യുക്തി തൊട്ടുതീണ്ടാത്ത യുക്തിവാദികള്‍

പത്രാധിപർ

2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

വിശുദ്ധക്വുര്‍ആന്‍ ദൈവിക ഗ്രന്ഥമല്ലെന്നു ലോകത്തിനുമുന്നില്‍ തെളിയിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട് സംവാദത്തിനു വെല്ലുവിളിച്ച ഒരു മുസ്‌ലിംനാമധാരിയായ യുക്തിവാദിയും കൂട്ടാളികളും പരാജയത്തിന്റെ കൈപ്പുനീര്‍ കുടിച്ചതിന്റെ അസ്‌ക്യത ഇല്ലാതാക്കുവാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലരെയും കൂട്ടുപിടിച്ച് വാചകക്കസര്‍ത്തുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

വാസ്തവത്തില്‍ യുക്തിവാദികളുടെയെല്ലാം പൊതുസ്വഭാവമായി നാം കാണുന്നത് ഒരു മതത്തെയും മതപ്രമാണങ്ങളില്‍നിന്ന് അവര്‍ മനസ്സിലാക്കുന്നില്ല എന്നതാണ്. മതത്തെ വിമര്‍ശിച്ച് പലരും എഴുതിയ വികലമായ ആശയങ്ങളാണ് അവര്‍ മിക്കവാറും അവലംബിക്കാറുള്ളത്. ഇസ്‌ലാമിനെ വിമര്‍ശിക്കുവാന്‍ ക്രൈസ്തവ സാഹിത്യങ്ങളെയും സംഘപരിവാര്‍ സാഹിത്യങ്ങെളയും ആശ്രയിക്കുന്ന വിധത്തില്‍ യുക്തിവാദികളുടെ മതപഠനം തലതിരിഞ്ഞിരിക്കുന്നു എന്നു പറയാം. മതവിമര്‍ശനത്തില്‍ മൂല്യാധിഷ്ഠിതമായ മാനദണ്ഡങ്ങളെക്കുറിച്ച് യുക്തിവാദികള്‍ ചിന്തിക്കുന്നില്ല. (യുക്തിവാദത്തിന്റെ ദൃഷ്ടിയില്‍ എന്താണ് മൂല്യമെന്നത് വേറെ വിഷയം). മതത്തോടുള്ള നിസ്സംഗതയും അവഗണനയും മുന്‍ധാരണയുമൊക്കെ അതൊരു ഗൗരവതരമായ പഠനവിഷയമേ അല്ല എന്നു ചിന്തിക്കുവാന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നുണ്ടാകാം. അതുകൊണ്ടുതന്നെ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ പഠിക്കാന്‍ ശ്രമിക്കാതെ, വിമര്‍ശിക്കുവാന്‍ പറ്റിയ ആശയങ്ങളും വചനങ്ങളും മാത്രം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. അതിനു പറ്റിയത് വിമര്‍ശകരുടെ കൃതികളാണല്ലോ.

ഏതെങ്കിലും ഒരു മതത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തി ആ മതത്തെ ഒരു വിഷയത്തില്‍ ഒന്നാമതായി പരിഗണിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ഥം അയാള്‍ ആ മതവും താനുമായുള്ള ബന്ധം അംഗീകരിക്കുന്നു എന്നാണല്ലോ. ഒരു മതപശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തി യുക്തിവാദിയായി മാറുകയും വിമര്‍ശിക്കുന്നതില്‍ ഒന്നാമതായി ആ മതത്തെതന്നെ തിരഞ്ഞെടുക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന്റെ അര്‍ഥം യുക്തിവാദിക്ക് ഒരു മതമുണ്ട് എന്ന് ഭാഗികമായി സമ്മതിക്കലല്ലേ?

തനിക്കൊരു മതമുണ്ട്; ആ മതത്തെ താന്‍ നിര്‍ബന്ധപൂര്‍വം അവഗണിക്കുകയാണ്, വിമര്‍ശിക്കുകയാണ്, തന്റെ മതത്തെ താന്‍ അംഗീകരിക്കുന്നേയില്ല എന്ന് വാദിക്കുന്ന യുക്തിവാദി, താന്‍ 'എക്‌സ് മുസ്‌ലിം' ആണ് എന്ന് പ്രത്യേകം വിളിച്ചുപറയുന്നതിനെക്കാള്‍ അപഹാസ്യമായി മറ്റെന്തുണ്ട്!

യുക്തിവാദികളുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ യുക്തിപരമല്ലാതാവുകയും അവയെ മറ്റുപല താല്‍പര്യങ്ങളും സ്വാധീനിക്കുകയും ചെയ്യുന്നു എന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മതവിമര്‍ശനത്തിലെ നിഷ്പക്ഷതയും ആധികാരികതയും ഉപേക്ഷിക്കുകയും പക്ഷപാതിത്തം പുലര്‍ത്തുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇസ്‌ലാംമതത്തെ മാത്രം വിമര്‍ശിക്കുകയും സംഘപരിവാരങ്ങളോട് ഓരംചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു എന്നതാണ് യുക്തിവാദികള്‍; വിശിഷ്യാ എക്‌സ് മുസ്‌ലിം യുക്തിവാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

സ്വതന്ത്രചിന്തയും ബുദ്ധിപരമായ സമീപനങ്ങളും നിഷ്പക്ഷമായ നിലപാടുകളും അവകാശവാദങ്ങളായി കൊണ്ടുനടക്കുന്നവര്‍ വീക്ഷണങ്ങളിലും കാഴ്ചപ്പാടുകളിലും തികഞ്ഞ പക്ഷപാതമാണ് കാട്ടിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാം വിമര്‍ശനത്തില്‍ സംഘപരിവാരങ്ങളും കേരളയുക്തിവാദികളും 'ഭായി-ഭായി' ആണെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നായയെ വാഹനത്തില്‍ കെട്ടിവലിച്ചുകൊണ്ടുപോയ വ്യക്തി മുസ്‌ലിമായതിനാല്‍ അതിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച് യുക്തിവാദി നേതാവായ സി. രവിചന്ദ്രന്‍ രംഗത്തുവന്നപ്പോള്‍ സംഘപരിവാറുകാര്‍ അത് ഏറ്റെടുത്ത് അര്‍മാദിച്ചത് നാം കണ്ടതാണല്ലോ.