സൂറ: ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

അധ്യായം: 35, ഭാഗം 06 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

هُوَ ٱلَّذِى جَعَلَكُمْ خَلَـٰٓئِفَ فِى ٱلْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَلَا يَزِيدُ ٱلْكَـٰفِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًۭا ۖ وَلَا يَزِيدُ ٱلْكَـٰفِرِينَ كُفْرُهُمْ إِلَّا خَسَارًۭا (٣٩) قُلْ أَرَءَيْتُمْ شُرَكَآءَكُمُ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌۭ فِى ٱلسَّمَـٰوَٰتِ أَمْ ءَاتَيْنَـٰهُمْ كِتَـٰبًۭا فَهُمْ عَلَىٰ بَيِّنَتٍۢ مِّنْهُ ۚ بَلْ إِن يَعِدُ ٱلظَّـٰلِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا (٤٠) ۞ إِنَّ ٱللَّهَ يُمْسِكُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍۢ مِّنۢ بَعْدِهِۦٓ ۚ إِنَّهُۥ كَانَ حَلِيمًا غَفُورًۭا (٤١) وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَهُمْ نَذِيرٌۭ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى ٱلْأُمَمِ ۖ فَلَمَّا جَآءَهُمْ نَذِيرٌۭ مَّا زَادَهُمْ إِلَّا نُفُورًا (٤٢) ٱسْتِكْبَارًۭا فِى ٱلْأَرْضِ وَمَكْرَ ٱلسَّيِّئِ ۚ وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِۦ ۚ فَهَلْ يَنظُرُونَ إِلَّا سُنَّتَ ٱلْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبْدِيلًۭا ۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحْوِيلًا (٤٣) أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ وَكَانُوٓا۟ أَشَدَّ مِنْهُمْ قُوَّةًۭ ۚ وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍۢ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ ۚ إِنَّهُۥ كَانَ عَلِيمًۭا قَدِيرًۭا (٤٤) وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُوا۟ مَا تَرَكَ عَلَىٰ ظَهْرِهَا مِن دَآبَّةٍۢ وَلَـٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍۢ مُّسَمًّۭى ۖ فَإِذَا جَآءَ أَجَلُهُمْ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرًۢا (٤٥)

39. അവനാണ് നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കിയവൻ. ആകയാൽ വല്ലവനും അവിശ്വസിക്കുന്നപക്ഷം അവന്റെ അവിശ്വാസത്തിന്റെ ദോഷം അവന്നു തന്നെ. അവിശ്വാസികൾക്ക് അവരുടെ അവിശ്വാസം അവരുടെ രക്ഷിതാവിങ്കൽ കോപമല്ലാതൊന്നും വർധിപ്പിക്കുകയില്ല. അവിശ്വാസികൾക്ക് അവരുടെ അവിശ്വാസം നഷ്ടമല്ലാതൊന്നും വർധിപ്പിക്കുകയില്ല.

40. നീ പറയുക: അല്ലാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്ന നിങ്ങളുടെ പങ്കാളികളെ പറ്റി നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഭൂമിയിൽ എന്തൊന്നാണവർ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരിക. അതല്ല, ആകാശങ്ങളിൽ അവർക്ക് വല്ല പങ്കുമുണ്ടോ? അതല്ല, നാം അവർക്ക് വല്ല ഗ്രന്ഥവും നൽകിയിട്ട് അതിൽനിന്നുള്ള തെളിവനുസരിച്ചാണോ അവർ നിലകൊള്ളുന്നത്? അല്ല അക്രമകാരികൾ അന്യോന്യം വാഗ്ദാനം ചെയ്യുന്നത് വഞ്ചന മാത്രമാകുന്നു.

41. തീർച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാർഥ സ്ഥാനങ്ങളിൽനിന്ന്) നീങ്ങാതെ പിടിച്ചു നിർത്തുന്നു. അവ നീങ്ങിപ്പോകുകയാണെങ്കിൽ അവനു പുറമെ യാതൊരാൾക്കും അവയെ പിടിച്ചു നിർത്താനാവില്ല. തീർച്ചയായും അവൻ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.

