേകിച്ചും ഈ സന്ദർഭത്തിൽ അവന്റെ ശക്തി, ജ്ഞാനം, അറിവ് എന്നിവയ്ക്കുള്ള തെളിവ്.
41. അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ എന്നതിനുള്ള തെളിവ് ഇതിൽ അവർക്കുണ്ട്. കാരണം അവൻ അനുഗ്രഹങ്ങളെ നൽകുകയും വിപത്തുകളെ അകറ്റുകയും ചെയ്യുന്നു. അവന്റെ അനുഗ്രഹങ്ങളിലൊന്ന് (അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലിൽ നാം കയറ്റിക്കൊണ്ടുപോയതും). അധിക ക്വുർആൻ വ്യാഖ്യാതാക്കളും പറഞ്ഞത്, ‘അവർ’ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം അവരുടെ പിതാക്കളാണെന്നാണ്.
42. (അവർക്കുവേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്) അവർക്കുശേഷം വന്നവർക്കുവേണ്ടി. (അതുപോലെയുള്ളത്) ആ കപ്പൽ പോലെയുള്ളത്. അതായത് അതേ ഇനത്തിൽ പെട്ടത്. (അവർക്ക് വാഹനമായി ഉപയോഗിക്കാവുന്ന) കപ്പലിൽ അവരെ വഹിപ്പിച്ചു എന്നത് അവരുടെ പിതാക്കൾക്ക് ചെയ്തുകൊടുത്ത അനുഗ്രഹമായി പറയുന്നു. അവർക്കുള്ള അനുഗ്രഹം സന്താനങ്ങൾക്കുള്ള അനുഗ്രഹം കൂടിയാണ്.
വ്യാഖ്യാനിക്കുന്നതിൽ എനിക്ക് അവ്യക്തതയുള്ള ഒരു സ്ഥലമാണിത്. ഇവിടെ ‘സന്താനങ്ങൾ’ എന്നതിന് അധിക ക്വുർആൻ വ്യാഖ്യാതാക്കളും നൽകിയത് ‘പിതാക്കൾ’ എന്നാണ്. പിതാക്കളെക്കുറിച്ച് പറയാൻ സന്താനങ്ങൾ (ദുർരിയ്യത്ത്) എന്ന പദത്തിന് ക്വുർആൻ വ്യാഖ്യാതാക്കൾ വ്യത്യസ്ത അർഥങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും ‘വർഗം’ എന്ന അർഥം കൊടുക്കലാണ് കൂടുതൽ വ്യക്തത ലഭിക്കുന്നതും ഏറ്റവും നല്ലതും. അവരെല്ലാവരും ആദമിന്റെ സന്തതികളാണല്ലോ. അതുപോലെ അവർക്ക് വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവർക്കുവേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്. അഥവാ ആ കപ്പലിനെ പോലെ സൃഷ്ടിച്ചു എന്ന് ഉദ്ദേശ്യം. അതായത്, ഇവർക്ക് കയറാൻ വ്യത്യസ്തമായ കപ്പലുകൾ. അങ്ങനെ വരുമ്പോൾ അത് ആശയ ആവർത്തനമാകും. അതാകട്ടെ, ക്വുർആനിന്റെ സാഹിത്യ ശൈലിയോട് യോജിക്കുന്നതല്ല. ഇനി ഉദ്ദേശ്യം, അതുപോലെ അവർക്ക് വാഹനമായി ഉപയോഗിക്കാൻ മറ്റു വസ്തുക്കളും അവർക്കുവേണ്ടി ഞാൻ സൃഷ്ടിച്ചിട്ടുണ്ട്; കരയിലെ കപ്പലായ ഒട്ടകം പോലെ എന്നാണെങ്കിൽ അപ്പോൾ അർഥം ശരിയായി. അതല്ലെങ്കിൽ ആശയക്കുഴപ്പം അവിടെ ശേഷിക്കും..
43. മുക്കിക്കളയാൻ കഴിഞ്ഞിട്ടും അല്ലാഹു അവരെ രക്ഷപ്പെടുത്തിയ അനുഗ്രഹം അവരെ ഓർമപ്പെടുത്തുന്നു: (നാം ഉദ്ദേശിക്കുന്നപക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്. അപ്പോൾ അവർക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല) അതായത്, ദുരിതത്തിൽ അവരെ സഹായിക്കാനോ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനോ അവരുടെ പ്രയാസങ്ങളിൽനിന്ന് അവരെ രക്ഷിക്കാനോ ആരും ഉണ്ടാകില്ല. അവർ അകപ്പെട്ടതിൽ നിന്ന് (അവർ രക്ഷിക്കപ്പെടുന്നതുമല്ല).
