സൂറ: അഹ്സാബ്, ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06
അധ്യായം: 33, ഭാഗം 04 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
16. (നബിയേ,) പറയുക: മരണത്തിൽനിന്നോ കൊലയിൽനിന്നോ നിങ്ങൾ ഓടിക്കളയുകയാണെങ്കിൽ ആ ഓട്ടം നിങ്ങൾക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അൽപമല്ലാതെ നിങ്ങൾക്ക് ജീവിതസുഖം നൽകപ്പെടുകയില്ല.
17. പറയുക: അല്ലാഹു നിങ്ങൾക്ക് വല്ല ദോഷവും വരുത്താൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ -അഥവാ അവൻ നിങ്ങൾക്ക് വല്ല കാരുണ്യവും നൽകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ- അല്ലാഹുവിൽനിന്ന് നിങ്ങളെ കാത്തുരക്ഷിക്കാൻ ആരാണുള്ളത്? തങ്ങൾക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവർ കണ്ടെത്തുകയില്ല.
18. നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. ചുരുക്കത്തിലല്ലാതെ അവർ യുദ്ധത്തിന് ചെല്ലുകയില്ല.
19. നിങ്ങൾക്കെതിരിൽ പിശുക്ക് കാണിക്കുന്നവരായിരിക്കും അവർ. അങ്ങനെ (യുദ്ധ) ഭയം വന്നാൽ അവർ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകൾ കറങ്ങിക്കൊണ്ടിരിക്കും. എന്നാൽ (യുദ്ധ) ഭയം നീങ്ങിപ്പോയാലോ, ധനത്തിൽ ദുർമോഹം പൂണ്ടവരായിക്കൊണ്ട് മൂർച്ചയേറിയ നാവുകൾകൊണ്ട് അവർ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാർ വിശ്വസിച്ചിട്ടില്ല. അതിനാൽ അല്ലാഹു അവരുടെ കർമങ്ങൾ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.
20. സംഘടിതകക്ഷികൾ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവർ (കപടൻമാർ) വിചാരിക്കുന്നത്. സംഘടിതകക്ഷികൾ (ഇനിയും) വരികയാണെങ്കിലോ, (യുദ്ധത്തിൽ പങ്കെടുക്കാതെ) നിങ്ങളുടെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞുകൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കിൽ എന്നായിരിക്കും അവർ (കപടൻമാർ) കൊതിക്കുന്നത്. അവർ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവർ യുദ്ധം ചെയ്യുകയില്ല.
21. തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തു വരുന്നവർക്ക്.

16) നബിയേ, (പറയുക) അവരുടെ ഓടിപ്പോക്കിനെ ആക്ഷേപിച്ചുകൊണ്ടും അതുകൊണ്ട് അവർക്ക് യാതൊരു പ്രയോജനവും ഉണ്ടായിരിക്കുകയില്ലെന്ന് അറിയിച്ചുകൊണ്ടും. (മരണത്തിൽനിന്നോ) കൊലയിൽനിന്നോ നിങ്ങൾ ഓടിക്കളയുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ വീടുകളിൽ കഴിഞ്ഞാലും മരണം വിധിക്കപ്പെട്ടവർ ആ മരണസ്ഥലത്തെത്തും. അല്ലാഹുവിന്റെ വിധിയും തീരുമാനവും വന്നാൽ ഒരു നടപടിയും പ്രയോജനപ്പെടില്ല. അവനെ രക്ഷിക്കാൻ കഴിയുമെന്ന് വിചാരിക്കുന്ന എല്ലാ വഴികളും നിഷ്ഫലമാകും. (അന്നേരം) അതായത് നിങ്ങൾ ഓടുമ്പോൾ; മരണത്തിൽനിന്നും വധത്തിൽ നിന്നും രക്ഷപ്പെടാൻ, ഇഹലോകത്ത് സുഖിക്കാൻ. തീർച്ചയായും നിങ്ങൾ (അൽപമല്ലാതെ നിങ്ങൾക്ക് ജീവിതസുഖം നൽകപ്പെടുകയില്ല) ഇത് ഒരു താൽക്കാലിക സുഖമാണ്. ഓടിപ്പോകലും അല്ലാഹുവിന്റെ കൽപന നിരാകരിക്കലുമെല്ലാം അനശ്വരമായ സുഖം നിങ്ങൾതന്നെ നിങ്ങൾക്ക് നഷ്ടപ്പെടുത്തുകയാണ്.
