സൂറ: സ്വാദ്, ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ഫെബ്രുവരി 03, 1445 റജബ് 22

അധ്യായം: 38, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

ദാവൂദ് നബി(അ), സുലൈമാൻ നബി(അ) എന്നിവരുടെ ചരിത്രത്തിൽനിന്ന് മനസ്സിലാകുന്ന തത്ത്വങ്ങളും പാഠങ്ങളും

തനിക്കു മുമ്പ് കഴിഞ്ഞുപോ യ പ്രവാചകന്മാരുടെ കഥകൾ അല്ലാഹു മുഹമ്മദ് നബി ﷺക്ക് പറഞ്ഞുകൊടുക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിർത്താനും മനസ്സിന് സമാധാനം ലഭിക്കാനും അത് ഉപകരിക്കുന്നു. അവരുടെ ആരാധന, സഹനശേഷി, ഭക്തി എന്നിവ ഓർമപ്പെടുത്തി. അങ്ങനെ അവരുമായി മത്സരിക്കാനും അവരെപ്പോലെ അല്ലാഹുവിലേക്ക് അടുക്കാനും തന്റെ ജനതയുടെ ഉപദ്രവം സഹിക്കുന്നതിൽ ക്ഷമ കാണിക്കാനും അവൻ നിർദേശിച്ചു. തന്റെ ദാസനായ ദാവൂദിനെ ഓർമിപ്പിച്ച് അദ്ദേഹത്തെ മാതൃകയാക്കാനും ഉപദേശിക്കുന്നു.

ദീനിനെ പുലർത്തുന്നതിൽ കാണിക്കുന്ന ശക്തിയും ധീരതയും അല്ലാഹു പുകഴ്ത്തുന്നു. ഹൃദയത്തിന്റെയും ശരീരത്തിന്റെയും ശക്തി. അതുമൂലം മതകാര്യങ്ങൾ ശരിയായും കൂടുതലായും അനുഷ്ഠിക്കുവാൻ കഴിയുന്നു. ദുർബലരായവർക്കത് സാധിക്കുന്നില്ല. ഒരാളെപ്പോഴും താൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. മടിയുണ്ടാവാൻ പാടില്ല. അലസത ശക്തി ക്ഷയിപ്പിക്കുകയും മനസ്സിനെ ദുർബലമാക്കുകയും ചെയ്യും.

എല്ലാ കാര്യത്തിലും അല്ലാഹുവിലേക്ക് മടങ്ങുക എന്നത് അല്ലാഹുവിന്റെ ദൂതന്മാരുടെയും അവന്റെ സൃഷ്ടികളിലെ ഉന്നതരുടെയും സവിശേഷതയാണ്. അക്കാര്യത്തിലാണ് ദാവൂദ്(അ), സുലൈമാൻ (അ) എന്നിവരെ അല്ലാഹു പ്രശംസിച്ചത്. അതിനാൽ നന്മയിൽ മാതൃകയാക്കുന്നവർ അവരെയാണ് മാതൃകയാക്കേണ്ടത്. അവരുടെ വഴിയാണ് സ്വീകരിക്കേണ്ടത്.

أُوْلَٰٓئِكَ ٱلَّذِينَ هَدَى ٱللَّهُ ۖ فَبِهُدَىٰهُمُ ٱقْتَدِهْ ۗ

“അവരെ അല്ലാഹു സന്മാർഗത്തിലാക്കി. അവരുടെ മാർഗം നീ പുന്തുടരുക.’’

നല്ല ശബ്ദം നൽകിയും ദാവൂദ് നബി(അ)യെ അല്ലാഹു ആദരിച്ചു. ആ ശബ്ദത്താൽ കേൾവി ശക്തിയില്ലാത്ത പർവതങ്ങളെയും ഗ്രഹിക്കാൻ കഴിയാത്ത പക്ഷികളെയും അദ്ദേഹം പ്രകീർത്തനം ചെയ്യുമ്പോൾ പ്രതികരിക്കുന്നവയാക്കി. രാവിലെയും വൈകുന്നേരവും അദ്ദേഹത്തോടൊപ്പം അവയെ പ്രകീർത്തനം ചെയ്യുന്നവയുമാക്കി.