42. തങ്ങളുടെ അടുത്ത് ഒരു താക്കീതുകാരൻ വരുന്നപക്ഷം തങ്ങൾ ഏതൊരു സമുദായത്തെക്കാളും സൻമാർഗം സ്വീകരിക്കുന്നവരാകാമെന്ന് അവരെക്കൊണ്ട് സത്യം ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി അവർ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് പറഞ്ഞു. എന്നാൽ ഒരു താക്കീതുകാരൻ അവരുടെ അടുത്ത് വന്നപ്പോൾ അത് അവർക്ക് അകൽച്ച മാത്രമെ വർധിപ്പിച്ചുള്ളൂ.

43. ഭൂമിയിൽ അവർ അഹങ്കരിച്ചു നടക്കുകയും ദുഷിച്ച തന്ത്രം കൈക്കൊള്ളുകയും ചെയ്യുന്നതിനാലാണ് അത്. ദുഷിച്ച തന്ത്രം (അതിന്റെ ഫലം) അത് പ്രയോഗിച്ചവരിൽതന്നെയാണ് വന്നുഭവിക്കുക. അപ്പോൾ പൂർവികൻമാരുടെ കാര്യത്തിൽ ഉണ്ടായ നടപടിക്രമമല്ലാതെ എന്താണവർ കാത്തിരിക്കുന്നത്? അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.

44. അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിയില്ലേ? അവർ ഇവരെക്കാൾ മികച്ച ശക്തിയുള്ളവരായിരുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോൽപിക്കാനാവില്ല. തീർച്ചയായും അവൻ സർവജ്ഞനും സർവശക്തനുമാകുന്നു.

45. അല്ലാഹു മനുഷ്യരെ അവർ പ്രവർത്തിച്ചതിന്റെ പേരിൽ (ഉടനെത്തന്നെ) പിടിച്ച് ശിക്ഷിക്കുകയായിരുന്നുവെങ്കിൽ ഭൂമുഖത്ത് ഒരു ജന്തുവെയും അവൻ വിട്ടേക്കുകയില്ലായിരുന്നു. എന്നാൽ ഒരു നിശ്ചിത അവധിവരെ അവരെ അവൻ നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാൽ (അവർക്ക് രക്ഷപ്പെടാനാവില്ല). കാരണം, തീർച്ചയായും അല്ലാഹു തന്റെ ദാസൻമാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

39). അല്ലാഹു അവന്റെ അറിവിനെയും കാരുണ്യത്തെയും കുറിച്ച് പറയുന്നു. അവർ പരസ്പരം പ്രതിനിധികളായിരിക്കണമെന്ന അവന്റെ മുൻനിശ്ചയം അതിൽ പെട്ടതാണ്. എല്ലാ സമുദായങ്ങൾക്കും മുന്നറിയിപ്പുകാരായി ദൂതന്മാരെ നിശ്ചയിച്ചതും അതിൽ പെടും; എന്നിട്ട് അവർ എന്തു പ്രവർത്തിക്കുന്നു എന്ന്. (ആകയാൽ വല്ലവനും അവിശ്വസിക്കുന്ന പക്ഷം) അല്ലാഹുവിനെയും അവന്റെ ദൂതന്മാരെയും അവിശ്വസിക്കുന്നവന് അവന്റെ അവിശ്വാസത്തിന്റെ ഫലവും പാപത്തിന്റെ ഭാരവും അതിന്റെ ശിക്ഷയും ചുമക്കേണ്ടി വരും. മറ്റൊരാളും അത് വഹിക്കില്ല. ഒരു അവിശ്വാസിക്ക് തന്റെ അവിശ്വാസത്തിന്റെ ഫലമായി തന്റെ രക്ഷിതാവിന്റെ കോപവും വെറുപ്പുമല്ലാതെ മറ്റൊന്നും അധികരിപ്പിക്കപ്പെടുന്നില്ല. ഔദാര്യവാനായ തന്റെ രക്ഷിതാവിന്റെ കോപത്തെക്കാൾ ഗൗരവമായത് മറ്റെന്താണുള്ളത്? (അവിശ്വാസികൾക്ക് അവരുടെ അവിശ്വാസം നഷ്ടമല്ലാതെ ഒന്നും വർധിപ്പിക്കുകയില്ല) അവർക്ക് തങ്ങളുടെ ശരീരങ്ങളെയും കുടുംബത്തെയും ഭവനങ്ങളെയും സ്വർഗത്തിൽ എത്താനാവാതെ നഷ്ടപ്പെടുന്നു. അപ്പോൾ, അവിശ്വാസിക്ക് എപ്പോഴും നഷ്ടവും നിർഭാഗ്യവും നിന്ദ്യതയും അല്ലാഹുവിന്റെ അടുക്കലും അവന്റെ സൃഷ്ടികളുടെ അടുക്കലും വർധിച്ചുകൊണ്ടേയിരിക്കും.

