പ്രതികരണത്തിലെ ഇസ്‌ലാമികത

പത്രാധിപർ

2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03

പ്രതികരണശേഷി പ്രകടിപ്പിക്കുക എന്നത് ചലനാത്മക സമൂഹത്തിന്റെ അടയാളമാണ്. തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാത്തപക്ഷം നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ആളിക്കത്തിയ ജനരോഷവും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത സമരപോരാട്ടവും മാന്യമായ പ്രതിഷേധവും പ്രതികരണവുമാണ്. ഓരോ വ്യക്തിയും ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല എന്നു കരുതി ഒരു സാമൂഹ്യ പ്രശ്‌നത്തെ അവഗണിച്ചാല്‍ അത് വലിയ ആപത്തായിരിക്കും വരുത്തിവയ്ക്കുക.

പ്രതികരിക്കേണ്ട വിഷയത്തില്‍ പക്വതയോടെ പ്രതികരിക്കുക, പ്രതികരണം ആവശ്യമില്ലാത്ത വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കുക എന്നത് വ്യക്തികളും സംഘടനകളും ശ്രദ്ധിക്കേണ്ടതാണ്. മുസ്‌ലിം സംഘടനകളും വ്യക്തികളും ഇക്കാര്യത്തില്‍ ഏറെ ജാഗ്രത കാണിക്കേണ്ട കാലഘട്ടമാണിത്. സോഷ്യല്‍മീഡിയ എന്ന ആയുധം ഏതുതരം പ്രതികരണത്തെയും നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്താകമാനം എത്തിക്കുന്ന വര്‍ത്തമാനകാലത്ത് അനാവശ്യ പ്രതികരണത്തിന്റെ പേരില്‍ നടക്കുന്ന ഒട്ടേറെ അനര്‍ഥങ്ങള്‍ നാം കാണാതെ പോകരുത്. പിന്നീട് തിരുത്തിപ്പറഞ്ഞാലും ആദ്യം പറഞ്ഞതിന്റെ പുകപടലങ്ങള്‍ പെട്ടെന്നൊന്നും അടങ്ങുകയില്ല.

അനാവശ്യ വിഷയങ്ങളില്‍പോലും സമുദായ നേതൃത്വത്തെക്കൊണ്ട് പ്രതികരിപ്പിക്കാന്‍ ചില മാധ്യമങ്ങള്‍ തന്ത്രങ്ങള്‍ മെനയാറുണ്ട്. മുസ്‌ലിം നാമധാരികളും അതേസമയം ഇസ്‌ലാം വിമര്‍ശകരുമായ ആളുകളെ ഇന്റര്‍വ്യൂ നടത്തി അവരോട് സമൂഹത്തില്‍ ചര്‍ച്ചാവിഷമായി നിലനില്‍ക്കുന്ന, വിവാദങ്ങള്‍ക്ക് ഇടനല്‍കുന്ന ഒരു കാര്യത്തിലെ ഇസ്‌ലാമിന്റെ ആധികാരിക നിലപാട് ആരായുന്ന മാധ്യമങ്ങളുണ്ട്. അവരുടെ ഉദ്ദേശ്യമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്.

പക്വതയില്ലാതെ പ്രതികരിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും പ്രതികരണങ്ങള്‍ എടുത്തുകാട്ടി മുസ്‌ലിംകള്‍ അസഹിഷ്ണുക്കളും ചെറിയ വിമര്‍ശനംപോലും സഹിക്കാത്തവരും വര്‍ഗീയവാദികളും തീവ്രവാദികളും സ്ത്രീവിരുദ്ധരുമൊക്കെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇടയാക്കുന്നു. മുസ്‌ലിമിന്റെ പ്രതികരണത്തിന്റെയും ലക്ഷ്യവും മാര്‍ഗവും ഇസ്‌ലാമികമായിരിക്കണം എന്ന കാര്യം മറന്നുകൂടാ.

പ്രവാചകനിന്ദയുടെ പേരില്‍ കേരളത്തില്‍ ഒരു അധ്യാപകന്റെ കൈവെട്ടിയ സംഭവം മുസ്‌ലിംകള്‍ക്ക് എന്തുനേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രവാചകനെയും പ്രവാചക പത്‌നിമാരെയും ക്വുര്‍ആനിനെയുമൊക്കെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സല്‍മാന്‍ റുഷ്ദിയും തസ്‌ലീമാനസ്‌റിനുമൊക്കെ പ്രവാചകനിന്ദയുടെ ക്ഷുദ്രകൃതികളുമായി രംഗത്തുവന്നിട്ട് പ്രവാചകന്റെ സല്‍പേരിന് യാതൊരു കളങ്കവുമുണ്ടാക്കിയിട്ടില്ലെന്ന് മാത്രമല്ല, കൂടുതല്‍ ആളുകള്‍ പ്രവാചകനെക്കുറിച്ച് പഠിക്കുവാനും അനുയായികളായി മാറുവാനും അവ കാരണമായി എന്നതല്ലേ വാസ്തവം? എന്നാല്‍ അവരുടെ തലവെട്ടണമെന്ന ഫത്‌വയുമായി ചില വികാര ജീവികള്‍ രംഗത്തുവന്നത് ഇസ്‌ലാമിന് ദോഷകരമായിട്ടാണ് ഭവിച്ചത്. മഹാന്മാരെ നിന്ദിക്കുന്നത് തെറ്റുതന്നെ. എഴുത്തുകാരന്റെ തലയ്ക്കു വിലപറയുന്നതും തെറ്റുതന്നെ. കലാകാരന്റെ ജീവനു ഭീഷണിയുള്ളപ്പോള്‍ ഞങ്ങള്‍ കലാകരന്റെ കൂടെത്തയാണ് എന്ന്, ക്ഷ്രുദ്ര കൃതികളെ വിമര്‍ശിച്ച എഴുത്തുകാര്‍ പറയുന്ന അവസ്ഥയാണുണ്ടായത്.  

ചെറിയ അപാകതകള്‍ പോലും പെരുപ്പിച്ചുകാട്ടി സമുദായത്തിന്റെ മുഖം കറപുരണ്ടതാണെന്നു വരുത്തിത്തീര്‍ക്കാന്‍ മീഡിയകള്‍ മത്സരിക്കുമ്പോള്‍ സമുദായത്തിന്റെ മുഖം വൃത്തിയായി സൂക്ഷിക്കാന്‍ വ്യക്തികളും സംഘടനകളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.