ഇബ്‌റാഹീം നബിയുടെ മാര്‍ഗം

പത്രാധിപർ

2021 ജൂലൈ 10 1442 ദുല്‍ക്വഅ്ദ 30

നശ്വരമായ ഐഹികജീവിതം സ്രഷ്ടാവിന്റെ കല്‍പനകള്‍ക്കനുസരിച്ച് ക്രമപ്പെടുത്തുവാന്‍ തീരുമാനിച്ചവനാണ് മുസ്‌ലിം. അങ്ങനെ ജീവിച്ച് മാതൃക കാണിച്ചവരാണ് പ്രവാചകന്മാര്‍. ആ പ്രവാചകന്മാരാണ് വിശ്വാസികള്‍ക്ക് മാതൃക.

ഹജ്ജും ബലിപെരുന്നാളും വരുമ്പോള്‍ ഇബ്‌റാഹീം നബി(അ)യെയും കുടുംബത്തെയും ഓര്‍ക്കാതിരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയില്ല. വിശ്വാസദാര്‍ഢ്യത്തിന്റെ പ്രതിരൂപമായിരുന്നു ഇബ്‌റാഹീം നബി(അ). ഇബ്‌റാഹീം നബി(അ)യുടെ ജീവിതം സമര്‍പ്പണത്തിന്റെ ചരിത്രമാതൃകയാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും ഏകദൈവാദര്‍ശത്തില്‍ അടിയുറച്ചുള്ള ജീവിതവുമാണ് ഇബ്‌റാഹീം നബി(അ)യുടെ ജീവിതത്തില്‍നിന്ന് ക്വുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്ന ഉദാത്ത മൂല്യങ്ങള്‍. തന്റെ വിശ്വാസത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദൗര്‍ബല്യത്തോടുകൂടി മുന്നോട്ട് പോകുവാന്‍ ഇബ്‌റാഹീം നബി(അ) ഒരുക്കമായിരുന്നില്ല. മരണത്തിനുശേഷം മനുഷ്യരാശിയെ പുനരുജ്ജീവിപ്പിക്കുമെന്ന ദൃഢവിശ്വാസം ഇബ്‌റാഹീം നബി(അ)ക്ക് ഉണ്ടായിരുന്നു. എന്നിട്ടും തനിക്കുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള വിശ്വാസദൗര്‍ബല്യം നാമ്പെടുക്കാതിരിക്കാനായി അദ്ദേഹം മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്ന വിധം തനിക്ക് കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, താങ്കള്‍ക്ക് വിശ്വാസമില്ലേ എന്ന ചോദ്യം അദ്ദേഹത്തോടുണ്ടായി. എന്റെ ഹൃദയം ശാന്തിയടയാന്‍ എന്ന മറുപടിയാണ് ഇബ്‌റാഹീം നബി(അ) നല്‍കിയത്. പ്രസ്തുത സംഭവം വിശുദ്ധ ക്വുര്‍ആനില്‍ വിവരിച്ചിട്ടുള്ളത് ഇപ്രകാരമാണ്:

''എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു). അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്‌റാഹീം പറഞ്ഞു: അതെ! പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാല് പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 2:260).

ഇബ്‌റാഹീം നബി(അ)യുടെ ജീവിതം ഒരു പാഠപുസ്തകമാണ്. മനുഷ്യരാശിയില്‍ ഓരോ അംഗത്തിനും ജീവിതത്തില്‍ പകര്‍ത്താവുന്നതും പകര്‍ത്തേണ്ടതുമായ മാതൃക. ജാതി, മത, വര്‍ഗ, വംശ, ഭാഷ, ദേശങ്ങള്‍ക്കതീതമായ; സാര്‍വകാലികവും സാര്‍വലൗകികവുമായ മഹത്തായ ജീവിത മാതൃകയാണ് അദ്ദേഹത്തിന്റെത്. യഹൂദരും ക്രൈസ്തവരും അടക്കമുള്ളവരെല്ലാം  അംഗീകരിക്കുന്ന നേതാവായ ഇബ്‌റാഹീം നബി(അ)യെ പിന്‍പറ്റുവാനുള്ള മാര്‍ഗം വിശുദ്ധ ക്വുര്‍ആന്‍ അവലംബിക്കുക എന്നത് മാത്രമാണ്.

ഇബ്‌റാഹീമീ സരണിയുടെ മൂല്യങ്ങളും ആദര്‍ശങ്ങളും മാനവരാശിക്ക് എത്തിച്ചുകൊടുക്കുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ഇബ്‌റാഹീം നബി(അ)യെ പിന്തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലുള്ള പ്രായോഗിക മാര്‍ഗം വിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനങ്ങള്‍ അംഗീകരിക്കുക എന്നത് മാത്രമാണ്. മറ്റെവിടെ അന്വേഷിച്ചാലും ഇബ്‌റാഹീമീ സരണിയുടെ മാര്‍ഗദര്‍ശനം മനുഷ്യരാശിക്ക് ലഭിക്കുകയില്ല. അല്ലാഹു പറയുന്നു:

''സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും നേര്‍മാര്‍ഗത്തിലുറച്ച് നിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്?...'' (ക്വുര്‍ആന്‍ 4:125).

''സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും'' (ക്വുര്‍ആന്‍ 2:130).