വിലയില്ലാതാകുന്ന മനുഷ്യജീവനുകള്‍

പത്രാധിപർ

2021 ഏപ്രില്‍ 17 1442 റമദാന്‍ 05

വന്യജീവികളുടെയും തെരുവു നായകളുടെയും ജീവന്‍റെ വിലപോലും മനുഷ്യജീവന് കല്‍പിക്കപ്പെടാത്ത ഇടമായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുകയാണോ? പേപ്പട്ടിയെ തല്ലിക്കൊന്നാലും അക്രമിക്കാന്‍ ചാടിവീണ വന്യമൃഗത്തെ പ്രതിരോധിക്കുന്നതിനിടയില്‍ അതിന്‍റെ ജീവന്‍ നഷ്ടപ്പെട്ടാലും മൃഗസ്നേഹികള്‍ സടകുടഞ്ഞെഴുന്നേല്‍ക്കും. പ്രതിഷേധം പ്രകടിപ്പിക്കും. അക്രമിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുറവിളി കൂട്ടും. ആ കേസില്‍നിന്ന് രക്ഷപ്പെടാന്‍ പിന്നെ വലിയ പാടാണ്.

എന്നാല്‍ അന്യായമായി മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും കൊടിയുടെ നിറവും നോക്കിയാണ് പലരും പ്രതികരണങ്ങളും പ്രതിഷേധങ്ങളുമുയര്‍ത്തിക്കാണു ന്നത് എന്ന കാര്യം പ്രബുദ്ധകേരളത്തിന് അപമാനകരമാണ്. ഏതൊരു മനുഷ്യനും കൊല്ലപ്പെട്ടുകൂടാ. കൊല്ലപ്പെടുന്നത് ആരാണെങ്കിലും ഒരു മനുഷ്യനാണല്ലോ എന്ന നിലയില്‍ അതില്‍ വേദനിക്കാനും പ്രതികരിക്കാനും കൊലയാളി ആരാണെങ്കിലും പിടികൂടി ശിക്ഷിക്കണമെന്നു പറയാനുമുള്ള തന്‍റേടവും മനുഷ്യത്വവും എന്നാണ് നമുക്കുണ്ടാവുക?

ഉത്തരേന്ത്യയിലേക്ക് നോക്കുക. പശുക്കടത്തിന്‍റ പേരില്‍, ബീഫിന്‍റെ പേരില്‍ അവിടെ കൊലപാതകവും ക്രൂരമായ പീഡനവും നടക്കുന്നു. ജാതീയമായ വേര്‍തിരിവും തൊട്ടുകൂടായ്മയും നിലനില്‍ക്കുന്നു. പശുവിന്‍റെ വിലപോലും കല്‍പിക്കപ്പെടാത്ത ദളിതര്‍ നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ മര്‍ദനത്തിനിരകളാവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.

ഏതാനും ദിവസം മുമ്പ് ബംഗാളിലെ കുച്ച്ബിഹാറില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ നടന്ന വെടിവയ്പില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഇത് വംശഹത്യയാണ് എന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചത്. എന്നാല്‍ കേന്ദ്രസേനയെ ഘൊരാവോ ചെയ്യാന്‍ മമത നിര്‍ദേശം നല്‍കിയതാണ് വെടിവയ്പില്‍ കലാശിച്ചത് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. ന്യായം ആരുടെ പക്ഷത്താണെങ്കിലും വേദന കൊല്ലപ്പട്ടവരുടെ കുടുംബത്തിനു മാത്രം.

ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍കര്‍ ഗൗരി തുടങ്ങി സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരുമൊക്കെയായ പലരും വധിക്കപ്പെട്ടത് മറക്കാനായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ അങ്ങിങ്ങായി ചില പ്രതിഷേധ സ്വരങ്ങള്‍ ഉയരും. താമസിയാതെ എല്ലാം കെട്ടടങ്ങും. അക്രമികള്‍ തങ്ങളുടെ ദൗത്യം അഭംഗുരം തുടരും. അവരുടെ പിന്നിലുള്ള ശക്തികള്‍ ചെല്ലും ചെലവും കൊടുത്ത് അവരെ സംരക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും. മതേതരവാദികളായ എഴുത്തുകാര്‍ ആയുസ്സിനു വേണ്ടി മൃത്യുഞ്ജയ ഹോമം നടത്തിയില്ലെങ്കില്‍ ഗൗരി ലങ്കേഷിന്‍റെ ഗതി വരുമെന്ന് അവര്‍ കൊല്ലപ്പെട്ട ശേഷം കേരളത്തിലെ ഒരു തീവ്ര വര്‍ഗീയ പ്രസംഗക ഭീഷണിപ്പെടുത്തിയത് നാം കണ്ടതാണ്.

വിധവകളും അനാഥരും ആലംബഹീനരും സൃഷ്ടിക്കപ്പെടുന്നു എന്നതാണ് കൊലപാതകങ്ങളുടെ ബാക്കിപത്രം. നഷ്ടം കൊല്ലപ്പെവര്‍ക്കും അവരുടെ കുടുംബത്തിനും മാത്രം.  

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റുകളാണ് എന്ന് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗ് പ്രസ്താവിച്ചിരുന്നു. ആ മാവോയിസ്റ്റുകള്‍ എത്രയെത്ര സൈനികരെയും ഗ്രാമീണരെയുമാണ് ഒരു വര്‍ഷം കൊന്നൊടുക്കുന്നത്! അവര്‍ക്ക് എവിടെനിന്നാണ് കോടികളുടെ സാമ്പത്തിക സഹായം ലഭിക്കുന്നത്? കൊള്ളയിലൂടെ മാത്രമാണോ? എങ്ങനെയാണ് മിക്കവാറും വനത്തിനുള്ളില്‍തന്നെ കഴിച്ചുകൂട്ടുന്നവര്‍ക്ക് വിദേശ നിര്‍മിതങ്ങളായ അത്യാധുനിക ആയുധങ്ങള്‍ ലഭിക്കുന്നത്? രക്തം ചൊരിയാന്‍ ഒട്ടും മടികാണിക്കാത്ത ഈ വിഭാഗത്തിന് ബാഹ്യമായ സഹായം ലഭിക്കുന്നില്ലെന്ന് പറയാനാകുമോ?