ഒരു വ്യക്തിക്ക് ദോഷം വരുത്താൻ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ രക്ഷക്ക് സ്വീകരിക്കുന്ന വഴികളോ നടപടിക്രമങ്ങളോ പ്രയോജനപ്പെടില്ലെന്ന് അല്ലാഹു സ്ഥിരീകരിക്കുന്നു. (അല്ലാഹുവിൽ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാൻ ആരാണുള്ളത്?) അതായത് നിങ്ങളെ തടയാൻ. (അല്ലാഹു നിങ്ങൾക്ക് വല്ല ദോഷവും വരുത്താൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ) ദോഷം. (അഥവാ അവർ നിങ്ങൾക്ക് വല്ല കാരുണ്യവും നൽകാൻ ഉദ്ദേശിച്ചുവെങ്കിൽ) തീർച്ചയായും അവനാണ് നൽകുന്നവനും തടയുന്നവനും ദോഷം വരുത്തുന്നവനും തടയുന്നവനും. അവനിൽനിന്നല്ലാതെ ഒരു ഗുണവും വരില്ല. അവനല്ലാതെ ഒരു ദോഷവും തടുക്കില്ല. (അല്ലാഹുവിന് പുറമെ യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവർ കണ്ടെത്തുകയില്ല) അവരെ സഹായിക്കാനും ഉപകാരങ്ങൾ നൽകാനും. (ഒരു സഹായിയെയും) അവരെ സഹായിക്കുകയും ഉപദ്രവങ്ങൾ തടയുകയും ചെയ്യുന്ന. അതിനാൽ എല്ലാ കാര്യവും നിയന്ത്രിക്കുന്നവന്റെ കൽപനകൾ അവർ അനുസരിക്കണം. അവൻ അവന്റെ ഉദ്ദേശ്യം നടപ്പിലാക്കുന്നവനാണ്. കാര്യങ്ങൾ അവൻ നിർണയിക്കും. അവന്റെ സംരക്ഷണവും സഹായവും ഉപേക്ഷിക്കുന്നവന് യാതൊരു സഹായിയും രക്ഷാധികാരിയും ഇല്ല.
18) മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുകയും അവരുടെ ആത്മവിശ്വാസത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെ യ്യുന്നവരെ അല്ലാഹു താക്കീത് ചെയ്യുകയാണിവിടെ. (നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെ അല്ലാഹു അറിയുന്നു) പുറത്ത് പോകുന്നതിനെ. (തങ്ങളുടെ സഹോദരങ്ങളോട് പറയുന്നവർ) പുറത്ത് പോകുന്നതായ. (ഞങ്ങളുടെ അടുത്തേക്ക് വരൂ) നേരത്തെ അവർ മദീനക്കാരോട് പറഞ്ഞതും ഇതാണ്. (യസ്‌രിബുകാരേ, മടങ്ങുക) മറ്റുള്ളവരെ തടസ്സപ്പെടുത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുക മാത്രമല്ല. (അവർ യുദ്ധത്തിന് ചെല്ലുകയില്ല) യുദ്ധത്തിനും ത്യാഗത്തിനും. (അൽപമല്ലാതെ) പോരാട്ടത്തിന് യാതൊരു താൽപര്യവും ഇല്ലാത്തതിനാലും കാപട്യവും വിശ്വാസവും ക്ഷമയും കൊണ്ടും. ഭീരുത്വത്തിനും കപടതക്കും അവർക്ക് കാരണമുണ്ട്.
