ഇന്ത്യ ദരിദ്രരാജ്യങ്ങളുടെ മുന്‍നിരയിലേക്കോ?

പത്രാധിപർ

2021 ഏപ്രില്‍ 10 1442 ശഅബാന്‍ 27

ഇന്ത്യ ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയിട്ട് മുക്കാല്‍നുറ്റാണ്ട് തികയാറായി. അതിനുശേഷം രാജ്യം ഒരുപാട് പുരോഗമിച്ചു. ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ അഭൂതപൂര്‍വമായ നേട്ടം കൈവരിച്ചു. നെഹ്റു സര്‍ക്കാര്‍ കൊണ്ടുവന്ന പഞ്ചവല്‍സര പദ്ധതികള്‍ കാര്‍ഷിക, വ്യാവസായികരംഗങ്ങളില്‍ വന്‍ പുരോഗതിയുണ്ടാക്കി. വികസിതരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വികസ്വരരാജ്യങ്ങളുടെ പട്ടികയില്‍നിന്നും ദരിദ്രരാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നു!

ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ ഭരണത്തിലുള്ള പിടിപ്പുകേടിന്‍റെയും ദീര്‍ഘവീക്ഷണമില്ലായ്മയുടെയും ജനക്ഷേമ കാര്യങ്ങളില്‍ താല്‍പര്യമില്ലാത്തതിന്‍റെയും അനന്തരഫലം ഇതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അത് അതിസമ്പന്നരല്ലാത്ത എല്ലാവരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇന്ത്യയുടെ നട്ടെല്ലെന്നു വിശേഷിപ്പിക്കാവുന്ന കര്‍ഷകര്‍ മാസങ്ങളായി സമരവുമായി തലസ്ഥാനത്തെ തെരുവുകളില്‍ പ്രതികൂലമായ കാലാവസ്ഥകളോട് മല്ലിട്ട് ജീവിതം തള്ളിനീക്കുകയാണ്. ലോകത്തെ ഒരു രാജ്യത്തെ കര്‍ഷകര്‍ക്കും ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടിവന്നിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

സാധാരണക്കാരുടെ ജീവിതാഭിവൃദ്ധിയില്‍ താല്‍പര്യമുള്ള ഒരു ഭരണകൂടത്തിനേ രാജ്യത്തെ യഥാര്‍ഥ പുരോഗതിയിലേക്ക് നയിക്കാനാവൂ. ക്രിക്കറ്റില്‍ ലോകകിരീടം നേടിയതുകൊണ്ടോ ചൊവ്വയിലേക്ക് പര്യവേഷണ സംഘത്തെ അയച്ചതുകൊണ്ടോ ലഭിക്കുന്ന കീര്‍ത്തി പട്ടിണിയില്‍ കഴിയുന്ന കോടിക്കണക്കിനു മനുഷ്യര്‍ക്ക് യാതൊരു സന്തോഷവും നല്‍കില്ല. അവരുടെ സന്തോഷവും സമാധാനവും വിശപ്പുമാറ്റാന്‍ അന്നം ലഭിക്കുന്നതിലും തലചായ്ക്കാന്‍ സ്വന്തമായി ഒരിടം ലഭിക്കുന്നതിലുമാണ്. തൊഴിലില്ലാത്ത, വിശപ്പകറ്റാന്‍ അന്നം ലഭിക്കാത്ത, സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത, ചേരികളിലും പാതയോരങ്ങളിലുമായി കഴിയുന്ന കോടിക്കണക്കിനു മനുഷ്യര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ശ്രമിക്കാതെ, കോര്‍പ്പറേറ്റു ഭീമന്‍മാരുടെ ലക്ഷക്കണക്കിനു കോടിരൂപയുടെ കടം എഴുതിത്തള്ളി അവര്‍ക്ക് 'താങ്ങും തണലും' നല്‍കുന്ന ഒരു ഗവണ്‍മെന്‍റിന് തങ്ങള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാനാകും?

ദാരിദ്ര്യനിര്‍മാര്‍ജനത്തിനായും സമൂഹത്തിന്‍റെ താഴെതട്ടിലുള്ളവരുടെ ഉന്നമനത്തിനായും ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍തലത്തിലുണ്ട്. എന്നാല്‍ അവയൊന്നും കൃത്യമായി നടപ്പിലാക്കപ്പെടുന്നില്ല, അര്‍ഹരായവരിലേക്ക് പൂര്‍ണമായും എത്തുന്നില്ല എന്നത് വസ്തുതയാണ്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും 'കയ്യിട്ടുവാരല്‍' നിര്‍ലോഭം നടക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ കുറെയൊക്കെ മാറ്റമുണ്ടാക്കാന്‍ കഴിയും.

ഉള്ളവര്‍ ഇല്ലാത്തവരെ സഹായിക്കണം. അത് മനുഷ്യത്വത്തിന്‍റെ അടയാളമാണ്. ഒട്ടേറെ വ്യക്തികളും സേവന, സന്നദ്ധ പ്രവര്‍ത്തകരും ചാരിറ്റി സംഘടനകളും വ്യക്തികളും നമ്മുടെ രാജ്യത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണം, പാര്‍പ്പിടം, ചികില്‍സ തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് അവര്‍ സഹായം നല്‍കുന്നത് നമുക്കറിയാം. സമ്പന്നരുടെമേല്‍ നിര്‍ബന്ധദാനം അഥവാ സകാത്ത് ഇസ്ലാം നിര്‍ബന്ധമാക്കിയിരിക്കുന്നത് ഈ മാനുഷികഗുണം ഊട്ടിയുറപ്പിക്കുവാന്‍ വേണ്ടി കൂടിയാണ്. യാചിക്കേണ്ട അവസ്ഥയുണ്ടായിട്ടും മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് യാചനയുടെ മാര്‍ഗം സ്വീകരിക്കാത്തവരും സമൂഹത്തിലുണ്ടായിരിക്കും. അത്തരക്കാരെ കണ്ടെത്തുവാനും അവരെ സഹായിക്കുവാനും കഴിയേണ്ടതുണ്ട്.