സൂറ: ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2024 ആഗസ്റ്റ് 03, 1446 മുഹർറം 28
അധ്യായം: 35, ഭാഗം 01 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
1. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതൻമാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയിൽ താൻ ഉദ്ദേശിക്കുന്നത് അവൻ അധികമാക്കുന്നു. തീർച്ചയായും അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
2. അല്ലാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്നപക്ഷം അത് പിടിച്ചു വെക്കാനാരുമില്ല. അവൻ വല്ലതും പിടിച്ചുവെക്കുന്നപക്ഷം അതിനുശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും.
3. മനുഷ്യരേ, അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം നിങ്ങൾ ഓർമിക്കുക. ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങ ൾക്ക് ഉപജീവനം നൽകാൻ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോൾ നിങ്ങൾ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?
4. അവർ നിന്നെ നിഷേധിച്ചുതള്ളുകയാണെങ്കിൽ നിനക്ക് മുമ്പും ദൂതൻമാർ നിഷേധിച്ചു തള്ളപ്പെട്ടിട്ടുണ്ട്. അല്ലാഹുവിങ്കലേക്കാണ് കാര്യങ്ങൾ മടക്കപ്പെടുന്നത്.
5. മനുഷ്യരേ, തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.
6. തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാൽ അവനെ നിങ്ങൾ ശത്രുവായിത്തന്നെ ഗണിക്കുക. അവൻ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവർ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാൻ വേണ്ടി മാത്രമാണ്.
7. അവിശ്വസിച്ചവരാരോ അവർക്കു കഠിനശിക്ഷയുണ്ട്. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്.
8. എന്നാൽ തന്റെ ദുഷ്പ്രവൃത്തികൾ അലംകൃതമായി തോന്നിക്കപ്പെടുകയും അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ? അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നതാണ്. അതിനാൽ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്റെ പ്രാണൻ പോകാതിരിക്കട്ടെ. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.
9. അല്ലാഹുവാണ് കാറ്റുകളെ അയച്ചവൻ. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിർജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും അതുമുഖേന ഭൂമിയെ അതിന്റെ നിർജീവാവസ്ഥയ്ക്കുശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെതന്നെയാകുന്നു ഉയിർത്തെഴുന്നേൽപ്.
10. ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കിൽ പ്രതാപമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു. അവങ്കലേക്കാണ് ഉത്തമ വചനങ്ങൾ കയറിപ്പോകുന്നത്. നല്ല പ്രവർത്തനത്തെ അവൻ ഉയർത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങൾ പ്രയോഗിക്കുന്നതാരോ അവർക്ക് കഠിനശിക്ഷയുണ്ട്. അത്തരക്കാരുടെ തന്ത്രം നാശമടയുകതന്നെ ചെയ്യും.

(1). ആകാശഭൂമികെളയും അതിലുള്ള സർവ സൃഷ്ടികളെയും സൃഷ്ടിച്ചവനെന്ന നിലയിൽ സ്വയം സ്തുതിക്കുകയാണ് അല്ലാഹു ഇവിടെ. കാരണം, അവന്റെ കഴിവിന്റെ പൂർണതയും അധികാരത്തിന്റെ വിശാലതയും കാരുണ്യത്തിന്റെ സമഗ്രതയും. അവന്റെ അറിവിന്റെ ആഴം എന്നതിനുള്ള തെളിവാണ് ഈ സൃഷ്ടിപ്പ്. സൃഷ്ടിയെക്കുറിച്ച് പറഞ്ഞശേഷം മലക്കുകളെ കുറിച്ച് പറയുന്നു: (മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവൻ) അതായത്, തന്റെ നിശ്ചയങ്ങൾ നടപ്പിലാക്കാനും തനിക്കും സൃഷ്ടികൾക്കുമിടയിൽ ഇടനിലക്കാരനാകാനും മതപരമായ കാര്യങ്ങൾ എത്തിച്ചുകൊടുക്കാനുമുള്ളവരായി. ആരെയും ഒഴിവാക്കാതെ എല്ലാ മലക്കുകളെയും ദൂതന്മാരാക്കി എന്നാണ് പറഞ്ഞത്. അവരെല്ലാം തന്റെ രക്ഷിതാവിന് കാണിക്കുന്ന അനുസരണത്തിനും വിധേയത്വത്തിനുമുള്ള തെളിവാണത്.
