വിവാഹപ്രായം ഉയര്‍ത്തല്‍; ലക്ഷ്യം സ്ത്രീ ശാക്തീകരണമോ?

പത്രാധിപർ

2021 ഡിസംബര്‍ 25 1442 ജുമാദല്‍ അല്‍ അവ്വല്‍ 20

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സമൂഹത്തില്‍ വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. വാസ്തവത്തില്‍ 1978 മുതല്‍ തന്നെ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഇന്ത്യയില്‍ 18 വയസ്സാണ്. എന്നാല്‍ ഈ നിയമം കര്‍ശനമാക്കാന്‍ തുടങ്ങിയത് അടുത്തകാലത്തു മാത്രമാണ്. അതിന്റെ ഫലം കണ്ടുതുടങ്ങുകയും ചെയ്തിട്ടുണ്ട്.

2005-06 കാലഘട്ടത്തില്‍ 47 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരായപ്പോള്‍ 2019-20 ആയപ്പോഴേക്കും ഇത് 23 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമം നടപ്പിലാക്കുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്തം സത്യസന്ധമായി നിര്‍വഹിക്കുകയാണെങ്കില്‍ ഈ ഗ്രാഫ് ഇനിയും താഴേക്കു വരുമെന്നതില്‍ സംശയമില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രായപൂര്‍ത്തിയാകാത്ത വധുക്കളുള്ള രാജ്യമായി ഇന്ത്യ തുടരുന്നത് നിലവിലുള്ള നിയമങ്ങള്‍ പാലിക്കാത്തതിനാലാണ് എന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് വിവാഹപ്രായം ഇനിയും ഉയര്‍ത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

വിവാഹപ്രായം ഉയര്‍ത്തുന്നത് സ്വന്തം ജീവിതത്തിലും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിലുമുള്ള സ്ത്രീകളുടെ അവകാശങ്ങളെ ബാധിക്കും എന്നത് ഒരു ഫെമിനിസ്റ്റിനെയും അലോസരപ്പെടുത്തുന്നതായി കാണുന്നില്ല.

വിവിധ സമുദായങ്ങള്‍ക്ക് ബാധകമായ വ്യക്തിനിയമങ്ങള്‍ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വിവാഹപ്രായം സാര്‍വത്രികമാക്കുന്നത് അത്തരം നിയമങ്ങളെ ബാധിക്കുമെന്ന് പൊതുവെ കണക്കാക്കപ്പെടുന്നുണ്ട്. ഏകസിവില്‍കോഡ് നടപ്പിലാക്കുന്നതിലേക്കുള്ള ഒരു കാല്‍വയ്പുകൂടിയാണിത് എന്നതില്‍ സംശയമില്ല. സര്‍ക്കാരിന്റെ ലക്ഷ്യം ഇതൊക്കെയാണെന്നും അല്ലാതെ കൊട്ടിഘോഷിക്കുന്നതുപോലെ സ്ത്രീ ശാക്തീകരണമല്ലെന്നും മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട.

സര്‍ക്കാര്‍ ദാരിദ്ര്യരേഖക്കു താഴെയുള്ളവരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതില്‍ ഫലപ്രദമായ പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല എന്നിരിക്കെ പഠനത്തിനും ജോലിക്കും പെണ്‍കുട്ടികള്‍ക്ക് സൗകര്യമൊരുക്കാനെന്ന പേരില്‍ വിവാഹപ്രായമുയര്‍ത്തുന്നതില്‍ എന്ത് കഴമ്പാണുള്ളത്? തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും അവരുടെ ശാരീരിക ക്ഷേമം ഉറപ്പാക്കുന്നതിനും ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനും ദരിദ്ര കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും കോടികള്‍ ചെലവഴിക്കുക എന്ന അധിക ബാധ്യത സര്‍ക്കാര്‍ നിര്‍വഹിക്കുമോ? പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുറപോലെ നടക്കുന്നുണ്ട്. എന്നാല്‍ അവയില്‍ എത്രശതമാനം നടപ്പിലാക്കപ്പെടുന്നുണ്ട്?

പരസ്പരാനുമതിയോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറച്ചുകൊണ്ടുള്ള ക്രിമിനല്‍നിയമ ഭേദഗതി പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചത് 2013 മാര്‍ച്ച് 14നാണ്. ഇതിന്റെ പ്രാബല്യത്തോട് കൂടി പതിനാറും പതിനേഴും വയസ്സുള്ള ദമ്പതിമാര്‍ ഒരുമിച്ച് ജീവിക്കുന്നത് കണ്ട് കേസെടുക്കാന്‍ ശ്രമിച്ചാല്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഒളിപ്പിച്ചുവെച്ച് തങ്ങള്‍ ഉഭയകക്ഷി സമ്മതപ്രകാരം മാതാപിതാക്കളില്‍നിന്ന് ഒഴിഞ്ഞുമാറി താമസിക്കുകയാണെന്ന് പറഞ്ഞാല്‍ അവര്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെടും. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞാല്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും! ധാര്‍മികതയ്ക്ക് വിരുദ്ധമായി ജീവിക്കുന്നവര്‍ക്ക് നിയമപരിരക്ഷയും ധാര്‍മികജീവിതം നയിക്കുന്നവര്‍ക്ക് ശിക്ഷയും നല്‍കുന്ന വിചിത്രമായ നിയമ സംവിധാനം മറ്റേതു രാജ്യത്താണുള്ളത്?