19) (നിങ്ങൾക്കെതിരിൽ പിശുക്ക് കാണിക്കുന്നവരായിരിക്കും അവർ) യുദ്ധസമയത്തുള്ള ശാരീരിക സഹായമായാലും സമ്പത്ത് ചെലവഴിക്കേണ്ട സന്ദർഭമായാലും; ശരീരംകൊണ്ടോ സമ്പത്തുകൊണ്ടോ പോരാട്ടത്തിനും. (അങ്ങനെ യുദ്ധഭയം വന്നാൽ അവർ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകൾ കറങ്ങിക്കൊണ്ടിരിക്കും) അവരുടെ ഹൃദയത്തെ ബാധിച്ച കഠിനമായ ഭീരുത്വവും അവരെ അമ്പരിപ്പിച്ച ഉൽകണ്ഠയും അവർക്കിഷ്ടമില്ലാത്ത യുദ്ധം ചെയ്യാൻ അവർ നിർബന്ധിതരാകുമോ എന്ന ഭയവും കാരണം. (എന്നാൽ യുദ്ധഭയം നീങ്ങിപ്പോയാലോ) സമാധാനത്തിലും നിർഭയത്തിലും ആയാൽ. (മൂർച്ചയേറിയ നാവുകൾകൊണ്ട് നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും) അവർ
നിങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ നിങ്ങളോട് പരുഷമായി സംസാരിക്കുന്നു. ശരിയായ വാദങ്ങൾ ഉന്നയിക്കുന്നു. പറയുന്നത് കേൾക്കുമ്പോൾ അവർ ധൈര്യശാലികളും ധീരന്മാരുമാണെന്ന് നിങ്ങൾ വിചാരിക്കുന്നു. (ധനത്തിൽ ദുർമോഹം പൂണ്ടവരായി) അതാണവരുടെ ലക്ഷ്യം. ഒരു മനുഷ്യനെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണിത്; തന്നോട് ചെയ്യാൻ പറഞ്ഞതിൽ പിശുക്ക് കാണിക്കുക എന്നത്. സമ്പത്തിൽ പിശുക്ക് കാണിക്കുന്നു. അത് ശരിയായരീതിയിൽ ചെലവഴിക്കാതിരിക്കുന്നു. അല്ലാഹുവിന്റെ ശത്രുക്കൾക്കെതിരെ പോരാടാതെ ശരീരത്തിലും പിശുക്ക് കാണിക്കുന്നു. പ്രബോധനം ചെയ്യാതെയും തന്റെ സ്ഥാനമോ അറിവോ ഉപദേശമോ അഭിപ്രായമോ നൽകാതെയും പിശുക്ക് കാണിക്കുന്നു. (അക്കൂട്ടർ) ഈ അവസ്ഥയിൽ എത്തിയവർ. (അവർ വിശ്വസിച്ചിട്ടില്ല) വിശ്വാസം ഇല്ലാത്തതിനാൽതന്നെ അവരുടെ കർമങ്ങൾ അല്ലാഹു ഒന്നുമല്ലാതാക്കും. (അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു).
യഥാർഥ വിശ്വാസികളെ ഈ പിശുക്കിന്റെ മനസ്സിൽനിന്ന് അല്ലാഹു സംരക്ഷിക്കുന്നു. അവന്റെ കൽപനയനുസരിച്ച് പ്രവർത്തിക്കാനും യുദ്ധത്തിൽ തങ്ങളുടെ ശരീരങ്ങൾ നൽകാനും അവന്റെ വചനത്തെ ഉന്നതമാക്കാനും നൻമയുടെ വഴിയിൽ സമ്പത്ത് ചെലവഴിക്കാനും അവരുടെ അറിവും സ്ഥാനവും മറ്റുള്ളവർക്ക് വേണ്ടി ഉപയോഗിക്കാനും അവർക്ക് അല്ലാഹു അവസരം നൽകുന്നു.