അവരെക്കുറിച്ച് അല്ലാഹു പറയുന്നു:
لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (٦)
“അവർ അല്ലാഹുവിന്റെ കൽപനകൾക്ക് എതിരു പ്രവർത്തിക്കുന്നില്ല. കൽപിക്കപ്പെട്ടത് പ്രവർത്തിക്കുകയും ചെയ്യുന്നു’’ (66:6).
അല്ലാഹു മലക്കുകൾക്ക് നിശ്ചയിച്ചുകൊടുത്ത കാര്യങ്ങൾ അവെൻറ അനുവാദപ്രകാരം അവർ കൈകാര്യം ചെയ്യുന്നു.അതിനുള്ള അവരുടെ കഴിവും സഞ്ചാരവേഗതയും പരാമർശിക്കുന്നു. (ചിറകുകളുള്ള മലക്കുകളെ) അവരോട് കൽപിക്കപ്പെട്ടത് നടപ്പിലാക്കാൻ വേഗത്തിൽ പറന്നുപോകാൻ.
(രണ്ടും മൂന്നും നാലും) അവരിൽ രണ്ട് ചിറകുകളുള്ളവരുണ്ട്. മൂന്നും നാലും ചിറകുകളുള്ളവരുമുണ്ട്. അത് അവന്റെ യുക്തിക്കനുസരിച്ച് അവൻ നൽകുന്നു. (സൃഷ്ടിയിൽ താൻ ഉദ്ദേശിക്കുന്നത് അവൻ അധികമാക്കുന്നു) ചിലരുടെ ആകൃതി, ശക്തി, സൗന്ദര്യം, അധിക കഴിവുകൾ, ശബ്ദഭംഗി, രാഗാത്മകത എന്നിവ ചിലർക്ക് ചിലരെക്കാൾ നൽകുന്നു. (അല്ലാഹു ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു). അവൻ ഉദ്ദേശിക്കുന്നത് ചെയ്യാൻ അവന് കഴിവുണ്ട്. അവനോട് ആരും എതിര് നിൽക്കില്ല. അതിനാലവൻ ചിലർക്ക് ചിലരെക്കാൾ കൂടുതൽ നൽകുന്നു.
(2). നൽകാനും തടുക്കാനും നിയന്ത്രിക്കാനുമെല്ലാം അവൻ മാത്രമേയുള്ളൂ എന്നാണ് തുടർന്ന് പറയുന്നത്. (അല്ലാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്നപക്ഷം അത് പിടിച്ചുവെക്കാനാരുമില്ല. പിടിച്ചുവെക്കുന്നപക്ഷം) അവർക്കുള്ള അവന്റെ കാരുണ്യം. (അതിനുശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല). എല്ലാ കാര്യത്തിനും അവനില്ലാതെ പറ്റില്ലെന്നും അവനുമായി ബന്ധം നിർബന്ധമാണെന്നും ഉദ്ദേശ്യം. അവനല്ലാതെ ആരെയും വിളിക്കാതിരിക്കാനും ഭയപ്പെടാതിരിക്കാനും അവനിൽ മാത്രം പ്രതീക്ഷയർപ്പിക്കാനും. (അവനത്രെ പ്രതാപിയും യുക്തിമാനും) എല്ലാ കാര്യങ്ങളെയും അടക്കിഭരിക്കുന്നവൻ. (യുക്തിമാൻ) കാര്യങ്ങളെല്ലാം അതതിന്റെ സ്ഥാനത്ത് നിശ്ചയിക്കുന്നവൻ.
(3). ഇവിടെ അല്ലാഹു മനുഷ്യർക്ക് അവൻ ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ ഓർക്കാൻ നിർദേശിക്കുന്നു. വാക്കാൽ അവനെ സ്തുതിക്കുന്നതും ശരീരംകൊണ്ട് കീഴ്‌പ്പെടുന്നതും ഹൃദയംകൊണ്ട് അംഗീകരിക്കുന്നതും ആ സ്മരണയിൽ പെടും. അനുഗ്രഹങ്ങൾ ഓർക്കുന്നത് അവന് നന്ദി ചെയ്യാനുള്ള പ്രേരണയാണ്. അനുഗ്രഹങ്ങളുടെയെല്ലാം അടിസ്ഥാനമാണ് പിന്നീട് അവരെ ഉണർത്തുന്നത്, അത് സൃഷ്ടിപ്പും ഭക്ഷണവുമാണ്.
(ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപജീവനം നൽകാൻ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ?) എല്ലാവർക്കുമറിയാം, സൃഷ്ടിക്കാനും ഭക്ഷണം നൽകാനും അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന്. അതിൽനിന്ന് മനസ്സിലാകുന്ന മറ്റൊരു കാര്യം അത് അവന്റെ ആരാധ്യതയ്ക്കും ദൈവികതക്കുമുള്ള തെളിവ് കൂടിയാണെന്നാണ്. (അവനല്ലാതെ യാതൊരു ദൈവവുമില്ല) അപ്പോൾ നിങ്ങൾ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?-സ്രഷ്ടാവും അന്നദാതാവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽനിന്നും സൃഷ്ടികളും ഭക്ഷിപ്പിക്കപ്പെടുന്നവരുമായ പടപ്പുകളിലേക്ക്.
(4). (അവർ നിന്നെ നിഷേധിച്ചുതള്ളുകയാണെങ്കിൽ) ഓ, പ്രവാചകരേ! ഇത് താങ്കൾക്ക് മുമ്പുള്ള പ്രവാചകന്മാരും നേരിട്ടതാണ്. (നിനക്ക് മുമ്പും ദൂതന്മാർ നിഷേധിച്ചുതള്ളപ്പെട്ടിട്ടുണ്ട്. അപ്പോൾ കളവാക്കിയവർ നശിപ്പിക്കപ്പെട്ടു. പ്രവാചകന്മാരെയും അനുയായികളെയും അല്ലാഹു രക്ഷപ്പെടുത്തി. (അല്ലാഹുവിലേക്കാണ് കാര്യങ്ങൾ മടക്കപ്പെടുന്നത്).
(5,6). അല്ലാഹു പറയുന്നു: (തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു) ഉയിർത്തെഴുന്നേൽക്കുമെന്നതും പ്രവർത്തനങ്ങൾക്ക് പ്രതിഫലമുണ്ടെന്നതും. (സത്യമാകുന്നു) അതായത്, അതിൽ യാതൊരു സംശയമോ സന്ദേഹമോ ഇല്ല. കേട്ടറിയുന്നതും ബുദ്ധിപരമായതുമായ തെളിവുകൾ അതിനുണ്ട്. അവന്റെ കരാർ സത്യമാണെങ്കിൽ അതിനു വേണ്ടി ഒരുങ്ങുക. പരിശുദ്ധമായ സമയങ്ങളിൽ സൽപ്രവർത്തനത്താൽ മുന്നേറുക. അതിൽനിന്ന് ഒന്നും നിങ്ങളെ തടസ്സപ്പെടുത്താതിരിക്കട്ടെ. (ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ) അതിന്റെ ശാരീരികമായ ഇഷ്ടങ്ങളും ദേഹേച്ഛയും ആസ്വാദനങ്ങളും. നിങ്ങൾ സൃഷ്ടിക്കപ്പെട്ടതിന്റെ ലക്ഷ്യത്തിൽനിന്ന് അശ്രദ്ധനാക്കും. (പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ) ആ വഞ്ചകൻ. (പിശാച്) അവൻ (നിങ്ങളുടെ ശത്രുവാകുന്നു). ശരിക്കും (അവനെ നിങ്ങൾ ശത്രുവായി സ്വീകരിക്കുക). അവനോട് ഏറ്റമുട്ടുന്നതിനെ ഒരു സമയത്തും അവഗണിക്കരുത്. കാരണം, നിങ്ങൾ അവനെ കാണുന്നില്ലെങ്കിലും അവൻ നിങ്ങളെ കാണുന്നു. അവൻ എപ്പോഴും നിങ്ങൾക്കായി കാത്തിരിക്കുന്നു. (അവൻ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവർ നരകക്കാരായിരിക്കാൻ വേണ്ടി മാത്രമാണ്) ഇതാണവന്റെ ലക്ഷ്യം. അവനെ പിൻപറ്റുന്നവരെ കഠിനമായ ശിക്ഷ വാങ്ങിക്കൊടുത്ത് അപമാനിക്കാൻ അവൻ ശ്രമിക്കുന്നു.
(7) പിശാചിനെ അനുസരിക്കുന്നുണ്ടോ ഇല്ലയോ എന്നതനുസരിച്ച് ആളുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു എന്ന് അല്ലാഹു പറയുന്നു. ആ രണ്ട് വിഭാഗത്തിന്റെയും പ്രതിഫലവും അവൻ പറയുന്നുണ്ട്.