പ്രയോജനകരമായ അറിവ് നൽകുക എന്നതാണ് അല്ലാഹു തന്റെ ദാസന് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹം. അവന് നിയമങ്ങൾ മനസ്സിലാക്കാനും ജനങ്ങൾക്കിടയിൽ തീർപ്പുകൽപിക്കാനും കഴിയുന്നു. ദാവൂദ് നബി(അ)ക്ക് അല്ലാഹു നൽകിയത് ഈ അനുഗ്രഹമാണ്.

എന്തെങ്കിലും നിസ്സാരമായ വീഴ്ചകൾ സംഭവിക്കുമ്പോഴേക്കുതന്നെ തന്റെ പ്രവാചകന്മാരും വിശുദ്ധരുമായവരെ അല്ലാഹു പരീക്ഷിക്കുന്നു എന്നതാണ് മറ്റൊന്ന്. അതിലൂടെ അവർ അത് തിരുത്തുന്നു. ആദ്യത്തേതിനെക്കാൾ നല്ലവരായി അവർ മാറുന്നു. അതാണിവിടെ സുലൈമാൻ നബിയിലും ദാവൂദ് നബിയിലും കണ്ടത്.

അല്ലാഹുവിൽനിന്നും എത്തിക്കാൻ പറ്റിയ ദൗത്യങ്ങളിൽ യാ തൊരു വീഴ്ചയും സംഭവിക്കാത്തവരാണ് പ്രവാചകന്മാർ. കാരണം, അങ്ങനെയായാലേ പ്രവാചകത്വം പൂർണമാകൂ. പിഴവുകളിൽനിന്നും പ്രകൃതിപരമായ ചിലത് അവർക്കും സംഭവിക്കാം. എന്നാൽ അ ല്ലാഹു തന്റെ കാരുണ്യത്താൽ അവർ പശ്ചാത്തപിക്കുന്നു.

ദാവൂദ് നബി(അ) മിക്ക സമയങ്ങളിലും തന്റെ രക്ഷിതാവിനുള്ള ആരാധനകളുമായി പ്രാർഥനാ മണ്ഡപത്തിൽതന്നെ കഴിഞ്ഞുകൂടുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടാണ് വഴക്കുകൂടിയ കക്ഷികൾ പ്രാർഥനാ മണ്ഡപത്തിലേക്ക് മതിൽ കയറിച്ചെന്ന് എത്തിയത്. പ്രാർഥനാ മണ്ഡപത്തിൽ ആരാധനാനിരതനാവുമ്പോൾ ആരും അദ്ദേഹത്തിന്റെയടുക്കൽ വരുന്നില്ല. അതായത് എല്ലാസമയവും ജനങ്ങൾക്കായി നീക്കിവെക്കുന്നില്ലെന്നർഥം; ധാരാളം കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാനുണ്ടെങ്കിലും. മറിച്ച് കുറച്ചുസമയം തന്റെ റബ്ബിനുവേണ്ടി അദ്ദേഹം മാറ്റിവെച്ചു. അതിലൂടെ അദ്ദേഹം കൺകുളിർമ നേടി. അത് എല്ലാ കാര്യങ്ങളും ആത്മാർഥമായി ചെയ്യാൻ അദ്ദേഹത്തെ സഹായിച്ചു.

ഭരണാധികാരികളുടെ അടുത്ത് ചെല്ലുമ്പോൾ ചില മര്യാദകൾ നിർബന്ധമായും പാലിക്കണം. പതിവില്ലാത്ത ഒരു സമയത്താണ് തർക്ക കക്ഷികൾ കടന്നുചെന്നത്. മാത്രമല്ല, ശരിയായ വാതിലിലൂടെയല്ല. അദ്ദേഹം പേടിച്ചു. അത് പ്രയാസമുണ്ടാക്കി. അത് സന്ദർഭത്തിന് യോജിച്ചതല്ലാത്തതായി അദ്ദേഹം കണ്ടു.

