സൂറ: സ്വാഫ്ഫാത്ത്, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 മെയ് 04, 1445 ശവ്വാൽ 25
അധ്യായം: 37, ഭാഗം 07 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
67. പിന്നീട് അവർക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഒരു ചേരുവയുണ്ട്.
68. പിന്നീട് തീർച്ചയായും അവരുടെ മടക്കം നരകത്തിലേക്കുതന്നെയാകുന്നു.
69. തീർച്ചയായും അവർ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്.
70. അങ്ങനെ ഇവർ അവരുടെ (പിതാക്കളുടെ) കാൽപാടുകളിലൂടെ കുതിച്ചുപായുന്നു.
71. ഇവർക്ക് മുമ്പ് പൂർവികരിൽ അധികപേരും വഴിപിഴച്ചുപോകുകതന്നെയാണുണ്ടായത്.
72. അവരിൽ നാം താക്കീതുകാരെ നിയോഗിക്കുകയുമുണ്ടായിട്ടുണ്ട്.
73. എന്നിട്ട് നോക്കൂ; ആ താക്കീത് നൽകപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്.
74. അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസൻമാർ ഒഴികെ.
75. നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോൾ ഉത്തരം നൽകിയവൻ എത്ര നല്ലവൻ!
76. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തിൽനിന്ന് രക്ഷപ്പെടുത്തി.
77. അദ്ദേഹത്തിന്റെ സന്തതികളെ നാം (ഭൂമിയിൽ) നിലനിൽക്കുന്നവരാക്കുകയും.
78. പിൽക്കാലത്ത് വന്നവരിൽ അദ്ദേഹത്തെപറ്റിയുള്ള സൽകീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
79. ലോകരിൽ നൂഹിന് സമാധാനം!
80. തീർച്ചയായും അപ്രകാരമാണ് സദ്‌വൃത്തൻമാർക്ക് നാം പ്രതിഫലം നൽകുന്നത്.
81. തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരുടെ കൂട്ടത്തിലാകുന്നു.
82. പിന്നീട് നാം മറ്റുള്ളവരെ മുക്കിന ശിപ്പിച്ചു.
83. തീർച്ചയായും അദ്ദേഹത്തിന്റെ കക്ഷികളിൽ പെട്ട ആൾ തന്നെയാകുന്നു ഇബ്‌റാഹീം.
84. നിഷ്‌കളങ്കമായ ഹൃദയത്തോടുകൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കൽ വന്ന സന്ദർഭം (ശ്രദ്ധേയമാകുന്നു).
85. തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം: എന്തൊന്നിനെയാണ് നിങ്ങൾ ആരാധിക്കുന്നത്?
86. അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങൾ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?
87. അപ്പോൾ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?

67. തുടർന്ന് അവരുടെ പാനീയത്തെക്കുറിച്ച് പറയുന്നു: (പിന്നീട് അവർക്ക് അതിനു മീതെയുണ്ട്) അതായത് ആ ഭക്ഷണം കഴിച്ച ശേഷം. (ചുട്ടു തിളക്കുന്ന ഒരു വെള്ളത്തിന്റെ ചേരുവയുണ്ട്) അതായത് തിളച്ച വെള്ളം; ചൂടിന്റെ പരമാവധി. അല്ലാഹു പറയുന്നതു പോലെ:
وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍۢ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا ٢٩ إِنَّ
“അവർ വെള്ളത്തിന് അപക്ഷിക്കുന്നപക്ഷം ഉരുക്കിയ ലോഹംപോലുള്ള ഒരു വെള്ളമായിരിക്കും അവർക്ക് കുടിക്കാൻ നൽകപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ചുകളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് വളരെ ദുഷിച്ച വിശ്രമസ്ഥലം തന്നെ’’ (18:29).
وَسُقُوا۟ مَآءً حَمِيمًۭا فَقَطَّعَ أَمْعَآءَهُمْ ١٥
“അത്തരക്കാർക്കാകട്ടെ, കൊടുംചൂടുള്ള വെള്ളമായിരിക്കും കുടിക്കാൻ നൽകപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും’’ (47:15)
68. (പിന്നീട് തീർച്ചയായും അവരുടെ മടക്കം) അവരുടെ മടക്കസ്ഥലം, താവളം, രക്ഷാകേന്ദ്രം. (നരകത്തിലേക്ക് തന്നെയാകുന്നു) അതിലെ കഠിനമായശിക്ഷ അവർ അനുഭവിച്ചറിയാൻ. കടുത്ത ചൂട്; അതിനെക്കാൾ വലിയ കഷ്ടപ്പാടില്ല.