40). ബഹുദൈവാരാധകരുടെ ആരാധ്യരുടെ നിസ്സഹായതയും പോരായ്മയും അവരെ അല്ലാഹുവിന് പങ്കാളികളാക്കുന്നതിന്റെ നിരർഥകതയും ഇവിടെ അല്ലാഹു വ്യക്തമാക്കുന്നു. (നീ പറയുക: ഹോ, പ്രവാചകരേ, താങ്കൾ അവരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്ന നിങ്ങളുടെ പങ്കാളികളെ പറ്റി നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?) പ്രാർഥിക്കപ്പെടാനും ആരാധിക്കപ്പെടാനും അവർ അർഹരാണോ? (ഭൂമിയിൽ എന്താണവർ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചു തരിക) അവർ ഒരു കടലോ ഒരു പർവതമോ ഒരു മൃഗത്തെയോ അല്ലെങ്കിൽ അവർ എന്തെങ്കിലും നിർജീവ വസ്തുക്കളെയോ സൃഷ്ടിച്ചിട്ടുണ്ടോ? എല്ലാറ്റിന്റെയും സ്രഷ്ടാവ് അല്ലാഹുവാണെന്ന് അവർ അംഗീകരിക്കും. (അവർക്കുണ്ടോ?) അവരുടെ പങ്കാളികൾക്ക്. (ആകാശങ്ങളിൽ) സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അവർക്ക് വല്ല പങ്കുമുണ്ടോ? അതിൽ അവർക്കൊരു പങ്കുമില്ലെന്ന് അവർ പറയും. അവരെല്ലാം യാതൊന്നും സൃഷ്ടിച്ചിട്ടില്ലെങ്കിൽ സ്രഷ്ടാവിന്റെ സൃഷ്ടിയിൽ അവർക്ക് ഒരു പങ്കുമില്ല. അവർ കഴിവില്ലാത്തവരാണെന്ന് നിങ്ങൾ സമ്മതിച്ചിട്ടും നിങ്ങൾ എന്തിനാണ് അവരെ ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത്? അവരുടെ ആരാധനയ്ക്ക് യുക്തിപരമായ യാതൊരു തെളിവും ഇല്ലാത്തതിനാൽ അവരുടെ ആരാധന അസാധുവാണെന്നും ശരിയല്ലെന്നും മനസ്സിലാകുന്നു.

ഇനി അതിന് പ്രമാണപരമായ തെളിവുണ്ടോ എന്ന് ചർച്ച ചെയ്യുകയും അങ്ങനെയൊന്ന് ഇല്ലെന്ന് പറയുകയും ചെയ്യുന്നു. (അതല്ല, നാം അവർക്ക് വല്ല ഗ്രന്ഥവും ഇറക്കിയിട്ട്) അവർ അല്ലാഹുവിനോട് പങ്കുചേർക്കുന്നതിനെ കുറിച്ച് പറയുകയും അല്ലാഹുവിനോട് പങ്കുചേർക്കുന്നതിനുംവിഗ്രഹങ്ങളെ ആരാധിക്കുന്നതിനും അവരോട് കൽപിക്കുകയും ചെയ്യുന്നതായ. (അവർ നിലകൊള്ളുന്നത്) അവരുടെ ശിർക്കിൽ. (അതിൽനിന്നുള്ള തെളിവനുസരിച്ചാണോ?) അവർക്ക് അവതരിച്ച ആ ഗ്രന്ഥത്തിൽ, അവർ അവനോട് പങ്കുകാരാക്കിയതിന്റെ സാധുത തെളിയിക്കുന്നത്? എന്നാൽ കാര്യം അങ്ങനെയല്ല. ക്വുർആനിനു മുമ്പ് ഒരു ഗ്രന്ഥവും അവർക്ക് ഇറങ്ങിയിട്ടില്ല. മുഹമ്മദ് നബിﷺക്ക് മുമ്പ് ഒരു മുന്നറിയിപ്പുകാരനും അവർക്ക് വന്നിട്ടുമില്ല. മുമ്പൊരു വേദഗ്രന്ഥമോ പ്രവാചകനോ വന്നിരുന്നുവെങ്കിൽ അവരോട് ശിർക്ക് ചെയ്യാൻ കൽപിക്കപ്പെട്ടിരിക്കുന്നു എന്ന് അവർക്ക് വാദിക്കാമായിരുന്നു. തീർച്ചയായും നാം ഉറപ്പിച്ചു പറയുന്നു; അവർ പറയുന്നത് കളവാണെന്ന്.

