മനുഷ്യര്‍ അല്‍പജ്ഞാനികള്‍

പത്രാധിപർ

2021 മാര്‍ച്ച് 13 1442 റജബ് 29

അബ്ദുല്ലാഹ്(റ) നിവേദനം: "ഞാന്‍ ഒരിക്കല്‍ നബി ﷺ യോടൊപ്പം മദീനയിലെ വിജനമായ പ്രദേശത്തിലൂടെ നടക്കുകയായിരുന്നു. അവിടുന്ന് തന്‍റെ കയ്യിലുള്ള ഈത്തപ്പനപ്പട്ടയുടെ ഒരു വടി നിലത്ത് ഊന്നിക്കൊണ്ടാണ് നടന്നിരുന്നത്. അങ്ങനെ തിരുമേനി ﷺ ഒരു സംഘം ജൂതന്മാരുടെ മുമ്പിലെത്തി. അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: 'നിങ്ങള്‍ അവനോട് ആത്മാവിനെക്കുറിച്ച് ചോദിച്ചുനോക്കുവിന്‍.' ചിലര്‍ പറഞ്ഞു: 'ചോദിക്കരുത്. ചോദിച്ചാല്‍ നമുക്ക് അനിഷ്ടകരമായ എന്തെങ്കിലും അവന്‍ കൊണ്ടുവരും.' മറ്റുചിലര്‍ പറഞ്ഞു: 'നിശ്ചയം, ഞങ്ങള്‍ ചോദിക്കുകതന്നെ ചെയ്യും.' അങ്ങനെ അവരില്‍ ഒരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: 'ഓ, അബൂക്വാസിം, എന്താണ് ആത്മാവ്?' അവിടുന്ന് മൗനം ദീക്ഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'നിശ്ചയം, നബി ﷺ ക്ക് ദിവ്യസന്ദേശം ലഭിക്കുകയാണ്.' എന്നിട്ട് ഞാന്‍ അവിടെത്തന്നെ നിന്നു. അങ്ങനെ ആ പ്രത്യേക പരിതസ്ഥിതി തിരുമേനിയെ വിട്ടുമാറിയപ്പോള്‍ അവിടുന്ന് ഇപ്രകാരം പാരായണം ചെയ്തു: 'ആത്മാവിനെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാണ്. അറിവില്‍നിന്ന് അല്‍പമല്ലാതെ അവര്‍ക്ക് നല്‍കപ്പെട്ടിട്ടില്ല (ക്വുര്‍ആന്‍ 17:85)" (ബുഖാരി).

മനുഷ്യന്‍ സ്രഷ്ടാവിന്‍റെ സവിശേഷ സൃഷ്ടിയാണ്. മറ്റു ജീവജാലങ്ങള്‍ക്കൊന്നുമില്ലാത്ത കഴിവുകള്‍ സ്രഷ്ടാവ് അവനു നല്‍കിയിട്ടുണ്ട്. വിശേഷബുദ്ധിയുപയോഗിച്ചുകൊണ്ട് അറിവിന്‍റെ ചക്രവാളം വികസിപ്പിക്കുവാന്‍ മനുഷ്യനു കഴിയും. ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങള്‍ ഇക്കാര്യം ബോധ്യപ്പെടുത്തുന്നു. ഒരുകാലത്ത് സ്വപ്നം കാണുവാന്‍ പോലും സാധിക്കാത്ത കാര്യങ്ങള്‍ ഇന്ന് അവന്‍റെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു! ഈ നേട്ടങ്ങളുടെ പിന്‍ബലത്തില്‍ മനുഷ്യന്‍ അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ കയറിനിന്നുകൊണ്ട് ദൈവത്തെ പോലും വെല്ലുവിളിക്കു വാന്‍ ധൈര്യം കാണിക്കുകയും ചെയ്യുന്നു!

വിജ്ഞാനം മനുഷ്യരെ അഹങ്കാരിയും ദൈവനിഷേധിയുമാക്കി മാറ്റരുതെന്ന് ഉണര്‍ത്തുകയാണ് ഉപരിസൂചിത നബിവചനം. മനുഷ്യന് ഉത്തരം കണ്ടെത്തുവാന്‍ സാധിക്കാത്ത അനേകം പ്രതിഭാസങ്ങളും വസ്തുതകളുമുണ്ട്. അതിലൊന്നാണ് ആത്മാവ്. മനുഷ്യന്‍ മരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? എന്താണ് മരണം? കൃത്യമായ ഒരു വിശദീകരണം ഇതിനു നല്‍കാന്‍ ശാസ്ത്രത്തിന് ഇന്നേവരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഭൗതികകശരീരം മാത്രമല്ല മനുഷ്യനുള്ളത്, നമുക്ക് ദര്‍ശിക്കുവാനോ മനസ്സിലാക്കുവാനോ കഴിയാത്ത ആത്മാവുകൂടി ഉണ്ടെന്നത് വളരെ വ്യക്തമാണ്. ഈ ആത്മാവ് വേര്‍പെടുമ്പോള്‍ മരണം സംഭവിക്കുന്നു.

ഭൗതികശരീരത്തിനു പുറമെ ആത്മാവ് എന്ന ഘടകംകൂടിയുണ്ടെന്നു സമ്മതിച്ചാല്‍ മരണശേഷം അതിന് എന്തു സംഭവിക്കുന്നു, അത് എങ്ങോട്ടു പോകുന്നു എന്നൊക്കെ വിശദീകരിക്കേണ്ടി വരും. അതാകട്ടെ ശാസ്ത്രത്തിന്‍റെ പരിധിക്കപ്പുറമുള്ള കാര്യമാണുതാനും.

ആത്മാവിന്‍റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുവാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ 17:85ലൂടെ ഉണര്‍ത്തുന്നത്. പ്രപഞ്ച സ്രഷ്ടാവിന്‍റെ അറിവിനു മുമ്പില്‍ മനുഷ്യന്‍റെ അറിവ് വളരെ നിസ്സാരമാണെന്നും അല്ലാഹു അറിയിക്കുന്നു. അവന്‍ സര്‍വശക്തനും സര്‍വജ്ഞനുമാണ്. അവനല്ലാത്തതെല്ലാം അവന്‍റെ സൃഷ്ടികളാണ്. അവന്‍റെ സൃഷ്ടികളെക്കുറിച്ച് അവനല്ലാതെ മറ്റാര്‍ക്കാണ് കൂടുതല്‍ അറിയുവാന്‍ കഴിയുക?