(സത്യനിഷേധികൾ) വേദഗ്രന്ഥങ്ങൾ പറയുന്നതും പ്രവാചകന്മാർ കൊണ്ടുവന്നതും നിഷേധിക്കുന്നവർ. (അവർക്ക് കഠിനശിക്ഷയുണ്ട്) നരകത്തിൽ. അത് കഠിനമാണ്. അവർ അതിൽ എന്നെന്നും വസിക്കും. (വിശ്വസിച്ചവർ) പൂർണഹൃദയത്തോടെ അല്ലാഹുവിൽ വിശ്വസിക്കുന്നവർ. (സൽക്കർമം പ്രവർത്തിക്കുകയും) ആ വിശ്വാസത്തിന്റെ താൽപര്യമനുസരിച്ചുള്ള ശാരീരിക പ്രവർത്തനങ്ങൾ. (അവർക്കുണ്ട്) അവരുടെ പാപങ്ങൾ പരിഹരിക്കപ്പെടും. അതിന്റെ ഫലമായി അനിഷ്ടകരമായ കാര്യങ്ങളും പ്രയാസങ്ങളും ഇല്ലാതാകും. (വലിയ പ്രതിഫലം) അതിലൂടെ ആഗ്രഹിക്കുന്നത് അവർ നേടിയെടുക്കും.
(8). അല്ലാഹു പറയുന്നു: (എന്നാൽ തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെടുകയും) ചീത്ത പ്രവൃത്തി പിശാച് അവന് മനോഹരമായി കാണിച്ചുകൊടുക്കുന്നു. അവന്റെ കണ്ണിൽ നല്ലതായി തോന്നിപ്പിക്കുന്നു. (അങ്ങനെ അത് വലുതായി കാണുകയും) അല്ലാഹു നേരായമാർഗം കാണിച്ചുകൊടുക്കുകയും ശരിയായ മതത്തിൽ എത്തിക്കുകയും ചെയ്തവനെ പോലെയാണോ അവൻ? ഇത് രണ്ടും തുല്യമാണോ? ആദ്യത്തേതിൽ ചീത്ത പ്രവർത്തിക്കുന്നു. സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും കാണുന്നു. രണ്ടാമത്തേത്, നല്ലത് പ്രവർത്തിക്കുകയും സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും കാണുന്നു. എന്നാൽ നേർമാർഗത്തിലാക്കലും വഴികേടിലാക്കലുമെല്ലാം അല്ലാഹുവിന്റെ കൈകളിലാണ്. (അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ വഴിപിഴവിലാക്കുകയും താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നതാണ്. അതിനാൽ അവരുടെ കാര്യത്തിൽ നിന്റെ പ്രാണൻ പോകാതിരിക്കട്ടെ). ചീത്ത പ്രവർത്തികൾ നല്ലതായി തോന്നി വഴിപിഴച്ചവരുടെ കാര്യത്തിൽ അവരെ പിശാച് സത്യത്തിൽ നിന്ന് തെറ്റിച്ചു. (കൊടും ഖേദം നിമിത്തം) എത്തിച്ചുകൊടുക്കൽ മാത്രമാണ് നിനക്ക് ബാധ്യത. അവരെ നേർമാർഗത്തിലാക്കാൻ നിനക്ക് ബാധ്യതയില്ല. അല്ലാഹുവാണ് അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നത്. (അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു).
(9) ഇവിടെ അല്ലാഹു തന്റെ പരിപൂർണ ശക്തിയെക്കുറിച്ചും അപാരമായ ഔദാര്യത്തെക്കുറിച്ചും പറയുന്നു. (കാറ്റുകളെ അയച്ചവൻ, അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിർജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു). എന്നിട്ട് അല്ലാഹു അതിന്റെ മേൽ മഴ വർഷിപ്പിക്കുന്നു. (അത് മുഖേന ഭൂമിയെ അതിന്റെ നിർജീവാവസ്ഥയ്ക്കുശേഷം നാം സജീവമാക്കുകയും ചെയ്യുന്നു) നാടുകളും ആളുകളും ജീവൻ കൈവരിച്ചു. മൃഗങ്ങൾക്ക് ഭക്ഷണമായി. ആ നന്മകളിൽ മേയാൻ അവയ്ക്ക് കഴിഞ്ഞു. (അപ്രകാരം ആയിരിക്കും പുനരുത്ഥാനം) ഭൂമിയുടെ മരണശേഷം അതിന് ജീവൻ നൽകുന്നവൻ മണ്ണായി മാറിയശേഷം അവരുടെ ക്വബ്‌റുകളിൽനിന്ന് അവരെ പുനർജീവിപ്പിക്കും. നിർജീവ ഭൂമിയിലേക്ക് മഴയെത്തിയതു പോലെ അവരിലേക്കും മഴയെത്തിക്കും. അത് അവരുടെ മേൽ പെയ്തിറങ്ങും. അപ്പോൾ ശരീരങ്ങളും ആത്മാക്കളും ക്വബ്‌റുകളിൽനിന്ന് ജീവൻ കൈവരിച്ച് വരും. അതായിരിക്കും (ഉയിർത്തെഴുന്നേൽപ്). അവർക്കിടയിൽ വിധിക്കാനും അവന്റെ നീതിപൂർണമായ തീർപ്പ് കൽപിക്കാനുമായി അല്ലാഹുവിന്റെ മുമ്പിൽ നിൽക്കാൻ അവർ വരും.
