സൂറ: സ്വാദ്, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ഫെബ്രുവരി 10, 1445 റജബ് 29
അധ്യായം: 38, ഭാഗം 03 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
23. ഇതാ, ഇവൻ എന്റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റിയൊമ്പതു പെണ്ണാടുകളുണ്ട്. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവൻ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏൽപിച്ചു തരണമെന്ന്. സംഭാഷണത്തിൽ അവൻ എന്നെ തോൽപിച്ചുകളയുകയുംചെയ്തു.’
24. അദ്ദേഹം (ദാവൂദ്) പറഞ്ഞു: ‘തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്റെ പെണ്ണാടിനെക്കൂടി ആവശ്യപ്പെട്ടതു മുഖേന അവൻ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീർച്ചയായും പങ്കാളികളിൽ (കൂട്ടുകാരിൽ) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ചുപേരേയുള്ളു അത്തരക്കാർ. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്.
തുടർന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടുകൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.
25. അപ്പോൾ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീർച്ചയായും അദ്ദേഹത്തിന് നമ്മുടെയടുക്കൽ സാമീപ്യവും മടങ്ങിവരാൻ ഉത്തമമായ സ്ഥാനവുമുണ്ട്.
26. (അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്, തീർച്ചയായും നിന്നെ നാം ഭൂമിയിൽ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാൽ ജനങ്ങൾക്കിടയിൽ ന്യായപ്രകാരം നീ വിധി കൽപിക്കുക. തന്നിഷ്ടത്തെ നീ പിന്തുടർന്നു പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിപ്പോകുന്നവരാരോ അവർക്കുതന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കുനോക്കുന്ന ദിവസത്തെ അവർ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്.
27. ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരർഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്. ആകയാൽ സത്യനിഷേധികൾക്ക് നരകശിക്ഷയാൽ മഹാനാശം!
28. അതല്ല, വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധർമനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്മാരെ പോലെ നാം ആക്കുമോ?
29. നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി.

23). അവരിൽ ഒരാൾ പറഞ്ഞു: (ഇതാ, ഇവനെന്റെ സഹോദരനാകുന്നു) സാഹോദര്യം എന്നത് ദീനിലാകാം, കുടുംബബന്ധം കൊണ്ടാകാം, സൗഹൃദം കൊണ്ടു മാകാം. ഏതായിരുന്നാലും ഇവിടെ ഉദ്ദേശ്യം അക്രമം ചെയ്യാൻ പാടില്ലായിരുന്നു എന്നതാണ്. ബന്ധമുള്ളവർ ദ്രോഹിക്കുന്നത് വലിയ തെറ്റാണല്ലോ. (അവന് തൊണ്ണൂറ്റി ഒമ്പത് പെണ്ണാടുകളുണ്ട്) പെൺവർഗത്തെയാണ് ഇവിടെ ഉദ്ദേശ്യം. വലിയ സമ്പത്താണത്. യഥാർ ഥത്തിൽ അല്ലാഹു നൽകിയതിൽ തൃപ്തി നിർബന്ധമാണ്.
(എനിക്ക് ഒരു പെണ്ണാടും) എന്നിട്ടും അവൻ അതാഗ്രഹിച്ചു. (അവൻ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏൽപിച്ചുതരണമെന്ന്) എനിക്ക് വിട്ടുതരണമെന്ന്, എന്റെ സംരക്ഷണത്തിലാക്കണമെന്ന്. (സംഭാഷണത്തിൽ അവൻ എന്നെ തോൽപിച്ചുകളയുകയും ചെയ്തു) അവന്റെ ആവശ്യം നേടുന്നതുവരെ അവൻ എന്നോട് വാഗ്വാദം നടത്തി ജയിച്ചു.
