വീണ്ടും ദുരന്തത്തിന്റെ വെള്ളപ്പാച്ചില്‍

പത്രാധിപർ

2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16

2018ലും 2019ലും കേരളം ചരിത്രത്തിലെ അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് നേരിട്ടത്. ഒരിക്കലും വെള്ളം കയറില്ലെന്ന് വിശ്വസിച്ച പലയിടങ്ങളിലും ജലപ്രവാഹം ഇരമ്പിയെത്തി. മലകള്‍ ഇടിഞ്ഞിറങ്ങി. കണക്കാക്കാന്‍ പറ്റാത്തത്ര നാശനഷ്ടങ്ങളുണ്ടായി. ഉറ്റവരെ നഷ്ടപ്പെട്ടതുമൂലമുള്ള ദുഃഖവും സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതായതിന്റെ വേദനയും അനുഭവിക്കുന്നവരെ മലയാളികള്‍ ചേര്‍ത്തുപിടിച്ചു.

2020ല്‍ വ്യാപകമായ പ്രളയമുണ്ടായില്ലെങ്കിലും ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ വന്‍ദുരന്തമുണ്ടായി. തേയിലത്തോട്ടത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ അന്തിയുറങ്ങിയ ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായി. വനത്തിനുള്ളില്‍ ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ പാറകളും വെള്ളവും മണ്ണും കുത്തിയൊലിച്ച് ആ താഴ്‌വരയെ മുഴുവന്‍ തുടച്ചുനീക്കി. ആറ് ലയങ്ങളിലായി ഉണ്ടായിരുന്ന എഴുപതോളം പേരാണ് ഈ ദുരന്തത്തിനിരയായത്.

ഈ വര്‍ഷം ഒക്‌ടോബറിലെത്തിയപ്പോള്‍ ഇനി ഏതായാലും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യതയില്ലെന്നു നിനച്ചിരിക്കുമ്പോഴാണ് തെക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് പ്രളയം കടന്നുവന്നിരിക്കുന്നത്. കരളലിയിക്കുന്ന കാഴ്ചകളാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് . ഒരു വീട് മരം കടപുഴകി വീഴുംപോലെ മണിമലയാറിലേക്ക് അപ്പാടെ വീണടിയുന്ന രംഗം ഭീതിയും സങ്കടവും ജനിപ്പിക്കുന്നതാണ്. പരസ്പരം കെട്ടുപ്പുണര്‍ന്ന് മണ്ണിനടിയില്‍ മരിച്ചുകിടക്കുന്ന പിഞ്ചോമനകളുടെ അവസ്ഥയോര്‍ക്കുമ്പോള്‍ ആരുടെ കണ്ണുകളാണ് നിറയാതിരിക്കുക?

എന്തുകൊണ്ട് ഇത്തരത്തില്‍ പ്രളയങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിച്ചുവരുന്നു? ഭൂമി, ജലം, അന്തരീക്ഷം, പര്‍വതങ്ങള്‍, ജീവജാലങ്ങള്‍, സസ്യങ്ങള്‍ എന്നിങ്ങനെ ഭൂമിയിലുള്ള ഓരോ വസ്തുവും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് വ്യക്തമായ അളവിന്റെയും അവയ്ക്കിടയിലെ പരസ്പര ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ്. നേരിയ അളവിലാണെങ്കിലും ഈ താളത്തിന് എന്തെങ്കിലും പിഴവ് വരുകയാണെങ്കില്‍ അതിന്റെ അനന്തരഫലം പ്രവചനാതീതമായിരിക്കും.

കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉരുള്‍പൊട്ടലിനും പ്രളയത്തിനും കാരണം പ്രകൃതിക്ഷോഭം മാത്രമല്ലെന്നും നിരുത്തരവാദപരമായ മനുഷ്യന്റെ പ്രവര്‍ത്തനഫലമാണതെന്നും പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ കഴിഞ്ഞ പ്രളയകാലത്ത് അഭിപ്രായപ്പെട്ടിരുന്നു. ഭൂഗര്‍ഭ ജലം നിറഞ്ഞ  പ്രദേശങ്ങളൊക്കെ നിരപ്പാക്കി. വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വനനശീകരണം കാരണം വെള്ളം സൂക്ഷിച്ചുവെക്കാന്‍ സാധിക്കാതെ വരുന്നു. അത് ഉരുള്‍പൊട്ടലിന് വഴിയൊരുക്കുന്നു. കുന്നുകളിടിച്ചു നിരത്തിയത് കാരണം ഒഴുകിവരുന്ന വെള്ളമത്രയും നദികളില്‍ എത്തുന്നു. ക്വാറികളുടെ അനിയന്ത്രിതമായ വിഭവചൂഷണം പരിസ്ഥിതിക്ക് വന്‍ ആഘാതമുണ്ടാക്കുന്നു. നദികളിലെ കനത്ത ജലപ്രവാഹം കാരണം ഡാമുകള്‍ തുറക്കേണ്ടിവരുന്നു. അപ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് നദികള്‍ കവിഞ്ഞൊഴുകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അമിതമായ പ്രകൃതി വിഭവ ചൂഷണത്തിന് ആക്കം കൂട്ടുന്ന വികലമായ വികസന നയങ്ങളുടെ സൃഷ്ടിയാണ് പ്രളയക്കെടുതികള്‍.

ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി 'ദൈവമില്ല; ഉണ്ടെങ്കില്‍ ആ ദൈവം തോറ്റിരിക്കുന്നു' എന്നൊക്കെ പരിഹസിക്കുന്ന യുക്തിവാദികള്‍ക്കും നിരീശ്വരാവാദികള്‍ക്കും പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങള്‍ കൃത്യമായ മറുപടി നല്‍കുന്നുണ്ട്. മനുഷ്യകഴിവുകളൊക്കെ നിഷ്ഫലമാകുന്ന നിമിഷം 'മുകളില്‍ ഒരാളുണ്ട്' എന്ന ചിന്ത നിരീശ്വരവാദികയുടെ ഉള്ളിലുമുണരും എന്നതില്‍ സംശയമില്ല; അവര്‍ നിഷേധിച്ചാലും. നമ്മുടെ നിസ്സാരതയും ദുര്‍ബലതയും നാം തിരിച്ചറിയേണ്ടതുണ്ട്. ദുരയും ആര്‍ത്തിയും അഹന്തയും വെടിഞ്ഞ് വിനയാന്വിതരായി ജീവിതം നയിക്കേണ്ടതുണ്ട്. പ്രപഞ്ച സ്രഷ്ടാവ് സര്‍വശക്തനാണെന്ന ബോധം നമ്മിലുണ്ടാകേണ്ടതുണ്ട്. അവന്റെ കല്‍പനാനിര്‍ദേശങ്ങള്‍ക്കനുസരി ച്ച് ജീവിതത്തെ ക്രമപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരാണ് ബുദ്ധിമാന്മാര്‍. അവരാണ് യഥാര്‍ഥ വിജയം പ്രാപിക്കുന്നവര്‍.