കക്ഷികളുടെ മര്യാദയില്ലാത്ത പെരുമാറ്റം ഭരണാധികാരികളെ ന്യായത്തിൽനിന്ന് തടയാനോ തെറ്റായത് ചെയ്യാനോ പ്രേരിപ്പിക്കാതവതല്ല.

ദാവൂദ് നബി(അ)യുടെ അങ്ങേയറ്റത്തെ ക്ഷമയാണ് മറ്റൊന്ന്. സമ്മതം കൂടാതെ കടന്നുവന്നിട്ടുപോലും ആ കക്ഷികളോട് അദ്ദേഹം കോപിച്ചില്ല. അദ്ദേഹം രാജാവാണ്. അവരെ വിരട്ടുകയോ അപമാനിക്കുകയോ ചെയ്തില്ല.

അക്രമിക്കപ്പെട്ടവന് തന്നെ അക്രമിച്ച വ്യക്തിയോട് ‘നീ എന്നെ അക്രമിച്ചു’ എന്നോ ‘ഏ അക്രമീ’ എന്നോ ‘എന്നെ അക്രമിച്ചവനേ’ എന്നോ ഒക്കെ പറയൽ അനുവദനീയമാണ്. അതിന് തെളിവ് ഈ വചനമാണ്. (ഞങ്ങൾ രണ്ട് എതിർകക്ഷികളാകുന്നു. ഞങ്ങളിൽ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു).

ഉപദേശിക്കപ്പെടുന്നവൻ എത്ര തന്നെ ഉന്നതനും അറിവുള്ളവനുമാണെങ്കിലും അവനെ ആരെങ്കിലും ഉപദേശിക്കുകയോ ഗുണദോഷിക്കുകയോ ചെയ്താൽ അവൻ ദേഷ്യപ്പെടാനോ അനിഷ്ടം കാണിക്കാനോ പാടില്ല. മറിച്ച് വേഗത്തിൽ ആ ഉപദേശം സ്വീകരിക്കുകയും നന്ദി പറയുകയും ചെയ്യുകയാണ് വേണ്ടത്. തർക്കകക്ഷികൾ രണ്ടുപേരും ദാവൂദ് നബി(അ)യെ ഉപദേശിക്കുന്നുണ്ട്. അദ്ദേഹം ഒരനിഷ്ടവും കാണിച്ചില്ല, കോപിച്ചതുമില്ല. അന്യായം ചെയ്യാൻ അത് കാരണമായില്ല. ശരിയായ ന്യായപ്രകാരം അദ്ദേഹം വിധിച്ചു.

സുഹൃത്തുക്കളും ബന്ധുക്കളുമായി ഇടപഴകുമ്പോഴും സാമ്പത്തിക ഇടപാടുകൾ ധാരാളമായി നിർവഹിക്കുമ്പോഴും അതിക്രമമുണ്ടാവുക സാധാരണമാണ്. ‘അവർ ചിലർ ചിലരോട് അതിക്രമം കാണിച്ചു’ എന്നു പറഞ്ഞത് അതാണ്. അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ സൂക്ഷ്മതയും ക്ഷമയുമാണ് ഇത്തരം അതിക്രമങ്ങളെ തടയുന്നത്. ശരിയായ വിശ്വാസംകൊണ്ടും സൽപ്രവൃത്തികൊണ്ടും പിടിച്ചുനിൽക്കണം. ഇത് വളരെ അപൂർവം ആളുകൾക്ക് മാത്രം കഴിയുന്നതാണ്.

പാപമോചനം, ആരാധനകൾ, പ്രത്യേകിച്ച് നമസ്‌കാരം എന്നിവ പാപങ്ങളെ മായ്ച്ചുകളയുന്നതാണ്. കാരണം ദാവൂദ് നബിയുടെ പാപമോചനത്തെ അല്ലാഹു അദ്ദേഹത്തിന്റെ പാപമോചന പ്രാർഥനയും സുജൂദുമായി ബന്ധിപ്പിച്ചു.

