സൂറ: സ്വാഫ്ഫാത്ത്, ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

അധ്യായം: 37, ഭാഗം 05 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

عَلَىٰ سُرُرٍۢ مُّتَقَـٰبِلِينَ (٤٤) يُطَافُ عَلَيْهِم بِكَأْسٍۢ مِّن مَّعِينٍۭ (٤٥) بَيْضَآءَ لَذَّةٍۢ لِّلشَّـٰرِبِينَ (٤٦) لَا فِيهَا غَوْلٌۭ وَلَا هُمْ عَنْهَا يُنزَفُونَ (٤٧) وَعِندَهُمْ قَـٰصِرَٰتُ ٱلطَّرْفِ عِينٌۭ (٤٨) كَأَنَّهُنَّ بَيْضٌۭ مَّكْنُونٌۭ (٤٩) فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍۢ يَتَسَآءَلُونَ (٥٠) قَالَ قَآئِلٌۭ مِّنْهُمْ إِنِّى كَانَ لِى قَرِينٌۭ (٥١) يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ (٥٢) أَءِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَـٰمًا أَءِنَّا لَمَدِينُونَ (٥٣) قَالَ هَلْ أَنتُم مُّطَّلِعُونَ (٥٤)

44. അവർ ചില കട്ടിലുകളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.

45. ഒരുതരം ഉറവുജലം നിറച്ച കോപ്പകൾ അവരുടെ ചുറ്റും കൊണ്ടുനടക്കപ്പെടും.

46. വെളുത്തതും കുടിക്കുന്നവർക്ക് ഹൃദ്യവുമായ പാനീയം.

47. അതിൽ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവർക്ക് ലഹരി ബാധിക്കുകയുമില്ല.

48. ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകൾ അവരുടെ അടുത്ത് ഉണ്ടായിരിക്കും.

49. സൂക്ഷിച്ചുവെക്കപ്പെട്ട മുട്ടകൾപോലെയിരിക്കും അവർ.

50. ആ സ്വർഗവാസികളിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞുകൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും.

51. അവരിൽനിന്ന് ഒരു വക്താവ് പറയും: തീർച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു.

52. അവൻ പറയുമായിരുന്നു; തീർച്ചയായും നീ (പരലോകത്തിൽ) വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ തന്നെ യാണോ?

53. നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാലും നമുക്ക് നമ്മുടെ കർമഫലങ്ങൾ നൽകപ്പെടുന്നതാണോ?

54. തുടർന്ന് ആ വക്താവ് (കൂടെയുള്ളവരോട്) പറയും: നിങ്ങൾ (ആ കൂട്ടുകാരനെ) എത്തിനോക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?

44. തങ്ങളുടെ രക്ഷിതാവിന്റെയടുക്കൽ അവർക്കുള്ള ആദരവിനെയും അവർ തമ്മിലുള്ള പരസ്പര ബഹുമാനത്തെയും സൂചിപ്പിക്കുന്നു.(കട്ടിലുകളിൽ) ഉന്നത ഇരിപ്പിടങ്ങളാണത്. എല്ലാത്തരം നല്ലതും മനോഹരവുമായ വസ്ത്രങ്ങൾകൊണ്ട് അലങ്കരിച്ച ഉയർന്ന ഇരിപ്പിടങ്ങൾ. ആശ്വാസവും ശാന്തതയും സന്തോഷവും പ്രതിഫലിപ്പിക്കുന്ന വിധത്തിൽ അവർ ആ കട്ടിലിൽ ചാരിക്കിടക്കും. (പരസ്പരം അഭിമുഖമായി) അന്യോന്യം സംഗമിച്ചതിൽ അവർ സന്തോഷത്തിലായിരിക്കും. മുഖം നേർക്കുനേരെയാകുന്നത് ഹൃദയ ബ ന്ധത്തെ സൂചിപ്പിക്കുന്നു; തിരിഞ്ഞിരിക്കാതിരിക്കുന്നതിലുള്ള മര്യാദയും. മാത്രമല്ല, പരിപൂർണ സന്തോഷവും പരസ്പര മര്യാദയും.

45. (ഒരുതരം ഉറവുജലം നിറച്ച കോപ്പകൾ അവരുടെ ചുറ്റും കൊണ്ടുനടക്കപ്പെടും) അതായത്, അവർക്ക് സേവനം ചെയ്യാൻ സന്നദ്ധരായ ആൺകുട്ടികൾ. രുചികരമായ പാനീയം നിറച്ച കോപ്പകളുമായി ചുറ്റിനടക്കും. കസ്തൂരികൊണ്ട് സീൽ ചെയ്യപ്പെട്ട മദ്യപ്പാത്രങ്ങൾ.

