സൂറ: സ്വാദ്, ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ഫെബ്രുവരി 03, 1445 റജബ് 22

അധ്യായം: 38, ഭാഗം 02 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

جُندٌ مَّا هُنَالِكَ مَهْزُومٌ مِّنَ ٱلْأَحْزَابِ (١١) كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَفِرْعَوْنُ ذُو ٱلْأَوْتَادِ (١٢) وَثَمُودُ وَقَوْمُ لُوطٍ وَأَصْحَـٰبُ لْـَٔيْكَةِ ۚ أُو۟لَـٰٓئِكَ ٱلْأَحْزَابُ (١٣) إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ ١٤ وَمَا يَنظُرُ هَـٰٓؤُلَآءِ إِلَّا صَيْحَةً وَٰحِدَةً مَّا لَهَا مِن فَوَاقٍ ١٥ وَقَالُوا۟ رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ ٱلْحِسَابِ (١٦) ٱصْبِرْ عَلَىٰ مَا يَقُولُونَ وَٱذْكُرْ عَبْدَنَا دَاوُۥدَ ذَا ٱلْأَيْدِ ۖ إِنَّهُۥٓ أَوَّابٌ (١٧) إِنَّا سَخَّرْنَا ٱلْجِبَالَ مَعَهُۥ يُسَبِّحْنَ بِٱلْعَشِىِّ وَٱلْإِشْرَاقِ (١٨) وَٱلطَّيْرَ مَحْشُورَةً ۖ كُلٌّ لَّهُۥٓ أَوَّابٌ (١٩) وَشَدَدْنَا مُلْكَهُۥ وَءَاتَيْنَـٰهُ ٱلْحِكْمَةَ وَفَصْلَ ٱلْخِطَابِ (٢٠) وَهَلْ أَتَىٰكَ نَبَؤُا۟ ٱلْخَصْمِ إِذْ تَسَوَّرُوا۟ ٱلْمِحْرَابَ (٢١) إِذْ دَخَلُوا۟ عَلَىٰ دَاوُۥدَ فَفَزِعَ مِنْهُمْ ۖ قَالُوا۟ لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَٱحْكُم بَيْنَنَا بِٱلْحَقِّ وَلَا تُشْطِطْ وَٱهْدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ (٢٢)

11. പല കക്ഷികളിൽപെട്ട, പരാജയപ്പെടാൻ പോകുന്ന ഒരു സൈനിക വ്യൂഹമത്രെ അവിടെയുള്ളത്.

12. അവർക്കു മുമ്പ് നൂഹിന്റെ ജനതയും ആദ് സമുദായവും ആണികളുറപ്പിച്ചിരുന്ന ഫിർഔനും നിഷേധിച്ചുതള്ളിയിട്ടുണ്ട്.

13. സമൂദ് സമുദായവും ലൂത്വിന്റെ ജനതയും മരക്കൂട്ടങ്ങളിൽ വസിച്ചിരുന്നവരും (സത്യത്തെ നിഷേധിച്ചുതള്ളിയിട്ടുണ്ട്). അക്കൂട്ടരത്രെ (സത്യത്തിനെതിരിൽ അണിനിരന്ന) കക്ഷികൾ.

14. ഇവരാരുംതന്നെ ദൂതന്മാരെ നിഷേധിച്ചു കളയാതിരുന്നിട്ടില്ല. അങ്ങനെ എന്റെ ശിക്ഷ(അവരിൽ) അനിവാര്യമായിത്തീർന്നു.

15. ഒരൊറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടർ നോക്കിയിരിക്കുന്നില്ല. (അതു സംഭവിച്ചു കഴിഞ്ഞാൽ) ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല.

16. അവർ പറയുന്നു; ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങൾക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങൾക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്.

17. (നബിയേ,) അവർ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചുകൊള്ളുക. നമ്മുടെ കൈയൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീർച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു.

18. സന്ധ്യാസമയത്തും സൂര്യോദയ സമയത്തും സ്‌തോത്ര കീർത്തനം നടത്തുന്ന നിലയിൽ നാം പർവതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്‌പെടുത്തുകതന്നെ ചെയ്തു.

19. ശേഖരിക്കപ്പെട്ട നിലയിൽ പറവകളെയും(നാം കീഴ്‌പെടുത്തി). എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു.

20. അദ്ദേഹത്തിന്റെ ആധിപത്യം നാം സുശക്തമാക്കുകയും അദ്ദേഹത്തിന് നാം തത്ത്വജ്ഞാനവും തീർപ്പുകൽപിക്കുവാൻവേണ്ട സംസാരവൈഭവവും നൽകുകയും ചെയ്തു.

