കര്‍മങ്ങളെ നിഷ്ഫലമാക്കുന്ന പ്രകടനപരത

പത്രാധിപർ

2021 മെയ് 01 1442 റമദാന്‍ 19

ഇസ്‌ലാം പഠിപ്പിക്കുന്ന മുഴുവന്‍ വിശ്വാസകാര്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുകയും അനുശാസിക്കപ്പെട്ട ആരാധനാകര്‍മങ്ങളും മറ്റു സല്‍കര്‍മങ്ങളും അനുഷ്ഠിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ഥ സത്യവിശ്വാസികള്‍. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം കര്‍മങ്ങള്‍ ചെേയ്യണ്ടത്. കര്‍മങ്ങളിലൂടെ ഐഹികമായ നേട്ടം ആഗ്രഹിക്കുന്നത് ഉദ്ദേശങ്ങളിലുള്ള ശിര്‍ക്കിന്റെ ഭാഗമാണ്. അല്ലാഹുവും അവന്റെ റസൂലും ക്വുര്‍ആനിലൂടെയും സുന്നത്തിലൂടെയും ഇതിന്നെതിരെ താക്കീത് നല്‍കിയിട്ടുണ്ട്. തൗഹീദിന്റെ പൂര്‍ണതക്കെതിരും  കര്‍മങ്ങളെ നിഷ്ഫലമാക്കുന്നതുമാണിത്.

അല്ലാഹു പറയുന്നു: ''ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റിക്കൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ'' (ക്വുര്‍ആന്‍ 11:15,16).

ഇഹലോകം ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം, കുടുംബം, സന്താനം, സമ്പത്ത്, ആരോഗ്യം എന്നിവയിലൂടെ അത് നല്‍കപ്പെടും. അതും അല്ലാഹുവിന്റെ ഉദ്ദേശത്തില്‍ അധിഷ്ഠിതമാണ്. പരലോകത്ത് നരകമാണവര്‍ക്കുള്ളത്. കാരണം പരലോകം അവര്‍ ആഗ്രഹിച്ചിട്ടില്ല.

''അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ'' (ക്വുര്‍ആന്‍ 18:110).

അബൂഹുറയ്‌റ്യ നിവേദനം; റസൂല്‍ ﷺ പറഞ്ഞു: ''അല്ലാഹു പറഞ്ഞിരിക്കുന്നു: 'ശിര്‍ക്ക് ചെയ്യുന്നവരുടെ ശിര്‍ക്കിനെ തൊട്ട് ഞാന്‍ ധന്യനാണ്. ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കുകയും എന്നിട്ട് അതില്‍ ഞാനല്ലാത്തവരെ പങ്കാളികളാക്കുകയും ചെയ്താല്‍ അവനെയും അവന്റെ ശിര്‍ക്കിനെയും ഞാന്‍ വിട്ടുകളഞ്ഞിരിക്കുന്നു''–(മുസ്‌ലിം).

 ഒരു ആരാധനാകര്‍മം ചെയ്യുമ്പോള്‍ അത് ജനങ്ങള്‍ കാണട്ടെ എന്ന ചിന്തയുണ്ടെങ്കില്‍ അത് ലോകമാന്യത്തില്‍ പെടുന്നു. അയാള്‍ ആ കര്‍മത്തിലൂടെ ആഗ്രഹിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സല്‍പേരും സല്‍കീര്‍ത്തിയുമാണ്. അപ്പോള്‍ അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് ആയി മാറി. കാരണം ആ കര്‍മത്തില്‍ അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിക്കേണ്ട സ്ഥാനത്ത് ആളുകളുടെതൃപ്തിയും അവര്‍ക്കിടയിലെ നല്ലപേരുമാണ് അയാള്‍ ആഗ്രഹിച്ചത്. അത്തരം കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കില്ല; എന്നു മാത്രമല്ല, അതിന് ശിക്ഷ ലഭിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

''എന്നാല്‍ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ. ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ'' (ക്വുര്‍ആന്‍ 107:4-6).

 ലോകമാന്യം (രിയാഅ്) ചെറിയ ശിര്‍ക്കിന്റെ ഇനത്തിലാണ് ഉള്‍പ്പെടുന്നത്. കാരണം അടിസ്ഥാനപരമായി അത് പ്രകടിപ്പിക്കുന്നയാള്‍ ഏകദൈവ വിശ്വാസിയാണ്. എന്നാല്‍ രിയാഅ് മൂലം ഒരാളുടെ തൗഹീദിന്റെ പൂര്‍ണതയില്‍ ഭംഗം വരുന്നതാണ്. അതിനാല്‍ കര്‍മങ്ങളില്‍ പ്രകടനപരത കടന്നുവരാതിരിക്കാന്‍ പരമാവധി പരിശ്രമിക്കുക.