വ്യാമോഹങ്ങള്‍കൊണ്ട് സത്യവിശ്വാസിയാകില്ല

പത്രാധിപർ

2021 ജൂൺ 26 1442 ദുല്‍ക്വഅ്ദ 16

കേരളത്തിലെ മുസ്‌ലിം സമുദായം വിശ്വാസപരമായും ആചാരപരമായും എത്രമാത്രം കടുത്ത അന്ധതയിലായിരുന്നു എന്ന കാര്യം പുതുതലമുറക്ക് അറിയില്ല. ഈ അജ്ഞത മുതലെടുത്തുകൊണ്ട്, അന്ന് മുസ്‌ലിം സമുദായത്തെ ശിര്‍ക്ക്-ബിദ്അത്തുകളില്‍ തളച്ചിടാന്‍ ശ്രമിച്ചവരുടെ പിന്‍ഗാമികള്‍ ഇന്ന് സമുദായത്തിന്റെ എല്ലാ അഭിവൃദ്ധിക്കും പിന്നില്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. തൗഹീദില്ലാത്ത ഒരു ജനവിഭാഗത്തിന്റെ ഏതുസല്‍കര്‍മങ്ങളും പരലോകത്ത് ഉപകാരപ്പെടുകയില്ല, ദൈവേതരരെ വിളിച്ചു പ്രാര്‍ഥിക്കുന്നതും അവരുടെ തൃപ്തിക്കായി നേര്‍ച്ചവഴിപാടുകള്‍ നടത്തുന്നതുമെല്ലാം നരകത്തിലേക്ക് കൊണ്ടെത്തിക്കും എന്നൊക്കെയുള്ള യാഥാര്‍ഥ്യം സമുദായത്തെ പഠിപ്പിച്ചത് ഇസ്വ്‌ലാഹി പ്രസ്ഥാനമാണ്. വിദ്യാഭ്യാസം നേടുന്നതിന്റെ ആവശ്യകതയും മതപഠനത്തിന്റെ അനിവാര്യതയും അന്ധവിശ്വാസങ്ങളുടെ അപകടവുമെല്ലാം പ്രയാസങ്ങള്‍ ഏറെ സഹിച്ചാണ് മുന്‍ഗാമികളായ ഇസ്വ്‌ലാഹി പണ്ഡിതന്മാര്‍ സമുദായത്തെ ബോധ്യപ്പെടുത്തിയത്. അതിന്റെ അനന്തരഫലമാണ് മുസ്‌ലിം സമുദായത്തില്‍ ഇന്നു കാണുന്ന എല്ലാവിധ പുരോഗതികളും. എതിര്‍ത്തവര്‍ക്കെല്ലാം ഈ ഉദ്‌ബോധനങ്ങളെയും നവോത്ഥാന സംരംഭങ്ങളെയും പിന്നീട് പിന്‍പറ്റേണ്ടതായിവന്നു എന്നതിന് ചരിത്രം സാക്ഷി.

എന്നാല്‍ ഇരുട്ട് പുര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ഇരുട്ടിലേക്ക് നയിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ആധുനിക സാങ്കേതികവിദ്യകളും സോഷ്യല്‍മീഡിയകളുമെല്ലാം ഉപയോഗിച്ച് വെളിച്ചത്തിനെതിരായി അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതത്തില്‍ പുതുനിര്‍മിതികള്‍ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. അതിനു തടസ്സമായി അവര്‍ക്കു മുമ്പില്‍ ഇന്നുമുള്ളത് മുജാഹിദുകളാണ്. പ്രാമാണികമായി തങ്ങളുടെ വികല വിശ്വാസങ്ങളെയും അനാചാരങ്ങളെയും ന്യായീകരിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ദുര്‍വ്യാഖ്യാനങ്ങളിലും വ്യക്തിഹത്യകളിലും ദുരാരോപണങ്ങളിലും അഭിരമിക്കുകയാണ് ഇക്കൂട്ടര്‍.

നാമമാത്ര മുസ്‌ലിംകളായാല്‍ മതി, പിന്നെ പരലോകത്ത് രക്ഷപ്പെടുത്താന്‍ ഖോജമാരും ശൈഖുമാരുമൊക്കെയുണ്ടാകും എന്ന നിലയിലുള്ള സന്ദേശമാണ് ഇവര്‍ സമുദായത്തിനു പകര്‍ന്നുനല്‍കുന്നത്. ഏതെങ്കിലും ശൈഖിന്റെ മുരീദായാല്‍ തന്റെ പരലോകരക്ഷ അയാളുടെ കൈകളിലാണ്, അയാള്‍ തന്നെ രക്ഷിക്കും എന്ന് തെറ്റായി മനസ്സിലാക്കുന്ന സാധാരണക്കാരുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കുക!

വാസ്തവത്തില്‍ ഈമാന്‍ അഥവാ സത്യവിശ്വാസം ഹൃദയംകൊണ്ടുള്ള അംഗീകാരമാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കീഴ്‌വണക്കവും പ്രവര്‍ത്തനവുമാണ് ഇസ്‌ലാം. അഥവാ ഈമാനിന്റെ അനിവാര്യഫലമാണ് ഇസ്‌ലാം. ആര്‍ക്കാണ് താന്‍ വിശ്വാസിയാണെന്ന് പറയാന്‍ അര്‍ഹതയുള്ളത്? ''അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്മാര്‍.'' (ക്വുര്‍ആന്‍ 49:15).

യാതൊരു സന്ദേഹത്തിനുമിടയില്ലാത്തവിധം അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അതിന്റെ അടയാളങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകുംവിധം അനുസരണവും ശരീരംെകാണ്ടും സമ്പത്തുകൊണ്ടും സ്രഷ്ടാവിന്റെ മാര്‍ഗത്തിലുള്ള സമരവും ഉണ്ടാകുമ്പോള്‍ മാത്രമെ ഒരാള്‍ക്ക് യഥാര്‍ഥ സത്യവിശ്വാസിയാണെന്ന് അവകാശപ്പെടാന്‍ ന്യായമുള്ളൂ എന്ന് സാരം. മുസ്‌ലിം കുടുംബത്തില്‍ ജനിക്കുക, ആണ്‍കുട്ടിയെങ്കില്‍ ചേലാകര്‍മം നടത്തുക, മുസ്‌ല്യാരുടെ കാര്‍മികത്വത്തില്‍ നിക്കാഹ് നടത്തുക, മരണപ്പെട്ടാല്‍ പള്ളിക്കാട്ടില്‍ മറമാടുക പോലുള്ളവ നടത്തിയാല്‍ മാത്രം തികഞ്ഞ മുസ്‌ലിമായി എന്ന ധാരണയില്‍നിന്ന് മുസ്‌ലിം സമുദായത്തെ അല്ലാഹു അന്തിമദൂതരിലൂടെ ലോകത്തിനു നല്‍കിയ ഇസ്‌ലാമിന്റെ പ്രായോഗിക മാര്‍ഗത്തിലേക്ക് ക്ഷണിക്കുക എന്ന പ്രവര്‍ത്തനമാണ് മുന്‍ഗാമികളെ പിന്‍പറ്റി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും പോഷകഘടകങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്.