കൊള്ളപ്പലിശക്കാരെ കയറൂരി വിടരുത്

പത്രാധിപർ

2021 ആഗസ്ത് 28 1442 മുഹര്‍റം 19

കൊള്ളപ്പലിശക്കാരുടെ തീവെട്ടിക്കൊള്ളയ്ക്ക് ഇരയായി മാനസികമായി തകര്‍ന്ന ഗര്‍ഭിണിയായ ഒരു വീട്ടമ്മ കേരള പൊലീസിന്റെ കൈപിടിച്ചു ജീവിതത്തിലേക്കു തിരിച്ചുവരുന്നു എന്നൊരു വാര്‍ത്ത 2021 ഓഗസ്റ്റ് 3ലെ പത്രങ്ങളിലുണ്ടായിരുന്നു. പാലക്കാട്ടാണ് സംഭവം. പലിശക്കാരുടെ കൊള്ള സഹിക്കവയ്യാ തെയാണു വീട്ടമ്മ ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിനെ സമീപിച്ചത്. വിശദമായി പരാതി കേട്ട് അദ്ദേഹം ടൗണ്‍ സൗത്ത് പൊലിസ് സ്‌റ്റേഷനില്‍ വിളിച്ചു വീട്ടമ്മയ്ക്കാവശ്യമായ സഹായം ഉറപ്പാക്കാനും കൊള്ളപ്പലിശക്കാര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശിച്ചു. സംഭവത്തില്‍ ഒരു സ്ത്രീയടക്കം 2 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

പിതാവിന്റെ കടം തീര്‍ക്കാന്‍ സഹായിക്കാനാണത്രെ യുവതി 2 പലിശക്കാരില്‍ നിന്ന് 2 ലക്ഷം രൂപ കടമെടുത്തത്. മാസം 60,000 രൂപയായിരുന്നു പലിശ! 2 ലക്ഷം രൂപ കടം വാങ്ങിയതിന് 20 ലക്ഷം രൂപ തിരിച്ചടച്ചിട്ടും മുതലടക്കം 15 ലക്ഷം കൂടി വേണമെന്ന് പറഞ്ഞ് പലിശക്കാര്‍ ശല്യപ്പെടുത്തിക്കൊണ്ടിരിന്നു! പലരുടെയും സ്വര്‍ണം പണയംവെച്ചും മറ്റുമാണ് ഭീമമായ തുക യുവതി തിരിച്ചുനല്‍കിയത്. കൂടാതെ മൈക്രോ ഫിനാന്‍സില്‍നിന്നും പണം കടമെടുത്തു. ഇതിന്റെ തിരിച്ചടവും തെറ്റി. കോവിഡ് ദുരന്തത്തിലും കുടുങ്ങി. പലിശക്കാരുടെ വിളികള്‍ കൂടി. അതോടെ വീട്ടമ്മ കടുത്ത മാനസിക സമ്മര്‍ദത്തിലായി. തുടര്‍ന്നാണു ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്ലേഡ് മാഫിയയുടെ ശല്യം കാരണം ഒരു കുടുംബമൊന്നടങ്കം ആത്മഹത്യചെയ്തപ്പോള്‍ നമ്മുടെ ഭരണകൂടം ഒന്ന് കണ്ണുതുറന്നതാണ്. വട്ടിപ്പലിശക്കാരെ കണ്ടെത്താനും പിടികൂടാനും അന്ന് നിയമപാലകര്‍ രംഗത്തിറങ്ങി. 'ഓപ്പറേഷന്‍ കുബേര' എന്ന് അതിന് പേരുമിട്ടു. ഇത് നമ്മുടെ ഭരണാധികാരികളുടെ ഒരു പ്രത്യേകതയാണ്.  വല്ല അനിഷ്ട സംഭവവുമുണ്ടാകുമ്പോള്‍ കാടിളക്കി രംഗത്തുവരും. കുറെ പരിഷ്‌കാരങ്ങളുടെ പട്ടിക നിരത്തും. അന്വേഷണങ്ങളും റെയ്ഡുകളും അറസ്റ്റുമൊക്കെ മുറക്ക് നടത്തും. പിന്നെ പതുക്കെ പതുക്കെ ഉള്‍വലിയും. ജനങ്ങള്‍ പഴയ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും. 'ഓപ്പറേഷന്‍ കുബേര'യിലൂടെ ചില പരല്‍മീനുകള്‍ മാത്രമെ പിടിയിലാകൂ. വമ്പന്‍ സ്രാവുകളാകുന്ന 'കുബേരന്മാര്‍' പാവപ്പെട്ടവരുടെ വിയര്‍പ്പിന്റെയും ചോരയുടെയും നദിയില്‍ നീന്തിത്തുടിച്ചുകൊണ്ടേയിരിക്കും. കാരണം അവര്‍ ഉന്നതസോപാനങ്ങളിലിരിക്കുന്നവരോ ഉന്നതങ്ങളിലുള്ളവരുമായി ഉറ്റബന്ധമുള്ളവരോ ആയിരിക്കും.