21. വഴക്കുകൂടുന്ന കക്ഷികൾ പ്രാർഥനാമണ്ഡപത്തിന്റെ മതിൽ കയറിച്ചെന്ന സമയത്തെ വർത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ?

22. അവർ ദാവൂദിന്റെ അടുത്ത് കടന്നുചെല്ലുകയും അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദർഭം! അവർ പറഞ്ഞു: ‘താങ്കൾ ഭയപ്പെടേണ്ട. ഞങ്ങൾ രണ്ട് എതിർകക്ഷികളാകുന്നു. ഞങ്ങളിൽ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങൾക്കിടയിൽ താങ്കൾ ന്യായപ്രകാരം വിധി കൽപിക്കണം. താങ്കൾ നീതികേട് കാണിക്കരുത്. ഞങ്ങൾക്ക് നേരായ പാതയിലേക്ക് വഴികാണിക്കണം.’

11). ഇവിടെ ഉദ്ദേശ്യം അവർക്ക് പൂർത്തിയാക്കാനാവില്ല. അവരുടെ പരിശ്രമം വെറുതെയാണ്. അവരുടെ സൈന്യം പരാജയപ്പെടും. അതാണ് പറഞ്ഞത്: (പരാജയപ്പെടാൻ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്) താങ്കൾക്കു മുമ്പ് പ്രവാചകന്മാരോട് കക്ഷിത്വം കാണിച്ച അതേ ആളുകളെപ്പോലെയുള്ളവരാണ് ഇവരും. അവർ പരാജയപ്പെട്ടു, നശിച്ചു. അതുപോലെ ഇവരും നശിക്കും.

12). മുൻസമുദായക്കാരെ ചെയ്തത് ഇവരെയും ചെയ്യുമെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. ഇവരെക്കാളും ശക്തരായിരുന്നു അവർ. അസത്യത്തിന്റെ പക്ഷം ചേർന്നവർ. (നൂഹിന്റെ ജനതയും ആദ് സമുദായവും) ഹൂദിന്റെ ജനത. (ആണികളുറപ്പിച്ചിരുന്ന ഫിർഔൻ), വൻശക്തിയുള്ള സൈന്യത്തെ നയിച്ചവൻ.

13) (സമൂദ് സമുദായവും) സ്വാലിഹ് നബി(അ)യുടെ ജനത. (ലൂത്വിന്റെ ജനതയും മരക്കൂട്ടങ്ങളിൽ വസിച്ചവരും അക്കൂട്ടരത്രെ -സത്യത്തിനെതിരിൽ അണിനിരന്ന- കക്ഷികൾ) ഇവിടെ മരം എന്ന് വിവർത്തനം ചെയ്ത പദം വ്യത്യസ്തതരം മരങ്ങളും ചെടികളും നിറഞ്ഞ ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു. അവർ ശുഐബിന്റെ(അ) ആളുകളായിരുന്നു. (അത്തരം കക്ഷികളായിരുന്നു അവരുടെ പ്രവാചകന്മാർക്കെതിരെ ഒരുമിച്ചത്. സത്യത്തെ ഖണ്ഡിക്കാൻ തങ്ങൾക്കുണ്ടായിരുന്ന ശക്തിയും ആളുകളും ആയുധങ്ങളുമെല്ലാം അവർ ശേഖരിച്ചു. എന്നിട്ടും യാതൊരു പ്രയോജനവും ലഭിച്ചില്ല.

14) (ഇവരാരും തന്നെ) ഇവരെല്ലാവരും. (ദൂതന്മാരെ നിഷേധിച്ചുകളയാതിരുന്നിട്ടില്ല. അങ്ങനെ എന്റെ ശിക്ഷ അവരിൽ അനിവാര്യമായിത്തീർന്നു) അവർക്ക് സംഭവിച്ചത് ഇവർക്കും സംഭവിക്കാതിരിക്കാൻ എന്ത് നന്മയാണ് ഇവരിലുള്ളത്?

15) അതിനാൽ അവർ പ്രതീ ക്ഷിക്കട്ടെ: (ഒരൊറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടർ നോക്കിയിരിക്കുന്നില്ല. അത് സംഭവിച്ചുകഴിഞ്ഞാൽ ഒട്ടും സാവകാ ശമുണ്ടായിരിക്കുകയില്ല) തിരിച്ചുവരാനും തടുക്കാനും; ഇതുതന്നെയാണവരുടെ നിലപാടെങ്കിൽ അതവരെ നശിപ്പിക്കും, നാമാവശേഷമാക്കും.

