കര്‍ഷകസമരം നല്‍കുന്ന പാഠങ്ങള്‍

പത്രാധിപർ

2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22

അങ്ങനെ കര്‍ഷകരുടെ സമരം വിജയിച്ചിരിക്കുന്നു! പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മര്‍ദനങ്ങള്‍ക്കുമൊന്നും തങ്ങളെ തടയാനാവില്ലെന്ന് അവര്‍ തെളിയിച്ചു. അധികാരിവര്‍ഗത്തിന്റെ കണ്ണുരുട്ടല്‍ കണ്ട് അവര്‍ ഭയന്ന് പിന്‍മാറിയില്ല. എഴുന്നൂറോളം കര്‍ഷകര്‍ സമരത്തിനിടയില്‍ മരണപ്പെട്ടിട്ടും, അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടും അവരുടെ സമരവീര്യത്തിന് അല്‍പം പോലും ചോര്‍ച്ച സംഭവിച്ചില്ല. അവര്‍ പ്രതികൂലമായ കാലാവസ്ഥയെ തരണം ചെയ്ത് ഒരുമിച്ചുകൂടിയത് സിന്ദാബാദ് വിളിക്കാന്‍ ആരുടെ പക്കല്‍നിന്നും പ്രതിഫലം വാങ്ങിയിട്ടല്ലായിരുന്നു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയുമല്ലായിരുന്നു. തങ്ങളുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന പ്രശ്‌നമാണ് എന്ന പൂര്‍ണമായ ബോധ്യമാണ് പ്രതികൂലമായ കാലാവസ്ഥയും ഭരണകൂടത്തിന്റെ എതിര്‍പ്പുകളും തരണംചെയ്ത് സമരരംഗത്ത് ഉറച്ചുനില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയത്.

ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അസ്വീകാര്യമായ, അവര്‍ക്ക് ഗുണകരമല്ലെന്ന് വ്യക്തമായ കാര്‍ഷിക നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതിന്റെ പിന്നാമ്പുറ ലക്ഷ്യങ്ങള്‍ എന്തൊക്കെയെന്ന് കര്‍ഷകര്‍ തിരിച്ചറിയുകയും അവര്‍ അരയും തലയും മുറുക്കി സമരരംഗത്തേക്കിറങ്ങുകയുമായിരുന്നു.

സര്‍ക്കാര്‍ സമരക്കാരുടെ മുമ്പില്‍ അടിയറവു പറഞ്ഞത് വരാന്‍ പോകുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്, അതു കഴിഞ്ഞാല്‍ മറ്റൊരു പേരില്‍ ഇതേ നിയമം കൊണ്ടുവരില്ലെന്ന് എന്താണ് ഉറപ്പ് എന്ന് പല കോണുകളില്‍നിന്നും ചോദ്യം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മുന്നില്‍കണ്ടുകൊണ്ടുതന്നെയാണ് കര്‍ഷകരുടെ നീക്കം.

കൃഷി നിയമങ്ങളെക്കുറിച്ചു ചിലരെ ബോധ്യപ്പെടുത്താനായില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് കടുത്ത ഭാഷയില്‍ പ്രതികരിച്ചത് ശ്രദ്ധേയമാണ്. ഇപ്പറഞ്ഞതിലെ 'ചിലര്‍' തങ്ങളാണെന്നും കര്‍ഷകരെ ഭിന്നിപ്പിക്കാനാണു ശ്രമമെന്നും അദ്ദേഹം തിരിച്ചടിച്ചു.

'നിയമങ്ങള്‍ ദോഷകരമാണെന്നു കേന്ദ്രത്തിനു മനസ്സിലാകാന്‍ ഒരു വര്‍ഷമെടുത്തു. മനസ്സിലാകുന്ന ഭാഷയിലാണു ഞങ്ങള്‍ സംസാരിച്ചത്. പക്ഷേ, ഡല്‍ഹിയിലെ തിളങ്ങുന്ന കെട്ടിടങ്ങളിലിരിക്കുന്നവര്‍ സംസാരിച്ചത് മറ്റൊരു ഭാഷയാണ്. പരിഹാരം കാണേണ്ട ഒട്ടേറെ വിഷയങ്ങള്‍ ഇനിയുമുണ്ട്. അവയിലെല്ലാം തീരുമാനമാകുന്നതുവരെ സമാധാനപരമായ പ്രക്ഷോഭം തുടരും. പ്രഖ്യാപനം ആത്മാര്‍ഥമാണെന്നു കേന്ദ്രം വ്യക്തമാക്കിയാല്‍ കര്‍ഷകര്‍ വീടുകളിലേക്കുള്ള മടക്കയാത്ര ആരംഭിക്കാം'-ടിക്കായത്തിന്റെ ഈ പ്രതികരണം അധികാരികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്.  

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇതുപോലെയൊരു സമരം നടത്താനോ അതിന് നേതൃത്വം നല്‍കാനോ കഴിയില്ല. നടത്തിയാല്‍തന്നെ നാളുകള്‍ക്കകം തമ്മില്‍ തല്ലി പല ഗ്രൂപ്പുകളായി അവര്‍ പിരിയും. ജനപ്രതിനിധികളെ കോടികള്‍ കൊടുത്ത് സ്വന്തമാക്കുന്ന ഭരണകൂടവും പണത്തിന്‍ കിലുക്കം കേള്‍ക്കുന്ന മാത്രയില്‍ ആര്‍ത്തിപൂണ്ട് കാലുമാറുന്ന ജനപ്രതിനിധികളും ഉള്ളപ്പോള്‍ എത്രവലിയ ജനകീയ സമരവും പരാജയപ്പെടാന്‍ സാധ്യതയേറെയാണ്. എന്നാല്‍ കര്‍ഷക സമരത്തിനു മുന്നില്‍നിന്നതും പിന്നില്‍ അണിനിരന്നതും കര്‍ഷകര്‍തന്നെയാണ്. തങ്ങള്‍ക്ക് ദോഷകരമായ നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ഏകലക്ഷ്യത്തില്‍ അവര്‍ മുന്നേറി. വല്ലാത്തൊരു നിശ്ചയദാര്‍ഢ്യം അവരില്‍ പ്രകടമായിരുന്നു. ഒത്തുപിടിച്ചാല്‍, അധികാരിവര്‍ഗത്തിന്റെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ മുന്നേറിയാല്‍ അവകാശങ്ങള്‍ നേടിയെടുക്കാനും കരിനിയമങ്ങള്‍ പിന്‍വലിപ്പിക്കാനും കഴിയുമെന്ന പാഠമാണ് കര്‍ഷക സമരം ലോകത്തിനു നല്‍കുന്നത്.