44. (നമ്മുടെ പക്കൽനിന്നുള്ള കാരുണ്യവും ഒരു നിശ്ചിത കാലം വരെയുള്ള സുഖാനുഭവവും ആയിക്കൊണ്ടല്ലാതെ). ഒരു നിശ്ചിത അവധിവരെയുള്ള സുഖാനുഭവം ആയിക്കൊണ്ടും അവരോടുള്ള ദയ കൊണ്ടും അവൻ അവരെ മുക്കി നശിപ്പിച്ചില്ല. അവർ അല്ലാഹുവിലേക്ക് മടങ്ങുകയോ വീഴ്ച മനസ്സിലാക്കുകയോ ചെയ്‌തേക്കാം.
45. (നിങ്ങളുടെ മുമ്പിൽ വരാനിരിക്കുന്നതും നിങ്ങളുടെ പിന്നിൽ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുക എന്ന് അവരോട് പറയപ്പെട്ടാൽ) ക്വബ്‌റിലും ക്വിയാമത്ത് നാളിലും ദുൻയാവിലും വന്നേക്കാവുന്ന അവസ്ഥകൾ. (നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം) അവർ അതൊന്നും ശ്രദ്ധിച്ചില്ല. എല്ലാ ദൃഷ്ടാന്തങ്ങളും അവർക്ക് വന്നിട്ടും അതിൽനിന്നും അവർ പിന്തിരിഞ്ഞു.
46. അതാണ് അല്ലാഹു പറഞ്ഞത്: (അവരുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഏതൊരു ദൃഷ്ടാന്തം അവർക്ക് വന്നെത്തിയാലും അവർ അതിൽനിന്ന് പിന്തിരിഞ്ഞുകളയാതിരിക്കില്ല).
ഇവിടെ ദൃഷ്ടാന്തങ്ങളെ അല്ലാഹുവിലേക്കു ചേർത്താണ് പറയുന്നത് എന്നത് അതിന്റെ പൂർണതയെയും വ്യക്തതയെയും സൂചിപ്പിക്കുന്നു. അവ പൂർണവും വ്യക്തവുമാണ്. അല്ലാഹു തന്റെ ദാസന്മാർക്ക് നൽകുന്ന മാർഗനിർദേശങ്ങളുടെ ഭാഗമാണത്; അവർക്ക് ഇഹപര നേട്ടത്തിനുതകുന്ന കാര്യങ്ങൾ പഠിക്കാൻ കഴിയുന്ന ദൃഷ്ടാന്തങ്ങൾ അവരിലേക്ക് എത്തിക്കുക എന്നത്.
47. (നിങ്ങൾക്ക് അല്ലാഹു നൽകിയതിൽനിന്ന് നിങ്ങൾ ചെലവഴിക്കൂ എന്ന് അവരോട് പറയപ്പെട്ടാൽ) നിങ്ങൾക്ക് അനുഗ്രഹമായി നൽകിയ ഉപജീനത്തിൽ നിന്ന്. അവനുദ്ദേശിക്കുന്ന പക്ഷം അത് അവൻ നിങ്ങളിൽനിന്ന് എടുത്തുകളയുന്നതാണ്. (അവിശ്വാസികൾ വിശ്വാസികളോട് പറയും) സത്യത്തെ അവഗണിച്ചുകൊണ്ട് അല്ലാഹുവിന്റെ ഉദ്ദേശ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള വാദം അവർ ഉന്നയിക്കും. (അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻതന്നെ ഭക്ഷണം നൽകുമായിരുന്ന ആളുകൾക്ക് ഞങ്ങൾ ഭക്ഷണം നൽകുകയോ?) സത്യവിശ്വാസികളേ, അത് ചെയ്യാൻ നിങ്ങൾ ഞങ്ങളോട് കൽപിച്ചപ്പോൾ. (നിങ്ങൾ വ്യക്തമായ വഴികേടിൽതന്നെയാകുന്നു) ഇത് അവരുടെ വലിയ അജ്ഞതയെ സൂചിപ്പിക്കുന്നു. ഇത് മോശമായ അജ്ഞത നടിക്കലാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യം എന്നത് പാപം ചെയ്യുന്നവനുള്ള തെളിവല്ല. അല്ലാഹു ഉദ്ദേശിക്കുന്നത് സംഭവിക്കും. അല്ലാത്തത് സംഭവിക്കുന്നില്ല. നന്മ പ്രവർത്തിക്കാനും തിന്മ വെടിയാനുമുള്ള കഴിവ് അല്ലാഹു തന്റെ ദാസന്മാർക്ക് നൽകി. കൽപിക്കപ്പെട്ട ഒരു കാര്യം അവരുപേക്ഷിക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. നിർബന്ധമോ അടിച്ചേൽപിക്കലോ അല്ല.
