അപരന്മാര്‍ അരങ്ങുവാഴുന്ന തെരഞ്ഞെടുപ്പുകള്‍

പത്രാധിപർ

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

ജനാധിപത്യ സംവിധാനത്തിന് അതിന്‍റെതായ ഗുണവശങ്ങളും ദോഷവശങ്ങളുമുണ്ട്. ജനങ്ങളുടെ ഭരണാധികാരികളെ ജനങ്ങള്‍തന്നെ തെരഞ്ഞെടുക്കുന്നു എന്നതുതന്നെയാണ് അതില്‍ ഏറ്റവും ഗുണകരമായ വശം. എന്നാല്‍ മത്സരത്തില്‍ വിജയിക്കുവാനും സര്‍ക്കാറിനെ താഴെയിറക്കുവാനും നെറികെട്ട കാര്യങ്ങള്‍ ചെയ്യുവാന്‍ പാര്‍ട്ടികള്‍ക്ക് പഴുതുകള്‍ ഏറെയുണ്ട് എന്നത് വളരെ മോശമായ ഒരു വശമാണ്. തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ പ്രതിനിധികളെ കോടികള്‍ വാഗ്ദാനം ചെയ്തോ ഭീഷണിപ്പെടുത്തിയോ ഒക്കെ തങ്ങളുടെ പക്ഷത്താക്കി ഭൂരിപക്ഷമുറപ്പിക്കാന്‍ കളിക്കുന്ന കളികള്‍ നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ എംഎല്‍എമാരെ എതിര്‍പാര്‍ട്ടിക്കാര്‍ വലവീശിപ്പിടിക്കാതിരിക്കുവാനായി അവരെ മുഴുവന്‍ അജ്ഞാതകേന്ദ്രത്തിലോ ദൂരെയുള്ള ഏതെങ്കിലും റിസോര്‍ട്ടിലോ അടച്ചിടുന്ന ഗതികേട് മൂല്യച്യുതിവന്ന രാഷ്ട്രീയത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

രാഷ്ട്രീയം രാഷ്ട്രത്തെയും എല്ലാവിഭാഗം ജനങ്ങളെയും സേവിക്കുന്ന പ്രവര്‍ത്തനമാകേണ്ടതിനു പകരം പാര്‍ട്ടിയുടെയും ഭരിക്കുന്നവരുടെയും അവര്‍ക്ക് ഓശാനപാടുന്നവരുടെയും വികസനത്തിലൊതുങ്ങുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്നതും ലജ്ജാകരവുമായ ഏര്‍പ്പാടാണ്.

കേരളം ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂടില്‍ അമര്‍ന്നിരിക്കുകയാണ്. മൂന്നു മുന്നണികളും അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. 'തെരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്. യുദ്ധത്തില്‍ വിജയമാണ് പ്രധാനം. അതിനായി എന്തും ചെയ്യാം' എന്നതാണ് പൊതുവെ എല്ലാ പാര്‍ട്ടികളുടെയും നിലപാട്. ഇതിന്‍റെ പ്രത്യക്ഷമായ ഒരടയാളമാണ് അപരന്മാരുടെ കടന്നുകയറ്റം. തങ്ങളുടെ എതിര്‍സ്ഥാനാര്‍ഥിയുടെ അതേപേരുള്ള ഒന്നിലേറെ പേരെ കണ്ടെത്തി അവരെക്കൊണ്ട് നാമനിര്‍ദേശപത്രിക കൊടുപ്പിക്കുക എന്നത് ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. അവര്‍ക്കെന്താ മത്സരിക്കാന്‍ അവകാശവും സ്വാതന്ത്ര്യവുമില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്! എന്നാല്‍ അവര്‍ സ്വയമേവ മത്സരിക്കുകയല്ല ചെയ്യന്നത്, മറിച്ച് പാര്‍ട്ടികള്‍ കെട്ടിവെക്കാനുള്ള പണംനല്‍കി പത്രിക സമര്‍പ്പിക്കാന്‍ എല്ലാവിധ ഒത്താശകളും നല്‍കി അവരുടെ പേര് വോട്ടിംഗ് മെഷീനില്‍ വരുത്താന്‍ പണിയെടുക്കുകയാണ്. എതിര്‍സ്ഥാനാര്‍ഥിയുടെ വോട്ടില്‍ ചോര്‍ച്ചയുണ്ടാക്കുക, അങ്ങനെ സ്വന്തം വിജയത്തിലേക്ക് വഴിതെളിയിക്കുക എന്നതു മാത്രമാണ് ലക്ഷ്യം.  

 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ഒരു മുതിര്‍ന്ന നേതാവ് തോല്‍ക്കാന്‍തന്നെ കാരണം അദ്ദേഹത്തിന്‍റെ അപരനായിരുന്നു. തന്‍റെ അതേ പേരുള്ളയാള്‍ 8282 വോട്ടുകളാണ് നേടിയത്. നേതാവ് തോറ്റതാകട്ടെ വെറും 1009 വോട്ടുകള്‍ക്കും!

സത്യത്തില്‍ ഇത് ചതിയാണ്; എതിര്‍സ്ഥാനാര്‍ഥിയോടും  വോട്ടര്‍മാരോടും ചെയ്യുന്ന ചതി! രാഷ്ട്രീയ ധാര്‍മികതക്ക് നിരക്കാത്ത ഈ പണി നിയമംമൂലം തടയാന്‍ കഴിയണമെന്നില്ല. പാര്‍ട്ടികള്‍ തന്നെ തീരുമാനിക്കണം. മാന്യമായി, നേര്‍ക്കുനേരെ, സത്യസന്ധമായി മത്സരിക്കണം. ആ വിജയത്തിലാണ് ആനന്ദമുണ്ടാവുക. കൃത്രിമമായ വിജയം മനസ്സാക്ഷിയുള്ളവരെ എന്നും കുത്തിനോവിച്ചുകൊണ്ടിരിക്കും. രാഷ്ട്രീയത്തില്‍ എന്ത് മനസ്സാക്ഷി എന്നാണു ചോദ്യമെങ്കില്‍... പിന്നെ ഒന്നും പറയാനില്ല.