16) അവരുടെ അറിവില്ലായ്മകൊണ്ടും സത്യത്തോടുള്ള ധിക്കാരംകൊണ്ടും ശിക്ഷയ്ക്ക് ധൃതികൂട്ടിക്കൊണ്ടും ഈ നിഷേധികൾ പറഞ്ഞു: (ഞങ്ങൾക്കുള്ള - ശിക്ഷയുടെ - വിഹിതം ഞങ്ങൾക്കൊന്നു വേഗത്തിലാക്കിത്തന്നേക്കണേ എന്ന്) ഞങ്ങളുടെ വിഹിതം, ശിക്ഷയായി ഞങ്ങൾക്ക് നിശ്ചയിച്ചത് വേഗത്തിലാക്കിത്തരണം. (വിചാരണയുടെ ദിവസത്തിനു മുമ്പ്) ഇതുകൊണ്ടവർ വാദിക്കുന്നത്, നീ സത്യവാദിയാണെങ്കിൽ ആ സത്യത്തിന്റെ അടയാളം ഞങ്ങൾക്ക് ശിക്ഷ കൊണ്ടുവരാൻ കഴിയുക എന്നതാണ്.

17). അപ്പോൾ അല്ലാഹു തന്റെ ദൂതനോട് പറഞ്ഞു: (നബിയേ, അവർ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചുകൊള്ളുക) നിനക്ക് മുമ്പുള്ള പ്രവാചകന്മാർ ക്ഷമിച്ചതുപോലെ. അവരുടെ വാക്കുകൾ സത്യത്തിന് ഒരു ദ്രോഹവും വരുത്തില്ല. നിനക്കും യാതൊരു ദ്രോഹവും വരുത്തില്ല. ദ്രോഹം അവർക്കുതന്നെയായിരിക്കും.

തന്റെ ജനതയിൽനിന്നുണ്ടാകുന്ന ദ്രോഹങ്ങളിൽ ക്ഷമിക്കുവാൻ നിർദേശിച്ചപ്പോൾതന്നെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ ക്ഷമിച്ചുനിന്ന് അല്ലാഹുവോട് സഹായം തേടാനാണ് പറയുന്നത്. ഭക്തരുടെ അവസ്ഥയും ഓർമപ്പെടുത്തുന്നു. മറ്റൊരിടത്ത് അല്ലാഹു ഈ ആശയം പറയുന്നുണ്ട്:

فَٱصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا ۖ

“ആയതിനാൽ ഇവർ പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീർത്തിക്കുകയും ചെയ്യുക’’ (20:130)

ഭക്തരിൽ ഉന്നതൻ, അല്ലാഹുവിന്റെ പ്രവാചകൻ ദാവൂദ്(അ). (കൈയൂക്കുള്ളവൻ) ഹൃദയത്തിനും ശരീരത്തിനും അല്ലാഹുവിനെ ആരാധിക്കുന്നതിൽ മഹത്തായ ശക്തിയുടെ ഉടമ. (തീർച്ചയായും അദ്ദേഹം ധാരാളമായി ഖേദിച്ചുമടങ്ങിയവനാകുന്നു) സർവകാര്യങ്ങളിലും അല്ലാഹുവിലേക്ക് മടക്കുന്നവൻ, അല്ലാഹുവോടുള്ള സ്‌നേഹവും ആരാധ്യതയും ഭയവും പ്രതീക്ഷയും ഭക്തിയും പ്രാർഥനയും കൊണ്ടാണ് മടക്കം. എന്തെങ്കിലും ചില വീഴ്ചകൾ വരുമ്പോൾ അത് പിഴുതെറിഞ്ഞ് ആത്മാർഥമായി ഖേദിച്ചുമടങ്ങും.

18) അല്ലാഹുവോട് അദ്ദേഹം കാണിച്ച മടക്കത്തിന്റെയും ആരാധനയുടെ ശക്തി മനസ്സിലാക്കിത്തരുന്നതാണ് പർവതങ്ങളെ അദ്ദേഹത്തിന് കീഴ്‌പ്പെടുത്തിക്കൊടുത്തത്. അവ അദ്ദേഹത്തിന്റെ കൂടെ അല്ലാഹുവിനെ സ്തൂതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. (സന്ധ്യാസമയത്തും സൂര്യോദയ സമയത്തും) പകലിന്റെ ആദ്യത്തിലും അവസാനത്തിലും.

19) കീഴ്‌പ്പെടുത്തുകയും ചെയ്തു (ശേഖരിക്കപ്പെട്ട നിലയിൽ പറവകളെയും) അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ചേർക്കപ്പെട്ട നിലയിൽ. (എല്ലാം തന്നെ) പർവതങ്ങളും പക്ഷികളും. (വിനയത്തോടെ തിരിഞ്ഞവർ) ഇക്കാര്യം മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

يَـٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ ۖ

“പർവതങ്ങളേ, നിങ്ങൾ അദ്ദേഹത്തോടൊപ്പം കീർത്തനങ്ങൾ ചൊല്ലുക; പക്ഷികളേ, നിങ്ങളും’’(34:10). ആരാധനമൂലം അല്ലാഹു ചെയ്തുകൊടുക്കുന്ന അനുഗ്രഹങ്ങളാണിതെല്ലാം.