46. ഈ ലോകത്തിലെ മദ്യത്തിൽനിന്ന് തീർത്തും വ്യത്യസ്തമായിരിക്കും അത്. നിറത്തിൽ (വെളുത്തത്) ഏറ്റവും മികച്ച നിറങ്ങളിൽ ഒന്നാണത്. രുചിയിൽ (കുടിക്കുന്നവർക്ക് ഹൃദ്യമായ പാനീയം) അത് കുടിക്കുന്നവൻ അത് കുടിക്കുമ്പോഴും ശേഷവും അത് ആസ്വദിക്കും.

47. അത് സുരക്ഷിത പാനീയമാണ്. (അതിൽ യാതൊരു ദോഷവുമില്ല) ബുദ്ധിക്ക് ദോഷം വരുത്തുന്നതോ അതിനെ നഷ്ടപ്പെടുത്തുന്നതോ ആയ ഒന്നും അതിലില്ല. അത് മത്ത് പിടിപ്പിക്കില്ല. തലവേദനയോ ഉന്മേഷക്കുറവോ ഉണ്ടാക്കില്ല. സ്വർഗത്തിൽ അവർക്ക് ലഭിക്കുന്ന ഭക്ഷണം, പാനീയം, ഒത്തുചേരലുകൾ, സുഖഭോഗങ്ങൾ എല്ലാംതന്നെ (സൗഭാഗ്യത്തിന്റെ സ്വർഗത്തോപ്പുകൾ) എന്ന പദപ്രയോഗത്തിൽ ഉൾപ്പെടും.

48. എന്നാലും അല്ലാഹു ഇത് വിശദീകരിക്കുന്നത് മനസ്സുകൾ അറിയുകയും ആഗ്രഹിക്കുകയും ചെയ്യാനാണ്. തുടർന്ന് അല്ലാഹു അവരുടെ ഇണകളെക്കുറിച്ച് പറയുന്നു: (ദൃഷ്ടികൾ നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകൾ അവരുടെ അടുക്കൽ ഉണ്ടായിരിക്കും) അതായത് സ്വർഗക്കാർക്കൊപ്പം വലിയ മനോഹരമായ കണ്ണുകളുള്ള സൗന്ദര്യത്തിന്റെ ഉന്നതിയിലെത്തിയവർ, അവർ അവരുടെ നോട്ടം നിയന്ത്രിക്കുന്നു. ഇതിന്റെ അർഥം, ഒന്നുകിൽ സുന്ദരിയും നിർമലയുമായ ഈ സ്ത്രീ തന്റെ നോട്ടം നിയന്ത്രിക്കുകയും ഭർത്താവിനെ മാത്രം നോക്കുകയും ചെയ്യുന്നു. അവളുടെ പവിത്രത കാരണം ഭർത്താവിനെ മറികടന്ന് മറ്റാരെയും നോക്കുന്നില്ല. കൂടാതെ ഭർത്താവിന്റെ പൂർണതയും സൗന്ദര്യവും കാരണം അവനെയല്ലാതെ മറ്റാരെയും അവൾ സ്വർഗത്തിൽ ആഗ്രഹിക്കുന്നില്ല. ദൃഷ്ടി ചുരുക്കുക എന്നതിനെ അവന്റെ മനസ്സും സ്‌നേഹവും അവർക്ക് മാത്രമാണെന്നും വ്യാഖ്യാനിക്കാം. രണ്ടർഥവും ശരിയാണ്.

ഇതെല്ലാം സ്വർഗത്തിലെ സ്ത്രീപുരുഷന്മാരുടെ സൗന്ദര്യത്തെയും അവരുടെ പരസ്പര സ്‌നേഹത്തെയും സൂചിപ്പിക്കുന്നു. ആരും മറ്റൊരാളെ ആഗ്രഹിക്കുന്നില്ല. അവരെല്ലാം അങ്ങേയറ്റത്തെ പവിത്രയുള്ളവരായിരിക്കും എന്നു മനസ്സിലാക്കാം. അസൂയയോ നീരസമോ പകയോ അവർക്കിടയിലില്ല. കാരണം അതിനുള്ള സാഹചര്യങ്ങൾ അവിടെയില്ല.

