ഫലസ്തീന്‍: ഒലീവിലകളിലെ ചോരക്കറ മായുകില്ലേ?

പത്രാധിപർ

2021 മെയ് 15 1442 ശവ്വാല്‍ 03

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയില്‍ ആയിരക്കണക്കിനു ഫലസ്തീനികള്‍ മസ്ജിദുല്‍ അക്വ്‌സയില്‍ ഒരുമിച്ചുകൂടിയ സമയത്താണ് ഇസ്രായേല്‍ പോലീസ് പുതിയ നരനായാട്ടിനു തുടക്കം കുറിച്ചിരിക്കുന്നത്. മസ്ജിദുല്‍ അക്വ്‌സയിലും അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മറ്റിടങ്ങളിലുമുണ്ടായ ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരിക്കുപറ്റി. റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ചാണ് അവര്‍ പ്രാര്‍ഥനക്കു വന്നവരെ എതിരിട്ടത്. പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെ സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രായേല്‍ സേന എറിഞ്ഞു. ഫലസ്തീനികളാകട്ടെ പതിവുപോലെ കയ്യില്‍ കിട്ടിയ കല്ലുകളും കുപ്പികളും കൊണ്ടാണ് പ്രതിരോധിച്ചത്.

പ്രശ്‌നം കൂടുതല്‍ വഷളാകാതെ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സമാധാനകാംക്ഷികള്‍. എന്നാല്‍ സ്ഥിതിവിശേഷം അത്യന്തം ഗുരുതരമാണിപ്പോള്‍. ഇസ്രായേല്‍ സൈന്യം കരയിലുടെയും വായുവിലൂടെയും കടുത്ത ആക്രമണമാണ് ഫലസ്തീനു നേരെ നടത്തിക്കൊണ്ടിരിക്കുന്നത്. സിവിലിയന്‍മാരെ കൊന്നൊടുക്കുക എന്ന,  ഇതുവരെയും തുടര്‍ന്നുവന്ന നയംതന്നെയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഗസ്സ എന്ന നഗരത്തെത്തന്നെ നാമാവശേഷമാക്കുന്ന തരത്തിലാണ് ബോംബുവര്‍ഷം നടത്തിക്കൊണ്ടിരിക്കുന്നത്. തകരുന്ന കെട്ടിടങ്ങളുടെയും മരിച്ചുവീഴുന്ന മനുഷ്യരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഫലസ്തീനാകട്ടെ തങ്ങളാലാകുന്നവിധം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്.  

ഇസ്രായേലിന്റെ കോളനിവാഴ്ച ആരംഭിച്ചതു മുതല്‍ തുടങ്ങിയതാണ് അവരുടെ നരനായാട്ടും ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പും. ജനിച്ചുവളര്‍ന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഫലസ്തീനികളെ അക്രമികളായും അധിനിവേശം നടത്തിയ അക്രമികളായ ഇസ്രയേലികളെ സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമായി മാത്രമെ എന്നും പാശ്ചാത്യമാധ്യമങ്ങളും രാഷ്ട്രങ്ങളും ചിത്രീകരിച്ചിട്ടുള്ളൂ. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇ്രസായേല്‍ ഒരു അധിനിവേശ രാഷ്ട്രമാണെന്ന യാഥാര്‍ഥ്യം വ്യക്തമാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറില്ല. ഫലസ്തീന്‍കാരില്‍നിന്നും അന്യായമായി പിടിച്ചെടുത്ത ഫലസ്തീന്‍കാരുടെ ജന്മസ്ഥലത്താണ് സംഘര്‍ഷങ്ങള്‍ നടക്കുന്നതെന്ന വസ്തുത മാധ്യമങ്ങള്‍ മറച്ചുവെക്കും.

ഫലസ്തീനികളെ ഉന്മൂലനാശം വരുത്തി മുഴുവന്‍ പ്രേദശവും തങ്ങളുടെതാക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേലിനുള്ളത്. ഫലസ്തീനി ബാലന്മാരെ തിരഞ്ഞുപിടിച്ച് വധിക്കുന്നതിനു പിന്നില്‍ ഈയൊരു ലക്ഷ്യമാണുള്ളത്. വ്യോമാക്രമണം നടത്തി ഫലസ്തീന്‍ ജനങ്ങളെ കൊന്നൊടുക്കുവാന്‍ ഇസ്രായേല്‍ യാതൊരും മടിയും കാണിക്കാറില്ല. ഫലസ്തീനികളുടെ ഭവനങ്ങള്‍ തകര്‍ക്കുന്നത് അവര്‍ക്കൊരു ലഹരിയാണ്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ക്കേ ഇന്ത്യ മര്‍ദിതരായ ഫലസ്തീനികളുടെ പക്ഷത്തായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. മര്‍ദകരായ ഇസ്രയേലിനെ പല കാര്യങ്ങള്‍ക്കും ആശ്രയിക്കാനും സഹായിക്കാനും ഇന്ത്യ മുന്നില്‍തന്നെയുണ്ട്! ദിവസങ്ങളോളം ഫലസ്തീനികളുടെ മേല്‍ വ്യോമാക്രമണം നടത്തിയ ഇസ്രയേലിന്റെ കടുത്ത മനുഷ്യാവകാശലംഘനങ്ങളെ അപലപിച്ച് പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പോലും സംഘപരിവാര്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞ ചരിത്രമാണുള്ളത്. ഐക്യരാഷ്ട്രസഭയും റഷ്യയടക്കമുള്ള പല രാഷ്ട്രങ്ങളും ഇസ്രായേലിന്റെ ഇപ്പോഴത്തെ ആക്രമണത്തെ അപലപിച്ചു കാണുന്നത് ശുഭസൂചനയാണെന്നു കരുതാം.