20) തുടർന്ന് അദ്ദേഹത്തിന് നൽകിയ മഹത്തായ അനുഗ്രഹമാണ് പറയുന്നത്. (അദ്ദേഹത്തിന്റെ ആധിപത്യം നാം സുശക്തമാക്കുകയും ചെയ്തു) ശക്തിപ്പെടുത്താൻ കഴിയുന്ന കാരണങ്ങൾ നൽകിക്കൊണ്ട് അല്ലാഹു അദ്ദേഹത്തിന്റെ അധികാരത്തെ ശക്തിപ്പെടുത്തി; അധികരിച്ച സൈന്യങ്ങളും ഒരുക്കങ്ങളും നൽകിക്കൊണ്ട്. പിന്നീട് പറയുന്നത് അദ്ദേഹത്തിന് അനുഗ്രഹമായി നൽകിയ അറിവിനെക്കുറിച്ചാണ്. (അദ്ദേഹത്തിന് നാം തത്ത്വജ്ഞാനം നൽകി) പ്രവാചകത്വവും മഹത്തായ അറിവും. (തീർപ്പ് കൽപിക്കുവാൻ വേണ്ടി സംസാരവൈഭവവും) ജനങ്ങൾക്കിടയിലെ തർക്കങ്ങളിൽ.

21). ജനങ്ങൾക്കിടയിലെ തർക്കങ്ങളിൽ തീർപ്പുകൽപിക്കാനുള്ള കഴിവ് ദാവൂദ് നബി(അ)ക്ക് നൽകിയതിനെക്കുറിച്ച് പറയുന്നു. അതിലദ്ദേഹം പ്രസിദ്ധനും ആളുകൾ അന്വേഷിച്ചു വരുന്നവനുമായിരുന്നു. ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ അടുക്കൽവന്ന രണ്ട് താർക്കികന്മാരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ദാവൂദ് നബിക്ക്(അ) പരീക്ഷണമായി അല്ലാഹു നിശ്ചയിച്ചതായിരുന്നു അത്. അദ്ദേഹത്തിന് സംഭവിച്ച ഒരു പിഴവ് ബോധ്യപ്പെടുത്താൻ വേണ്ടി അല്ലാഹു നിശ്ചയിച്ചതാണിത്. അതിൽ അല്ലാഹുഅദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്തു. തന്റെ പ്രവാചകൻ മുഹമ്മദ് നബിﷺയോട് അല്ലാഹു ഇക്കാര്യം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ (വഴക്കുകൂടുന്ന കക്ഷികളുടെ വർത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ?) തീർച്ചയായും അത് വിസ്മയകരം തന്നെ. (മതിൽ കയറിച്ചെന്ന സന്ദർഭം) ദാവൂദ് നബിയുടെ അടുക്കൽ. (പ്രാർഥനാ മണ്ഡപത്തിന്റെ) അദ്ദേഹം ആരാധന നടത്തുന്ന സ്ഥലത്ത് സമ്മതമോ അനുവാദമോ ഇല്ലാതെ. വാതിലിലൂടെയല്ല അവർ പ്രവേശിച്ചത്.

22). ഈ രൂപത്തിൽ കടന്നുചെന്നപ്പോൾ അദ്ദേഹം അവരെ കണ്ടുപേടിച്ചു. അപ്പോൾ അവർ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾ (രണ്ട് എതിർകക്ഷികൾ) നീ ഭയപ്പെടേണ്ട. (ഞങ്ങളിൽ ഒരുകക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു) അക്രമം. (അതിനാൽ ഞങ്ങൾക്കിടയിൽ താങ്കൾ വിധികൽപിക്കണം) ന്യായപ്രകാരം. ഒരാളുടെ പക്ഷം പിടിക്കരുത്. (താങ്കൾ നീതികേട് കാണിക്കരുത്; ഞങ്ങൾക്ക് നേരായ പാതയിലേക്ക് താങ്കൾ വഴികാണിക്കണം).

ഇതിൽനിന്ന് മനസ്സിലാകുന്നത്, ആ എതിർ കക്ഷികളെക്കുറിച്ച് അദ്ദേഹം ധരിച്ചത് അവരുടെ ഉദ്ദേശ്യം സത്യം വ്യക്തമാകാനാണെന്നാണ്. അങ്ങനെയായിരുന്നങ്കിൽ അവർ കാര്യങ്ങൾ വ്യക്തമായി അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. അവരുടെ സംസാരത്തോട് അദ്ദേഹം വിമുഖത കാണിച്ചിട്ടില്ല. വിസമ്മതിച്ചിട്ടുമില്ല.