സത്യവിശ്വാസത്തെ സല്‍കര്‍മങ്ങള്‍കൊണ്ട് സാക്ഷ്യപ്പെടുത്തുക

പത്രാധിപർ

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

വിശ്വാസകാര്യങ്ങളും (ഈമാന്‍ കാര്യങ്ങള്‍) കര്‍മപരമായ കാര്യങ്ങളും (ഇസ്‌ലാം കാര്യങ്ങള്‍) സ്വഭാവപരമായ കാര്യങ്ങളുമെല്ലാം ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. ഇവയെല്ലാം തന്റെ കഴിവിന്റെ പരമാവധി ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി. എന്നാല്‍ ചിലയാളുകളുണ്ട്; അവര്‍ വിശ്വാസകാര്യങ്ങളില്‍പെട്ട ചിലതില്‍ മാത്രം വിശ്വസിക്കുന്നു, കര്‍മപരമായ കാര്യങ്ങളില്‍ ഇഷ്ടമുള്ളത് മാത്രം ചെയ്യുന്നു, അല്ലെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നു. എന്നിട്ട് സ്വര്‍ഗപ്രാപ്തിക്ക് ഇതുതന്നെ ധാരാളം എന്ന് ഇക്കൂട്ടര്‍ കണക്കുകൂട്ടുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്തരമാളുകള്‍ വലിയ തെറ്റുധാരണയിലാണ് അകപ്പെട്ടിരിക്കുന്നത്.

ക്വുര്‍ആനില്‍ വിശ്വസിക്കാനുള്ള കല്‍പനയോടൊപ്പം സല്‍കര്‍മങ്ങള്‍ ചെയ്യാനുള്ള കല്‍പനയും ചേര്‍ന്നുവന്നിട്ടുള്ളതായി കാണാം. രണ്ടും പരസ്പര പൂരകങ്ങളാണ് എന്നര്‍ഥം. അഥവാ ഈമാനുള്ളവരില്‍നിന്ന് അനിവാര്യമായും സല്‍കര്‍മങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അല്ലാഹു പറയുന്നു:

''അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെമേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുകയുംചെയ്യുന്നവര്‍. അവര്‍ തന്നെയാണ് യഥാര്‍ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്'' (ക്വുര്‍ആന്‍ 8:2-4).

സത്യവിശ്വാസത്തിന്റെ സാക്ഷാത്കാരത്തിന് മുഹമ്മദ് നബിﷺയെ പരിപൂര്‍ണമായും അനുസരിക്കേണ്ടതുണ്ട്. അഥവാ സത്യവിശ്വാസത്തെ സല്‍കര്‍മങ്ങള്‍കൊണ്ട് സാക്ഷ്യപ്പെടുത്തണം. സത്യവിശ്വാസം അവകാശപ്പെടുകയും സല്‍കര്‍മങ്ങള്‍കൊണ്ട് അതിനെ സാക്ഷ്യപ്പെടുത്താതിരിക്കുകയും ചെയ്യുന്നവര്‍ വിശ്വാസികളല്ല എന്ന് അല്ലാഹു വ്യക്തമായി അറിയിച്ചുതന്നിട്ടുണ്ട്:

''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' (ക്വുര്‍ആന്‍ 4:65).

ക്വുര്‍ആനിലും മുന്‍ വേദഗ്രന്ഥങ്ങളിലും വിശ്വസിച്ചിരിക്കുന്നുവെന്നു വായകൊണ്ട് ഉരുവിടുകയും മുസ്‌ലിം വേഷമണിഞ്ഞു നടക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ ചില ചെയ്തികളെക്കുറിച്ചു പരാമര്‍ശിച്ചശേഷമാണ് അല്ലാഹു ഇങ്ങനെ പറയുന്നത്.

ഒരാള്‍ മുസ്‌ലിമാണെങ്കില്‍ അഭിപ്രായഭിന്നതയുള്ള വിഷയത്തില്‍ പ്രവാചകന്റെ തീരുമാനം അംഗീകരിക്കണം. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ മറ്റുള്ളവരുടെ വിധിതേടിപ്പോകുകയും പ്രവാചകനെ അവഗണിക്കുകയും ചെയ്യുന്ന സ്വഭാവം കാണിച്ച കപടവിശ്വാസികളെപ്പറ്റിയാണ് ഈ വചനത്തിലുള്ളത്. എന്നാല്‍ ഇതിലടങ്ങിയ തത്ത്വങ്ങള്‍ അവരെ മാത്രം ബാധിക്കുന്നവയല്ല. സത്യവിശ്വാസിയാണെന്ന് അവകാശപ്പെടുന്ന ഓരോ മുസ്‌ലിമും തന്റെ ജീവിതത്തിലുടനീളം പാലിക്കേണ്ടതാണ് ഈ കാര്യങ്ങള്‍.

പ്രവാചകന്‍ﷺ പഠിപ്പിച്ച സല്‍കര്‍മങ്ങളോട് വിമുഖത കാണിക്കുന്നത് അദ്ദേഹത്തോടുള്ള അനുസരണക്കേടാണ്. അതാകട്ടെ അല്ലാഹുവിനെ ധിക്കരിക്കലുമാണ്. ഇമാം ബുഖാരിയും മുസ്‌ലിമും അബൂഹുറയ്‌റ(റ)യില്‍നിന്ന് ഉദ്ധരിക്കുന്നു; നബിﷺ പറഞ്ഞു: ''ആരെങ്കിലും എന്നെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിച്ചാല്‍ അവന്‍ അല്ലാഹുവിനോടാണ് അനുസരണക്കേട് കാണിച്ചത്.''