24). ഇതുകേട്ടപ്പോൾ ദാവൂദ് നബി(അ) പറഞ്ഞു: ‘ഇത് സാധാരണ സംഭവിക്കുന്നതാണ്.’ അതുകൊണ്ടുതന്നെ മറ്റെയാളുടെ സംസാരം അദ്ദേഹം തെളിവായി എടുത്തതുമില്ല. എന്തുകൊണ്ടാണ് ദാവൂദ് മറ്റെയാളുടെ വാദം കേൾക്കാതിരുന്നത് എന്ന് ഒരാൾ ചോദ്യം ചെയ്യാനും സാധ്യതയില്ല. (തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്റെ പെണ്ണാടിനെക്കൂടി ആവശ്യപ്പെട്ടത് മുഖേന അവൻ നിന്നോട് അനീതി കാണിക്കുകതന്നെ ചെയ്തിരിക്കുന്നു) ഇതാണ് മിക്ക കൂട്ടുകാരുടെയും പങ്കാളികളുടെയും അവസ്ഥ. തുടർന്ന് പറയുന്നു: (തീർച്ചയായും പങ്കാളികളിൽ പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്) അക്രമം മനുഷ്യമനസ്സിന്റെ ഭാഗമാണ്. (വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ) വിശ്വാസവും ശരിയായ അറിവും കൂടെയുണ്ടെങ്കിൽ അത് അക്രമങ്ങളിൽനിന്ന് തടയും. (വളരെകുറച്ച് പേരേയുള്ളൂ) അത് അല്ലാഹു മറ്റൊരിടത്ത് പറയുന്നു:
وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ
“നന്ദിയുള്ളവർ എന്റെ ദാസന്മാരിൽ അപൂർവമത്രെ’’(34:13).
(ദാവൂദ് മനസ്സിലാക്കി) അവർക്കിടയിൽ വിധി കൽപിച്ചപ്പോൾ. (നാം അദ്ദേഹത്തെ പരീക്ഷിക്കുകതന്നെയാണ് ചെയ്തതെന്ന്) നാം അദ്ദേഹത്തെ പരീക്ഷിച്ചെന്നും ഈ പ്രശ്‌നത്തിലൂടെ ഉത്ബുദ്ധനാകാൻ ചിന്തയ്ക്കവസരം നൽകിയെന്നും. (തുടർന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും ചെയ്തു) തന്നിൽ സംഭവിച്ചുപോയതിന.് (കുമ്പിട്ട് വീഴുകയും ചെയ്തു) സാഷ്ടാംഗം ചെയ്ത് ഖേദിച്ചുമടങ്ങുകയും ചെയ്തു; ആരാധനകൊണ്ടും നിഷ്‌ക്കളങ്കമായ പശ്ചാത്താപം കൊണ്ടും, അല്ലാഹുവിലേക്ക്.
25). (അപ്പോൾ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു) അദ്ദേഹത്തിൽ സംഭവിച്ചുപോയത്. വിവിധങ്ങളായ ആദരവുകൾ നൽകി അല്ലാഹു അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. തുടർന്ന് അല്ലാഹു പറയുന്നു: (അദ്ദേഹത്തിന് നമ്മുടെ അടുക്കൽ സാമീപ്യമുണ്ട്) ഉന്നതസ്ഥാനം, സാമീപ്യം. (മടങ്ങി വരാൻ ഉത്തമമായ സ്ഥാനവുമുണ്ട്) മടക്കസ്ഥലം. ദാവൂദ് നബി(അ) ചെയ്ത തെറ്റിനെ
സംബന്ധിച്ച് (അതിന് അദ്ദേഹം പാപമോചനം തേടിയിട്ടുണ്ട്) അത് എന്താണെന്നത് അല്ലാഹു നമ്മോട് പറയുന്നില്ല. കാരണം അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. അല്ലാഹു അദ്ദേഹത്തിന് ചെയ്ത കാരുണ്യവും അദ്ദേഹത്തിന്റെ പശ്ചാത്താപവും അതുമൂലം അദ്ദേഹം കൈവരിച്ച സ്ഥാനവും മനസ്സിലാക്കിത്തരാനാണ് അത് പരാമർശിച്ചത്. പശ്ചാത്താപത്തിനുശേഷം മുമ്പത്തെക്കാളും അദ്ദേഹം തന്റെ നിലപാട് നന്നാക്കി.