(വിശാലമായ കണ്ണുകൾ) വലിയ മനോഹരമായ കണ്ണുകൾ എന്ന് പറഞ്ഞത് കണ്ണിന്റെ ഭംഗിയെയും അതിന്റെ മനോഹരമായ ആകൃതിയെയും സൂചിപ്പിക്കുന്നു.

49. (അവർ ആയിരിക്കുന്നത് പോലെയുണ്ട്) സ്വർഗസുന്ദരികൾ. (സൂക്ഷിച്ചുവെക്കപ്പെട്ട മുട്ടകൾ പോലെയായിരിക്കും) ഇത് മറച്ചുവെക്കപ്പെട്ട അവരുടെ സൗന്ദര്യം, തെളിമ, മനോഹരവർണം, കലർപ്പില്ലാത്ത തിളക്കം എന്നിവയെ സൂചിപ്പിക്കുന്നു.

50-53. ഭക്ഷണ പാനീയങ്ങൾ, സുന്ദരികളായ ഇണകൾ, ഇരിപ്പിടങ്ങൾ, അവരുടെ സന്തോഷം എന്നിവയെക്കുറിച്ചും, കഴിഞ്ഞകാലത്തെക്കുറിച്ച് അവർ പസ്പരം എങ്ങനെ സംസാരിക്കും, അന്വേഷണങ്ങൾ നടത്തും എന്നതിനെക്കുറിച്ചും പറഞ്ഞശേഷം അല്ലാഹു പറയുന്നത് അവിടെ വെച്ച് ഒരാൾ നടത്തുന്ന സംഭാഷണമാണ്.

ഉയിർത്തെഴുന്നേൽപിനെ നിഷേധിക്കുകയും അതിൽ വിശ്വസിച്ചതിന് എന്നെ വിമർശിക്കുകയും ചെയ്ത ഒരു സുഹൃത്ത് എനിക്ക് ഈ ലോകത്ത് ഉണ്ടായിരുന്നു. അവൻ എന്നോട് പറയാറുണ്ടായിരുന്നു: (തീർച്ചയായും നീ പരലോകത്തിൽ വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ തന്നെയാണോ? നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാലും നമുക്ക് നമ്മുടെ കർമഫലങ്ങൾ നൽകപ്പെടുന്നതാണോ?) അതായത് നമ്മുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമോ?

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, (ഈ അവിശ്വാസിയായ സുഹൃത്ത് ചോദിച്ചു:) വളരെ വിചിത്രമായ അത്തരമൊരു വിദൂര സങ്കൽപം നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?

നമ്മൾ ശിഥിലമാക്കപ്പെടുകയും മണ്ണും അസ്ഥിയും ആയിത്തീരുകയും ചെയ്താൽ നാം ഉയിർത്തെ ഴുന്നേൽപിക്കപ്പെടുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരപ്പെടുകയും നമ്മുടെ പ്രവൃത്തികൾ കണക്കിലെടുത്ത് പ്രതിഫലം നൽകപ്പെടുകയും ചെയ്യുകയോ?

സ്വർഗക്കാരൻ തന്റെ സഹോദരനോട് പറയും: ഇതാണെന്റെ കഥ. ഇതാണ് എനിക്കും എന്റെ സുഹൃത്തിനും സംഭവിച്ചത്. ഞാൻ ഒരു യഥാർഥ വിശ്വാസിയായിരുന്നു. അതേസമയം, അദ്ദേഹം പുനരുത്ഥാനത്തിൽ അവിശ്വസിക്കുകയും മരിക്കുന്നതുവരെ അതിനെ നിഷേധിക്കുകയും ചെയ്തു. പിന്നീട് ഞങ്ങൾ ഉയിർത്തെഴുന്നേറ്റ് വന്നു. ദൂതന്മാർ ഞങ്ങളോട് പറഞ്ഞ സ്വർഗത്തിലെത്തി. സംശയമില്ല, അവൻ നരകത്തിലും.

54. (തുടർന്ന് ആ വക്താവ് പറയും: നിങ്ങൾ - ആ കൂട്ടുകാരനെ എത്തിനോക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?) അവന് എന്തു സംഭവിച്ചു എന്ന് നോക്കുന്നത് നാം ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തോടൊപ്പം വീണ്ടും സന്തോഷം വർധിപ്പിക്കും; അത് നമ്മുടെ സ്വന്തം കണ്ണുകൾകൊണ്ട് കാണുമ്പോൾ.