റെയ്ഡുകള്‍ പലപ്പോഴും പ്രഹസനമായി മാറുകയാണ് പതിവ്. പതിനായിരം രൂപ കടം കൊടുക്കുമ്പോള്‍ പോലും പണയമായി പുരയിടത്തിന്റെ ആധാരം വാങ്ങിവെക്കുന്നവരാണ് പലിശക്കാരിലധികവും. മാസപ്പടി കൃത്യമായി ഏമാന്‍മാര്‍ക്ക് എത്തിക്കുകയും മറ്റു 'അത്യാവശ്യ' സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന പലിശക്കാര്‍ക്ക് റെയ്ഡിന്റെ വിവരം മുന്‍കൂട്ടി അറിയാന്‍ പ്രയാസമൊന്നുമില്ല. അങ്ങനെ പലപ്പോഴും റെയ്ഡ് ചായകുടിച്ച് പിരിയുന്ന സൗഹൃദ സന്ദര്‍ശനമായി മാറും. പണയമായി വാങ്ങുന്ന ആധാരങ്ങളും മറ്റു രേഖകളും സ്വന്തം വീട്ടില്‍ സൂക്ഷിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവരല്ല പലിശക്കാര്‍. അവ ഭദ്രമായി മറ്റൊരാളുടെ വീട്ടിലുണ്ടായിരിക്കും. അക്കാര്യം പലിശക്കാരനും അയാള്‍ക്കും മാത്രമെ അറിയൂ എന്നു മാത്രം.

അമിതമായി പലിശ വാങ്ങുന്നവരെ മാത്രമെ സര്‍ക്കാര്‍ കുറ്റക്കാരായി കാണുന്നുള്ളൂ. അല്ലെങ്കിലും പലിശയിലധിഷ്ഠിതമായ സാമ്പത്തികക്രമം പിന്തുടരുന്ന ലോകത്ത് പലിശ വാങ്ങുന്നവരെ കുറ്റവാളികളായി മുദ്രകുത്താന്‍ എങ്ങനെ ഭരണാധികാരികള്‍ക്ക് കഴിയും? പലിശാധിഷ്ഠിതമല്ലാത്ത ഇസ്‌ലാമിക ബാങ്കിംഗ് സമ്പ്രദായം സ്വീകരിക്കാന്‍ തയ്യാറായാല്‍ മാത്രമെ ഈ വിപത്തില്‍നിന്ന് രക്ഷനേടാന്‍ ലോകത്തിന് കഴിയൂ. ''പറയുക: നല്ലതും ദുഷിച്ചതും സമമാവുകയില്ല- ദുഷിച്ചതിന്റെ ആധിക്യം നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി'' (ക്വുര്‍ആന്‍ 5:100).