26). (ഹേ ദാവൂദ്, തീർച്ചയായും നിന്നെ നാം ഭൂമിയിൽ ഒരു ഭരണാധികാരിയാക്കിയിരിക്കുന്നു)
മതപരവും ഭൗതികവുമായ നിയമങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടി. (ആകയാൽ ജനങ്ങൾക്കിടയിൽ ന്യായപ്രകാരം വിധികൽപിക്കുക) നീതിയോടെ. ഇതിന് സാധിക്കണമെങ്കിൽ ആവശ്യമായ അറിവു വേണം. കാര്യങ്ങൾ അറിയണം. സത്യം നടപ്പിലാക്കാനുള്ള കഴിവുമുണ്ടാകണം.
(തന്നിഷ്ടത്തെ നീ പിന്തുടർന്നുപോകരുത്) ഒരാളോടും പക്ഷപാതിത്വം കാണിക്കരുത്. ബന്ധുത്വമോ സൗഹൃദമോ സ്‌നേഹബന്ധമോ അതിന് പ്രേരണയാകരുത്; മറ്റുള്ളവരോടുളള വിദ്വേഷവും. (അത് തെറ്റിച്ചുകളയും) ദേഹേച്ഛ. (അല്ലാഹുവിന്റെ മാർഗത്തിൽനിന്നും) ശരിയായ മാർഗത്തിൽനിന്നും നിന്നെ തെറ്റിച്ചുകളയും. (അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിപ്പോകുന്നവരാരോ അവർക്ക്) പ്രത്യേകിച്ചും അവരിൽ ബോധപൂർവം വഴിതെറ്റുന്നവർ. (അവർക്കുതന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്ക് നോക്കുന്ന ദിവസത്തെ അവർ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്). പ്രതിഫലനാളിനെക്കുറിച്ചുള്ള അവരുടെ അശ്രദ്ധമൂലം. ഓർമയുണ്ടായിരുന്നുവെങ്കിൽ അവരുടെ ഹൃദയങ്ങൾ ഭയപ്പെടുകയും അവരെ കുഴപ്പത്തിലാക്കിയ ദേഹേച്ഛകളിൽ അവർ താൽപര്യപ്പെടുകയും ചെയ്യുമായിരുന്നില്ല).
27). ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ചാണ് അല്ലാഹു ഇവിടെ പറയുന്നത്. അവ രണ്ടിനെയും അവൻ അലക്ഷ്യമായി സൃഷ്ടിച്ചിട്ടില്ല. കളിയായിട്ടോ വെറുതെയോ, ഗുണമോ നന്മയോ ഉദ്ദേശിക്കാതെ എന്നർഥം. (സത്യനിഷേധികളുടെ ധാരണയത്രെ അത്) തങ്ങളുടെ രക്ഷിതാവിനെക്കുറിച്ച് അവന്റെ മഹത്ത്വത്തിന് യോജിക്കാത്തതാണ് അവർ വിശ്വസിച്ചത്. (ആകയാൽ സത്യനിഷേധികൾക്ക് നരകശിക്ഷയിൽ മഹാനാശം) നരകം അവരിൽനിന്നും അവകാശങ്ങൾ പിടിച്ചെടുക്കും. അതിലവർക്ക് കിട്ടേണ്ടത് കിട്ടും.