തന്റെ ദാസന്മാരായ ദാവൂദ് നബിക്കും സുലൈമാൻ നബിക്കും അല്ലാഹു നൽകിയ ആദരവാണ് മറ്റൊരു കാര്യം. അവന്റെ സാമീപ്യവും നല്ല പ്രതിഫലവും നൽകി ആദരിച്ചു. അവർക്ക് സംഭവിച്ച കാര്യങ്ങൾ കൊണ്ട് അല്ലാഹുവിന്റെ അടുക്കൽ അവർക്കുള്ള പദവി കുറഞ്ഞിട്ടില്ല. ഇത് നിഷ്‌കളങ്കരായ തന്റെ ദാസന്മാർക്ക് അവൻ നൽകുന്ന സ്‌നേഹത്തിന്റെ ഭാഗമാണ്. പൊറുത്തുകൊടുക്കുമ്പോൾ ആ തെറ്റിന്റെ അനന്തരഫലങ്ങളെയും അവൻ ഇല്ലാതാക്കും, ആളുകളുടെ മനസ്സിലുണ്ടാകുന്ന സ്വാധീനം പോലും. കാരണം അവർക്ക് സംഭവിച്ച തെറ്റിനെക്കുറിച്ച് ജനങ്ങളറിയുമ്പോൾ അവരെക്കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള അവരുടെ സ്ഥാനം കുറയും. അതാണ് അല്ലാഹു നീക്കിക്കളഞ്ഞത്. ഔദാര്യവാനും പാപം പൊറുക്കുന്നവനുമായ അല്ലാഹുവിന് അത് തീരെ പ്രയാസകരമല്ല.

ജനങ്ങൾക്കിടയിൽ തീർപ്പുകൽപിക്കൽ മതപരമായ ഒരു പദവിയാണ്. പ്രവാചകന്മാരും മനുഷ്യരിൽ പ്രധാനികളുമാണ് അത് ഏറ്റെടുത്തിരിക്കുന്നത്. അത് ഏറ്റെടുക്കുന്നവൻ നീതിപൂർവം നിർവഹിക്കണം. തന്നിഷ്ടം നോക്കരുത്. ശരിയായി വിധിക്കാൻ മതപരമായ അറിവ് അനിവാര്യമാണ്. വിധിപറയുന്ന കാര്യത്തെക്കുറിച്ചും അറിവ് വേണം. അതെങ്ങനെ മതപരമായ വിധിയിൽ ഉൾപ്പെടുന്നെന്നും അറിയണം. ഇതിൽ ഏതെങ്കിലും ഒന്നറിയില്ലെങ്കിൽ വിധി ശരിയാവില്ല. ഈ ദൗത്യം ഏറ്റെടുത്ത് മുന്നോട്ടുപോകുന്നത് അദ്ദേഹത്തിന് അനുവദനീയമല്ല.

തന്റെ താൽപര്യങ്ങൾ വിധികളെ ബാധിക്കുന്നത് വിധികർത്താവ് ഭയപ്പെടണം. അതിനെ ഗൗരവപരമായി കാണണം. കാരണം ആരും അതിൽനിന്ന് മുക്തമല്ല. വരാതിരിക്കാൻ നന്നായി പരിശമിക്കണം. വിധി ന്യായപ്രകാരമാകണം എന്നതായിരിക്കണം ഉദ്ദേശ്യം. വിധി പറയുമ്പോൾ ദേഹേച്ഛയെ മാറ്റിനിർത്തണം. ഏതെങ്കിലും ഒരു കക്ഷിയോടുള്ള ഇഷ്ടമോ കോപമോ സ്വാധീനിക്കരുത്.

അല്ലാഹു ദാവൂദ് നബി(അ)ക്ക് നൽകിയ അനുഗ്രഹമാണ് സുലൈമാൻ നബി(അ). നല്ല സ ന്താനത്തെ നൽകുക എന്നത് ഒരു ദാസന് അല്ലാഹു നൽകുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. പണ്ഡിതനായ പിതാവാണെങ്കിൽ അത് വെളിച്ചത്തിനുമേൽ വെളിച്ചമാണ്.

