ഭാഗ്യശാലികളുടെ അടയാളം

പത്രാധിപർ

2021 ഫെബ്രുവരി 20 1442 റജബ് 08

നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനം നടക്കുന്ന ഇടമാണ് മനുഷ്യമനസ്സ്. പൊതുവെ തിന്മയോടാണ് മനുഷ്യമനസ്സ്ആഭിമുഖ്യം പ്രകടിപ്പിക്കുക. തിന്മ ചെയ്തുകഴിഞ്ഞാലോ കുറ്റബോധമുണ്ടാവുകയും ചെയ്യും. എന്നാല്‍ വീണ്ടും അതേ തെറ്റിലേക്കു മടങ്ങാന്‍ അവന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യും.

ഏതൊരു തെറ്റും ആത്യന്തികമായി സ്വന്തത്തോടുതന്നെ ചെയ്യുന്ന അക്രമമാണ്. കാരണം അതിന്‍റെ പരിണിതഫലം അവന്‍ പരലോകത്ത് അനുഭവിക്കേണ്ടിവരും; മറ്റാരും അത് ഏറ്റെടുക്കില്ല.

"...വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായിതന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല..."(ക്വുര്‍ആന്‍ 17:15).

പാപത്തില്‍ അങ്ങേയറ്റം മുഴുകുകയും പശ്ചാത്തപിച്ച് തെറ്റുകളില്‍നിന്ന് മടങ്ങുകയും ചെയ്യാത്തവര്‍ക്ക് ശാശ്വതമായ നരകം ഉറപ്പാണ്: "അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്‍റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും" (2:81).

സമൂഹത്തില്‍ നടമാടുന്ന തെറ്റുകുറ്റങ്ങളില്‍ അകപ്പെടാതെ ജീവിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതിന് അപാരമായ മനശ്ശക്തിയും വിശ്വാസദൃഢതയും അനിവാര്യമാണ്. മരണം, പരലോകം എന്നീ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന പൂര്‍ണമായ ബോധം തെറ്റുകളില്‍നിന്ന് അകന്നു നില്‍ക്കാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.

സ്വയം നന്നായി ജീവിക്കുക എന്നത് മറ്റുള്ളവര്‍ക്ക് നല്‍കുന്ന മികച്ച സന്ദേശമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ഉത്തമസ്വഭാവങ്ങള്‍ സാധ്യമാകുന്നത്ര ജീവിതത്തില്‍ പകര്‍ത്തുന്നവന് ഏതു രംഗത്തും ഏതുവിധത്തിലുള്ള പരീക്ഷണങ്ങളെയും എതിര്‍പ്പുകളെയും മറികടക്കാന്‍ സാധിക്കുമെന്നുറപ്പാണ്. തിന്മയെ നന്മകൊണ്ട് നേരിടാന്‍ അത്തരക്കാര്‍ക്ക് കഴിയും.

"നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്‍മയെ)പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല" (ക്വുര്‍ആന്‍ 41:34).

തിന്മയെ തിന്മകൊണ്ട് നേരിടുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ തിന്മയെ നന്മകൊണ്ട് നേരിടുക എന്നത് അത്ര എളുപ്പമല്ല. അതിന് അങ്ങേയറ്റം ക്ഷമിക്കാനുള്ള കഴിവു വേണം. മുഖത്തുനോക്കി ചീത്ത പറഞ്ഞയാളെ തിരിച്ചും ചീത്തവിളിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ തന്നെ മറ്റുള്ളവര്‍ക്കു മുമ്പില്‍ അപമാനിക്കും വിധം ചീത്തവിളിച്ചയാളെ തിരിച്ചു ചീത്തവിളിക്കാതിരിക്കാന്‍ കഴിയുക ക്ഷമാലുവായ വിശ്വാസിക്കാണ്. അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ് എന്ന തിരുവചനം അവന് സ്ഥൈര്യം നല്‍കുന്നു. അവിടെ അവന്‍ തന്‍റെ ഈഗോ മാറ്റിവെക്കുന്നു. ദേഷ്യം അടക്കിവെക്കുന്നു. മനസ്സിനെ നിയന്ത്രിക്കുന്നു. മറ്റുള്ളവര്‍ തന്നെ കഴിവുകെട്ടവന്‍ എന്ന് ആക്ഷേപിക്കുമല്ലോ എന്ന് ചിന്തിക്കാതിരിക്കുന്നു. ഒരു പുഞ്ചിരിയോടെ മാന്യമായി അയാളോട് പ്രതികരിക്കുകകൂടി ചെയ്താല്‍ അതോടെ അപമാനിതനായി തലതാഴ്ത്തേണ്ടിവരിക അപരനാണ്.

"അതല്ല, തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത് അവരുടെ (രണ്ടുകൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്? അവര്‍ വിധികല്‍പിക്കുന്നത് വളരെമോശം തന്നെ" (ക്വുര്‍ആന്‍ 45:21).