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ

“കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് ഋജുമനസ്‌കരായ നിലയിൽ അവനെ ആരാധിക്കാനല്ലാതെ അവർ കൽപിക്കപ്പെട്ടിട്ടില്ല’’(21:25).

ബുദ്ധിപരവും പ്രാമാണികവുമായ തെളിവുകൾ ശിർക്കിന്റെ നിരർഥകതയെ അറിയിക്കുന്നു. ബുദ്ധിയും വിവരവുമുള്ളവരുണ്ടായിട്ടും ശിർക്കിന് അവരെ പ്രേരിപ്പിച്ചതെന്താണ്? അല്ലാഹുതന്നെ മറുപടി പറയുന്നു: (അക്രമികാരികൾ അന്യോന്യം വാഗ്ദാനം ചെയ്യുന്നത് വഞ്ചന മാത്രമാകുന്നു) അവർ പിന്തുടരുന്ന മാർഗത്തിന് അവർക്ക് തെളിവില്ല. മറിച്ച് അത് അന്യോന്യം ന്യായീകരണമായി തോന്നിച്ചുകൊണ്ട് പിന്തുടരാൻ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഉണ്ടായത്. പിൻതലമുറ വഴിതെറ്റിയ മുൻതലമുറയെ പിന്തടർന്നു. പിശാച് അവർക്ക് വ്യാജ സ്വപ്‌നങ്ങൾ നൽകുകയും അവരുടെ ചീത്ത പ്രവൃത്തികൾ ഭംഗിയായി തോന്നിപ്പിക്കുകയും ചെയ്തു. അത് അവരുടെ ഹൃദയങ്ങളിൽ വളർന്നു. അത് അതിന്റെ ഭാഗമായിത്തീർന്നു. അത് വിട്ടുപോകാനും മുക്തിനേടാനും പ്രയാസമായി. അങ്ങനെ അവിശ്വാസത്തിലും ശിർക്കിലും അസത്യത്തിലും അവർ നിലനിന്നു.

45). ഇവിടെ അല്ലാഹു അവന്റെ കഴിവിന്റെയും കാരുണ്യത്തിന്റെയും പൂർണതയെ കുറിച്ചും അവന്റെ പാപമോചനത്തിന്റെയും ക്ഷമയുടെയും വിശാലതയെ കുറിച്ചുമാണ് പറയുന്നത്. (തീർച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും നീങ്ങാതെ പിടിച്ചുനിർത്തുന്നു) കാരണം അവ നീങ്ങിപ്പോവുകയാണെങ്കിൽ ആർക്കും അതിനെ പിടിച്ചുവെക്കാനാവില്ല. കാരണം, ഒരു സൃഷ്ടിയുടെയും കഴിവിനും ശക്തിക്കും അതിനെ പിടിച്ചുനിർത്താൻ കഴിവില്ല. എന്നാൽ മനുഷ്യന്റെ നിലനിൽപിന് അവ നിലനിൽക്കണമെന്നും അവ സ്ഥിരതാമസമാക്കണമെന്നും അവൻ വിധിക്കുന്നു. അവ പ്രയോജനകരവും പാഠങ്ങൾ നൽകുന്നതുമാകും. അങ്ങനെ അവർ പരമാധികാരിയായ അല്ലാഹുവിന്റെ മഹത്തായ ശക്തിയെക്കുറിച്ചും കഴിവിനെ കുറിച്ചും പഠിച്ചു മനസ്സിലാക്കാനാകും. അവരുടെ ഹൃദയങ്ങളിൽ അവനെക്കുറിച്ചുള്ള മഹത്ത്വവും ആദരവും ഭയവും സ്‌നേഹവും കൊണ്ട് നിറക്കും. അവൻ പാപികൾക്ക് കാലതാമസം നൽകുന്നതും അവരെ ശിക്ഷിക്കുന്നതിൽ തിടുക്കം കാണിക്കാത്തതും അവർക്കറിയാം. അവൻ ആകാശത്തോട് കൽപിച്ചാൽ ആകാശം അവരുടെ മേൽ കല്ല് വർഷിക്കും. ഭൂമിയോട് കൽപിച്ചാൽ ഭൂമി അവരെ വിഴുങ്ങുകയും ചെയ്യും. എന്നിട്ടും അത് പ്രവർത്തിക്കുന്നവരെയും കുറ്റം ചെയ്യുന്നവരെയും അവൻ വെറുതെ വിടുന്നു. എത്ര വിശാലമാണ് അവന്റെ സഹനവും പാപമോചനവും! (തീർച്ചയായും അവൻ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു).