69,70. എന്താണ് അവരെ ഈ വാസസ്ഥലത്തേക്ക് കൊണ്ടുവന്നത് എന്ന് ചോദിക്കപ്പെട്ട പോലെ. (തീർച്ചയായും അവൻ കണ്ടെത്തിയത്) അതായത് അവർ കണ്ടെത്തി. (തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്. അങ്ങനെ അവർ അവരുടെ പിതാക്കളുടെ കാൽപാടുകളിലടെ കുതിച്ചുപായുന്നു) വഴികേടിൽ കുതിക്കുന്നു. പ്രവാചകന്മാർ എന്തിലേക്ക് ക്ഷണിക്കുന്നുവെന്ന് അവർ ശ്രദ്ധിച്ചില്ല. വേദഗ്രന്ഥങ്ങളുടെ താക്കീതോ ഉപദേശകന്മാരുടെ വാക്കുകളോ അവർ പരിഗണിച്ചില്ല. പകരം അവർ അവരെ എതിർത്തു. അവർ പറഞ്ഞത്:
إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍۢ وَإِنَّا عَلَىٰٓ ءَاثَـٰرِهِم مُّقْتَدُونَ ٢٣
ഞങ്ങളുടെ പിതാക്കളെ ഒരു മാർഗത്തിൽ നിലകൊള്ളുന്നവരായി ഞങ്ങൾ കണ്ടെത്തിയിരിക്കും. തീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളെ അനുഗമിക്കുന്നവരാകുന്നു. (43:23)
70- (തീർച്ചയായും ഇവർക്ക് മുമ്പ് വിഴിപിഴച്ചുപോവുകയാണുണ്ടായത്) ഇപ്പോഴുള്ളവർക്ക് മുമ്പുള്ള ജനത. (മുമ്പുള്ളവരിൽ അധികപേരും) വളരെ കുറച്ചാളുകൾ മാത്രമാണ് വിശ്വസിക്കുകയും സന്മാർഗം സ്വീകരിക്കുകയും ചെയ്തത്.
72,73. (അവരിൽ നാം താക്കീതുകാരെ നിയോഗിച്ചിട്ടുണ്ട്) അവരുടെ വഴികേടുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ. (എന്നിട്ട് നോക്കൂ, ആ താക്കീത് നൽകപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്) അവരുടെ ഗതി നാശവും അപമാനവുമായിരുന്നു. അതിനാൽ ഇവരും അവരുടെ വഴികേടിൽ തുടരുന്നത് സൂക്ഷിക്കട്ടെ. ഇവർക്കും ഇതേ പരിണിതി നേരിടേണ്ടി വരാതിരിക്കട്ടെ.

74. മുന്നറിയിപ്പ് നൽകപ്പെട്ട എല്ലാവരും വഴിതെറ്റിയില്ല. അവരിലും വിശ്വസിച്ചവരുണ്ട്; ആത്മാർഥമായി അല്ലാഹുവിൽ ഭരമേൽപിച്ചവരും. അവർ നാശത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു എന്ന് അല്ലാഹു പറയുന്നു. അല്ലാഹു പറഞ്ഞ (അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസന്മാർ ഒഴികെ). അവരുടെ ആത്മാർഥത നിമിത്തം അല്ലാഹു തന്റെ കാരുണ്യത്തിനായി അവരെ തിരഞ്ഞെടുത്തു. അവരുടെ പര്യവസാനം നല്ലതായിരുന്നു.
75-82. അവിശ്വാസികളായ ജനതയുടെ പര്യവസാനങ്ങളുടെ ഉദാഹരണങ്ങൾ അല്ലാഹു പരാമർശിക്കുന്നു: (നൂഹ് നമ്മെ വിളിക്കുകയുണ്ടായി) ഈ വചനം മുതൽ (പിന്നീട് നാം മറ്റുള്ളവരെ മുക്കി നശിപ്പിച്ചു) എന്ന വചനം വരെയുള്ളതിൽ നൂഹ് നബി(അ)യെക്കുറിച്ചാണ് അല്ലാഹു പറയുന്നത്. അദ്ദേഹത്തിന്റെ നീണ്ട കാലയളവിൽ അദ്ദേഹം തന്റെ ജനതയിൽ പ്രബോധനം നടത്തി. പക്ഷേ, അദ്ദേഹത്തിന്റെ ക്ഷണം അവരെ സത്യത്തിൽനിന്ന് കൂടുതൽ അകറ്റുകയാണുണ്ടായത്. അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു:
رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَـٰفِرِينَ دَيَّارًا ٢٦
“എന്റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളിൽ പെട്ട ഒരു പൗരനെയും നീ വിട്ടേക്കരുതേ’’ (71:26).
قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ ٣٠
“എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരിൽ എന്നെ നീ സഹായിക്കേണമേ’’ (29:30).
അല്ലാഹു അദ്ദേഹത്തിന്റെ പ്രാർഥനക്ക് ഉത്തരം നൽകി. അദ്ദേഹത്തെ പ്രശംസിച്ച് കൊണ്ടുപറഞ്ഞു: (അപ്പോൾ ഉത്തരം നൽകിയവൻ എത്ര നല്ലവൻ) പ്രാർഥിക്കുന്നവരുടെ പ്രാർഥനക്ക്. അവരുടെ ഭക്തിയും താഴ്മയും അവൻ കേൾക്കുന്നു.
