രൂപതയില്‍ വിരിയുന്ന ജിഹാദിന്റെ പൂക്കള്‍

പത്രാധിപർ

2021 സെപ്തംബര്‍ 18 1442 സഫര്‍ 11

''നീ ബലിപീഠത്തിങ്കല്‍ കാഴ്ച അര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് പിണക്കമുെണ്ടന്ന് അവിടെവെച്ച് ഓര്‍മിക്കയാണെങ്കില്‍ കാഴ്ചവസ്തു ബലിപീഠത്തിന്റെ മുമ്പില്‍വച്ചിട്ട് പോകുക. ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക. പിന്നീട് വന്നു കാഴ്ച അര്‍പ്പിക്കുക'' (മത്തായി 5:23-25).

സ്വന്തം നിലനില്‍പ് അപകടത്തിലാണെന്ന് തിരിച്ചറിയുമ്പോള്‍ ശത്രുവിനെ പ്രീണിപ്പിച്ച് അവന്റെ അക്രമത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. ശത്രുവിന്റെ മറ്റുശത്രുക്കളോട് എതിര്‍പ്പു പ്രകടിപ്പിച്ചും അവര്‍ ശത്രുവിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കും. അതാണ് ഇൗയിടെയായി ചില സഭകളും സഭാപ്രചാരകരും നടത്തിക്കൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ മിഷണറിമാരെ 'നന്നായി കൈകാര്യം ചെയ്യുന്നത്' നിത്യസംഭവമായി മാറിയിട്ടുണ്ട്. കേരളത്തിലും കൈപ്പേറിയ അനുഭവം ഈയിടെയായി ഉണ്ടായിട്ടുണ്ട്. അതിനാല്‍ അവരോട് ഒട്ടിനില്‍ക്കലാണ് ബുദ്ധി. അതിന് പറ്റിയ ഏറ്റവും നല്ല കാര്യമാണ് മുസ്‌ലിം വിരുദ്ധത പ്രകടമാക്കല്‍. എഫ്ബി, വാട്‌സ്ടാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിലൂടെയും വ്യാജ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അക്കൗണ്ട് തുറന്ന് അവയിലൂടെയും ഇസ്‌ലാം, മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍ തള്ളിമറിക്കുകയാണിവര്‍. കേട്ടാല്‍ അറപ്പുതോന്നുന്ന രൂപത്തില്‍ പ്രവാചകനെ പോലും തെറിപറയാന്‍ ഇവര്‍ മടികാണിക്കുന്നില്ല. സംഘ്പരിവാറിന്റെ തലയിലുദിച്ച ലൗ ജിഹാദ് ആവിയായി പോയിട്ടും ഇന്നും ഇക്കൂട്ടര്‍ അതും പൊക്കിപ്പിടിച്ച് സ്വസമുദായത്തിലെ സ്ത്രീകളെ ഭയപ്പെടുത്തുന്നുണ്ട്.

ഇതിനിടയിലാണ് പാലായിലെ ബിഷപ്പ് 'നാര്‍ക്കോട്ടിക് ജിഹാദ്'എന്ന പുതിയ കണ്ടുപിടുത്തവുമായി രംഗത്തുവന്നിരിക്കുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ യുവതികള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കി മയക്കിയെടുത്ത് അവരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുവാന്‍ മുസ്‌ലിംകള്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് നാര്‍ക്കോട്ടിക് ജിഹാദ് എന്നാണ് ബിഷപ്പ് ഒരു വെളിവുമില്ലാതെ വെളിപ്പെടുത്തിയിട്ടുള്ളത്.

ഇസ്‌ലാമിന്റെ ബാലപാഠം മനസ്സിലാക്കിയവര്‍ക്കറിയാം ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമൊക്കെ ഇസ്‌ലാമിക വിരുദ്ധമാണെന്ന്. അന്യ സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള പ്രണയവും എല്ലാ ലഹരി വസ്തുക്കളുടെയും ഉപയോഗവും ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങളാണ് എന്നിരിക്കെ ഇസ്‌ലാമിലേക്ക് ആളെക്കൂട്ടാന്‍ ഈ നിഷിദ്ധമായ മാര്‍ഗം എങ്ങനെ സ്വീകരിക്കും? മതപ്രബോധനത്തിനും മതംമാറ്റത്തിനും ഏത് നീചമാര്‍ഗവും സ്വീകരിക്കുക എന്നത് ഇസ്‌ലാമികമല്ല. ലക്ഷ്യംപോലെ മാര്‍ഗവും നന്നാവണമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. പ്രമാണങ്ങളിലൂടെ, തെളിവുകള്‍ നിരത്തിക്കൊണ്ടാണ് ഇസ്‌ലാം അതിന്റെ ആശയാദര്‍ശങ്ങള്‍ പ്രബോധിത സമൂഹത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നത്. അല്ലാതെ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ഭീഷണികളും കൊണ്ടല്ല. ''(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ.'' (ക്വുര്‍ആന്‍ 12:108)

ശക്തമായ തെളിവുകളുടെയും പൂര്‍ണബോധ്യത്തിന്റെയും അടിത്തറയിലായിരിക്കണം ഒരാളുടെ ആദര്‍ശം പടുത്തുയര്‍ത്തേണ്ടത്. അല്ലെങ്കില്‍ അതിന് സ്ഥായീഭാവമുണ്ടാവുകയില്ല. പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണവും മണ്ണെണ്ണയും കൊടുത്തുകൊണ്ടോ, രോഗികള്‍ക്ക് മരുന്ന് നല്‍കിക്കൊണ്ടോ, വിവാഹ പ്രായമെത്തിയ സ്ത്രീകളെ പ്രണവലയില്‍ കുടുക്കിക്കൊണ്ടോ അല്ല ലോകത്ത് ഇസ്‌ലാം വളര്‍ന്നിട്ടുള്ളതും വളരുന്നതും. സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കിക്കൊടുത്തുകൊണ്ട് സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കേണ്ട ബാധ്യത മാത്രമെ ഇസ്‌ലാമികപ്രബോധകര്‍ക്കുള്ളൂ. തെളിവുകള്‍ നിരത്തി ജനങ്ങളോട് സംവദിക്കുന്ന ദൈവികമതമായ ഇസ്‌ലാമിന് കോറം തികക്കാനായി ആളെ കൂട്ടേണ്ട ആവശ്യമില്ല. അത് കാണിച്ച് ആരില്‍നിന്നും പണംകിട്ടാനുമില്ല.