42). അല്ലാഹുവിന്റെ ദൂതരേ, താങ്കളിൽ അവിശ്വസിക്കുന്ന ഈ ആളുകൾ ഏറ്റവും ശക്തമായി സത്യം ചെയ്തു പറയുന്നു: (തങ്ങളുടെ അടുത്ത ഒരു താക്കീതുകാരൻ വരുന്നപക്ഷം തങ്ങൾ ഏതൊരു സമുദായത്തെക്കാളും സന്മാർഗം സ്വീകരിക്കുന്നവർ ആകാമെന്ന്) അതായത്, ജൂത-ക്രിസ്ത്യാനികളായ വേദക്കാരെക്കാൾ സന്മാർഗം സ്വീകരിക്കുന്നവർ ആകുമെന്ന്. എന്നാൽ ആ സത്യങ്ങളോ കരാറുകളോ അവർ പൂർത്തിയാക്കിയില്ല. (എന്നാൽ ഒരു താക്കീതുകാരൻ അവരുടെ അടുക്കൽ വന്നപ്പോൾ) അവർ നേർവഴി പ്രാപിച്ചില്ല. മറ്റേതൊരു ജനതയെക്കാളും അവർ നേർവഴി പ്രാപിച്ചില്ല. അവരുടെ വഴികേടിൽ അവർ തുടരുകയാണുണ്ടായത്. മറിച്ച് അത് മൂലം (വർധിപ്പിച്ചത്) (അകൽച്ച മാത്രമാണ്) വഴിപിഴവും അതിക്രമവും ശാഠ്യവും മാത്രമാണ് വർധിച്ചത്.

43). അവർ ഈ ചെയ്ത പ്രതിജ്ഞ ഒരു നല്ല ലക്ഷ്യത്തിനോ സത്യാന്വേഷണത്തിനോ വേണ്ടിയായിരുന്നില്ല. ആണെങ്കിൽ അവർ അത് പാലിക്കുമായിരുന്നു. ഇത് ഭൂമിയിലെ ആളുകളോടും സത്യത്തോടുമുള്ള അഹങ്കാരത്തിൽനിന്ന് ഉടലെടുത്തതാണ്. അത് അവൻ ഉപയോഗിച്ചു. ഇത് വാക്കുകളിൽനിന്ന് വ്യക്തമാണ്. അതുകൊണ്ടവർ ഉദ്ദേശിച്ചത് കുതന്ത്രവും വഞ്ചനയുമാണ്. അവർ സത്യത്തോട് വളരെയധികം താൽപര്യമുള്ളവരാണെന്ന് പറയും. അതിലൂടെ ആളുകൾ വഞ്ചിക്കപ്പെടും. അങ്ങനെ അവരെ പിന്തുടരുകയും ചെയ്യും.