നൂഹ് നബി(അ) ആവശ്യപ്പെട്ടതു തന്നെയാണ് അല്ലാഹു നൽകിയത്. അവൻ അദ്ദേഹത്തെയും കുടുംബത്തെയും വലിയ പ്രയാസത്തിൽ നിന്ന് രക്ഷിച്ചു. മുഴുവൻ അവിശ്വാസികളെയും മുക്കി നശിപ്പിച്ചു. അദ്ദേഹത്തിന്റെയും സന്താനങ്ങളുടെയും പരമ്പര മാത്രം അവശേഷിപ്പിച്ചു. അതിനാൽ മനുഷ്യരെല്ലാം നൂഹ് നബി (അ)യുടെ സന്തതികളാണ്. അവസാന നാൾ വരെ തുടരുന്ന സൽകീർത്തി അദ്ദേഹത്തിനു നൽകി. കാരണം അദ്ദേഹം തന്റെ സ്രഷ്ടാവിനെ ആരാധിക്കുന്നതിൽ ഭക്തി കാണിച്ചു. പടപ്പുകളോടും അദ്ദേഹം നല്ല നിലയിൽ വർത്തിച്ചു. നല്ലവർക്ക് നന്മ നൽകൽ അല്ലാഹുവിന്റെ നടപടിക്രമമാണ്. അവരുടെ പ്രശസ്തി അവൻ പരത്തുന്നു; അവരുടെ നന്മയുടെ തോതനുസരിച്ച്.
(തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലായിരുന്നു) വിശ്വാസം എന്നത് ഏറ്റവും ഉന്നത പദവിയാണ്. അതിൽ മതത്തിന്റെ സർവകാര്യങ്ങളും അതിന്റെ അടിസ്ഥാനങ്ങളും ശാഖകളും എല്ലാം ഉൾപ്പെടും. വിശ്വാസി എന്ന് അല്ലാഹു വിശേഷിപ്പിക്കുന്നത് തന്റെ പ്രത്യേക പടപ്പുകളെ മാത്രമാണ്.
83. നൂഹ് നബി(അ)യുടെ കക്ഷിയിലും അദ്ദേഹത്തിന്റെ പ്രവാചകപാത പിന്തുടർന്ന് ആളുകളെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ഉത്തരം നൽകുകയും ചെയ്ത കൂട്ടത്തിൽ ഇബ്‌റാഹിം നബി(അ)യും ഉണ്ടായിരുന്നു.
84. (നിഷ്‌കളങ്കമായ ഹൃദയത്തോടുകൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കൽ വന്ന സന്ദർഭം) ശിർക്കും സംശയങ്ങളുമില്ലാതെ, സത്യം മനസ്സിലാക്കാൻ തടസ്സമാകുന്ന ദേഹേച്ഛകളില്ലാതെ ശുദ്ധഹൃദയവുമായി അദ്ദേഹം വന്നു. ഒരു ദാസന്റെ ഹൃദയം സുരക്ഷിതമാണെങ്കിൽ അത് എല്ലാ തിന്മകളിൽനിന്നും ഒഴിവാകുകയും എല്ലാ നന്മകളും സ്വീകരിക്കുകയും ചെയ്യും.
85. ഹൃദയവിശുദ്ധിയിൽ പെട്ടതാണ് പടപ്പുകളോട് വഞ്ചനയോ അസൂയയോ കാണിക്കുന്നില്ല എന്നത്. മറ്റൊരു സ്വഭാവദൂഷ്യങ്ങളും അദ്ദേഹത്തിനില്ല. അതിനാൽ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. അത് തന്റെ പിതാവിൽനിന്ന് ആരംഭിച്ചു. (തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഈ കാര്യം പറഞ്ഞ സന്ദർഭം) അല്ലാഹു അല്ലാത്തവരെ ആരാധിക്കാൻ പാടില്ല എന്നതാണ് ഉദ്ദേശ്യം. അതിന് തെളിവും നൽകുന്നുണ്ട്.
86. (അല്ലാഹുവിന് പുറമെ വ്യാജമായി മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?) വ്യാജമായി അല്ലാഹു അല്ലാത്തവരെ നിങ്ങൾ ആരാധിക്കുകയാണോ. അവ ദൈവങ്ങളല്ല. ആരാധനക്ക് കൊള്ളില്ല. ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്? അവന്റെ കൂടെ മറ്റുള്ളവരെ ആരാധിച്ചാൽ അവൻ നിങ്ങളെ എന്തു ചെയ്യുമെന്നാണ് നിങ്ങൾ ധരിച്ചിരിക്കുന്നത്? ഇതിൽ അവർ ചെയ്യുന്ന ശിർക്കിന് ശിക്ഷയുണ്ടെന്ന താക്കീതുണ്ട്.
87. (ലോകരക്ഷിതാവിനെ പറ്റി നിങ്ങളുടെ വിചാരമെന്താണ്?) ലോകരക്ഷിതാവിനെ കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു? നിങ്ങൾ പങ്കാളികളെ നിശ്ചയിച്ചുകൊടുക്കേണ്ട വല്ല ന്യൂനതകളും അവനുണ്ടെന്ന് വിചാരിക്കുന്നുണ്ടോ?

