വക്വ്ഫ് ബോര്‍ഡും നിയമന വിവാദവും

പത്രാധിപർ

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

'വക്വ്ഫ്' എന്ന അറബി പദത്തിന് 'നില്‍ക്കുക', 'തടഞ്ഞ് നിര്‍ത്തുക' എന്നൊക്കെയാണ് ഭാഷാര്‍ഥം. സാങ്കേതികാര്‍ഥത്തില്‍ 'മുതലിനെ ക്രയവിക്രയങ്ങളില്‍നിന്ന് തടഞ്ഞുനിര്‍ത്തി, നാശം വരുത്താതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുക' എന്ന് പറയാം. വക്വ്ഫ് ചെയ്യുന്ന ആള്‍ക്ക് 'വാക്വിഫ്' എന്നും വക്വ്ഫ് ചെയുന്ന മേഖലക്ക് 'മൗക്വൂഫ് അലൈഹി' എന്നും വക്വ്ഫ് ചെയ്ത മുതലിന് 'മൗക്വൂഫ്' എന്നും പറയുന്നു. സ്ഥലം, കെട്ടിടങ്ങള്‍,സ്ഥാപനങ്ങള്‍, ഗ്രന്ഥങ്ങള്‍, വൃക്ഷങ്ങള്‍, കിണറുകള്‍, ഉപകരണങ്ങള്‍ തുടങ്ങി ഉപയോഗം വസ്തുവിനെ നശിപ്പിക്കാത്തവ വക്വ്ഫ് ചെയ്യാവുന്നതാണ്. ഉസ്മാന്‍(റ) റൂമാ കിണര്‍ വാങ്ങി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ചതും ഖൈബര്‍ യുദ്ധത്തില്‍ ഉമര്‍(റ) തനിക്ക് ലഭിച്ച തോട്ടം വക്വ്ഫ് ചെയ്തതും പ്രഥമ വക്വ്ഫുകളായി അറിയപ്പെടുന്നു.

അതിശ്രേഷ്ഠമായ ഒരു പുണ്യകര്‍മമാണ് വക്വ്ഫ്. വക്വ്ഫ് ചെയ്യുന്നവര്‍ക്ക് വമ്പിച്ച പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത വിശുദ്ധ ക്വുര്‍ആനും ഹദീഥും നല്‍കുന്നതായി കാണാം. നബി ﷺ പറഞ്ഞു: ''ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മങ്ങളെല്ലാം നിലച്ചു; മൂന്നെണ്ണമൊഴികെ. സ്ഥിരസ്വഭാവമുള്ള ധര്‍മവും (വക്വ്ഫ്) ഉപകാരപ്രദമായ വിജ്ഞാനവും അവന് വേണ്ടി പ്രാര്‍ഥിക്കുന്ന ഉത്തമ സന്താനവുമാണവ'' (തുര്‍മുദി).

ഒരു വസ്തു വക്വ്ഫ് ചെയ്യുന്നതിലൂടെ അതിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായി അല്ലാഹുവിലേക്ക് മടങ്ങുന്നു. പിന്നീട് അത് യഥേഷ്ടം വില്‍ക്കുവാനോ ദാനം ചെയ്യുവാനോ ആര്‍ക്കും അധികാരമല്ല. സ്വത്തിന് ഒരു ശാശ്വത സ്വഭാവം കൈവരുന്നു എന്നര്‍ഥം. ലോകത്ത് ലക്ഷക്കണക്കിന് മസ്ജിദുകളും സ്ഥാപനങ്ങളും മറ്റും വക്വ്ഫ് സ്വത്തായി നിലനില്‍ക്കുന്നുണ്ട്. അവ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും അതാത് നാടുകളിലുണ്ട്. വക്വ്ഫിന്റെ ഉപയോഗം ശാശ്വതമായി നിലനില്‍ക്കുകയും അതിനനുസരിച്ചുള്ള പ്രതിഫലം വക്വ്ഫ് ചെയ്ത വ്യക്തിക്ക് കിട്ടിക്കൊണ്ടേയിരിക്കുമെന്നതിനാലും മറ്റു ദാനധര്‍മങ്ങളെക്കാള്‍ വക്വ്ഫിന് പ്രാധാന്യമേറുന്നു.

കേരളത്തില്‍ അനേകം മുസ്‌ലിം സംഘടനകളുണ്ട്. അവയുടെ കീഴില്‍ ആയിരക്കണക്കിന് പള്ളികളും ഇതര സ്ഥാപനങ്ങളുമുണ്ട്. അവയില്‍ വക്വ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവയും ചെയ്യാത്തവയുമുണ്ട്. ചെയ്തവയാണ് കൂടുതല്‍. ഒരു വസ്തു വക്വ്ഫ് ചെയ്യുന്നതിലൂടെ അതിന്റെ ഉടമസ്ഥാവകാശം പൂര്‍ണമായി അല്ലാഹുവിലേക്ക് മടങ്ങുന്നു. പിന്നീട് അത് യഥേഷ്ടം വില്‍ക്കുവാനോ ദാനം ചെയ്യുവാനോ ആര്‍ക്കും അധികാരമല്ല എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടുതന്നെ അത് പരിപാലിക്കേണ്ടത് വിശ്വാസിസമൂഹമാണ്. വക്വ്ഫ് ചെയ്യപ്പെട്ട പള്ളികളും സ്ഥാപനങ്ങളും മറ്റും തങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ബോര്‍ഡിന് നല്‍കുന്നുണ്ട്. അതില്‍നിന്നാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. അല്ലാതെ സര്‍ക്കാരല്ല.

ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് പിഎസ്‌സിക്കു വിടുന്നത് എന്ന വാദം ബാലിശമാണ്. പിഎസ്‌സി വഴി നിയമനം നടക്കുന്ന സ്ഥാപനങ്ങളെല്ലാം കാര്യക്ഷമമായും അഴിമതിമുക്തമായും പ്രവര്‍ത്തിക്കുന്നുണ്ടോ? വക്വ്ഫ് ബോര്‍ഡ് ജീവനക്കാരെ നിയമിക്കുമ്പോള്‍ മതപരമായ അറിവുകൂടി പരിശോധിക്കാറുണ്ട് എന്നതാണ് വസ്തുത.

പിഎസ്‌സി വഴി നിയമനം നടക്കുമ്പോള്‍ സംഭവിക്കുക വക്വ്ഫിനെക്കുറിച്ചോ അതിന്റെ പവിത്രതയെക്കുറിച്ചോ പ്രാധാന്യത്തെക്കുറിച്ചോ അറിയാത്തവര്‍ കടന്നുകൂടും എന്നതാണ്. സ്വത്ത് വക്വ്ഫ് ചെയ്ത നിഷ്‌കളങ്കരും നിസ്വാര്‍ഥരുമായ ആളുകളോടുകൂടി കാണിക്കുന്ന അനീതിയാണത്. ദേവസ്വംബോര്‍ഡ് നിയമനം അതുമായി ബന്ധപ്പെട്ട മതക്കാര്‍ക്ക് വകവെച്ചുകൊടുക്കുകയും വക്വ്ഫ് നിയമനം പിഎസ്‌സി വഴി ആക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.