ആകാശഭൂമികളെ അവൻ സൃഷ്ടിച്ചത് ശരിയായ നിലയിലും ലക്ഷ്യപൂർവവുമാണ്. അവയുടെ സൃഷ്ടിപ്പിലൂടെ അവന്റെ ദാസന്മാർ അവന്റെ അറിവും കഴിവും അധികാരവിശാലതയും ഗ്രഹിക്കും; അവൻ മാത്രമാണ് ആരാധ്യനെന്നും. മറ്റുള്ളവർ ആകാശഭൂമിയിൽനിന്ന് ഒരംശവും സൃഷ്ടിച്ചിട്ടില്ല. ഉയിർത്തെഴുന്നേൽപ് സത്യമാണ്. നന്മയുടെയും തിന്മയുടെയും ആളുകൾക്കിടയിൽ അവൻ തീർപ്പ് കൽപിക്കുമെന്നും അവർ മനസ്സിലാക്കും.
28). നന്മയുടെയും തിന്മയുടെയും ആളുകളെ ഒരുപോലെയാക്കാതിരിക്കുന്ന അല്ലാഹുവിന്റെ യുക്തി അറിവില്ലാത്തവർ മനസ്സിലാക്കുന്നില്ല. അതാണ് അല്ലാഹു പറഞ്ഞത:് (അതല്ല, വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുമോ? അതല്ല ധർമനിഷ്ഠ പാലിക്കുന്നവരെ മ്ലേഛന്മാരെപ്പോലെ നാം ആക്കുമോ?) ഇതൊരിക്കലും നമ്മുടെ യുക്തിക്കും തീരുമാനത്തിനും യോജിക്കില്ല.
29). (നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ അത്) അതിൽ ധാരാളം നന്മയുണ്ട്. വർധിച്ച വിജ്ഞാനവും വഴികേടിൽ ശരിയായ വഴിയും ഹൃദയ രോഗങ്ങൾക്ക് മരുന്നും അതിലുണ്ട്. ആവശ്യമുള്ളതിനെല്ലാം ഖണ്ഡിത തെളിവുകളും അതിൽ കാണാം. അല്ലാഹു ഇറക്കിയതിനുശേഷം ഈ ലോകത്ത് പ്രത്യക്ഷപ്പെടുന്ന ഏറ്റവും മഹത്തായ ഗ്രന്ഥമായി ഇത് മാറുന്നു.
(ഇതിലെ ആയത്തുകളെപ്പറ്റി നിങ്ങൾ ചിന്തിച്ചുനോക്കുന്നതിനും) ഈ ഗ്രന്ഥം ഇറക്കിയ ലക്ഷ്യമിതാണ്. ജനങ്ങൾ അതിലെ വചനങ്ങൾ ചിന്തിച്ച് പഠിക്കണം. അതിലെ അറിവ് കണ്ടെത്തണം. അതിലെ വിധികളും രഹസ്യങ്ങളും ആലോചിക്കണം. നിരന്തരമായി അതിലെ ചിന്തകൾ ആവർത്തിക്കണം. അങ്ങനെ അതിലെ നന്മയും അനുഗ്രഹവും കണ്ടെത്തണം. ഇതെല്ലാം ക്വുർആൻ പഠിക്കാനുള്ള പ്രേരണയാണ്. കാരണം അത് ഏറ്റവും ഉത്തമമായ പ്രവൃത്തിയാണ്. വേഗത്തിൽ ഓതിപ്പോകുന്നതിനെക്കാൾ ശ്രേഷ്ഠം ആശയങ്ങൾ ഗ്രഹിച്ച് പാരായണം ചെയ്യുന്നതാണ്.
(ബുദ്ധിമാന്മാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി) അതായത് ശരിയായ ചിന്തയുള്ളവർക്ക്. അത് ചിന്തിച്ച് പഠിക്കുന്നതിലൂടെ വിജ്ഞാനത്തിന്റെ എല്ലാ വിഷയങ്ങളും പ്രതിഫലിപ്പിക്കാൻ കഴിയും. ഇതിൽനിന്ന് പഠിക്കുന്നതും പ്രയോജനം നേടുന്നതും ഒരു വ്യക്തിയുടെ പക്വതയ്ക്കും മനസ്സിലാക്കാനുള്ള കഴിവിനും ആനുപാതികമായിരിക്കുമെന്നാണ്.