(10). അതായത്, ആരാണ് പ്രതാപം ആഗ്രഹിക്കുന്നത്; അതുള്ളവന്റെ കൈയിൽ അന്വേഷിക്കട്ടെ. പ്രതാപം അല്ലാഹുവിന്റെ കൈകളിലാണ്. അത് അവനെ അനുസരിക്കാതെ ലഭിക്കില്ല. അതാണ് അല്ലാഹു പറഞ്ഞത്: (അവങ്കലേക്കാണ് ഉത്തമ വചനങ്ങൾ കയറിപ്പോകുന്നത്) പാരായണം, പ്രകീർത്തനം, അൽഹംദുലില്ലാഹ്, ലാഇലാഹ് ഇല്ലല്ലാഹ് എന്നതു മാത്രമല്ല, എല്ലാ നല്ല വാക്കും അല്ലാഹുവിലേക്ക് ഉയരും. അവന്റെയടുക്കൽ പ്രദർശിപ്പിക്കും. ഉന്നതലോകത്തെ ആളുകൾക്കിടയിൽ അത് ചെയ്തവനെ പുകഴ്ത്തുന്നു.
(നല്ല പ്രവൃത്തികൾ) ഹൃദയത്തിന്റെയും ശരീരത്തിന്റെയും പ്രവർത്തനങ്ങൾ. (അവൻ ഉയർത്തുകയും ചെയ്യുന്നു) നല്ല വാക്കുകൾ അല്ലാഹു അവനിലേക്ക് ഉയർത്തുന്നു. മറ്റൊരഭിപ്രായം, സൽപ്രവൃത്തി നല്ല വാക്കിനെ ഉയർത്തുന്നു. ഒരു ദാസന്റെ നല്ല പ്രവൃത്തിക്കനുസരിച്ചാണ് അവന്റെ നല്ല വാക്കുകളെ അവൻ ഉയർത്തുന്നത്. അവന് നല്ല പ്രവൃത്തികളില്ലെങ്കിൽ അവന്റെ വാക്ക് അല്ലാഹുവിലേക്ക് ഉയർത്തപ്പെടുകയില്ല.
അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന ഈ പ്രവർത്തനങ്ങൾ അത് ചെയ്തവനെയും ഉയർത്തുന്നു. അവനെ പ്രതാപത്തിലെത്തിക്കുന്നു. ചീത്ത പ്രവർത്തനങ്ങൾ ഇതിന് നേർ വിപരീതമായ ഫലമാണുണ്ടാക്കുന്നത്. അതു ചെയ്യുന്നവൻ ഉയർച്ച ആഗ്രഹിക്കുന്നു. അതിന് അവൻ തന്ത്രങ്ങൾ ഉപയോഗിക്കുന്നു. അവന് നിന്ദ്യതയും താഴ്ചയുമല്ലാതെ വർധിക്കുന്നില്ല.
അതാണ് അല്ലാഹു പറഞ്ഞത്: (അവങ്കലേക്കാണ് ഉത്തമ വചനങ്ങൾ കയറിപ്പോകുന്നത്. നല്ല പ്രവർത്തനത്തെ അവൻ ഉയർത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങൾ പ്രയോഗിക്കുന്നതാരോ അവർക്ക് കഠിന ശിക്ഷയുണ്ട്). അവർ അങ്ങേയറ്റം നിന്ദിക്കപ്പെടും. അങ്ങനെയുള്ളവരുടെ പദ്ധതികൾ നിഷ്ഫലമാകും. കാരണം അവ വ്യാജത്തെ അടിസ്ഥാനമാക്കിയുള്ളതും വ്യാജത്തിനുവേണ്ടി നിർമിച്ചതുമായ പദ്ധതികളാണ്.