(ദുഷിച്ച തന്ത്രം, അത് വന്നു ഭവിക്കുകയില്ല) ചീത്തയാണ് അവർ ഉദ്ദേശിക്കുന്നത്. അവരുടെ തന്ത്രം അവർക്ക് തിരിച്ചടിയായി. (അത് പ്രയോഗിച്ചവരിൽ) അവരുടെ കുതന്ത്രം അവരിലേക്ക് മടങ്ങും. അവരുടെ വാക്കുകളും പ്രതിജ്ഞകളും എടുത്തു പറയുന്നതിലൂടെ അല്ലാഹു തന്റെ അടിമകളോട് അവർ കള്ളം പറയുകയും കെട്ടിച്ചമക്കുകയുമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ്. അങ്ങനെ അവരുടെ നിന്ദ്യത വ്യക്തമാവുകയും അവർ അപമാനിതരാവുകയും അവർ നാണം കെടുകയും ചെയ്തു. അവരുടെ ദുഷ്ടലക്ഷ്യം വെളിപ്പെടുകയും ചെയ്തു. അവരുടെ തന്ത്രം അവർക്കുതന്നെ തിരിച്ചടിയായി. ഇനി അവർക്കുള്ളത് വരാനിരിക്കുന്ന ശിക്ഷ കാത്തിരിക്കുക മാത്രമാണ്. ഇതാണ് പൂർവികരിലും അല്ലാഹുവിന്റെ നടപടിക്രമം. അതിന് മാറ്റം വരില്ല. ആളുകളോട് അഹങ്കാരത്തിലും അക്രമത്തിലും ധിക്കാരത്തിലും വർത്തിക്കുന്നർക്ക് അതിന്റെ ശിക്ഷ വരും. അവരുടെ അനുഗ്രഹങ്ങൾ നഷ്ടപ്പെടും. ഇവരോട് അവർ ചെയ്തതിന്റെ ഫലം അവർ കാത്തിരിക്കട്ടെ.

44). ഭൂമിയിലൂടെ സഞ്ചരിക്കാൻ അല്ലാഹു ജനങ്ങളെ പ്രേരിപ്പിക്കുന്നു. അശ്രദ്ധമായി കാഴ്ചകൾ കാണുകയില്ല, പകരം ഗുണപാഠങ്ങൾ ഉൾക്കൊള്ളാൻ. ഇവർക്ക് മുമ്പ് പ്രവാചകന്മാരെ കളവാക്കിയവർക്കുണ്ടായ പര്യവസാനങ്ങൾ കണ്ടു പഠിക്കാൻ. അവർ ഇവരെക്കാളും സമ്പത്തും സന്താനങ്ങളും ഉള്ളവരായിരുന്നു. ഭൂമിയിൽ ഇവരെക്കാൾ ശക്തിയോടെ പ്രവർത്തിച്ചവരായിരുന്നു. എന്നാൽ, ശിക്ഷ വന്നപ്പോൾ അവരുടെ ശക്തി അവർക്ക് പ്രയോജനപ്പെട്ടില്ല. അല്ലാഹുവിന്റെ ശക്തിയും ഉദ്ദേശ്യവും അവരിൽ നടപ്പിലാക്കപ്പെട്ടു. (ആകാശത്തിലും ഭൂമിയിലും ഉള്ള യാതൊന്നിനും അല്ലാഹുവെ തോൽപ്പിക്കാനാവില്ല) കാരണം, അവന്റെ ശക്തിയും അറിവും പൂർണമാണ്. (തീർച്ചയായുംഅവൻ സർവജ്ഞനും സർവശക്തനുമാകുന്നു).

45). തുടർന്ന് അല്ലാഹു അവന്റെ സഹനത്തെ കുറിച്ചും കുറ്റങ്ങളും തെറ്റുകളും പ്രവർത്തിക്കുന്നവർക്ക് നൽകുന്ന അവധിയും സാവകാശവും പരാമർശിക്കുന്നു: (അല്ലാഹു മനുഷ്യരെ അവർ പ്രവർത്തിച്ചതിന്റെ പേരിൽ പിടിച്ചു ശിക്ഷിക്കുകയായിരുന്നുവെങ്കിൽ) തെറ്റുകൾ കാരണം. (ഭൂമുഖത്ത് ഒരു ജന്തുവെയും അവൻ വിട്ടേക്കുമായിരുന്നില്ല) മതനിയമങ്ങൾ ബാധകമല്ലാത്ത ജീവികളെ പോലും ആ ശിക്ഷ പിടികൂടുമായിരുന്നു. (എന്നാൽ അല്ലാഹു അവരെ നീട്ടിയിടുന്നു) ഒരു നിശ്ചിത അവധിവരെ അവരെ അവൻ നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാൽ. (തീർച്ചയായും അല്ലാഹു തന്റെ ദാസന്മാരെ പറ്റി കണ്ടറിയുന്നവനാകുന്നു). അവരിൽ നിന്നുണ്ടാകുന്ന ഗുണദോഷങ്ങൾക്കനുസരിച്ചുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നു.

സൂറഃ അൽഫാത്വിറിന്റെ വിശദീകരണം പൂർത്തിയായി. സർവലോക രക്ഷിതാവായ അല്ലാഹുവിന് സ്തുതി.