'ജെന്‍ഡര്‍ ന്യൂട്രല്‍' എന്തിന് വിദ്യാര്‍ഥിസമൂഹത്തില്‍ ഒതുക്കണം?

പത്രാധിപർ

2021 ഡിസംബര്‍ 18 1442 ജുമാദല്‍ അല്‍ അവ്വല്‍ 13

പുരോഗമനത്തിന്റെയും സംസ്‌കാരികോന്നമനത്തിന്റെയും അടയാളം കാലങ്ങളായി സമൂഹം നിലനിര്‍ത്തിപ്പോരുന്ന മതധാര്‍മികമൂല്യങ്ങളെയും മാനുഷിക ഗുണങ്ങളെയും കയ്യൊഴിയലാണ് എന്ന് ലിബറല്‍ ചിന്താഗതിക്കാര്‍ ധരിച്ചുവശായിരിക്കുന്നു എന്നാണ് തോന്നുന്നത്. ലിബറലിസത്തിന്റെ പേരില്‍ മതനിരാസ ചിന്തകള്‍ സമൂഹഗാത്രത്തില്‍ കുത്തിവയ്ക്കാനുള്ള ശ്രമമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ 'മതമില്ലാത്ത ജീവനില്‍' തുടങ്ങി ഇപ്പോള്‍ അത് 'ലിംഗ നിഷ്പക്ഷത'യില്‍ എത്തിനില്‍ക്കുകയാണ്.

'ജെന്‍ഡര്‍ ന്യൂട്രല്‍' എന്നതിന്റെ അര്‍ഥം 'ലിംഗ നിഷ്പക്ഷത' എന്നാണ്. ആണ്‍-പെണ്‍ വേര്‍തിരിവ് ഒരു രംഗത്തും കാണിക്കാതിരിക്കുക എന്ന് ഉദ്ദേശം. അതിന്റെ ആദ്യപടിയായി ബാലുശ്ശേരിയിലെ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ക്ക് ആണ്‍കുട്ടിളുേടതുപോലെയുള്ള പാന്റ്‌സും ഷര്‍ട്ടും യുനിഫോമായി നിശ്ചയിച്ചിരിക്കുകയാണ്. ആണ്‍കോയ്മയ്‌ക്കെതിരെയുള്ള വിജയത്തിന്റെ ആദ്യപടിയായി ചിലര്‍ ഇതിനെ കാണുന്നുണ്ട്. വാസ്തവത്തില്‍ ഇത് ആണ്‍കോയ്മ പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പിക്കലല്ലേ? എല്ലാ ആണ്‍കുട്ടികളും പാവാടയും കുപ്പായവും ധരിക്കണമെന്ന് തീരുമാനിച്ചാല്‍ അത് ലിംഗ നിഷ്പക്ഷതിയില്‍ പെടില്ലേ? പെണ്ണ് ആണിന്റെ വേഷം കെട്ടല്‍ മാത്രമാണോ നിഷ്പക്ഷത?

 വിദ്യാര്‍ഥിനികളുടെ സ്വയം തിരഞ്ഞെടുപ്പവകാശത്തെ ഹനിക്കുന്നതും ആണധികാര താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നതുമാണ് യൂനിഫോം പരിഷ്‌കാരത്തില്‍ തെളിഞ്ഞുകാണുന്നത് എന്ന് വിലപിക്കാന്‍ ഒരു ഫെമിനിസ്റ്റിനെയും നാം കാണുന്നില്ലല്ലോ!

സ്‌കൂളില്‍ പഠിക്കുന്ന പല പെണ്‍കുട്ടികളുടെയും രക്ഷിതാക്കള്‍ക്ക് ഈ മാറ്റത്തോട് യോജിപ്പില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. പിടിഎയുടെ നിര്‍ദേശം അധ്യാപകര്‍ അംഗീകരിക്കുകയാണ്രെത ഉണ്ടായത്.

മന്ത്രിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തുകൊണ്ട് ഇതിന്റെ പ്രഖ്യാപനച്ചടങ്ങ് ആഘോഷപൂര്‍വം നടത്തിയതില്‍നിന്നും ഇതിനു പിന്നില്‍ പിടിഎ കമ്മിറ്റിയുടെ ഏകപക്ഷീയമായ തീരുമാനമല്ല എന്ന് വ്യക്തമാണല്ലോ.  ആണ്‍കുട്ടികളുടെ വേഷത്തിലേക്ക് പെണ്‍കുട്ടികള്‍ മാറുന്നതോടെ തുല്യത കൈവരും എന്നത് വല്ലാതൊരു ചിന്തതന്നെ.

സ്‌കൂളിന് പുറത്ത് പെണ്‍കുട്ടികളുടെ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ സ്‌കൂളില്‍ അത് അനുവദിക്കില്ല എന്ന് പറയുന്നത് മിതമായി പറഞ്ഞാല്‍  സാംസ്‌കാരിക ഫാഷിസമല്ലേ? ഗേള്‍സ് സ്‌കൂളിലാണ് ഈ നിയമം പാസാക്കിയിരിക്കുന്നത്! 'ഗേള്‍സ് സ്‌കൂള്‍' എന്ന ആശയംതന്നെ ഇവരുടെ തത്ത്വശാസ്ത്രപ്രകാരം തെറ്റല്ലേ? ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേണം. അവര്‍ ഇടകലര്‍ന്നിരിക്കണം. അവര്‍ക്ക് ശുചിമുറികള്‍ ഒന്നായിരിക്കണം... അപ്പോഴാണല്ലോ ശരിക്കും 'ന്യൂട്രല്‍' ആകുന്നത്. വിദ്യാര്‍ഥിസമൂഹം മാത്രം ന്യൂ്രടല്‍ ആയാല്‍ മതിയോ? മുതിര്‍ന്നവരും ആകേണ്ടേ? ബസ്സുകളിലും പൊതുശൗച്യാലയങ്ങളിലും സ്ത്രീകള്‍ എന്ന് എഴുതിവച്ചത് മായ്ച്ചുകളയാന്‍ സമയം ൈവകിയില്ലേ? ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മുതിര്‍ന്നവരും ഒരേ പോലുള്ള വസ്ത്രം ധരിച്ച് 'ന്യൂട്രല്‍' ആകേണ്ടേ? ആദ്യം ജനപ്രതിനിധികള്‍ മാതൃക കാണിക്കട്ടെ.

ഏതായിരുന്നാലും ഈ നീക്കം ആശങ്കാജനകമാണ്. ഇങ്ങനെയുള്ള വേഷം കെട്ടിക്കല്‍ പുരോഗമനമാണെന്ന് വിചാരിക്കുന്നവര്‍ സ്വപ്‌നലോകത്തുനിന്നും യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് ഇറങ്ങിവരേണ്ടതുണ്ട്. കേരളമെന്ന ബഹുസ്വരതയുടെ പര്യായമായ സംസ്ഥാനത്തിലെ ന്യൂനാല്‍ ന്യൂനപക്ഷമേ ഇതിനെ അംഗീകരിക്കുകയുള്ളൂ, ബഹുഭൂരിപക്ഷവും എതിരായിരിക്കും. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ വിവേകപൂര്‍ണമായ തീരുമാനങ്ങളാണ് കൈക്കൊള്ളേണ്ടത്.