(48,49). ധൃതിയിലും നിഷേധത്തിലുമായി (അവർ പറയുന്നു). (നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക?) അല്ലാഹു പറയുന്നു: ഇത് സംഭവിക്കില്ലെന്ന് നിങ്ങൾ വിചാരിക്കരുത്. കാരണം, അത് അടുത്തു തന്നെയുണ്ട്. (ഒരൊറ്റ ഘോരശബ്ദം മാത്രമാണ് അവർ കാത്തിരിക്കുന്നത്) അത് കാഹളത്തിലെ ഊത്താണ്. (അതവരെ പിടികൂടും) അതായത് (അവർ അന്യോന്യം തർക്കിച്ചുകൊണ്ടിരിക്കെ) അവരെ അത് ബാധിക്കും.
അവർ അതിനെ കുറിച്ച് അശ്രദ്ധരാകുമ്പോൾ തർക്കിക്കുന്ന സന്ദർഭത്തിൽ അവർ അതിനെ കുറിച്ച് ചിന്തിക്കില്ല. അത് സംഭവിക്കുന്നത് അവർ അശ്രദ്ധരായിരിക്കുമ്പോഴാണ്.
(50). അശ്രദ്ധയുടെ സമയത്ത് അവർക്ക് ശിക്ഷ വന്നാൽ അവർക്ക് സാവകാശമോ അവധിയോ ലഭിക്കില്ല. (അപ്പോൾ യാതൊരു വസ്വിയത്തും നൽകാൻ അവർക്ക് സാധിക്കില്ല) അതായത്, കുറച്ചോ അധികമോ. അവർക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാനും കഴിയില്ല).
(51). ആദ്യത്തെ ഊത്ത്; അത് ഭയത്തിന്റെയും മരണത്തിന്റെയുമാണ്. ഇവിടെ പരാമർശിച്ചിരിക്കുന്ന കാഹളനാദം ഉയി ർത്തെഴുന്നേല്പിന്റെ കാഹളമാണ്. കാഹളനാദം മുഴങ്ങുമ്പോൾ അവർ തങ്ങളുടെ ക്വബ്‌റുകളിൽനിന്ന് പുറത്തുവന്ന് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിടുക്കത്തിൽ ഓടിക്കൊണ്ടിരിക്കും. അവർക്ക് വൈകാനോ സാവകാശം കാണിക്കാനോ കഴിയില്ല.
(52). അന്നേരം കളവാക്കിയവർ ദുഃഖിതരാകും. അവർ ഖേദം പ്രകടിപ്പിച്ചുകൊണ്ടിരിക്കും. (നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തിൽനിന്നും നമ്മെ എഴുന്നേൽപിച്ചതാരാണ്?) അതായത് ക്വബ്‌റിലെ ഉറക്കത്തിൽനിന്ന് ആരാണ് നമ്മളെ എഴുന്നേൽപിച്ചത്? ചില ഹദീസുകളിൽ വന്നത് കാഹളത്തിൽ ഊതുന്നതിന് തൊട്ടു മുമ്പ് ക്വബ്‌റാളികൾ ഉറങ്ങുമെന്നാണ്. അപ്പോൾ ഉത്തരമായി അവരോട് പറയപ്പെടും: (ഇത് പരമകാരുണകിൻ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാർ സത്യം തന്നെയാണ് പറഞ്ഞത്).
ഇതാണ് അല്ലാഹു നിങ്ങൾക്ക് വാഗ്ദാനം ചെയ്തതും ദൂതന്മാർ വാഗ്ദാനം ചെയ്തതും. അവർ പറഞ്ഞത് സത്യമായിത്തീർന്നു. നിങ്ങളുടെ സ്വന്തം കണ്ണുകൾകൊണ്ട് കാണാൻ കഴിയുന്ന പോലെ സത്യമായി. ഇവിടെ (അർറഹ്്മാൻ -പരമകാരുണികൻ) എന്ന് പ്രയോഗിച്ചത് കേവലം, അല്ലാഹുവാണ് പറയുന്നത് എന്ന്അറിയിക്കാൻ മാത്രമല്ല. ആ മഹത്തായ ദിനത്തിൽ നമ്മുടെ ധാരണകൾ തിരുത്തും വിധം അവന്റെ കാരുണ്യം അവർ കാണും.
ٱلْمُلْكُ يَوْمَئِذٍ ٱلْحَقُّ لِلرَّحْمَـٰنِ ۚ
“അന്നേദിവസം യഥാർഥ ആധിപത്യം പരമകാരുണികനായിരിക്കും’’(25:26).
وَخَشَعَتِ ٱلْأَصْوَاتُ لِلرَّحْمَـٰنِ
“എല്ലാ ശബ്ദങ്ങളും പരമകാരുണികന് കീഴൊതുങ്ങുന്നതാണ്’’(20:108).
ഇവിടെയെല്ലാം ‘അർറഹ്‌മാൻ’ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്.