സുലൈമാൻ നബി(അ)യെ അല്ലാഹു പ്രത്യേകം പുകഴ്ത്തുന്നു എന്നതാണ് മറ്റൊന്ന്.

نِعْمَ الْعَبْدُ إِنَّهُ أَوَّابٌ

“വളരെ നല്ല ദാസൻ. തീർച്ചയായും അദ്ദേഹം ധാരാളമായി ഖേദിച്ചുമടങ്ങുന്നവനാകുന്നു.’’

തന്റെ ദാസന്മാർക്ക് അല്ലാഹു നൽകുന്ന ഗുണങ്ങളും അനുഗ്രഹങ്ങളും ഏറെയാണെന്നതാണ് മറ്റൊരു കാര്യം. അവരുടെ സൽപ്രവൃത്തിയും സൽസ്വഭാവവും കാരണം അവൻ നൽകിയ കാര്യത്തിൽ അവരെ പ്രശംസിക്കുകയും ചെയ്യുന്നു. അവൻ അത്യധികമായി നൽകുന്ന മഹാ ഔദാര്യവാൻ.

സുലൈമാൻ നബി(അ) എല്ലാ റ്റിനെക്കാളും അല്ലാഹുവിനെയാണ് സ്‌നേഹിക്കുന്നത്. അല്ലാഹുവിൽനിന്ന് അശ്രദ്ധമാകുന്നതൊന്നും അവന്റെ ദാസനിൽനിന്ന് ഉണ്ടായിക്കൂടാ. അങ്ങനെയാണെങ്കിൽ അത് ഉപേക്ഷിക്കലാണ് അവന് ഏറ്റവും നല്ലത്. അല്ലാഹുവിനുവേണ്ടി ഉപേക്ഷിക്കുന്ന കാര്യത്തിന് അവൻ പകരം നൽകും എന്നൊരു തത്ത്വമുണ്ട്. അതും ഇവിടെ കാണാം. സുലൈമാൻ നബി(അ) തനിക്കേറ്റവും ഇഷ്ടപ്പെട്ട മുന്തിയതരം കുതിരകളെ അറുത്തു. അല്ലാഹുവിനോടുള്ള സ്‌നേഹത്തിന് മുൻഗണന നൽകി. അപ്പോൾ അല്ലാഹു അതിനെക്കാൾ ഉത്തമമായത് പകരം നൽകി. മൃദുലവും സമൃദ്ധവുമായ കാറ്റിനെ കീഴ്‌പ്പെടുത്തി നൽകി. അവ അദ്ദേഹം ഉദ്ദേശിക്കുന്നിടത്തേക്ക് അദ്ദേഹത്തിന്റെ നിർദേശപ്രകാരം സഞ്ചരിക്കും. പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിന്റെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. പിശാചുക്കളെയും അദ്ദേഹത്തിന് കീഴ്‌പ്പെടുത്തി നൽകി. അവർ മനുഷ്യന് കഴിയാത്ത പല കാര്യങ്ങളും ചെയ്യാൻ കഴിവുള്ളവരാകുന്നു.

സുലൈമാൻ നബി(അ) ഒരു രാജാവും പ്രവാചകനുമാണ്. ഉദ്ദേശിച്ചതെന്തും ചെയ്യാനാവും. പക്ഷേ, ന്യായമല്ലാത്തതൊന്നും ചെയ്യില്ല. ഇത് മറ്റുള്ളവരിൽനിന്നുള്ള പ്രവാചകന്മാരുടെ വ്യത്യാസമാകുന്നു. അവരുടെ താൽപര്യങ്ങൾ അല്ലാഹുവിന്റെ നിർദേശങ്ങളെ ആശ്രയിച്ചാണ്. അവന്റെ കൽപനയില്ലാതെ ഒന്നും ചെയ്യുകയോ ചെയ്യാതിരിക്കുകയോ ഇല്ല. മുഹമ്മദ് നബിﷺയും ഇതുപോലെയാണ്.