അഴിമതിക്കാര്‍ അഴിയെണ്ണണം

പത്രാധിപർ

2021 ആഗസ്ത് 14 1442 മുഹര്‍റം 05

ജനാധിപത്യ ഭരണക്രമത്തില്‍ അഴിമതി തീരെ ഇല്ലാതാക്കുക എന്നത് അസംഭവ്യമാണ്. ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം നൂറുശതമാനം സത്യസന്ധരും അന്യാമായ വഴിക്ക് ധനം സമ്പാദിക്കുവാന്‍ ആഗ്രഹിക്കാത്തവരുമായാലാണല്ലോ അത് സംഭവിക്കുക. അതുകൊണ്ടുതന്നെ ഏതു മുന്നണി അധികാരത്തില്‍ വന്നാലും രാജ്യം സമ്പൂര്‍ണമായി അഴിമതി മുക്തമാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഇച്ഛാശക്തിയുള്ള ഭരണാധികാരികള്‍ക്ക് ഏറെക്കുറെ അഴിമതി ഇല്ലാതാക്കുവാന്‍ സാധിക്കും.

'അഴിമതി ഒഴിവാക്കണമെങ്കില്‍ രാഷ്ട്രീയനേതൃത്വത്തിനു നിശ്ചയദാര്‍ഢ്യം വേണം. ജനാധിപത്യവ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്കുള്ള മതിപ്പു കളയാന്‍ അഴിമതി കാരണമാകുന്നു' എന്ന് എ.കെ ആന്റണി വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞതായി ഓര്‍ക്കുന്നു. അധികാരത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് എന്തുകൊണ്ട് ഈ ഇച്ഛാശക്തി ഇല്ലാതാകുന്നുവെന്ന് എല്ലാ കക്ഷികളിലെയും നേതാക്കന്മാര്‍ ആലോചിച്ചുനോക്കേണ്ടതാണ്.

അഴിമതി തടയുന്നതിനുള്ള സാഹചര്യം ഒരുക്കാന്‍ ആരും ഫലപ്രദമായി ഒന്നും ചെയ്തിട്ടില്ല; അഴിമതി വര്‍ധിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുമുണ്ട് എന്നതല്ലേ വസ്തുത? അഴിമതി നിരോധന നിയമം കൊണ്ട് ഏത് അഴിമതിയാണ് ഇല്ലാതായിട്ടുള്ളത്? ഏത് വകുപ്പാണിന്ന് അഴിമതിമുക്തമായിട്ടുള്ളത്?

1988ലെ അഴിമതി നിരോധന നിയമത്തില്‍ 30 വര്‍ഷത്തിനുശേഷം 2018ലാണ് കേന്ദ്ര ഭരണകൂടം ഭേദഗതി വരുത്തിയത്. കൈക്കൂലി നല്‍കുന്നതും ശിക്ഷാര്‍ഹമാക്കി എന്നതാണ് 1988ലെ നിയമത്തില്‍ വന്ന പ്രധാനമാറ്റം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്ട്രീയക്കാര്‍, ഭരണതല ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഈ ഭേദഗതി രക്ഷാകവചവും ഒരുക്കുന്നുണ്ട്. അവര്‍ക്കെതിരേ പരാതി ലഭിച്ചാല്‍ അന്വേഷണം ആരംഭിക്കുന്നതിനു മുമ്പ് സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വാങ്ങണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.  അഴിമതിക്കാര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്ന ഭേദഗതിയാണിത്.

കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധതിരായാല്‍ അക്കാര്യം ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഏജന്‍സിയെ അറിയിക്കാം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മുതല്‍ ഏഴുവര്‍ഷംവരെ തടവ് ലഭിക്കും. കൈക്കൂലി വാങ്ങിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ സ്വത്ത് കോടതിയുടെ അനുമതിയോടെ അന്വേഷണ ഉദേ്യാഗസ്ഥര്‍ക്ക് കണ്ടുകെട്ടാം. ഇതൊക്കെ ഏട്ടിലുണ്ട്, നാട്ടിലില്ല എന്നതല്ലേ ശരി?

തീര്‍ത്തും ന്യായമായ കാര്യം താമസം കൂടാതെ ചെയ്തുകിട്ടുന്നതിനു ശുപാര്‍ശയും കൈക്കൂലിയും വേണ്ടാത്ത എത്ര ഓഫീസുകള്‍ കാണും? നടപടിക്രമങ്ങള്‍ ലഘുവാക്കിയാല്‍ ഭരണയന്ത്രത്തിന്റെ സ്പീഡു കൂടും. കാലഹരണം വന്ന നിയമങ്ങളും സമയംകൊല്ലുന്ന ബ്യൂറോക്രാറ്റിക് നടപടികളുമാണ് അഴിമതിയുടെ വിളനിലം.

സംസ്ഥാനത്തെ പൊതുമരാമത്തുവകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ്, മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പ് തുടങ്ങിയവ അഴിമതിയുടെയും കൈക്കൂലിയുടെയും കൂത്തരങ്ങാണ് എന്നതില്‍ സംശയമില്ല. തീവ്രമായ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നേ തീരൂ. കൈക്കൂലി വാങ്ങുന്നവരെ കയ്യോടെ പിടിക്കുന്ന 'ട്രാപ്പ്' ഏര്‍പ്പാട് വ്യാപകമാക്കാം.

സംസ്ഥാനം ഭരിച്ച ഒരു മന്ത്രിസഭയും അഴിമതി തടയണമെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിച്ചാലല്ലേ നിശ്ചയവും നിശ്ചയദാര്‍ഢ്യവും ഉണ്ടാകുകയുള്ളൂ. പ്രതിപക്ഷത്താകുമ്പോള്‍ അഴിമതിയെപ്പറ്റി പറയുകയും അധികാരത്തിലേറുമ്പോള്‍ അത് വിസ്മരിക്കുകയും ചെയ്യുന്നത് ജനാധിപത്യസമ്പ്രദായത്തില്‍ ജനങ്ങള്‍ക്കുള്ള മതിപ്പു കുറയാന്‍ ഇടയാകുമെന്നതില്‍ സംശയമില്ല.