ഇസ്‌ലാംഭീതിയും അക്രമാസക്ത ദേശീയതയും

പത്രാധിപർ

2021 നവംബര്‍ 13 1442 റബിഉല്‍ ആഖിര്‍ 08

രാഷ്ട്രത്തിലെ ജനങ്ങളുടെയിടയില്‍ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങള്‍ ഒരുമിച്ചു ചേരുന്ന സവിശേഷ വൈകാരികാവസ്ഥയാണ് ദേശീയത അഥവാ ദേശീയബോധം. രാജ്യത്തിലെ ജനതയുടെ രാജ്യസ്‌നേഹത്തിലധിഷ്ഠിതമായ ഒരു മനോവികാരമായി ദേശീയബോധത്തെ അഥവാ ദേശീയതയെ കണക്കാക്കാം.

എന്നാല്‍ അന്യരാഷ്ട്രങ്ങളോടോ അന്യദേശീയ ജനവിഭാഗങ്ങളോടോ സ്വന്തം രാഷ്ട്രത്തിനകത്തുതന്നെയുള്ള മത, സാംസ്‌കാരിക, വംശീയ ന്യൂനപക്ഷങ്ങളോടോ അസഹിഷ്ണുതയും അക്രമാസക്തതയും പ്രകടിപ്പിക്കുന്ന മനോഭാവത്തിന് അക്രമാസക്ത ദേശീയത എന്നു പറയുന്നു. ദുഃഖകരമെന്നു പറയട്ടെ, കുറെ കാലമായി തീവ്ര ഹിന്ദുത്വശക്തികള്‍ തങ്ങളുടെ അണികള്‍ക്കിടയില്‍ വളര്‍ത്തിക്കൊണ്ടുവരുന്നത് ഇപ്പറഞ്ഞ അക്രമാസക്ത ദേശീയതയെയാണ്. ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. ഏറ്റവും ഒടുവില്‍ ത്രിപുരയില്‍ അതാണു നാം കണ്ടത്.

'നിങ്ങള്‍ ദേശീയവാദിയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഹിന്ദുവാകാതിരിക്കാനോ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഹിംസിക്കാതിരിക്കാനോ കഴിയില്ലെ'ന്നുള്ള ഒരാശയം സംഘപരിവാര്‍ വളരെ ശക്തമായിത്തന്നെ ഇവിടെ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ പ്രചാരണം ഇന്ത്യന്‍ സമൂഹത്തെ ചില ഘട്ടങ്ങളിലെങ്കിലും സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്. മതനിരപേക്ഷമായ ദേശീയതയുടെ യഥാര്‍ഥ ധാരയോട് ആശയപരമായി സംവദിക്കാനാവാതെ ഭീതിയുടെ ബീജങ്ങള്‍ പേറുന്ന ഈ കപട ദേശീയത രാജ്യത്ത് അശാന്തി പരത്താന്‍ മാത്രമെ ഉപകരിക്കൂ.  

തീവ്രഹിന്ദുത്വര്‍ വിഭാവനം ചെയ്‌തെടുത്ത ദേശീയത യഥാര്‍ഥ ദേശീയതയുമായി പ്രതിവര്‍ത്തിക്കുന്ന ചില തലങ്ങളുണ്ട.് ഒന്നാമതായി ഹിന്ദുത്വ ദേശീയത ഇസ്‌ലാം മതത്തോടും മുസ്‌ലിം സാമൂഹികതയോടുമുള്ള വിദ്വേഷത്തെ താത്വികവല്‍കരിക്കുന്നു. രണ്ടാമതായി ദുര്‍ബലമായ വൈകാരികതയെ അവലംബിക്കുന്നു. മൂന്നാമതായി അത് സമൂഹത്തിന്റെ ശാക്തീകരണത്തിനുപകരം ശിഥിലീകരണം സാധിക്കുന്നു.

മറുവശത്ത് യഥാര്‍ഥമായ ദേശീയതയാവട്ടെ ഒരു മതത്തോടുമുള്ള ആഭിമുഖ്യമോ വിയോജിപ്പോ താത്വികമായി എടുക്കുന്നില്ല. തന്നെയുമല്ല ശക്തമായ യാഥാര്‍ഥ്യബോധത്തോടെ ദുര്‍ബല വൈകാരികതകളെ തീര്‍ത്തും മാറ്റിവെച്ചുകൊണ്ട് സമൂഹത്തെ കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതോടുകൂടിത്തന്നെ സമൂഹത്തെ എല്ലാതരം ശിഥിലീകരണ ചിന്തകള്‍ക്കുമതീതമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു.

യഥാര്‍ഥ മതനരിപേക്ഷ ദേശീയത അതിജീവിക്കുകയും മതാധിഷ്ഠിത ഹൈന്ദവ ദേശീയത വൈകാരികതയുടെ പര്യായമായി തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നത് മേല്‍പറഞ്ഞ വ്യത്യാസങ്ങള്‍ കാരണമാണ്. ദേശീയതക്കുള്ളില്‍ നിന്ന് മുസ്‌ലിം/ഇസ്‌ലാംമത ഭീതിയെന്ന രോഗാണുവിനെ അകറ്റിനിര്‍ത്തുവാന്‍ ഹിന്ദുത്വര്‍ക്ക് സാധിക്കുന്നില്ല എന്നതാണവരുടെ യഥാര്‍ഥ ബലഹീനത. കാല്‍പനിക ഭയത്തിന്റെ വക്താക്കളായ തീവ്രഹിന്ദുത്വവാദികള്‍ അയഥാര്‍ഥമായ ചില പരികല്‍പനകളുടെ സഹായത്തോടെ സ്വന്തം ദൗര്‍ബല്യങ്ങളെ മറച്ചുപിടിക്കാന്‍ തീവ്ര പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്.