20) (സംഘടിത ശക്തികൾ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവർ-കപടന്മാർ- വിചാരിക്കുന്നത്) സഖ്യകക്ഷികൾ ഇതുവരെ പിൻമാറിയിട്ടില്ലെന്ന് അവർ കരുതുന്നു. അതായത് അല്ലാഹുവിന്റെ റസൂലിനോടും അവന്റെ സ്വഹാബികളോടും യുദ്ധം ചെയ്യാൻ ഒരുമിച്ചെത്തിയ ഈ സഖ്യകക്ഷികൾ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന് കപടവിശ്വാസികൾ കരുതുന്നു. പക്ഷേ, അവർ നിരാശരായി. അവരുടെ കണക്കു കൂട്ടലുകൾ തെറ്റി. (സഖ്യകക്ഷികൾ വരികയാണെങ്കിലോ) ഒരിക്കൽകൂടി. (നിങ്ങളുടെ വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നുവെങ്കിൽ എന്നായിരിക്കും) അവർ (കപടന്മാർ) കൊതിക്കുന്നത്. സഖ്യകക്ഷികൾ രണ്ടാം തവണ മടങ്ങിയെത്തിയാൽ കപട വിശ്വാസികൾ മദീനയിലോ അതിനടുത്തോ എവിടെയും ഇല്ലാതിരിക്കാനും ഗ്രാമീണരോടൊപ്പം മരുഭൂമിയിൽ ആയിരുന്നെങ്കിൽ എന്നും ആഗ്രഹിക്കുന്നു. അതുപോലെ നിങ്ങളെക്കുറിച്ചുള്ള വാർത്തകൾ അന്വേഷിക്കുകയും നിങ്ങളെക്കുറിച്ച് ചോദിക്കുകയും നിങ്ങൾക്കെന്താണ് സംഭവിച്ചതെന്ന് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നതിന് അവർ ആഗ്രഹിക്കും. അവർ നശിച്ചുപോകട്ടെ. അവർ ഉണ്ടോ ഇല്ലയോ എന്ന് പരിഗണിക്കപ്പെടേണ്ടതില്ല.
(അവർ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവർ യുദ്ധം ചെയ്യുകയില്ല) അവരെ പരിഗണിക്കരുത്. അവർ പോകുന്നതിൽ വിഷമിക്കുകയും ചെയ്യരുത്.
21) (തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്) കാരണം അദ്ദേഹം തന്നെ യുദ്ധക്കളത്തിൽ സന്നിഹിതരായിരുന്നു. സ്വയം ഒരു സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ തന്നെ യുദ്ധത്തിൽ പങ്കെടുക്കാൻ വിശാലത കാണിച്ചപ്പോൾ നിങ്ങൾ അതിന് പിശുക്കു കാണിക്കുന്നത് എങ്ങനെയാണ്? അതിനാൽ ഈ കാര്യത്തിലും മറ്റുള്ളവയിലും നിങ്ങൾ അദ്ദേഹത്തെ മാതൃകയാക്കുക.
ചില വിധികൾ പ്രവാചകന് മാത്രം ബാധകമാണെന്ന് തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ഇല്ലെങ്കിൽ അത്തരം നിയമങ്ങൾ മതനിയമങ്ങൾ തന്നെയാണ്. അപ്പോൾ മാതൃക രണ്ടുവിധമുണ്ട്. നല്ല മാതൃകയും ചീത്ത മാതൃകയും. നല്ല മാതൃക പ്രവാചകനിൽ കാണുന്നതാണ്. അത് പിന്തുടരുന്നവൻ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് എത്തിക്കുന്ന പാതയിലായിരിക്കും. അതാണ് നേരായ പാത. നബിചര്യക്ക് എതിരായുള്ള മാതൃകയാണ് ചീത്ത മാതൃക. പ്രവാചകൻമാരെ പിൻപറ്റാൻ അവർ ബഹുദൈവ വിശ്വാസികളെ ക്ഷണിച്ചപ്പോൾ അവർ പറഞ്ഞത്:
بَلْ قَالُوا إِنَّا وَجَدْنَا آبَاءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِهِم مُّهْتَدُونَ٢
“ഞങ്ങളുടെ പിതാക്കൾ ഒരു മാർഗത്തിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. തീർച്ചയായും ഞങ്ങൾ അവരുടെ കാൽപാടുകളിൽ നേർമാർഗം കണ്ടെത്തിയിരിക്കുകയാണ്’’ (43:22).
ഈ നല്ല മാതൃക പിന്തുടരുന്നതും അതിന് പ്രാപ്തരാകുന്നതും അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവർ മാത്രമാണ്. കാരണം അവർക്ക് വിശ്വാസവും അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും അവന്റെ പ്രതിഫലത്തിൽ പ്രതീക്ഷയും അവന്റെ ശിക്ഷയിൽ ഭയവും ഉണ്ട്. അതവരെ റസൂലിനെ പിൻപറ്റാൻ പ്രേരിപ്പിക്കുന്നു.
