സ്ത്രീധനം അഥവാ 'പുരുഷധനം'

പത്രാധിപർ

2021 ജൂലൈ 03 1442 ദുല്‍ക്വഅ്ദ 23

ഒരു അനിഷ്ടകരമായ, വേദനാജനകമായ സംഭവം നടന്നാല്‍ ഉടനെ നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ അതിന്റെ പിന്നാലെ കൂടും. പൊടിപ്പും തൊങ്ങലുംവെച്ച് അത് ജനങ്ങളിലേക്കെത്തിക്കും. മറ്റൊരു സംഭവത്തോടുകൂടി ആദ്യസംഭവത്തെ ഉപേക്ഷിക്കുകയും പുതിയതിന്റെ പിന്നാലെ കൂടുകയും ചെയ്യും. സര്‍ക്കാറും ഞെട്ടിയുണരുക ഇത്തരം ഘട്ടങ്ങളിലാണ്. ഡോറില്ലാത്ത ബസില്‍നിന്നും ആരെങ്കിലും തെറിച്ചുവീണു മരിച്ചാല്‍ മാത്രം ഡോറിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ചയായി. എല്ലാ ബസുകള്‍ക്കും വാതില്‍പാളി വേണമെന്നും അത് തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്നും കല്‍പനയായി... ഏതാനും മാസങ്ങള്‍ക്കകം എല്ലാം പഴയപടിയാകും! ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും.

ഇൗയിടെ ഉയര്‍ന്നുവന്ന സ്ത്രീധനവും അതിന്റെ പേരിലുള്ള പീഡനവും സംബന്ധിച്ച വാര്‍ത്തകള്‍ എടുക്കുക. വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വിഷയം താമസിയാതെ അപ്രസക്തമാകും. അധികാരസ്ഥാനങ്ങളിലുള്ളവരുടെ അമര്‍ഷം പ്രസ്താവനകളില്‍ ഒതുങ്ങും. സ്ത്രീധനം ചോദിക്കലും വാങ്ങലും കൊടുക്കലും നിര്‍ബാധം നടക്കും. പീഡനങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും അഭംഗുരം തുടരും.

ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള സാമ്പത്തിക സ്രോതസ്സായി മാത്രം സ്ത്രീയെ കാണുന്ന, വിവാഹം കഴിക്കണമെങ്കില്‍ ഇത്ര പവന്‍ സ്വര്‍ണവും ഇത്ര ലക്ഷംരൂപയും താന്‍ പറയുന്ന മോഡല്‍ കാറും തരണമെന്ന് നിബന്ധനവെക്കുന്ന അവസ്ഥക്ക് വിരാമമിടാനുള്ള നിയമമൊക്കെ നമ്മുടെ നാട്ടിലുണ്ട്. സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചുകൊണ്ട് സ്ത്രീധനത്തിന് ഇരയായിത്തീരുന്നവരുടെ മോചനം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ 1961ല്‍ പാസ്സാക്കിയ നിയമമാണ് 'സ്ത്രീധനനിരോധന നിയമം' (ഉീംൃ്യ ജൃീവശയശശേീി അര)േ.ഈ നിയമം 1984ല്‍ ഭേദഗതി ചെയ്യുകയുണ്ടായി. സ്ത്രീധനം എന്താണെന്ന് ഈ നിയമത്തില്‍ നിര്‍വചിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വിവാഹസമയത്തോ അതിനു മുമ്പോ പിമ്പോ വിവാഹിതരാകുന്ന കക്ഷികളില്‍ ഒരാള്‍ മറ്റൊരാള്‍ക്കു കൊടുക്കുന്നതോ, വിവാഹിതരാകുന്നവരുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ വധുവിനോ വരനോ മറ്റാര്‍ക്കെങ്കിലുമോ കൊടുക്കുന്ന എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും ഇതിന്റെ അടിസ്ഥാനത്തില്‍ 'സ്ത്രീധനം' ആണ്. എന്നാല്‍ മുസ്‌ലിം വ്യക്തിനിയമമനുസരിച്ചുള്ള;  വരന്‍ വധുവിന് നല്‍കുന്ന വിവാഹമൂല്യം (മഹ്ര്‍) ഇതില്‍നിന്ന് ഒഴിവാണ്.

എന്നാല്‍ ആരും ആവശ്യപ്പെടാതെ വധൂവരന്മാര്‍ക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് കൊടുക്കുന്ന പാരിതോഷികങ്ങള്‍ ഇതിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല. ഭാവിയില്‍ ഒരു വ്യവഹാരം ഉണ്ടാകാതിരിക്കുവാനായി വധൂവരന്മാര്‍ക്ക് ലഭിക്കുന്ന വസ്തുവകകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഇരുവരും അതില്‍ ഒപ്പുവെച്ച് ആയത് സൂക്ഷിക്കേണ്ടതുണ്ട് എന്നാണ് നിയമം.

സ്ത്രീധനത്തിന്റെ കാര്യത്തില്‍ സ്ത്രീകളും ഒരു പരിധിവരെ പ്രതികളാണ് എന്ന കാര്യം വിസ്മരിച്ചുകൂടാ. ആഭരണം കണക്കുപറഞ്ഞ് വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന, വരന്റെ മാതാവും സഹോദരിമാരുമുണ്ട്.  ഭര്‍ത്താവിന്റെ കുടുംബത്തിലെ, അല്ലെങ്കില്‍ സ്വന്തം കുടുംബത്തിലെ മറ്റുള്ളവരുടെ ഒപ്പത്തിനൊപ്പം സ്ഥാനം ലഭിക്കണമെങ്കില്‍ വലിയ ഒരു തുകയും അതിനനുസരിച്ചുള്ള ആഭരണങ്ങളും സ്ത്രീധനമായി കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളുമുണ്ട്.

മനോഭാവത്തിലുള്ള മാറ്റത്തിന്നേ ഈ ചൂഷണത്തിന് അറുതിവരുത്താന്‍ സാധിക്കുകയുള്ളൂ. അതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം. അതോടൊപ്പം നിയമം ഏട്ടിലൊതുങ്ങാതെ പ്രാവര്‍ത്തികമാക്കപ്പെടുകയും വേണം.