നവമാധ്യമങ്ങളുടെ ദുരുപയോഗം

പത്രാധിപർ

2021 മാര്‍ച്ച് 06 1442 റജബ് 22

ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് പോലുള്ള നവമാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം ഇന്ന് സര്‍വസാധാരണമാണ്. കഥാകൃത്തുക്കള്‍ അവരുടെ കഥകളും കവികള്‍ അവരുടെ കവിതകളും ലേഖകന്മാര്‍ അവരുടെ ലേഖനങ്ങളും വരമൊഴിയായും വാമൊഴിയായും ദൃശ്യരൂപത്തിലുമൊക്കെ ഈ മാധ്യമങ്ങള്‍ വഴി സമൂഹത്തിലേക്കെത്തിക്കുന്നതില്‍ വ്യാപൃതരാണ്.

വിവിധ മത, രാഷ്ട്രീയ നേതൃത്വങ്ങളും പ്രവര്‍ത്തകരുമൊക്കെ തങ്ങളുടെ ആശയാദര്‍ശങ്ങളുടെ പ്രചാരണത്തിന് ഈ മാധ്യമങ്ങളെ നന്നായി ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലം ഇതിന് വല്ലാതെ ആക്കംകൂട്ടിയിട്ടുമുണ്ട്.

സൂക്ഷ്മമായി പരിശോധിച്ചാല്‍; നന്മയുടെ പ്രസരണത്തെക്കാള്‍ തിന്മയുടെ വ്യാപനത്തിനാണ് കൂടുതലായി ഈ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താനാകും. എതിരാളിയെ/ എതിര്‍പാര്‍ട്ടിയെ/ തനിക്ക് ഇഷ്ടമിലാത്ത വ്യക്തികളെ/ സംഘടനകളെ എങ്ങനെയെല്ലാം അപകീര്‍ത്തിപ്പെടുത്താനാകുമോ അങ്ങനെയെല്ലാം ചെയ്യാന്‍ നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തപ്പെടുന്നു. വ്യാജ ഓഡിയോകള്‍, വ്യാജ വീഡിയോകള്‍ (സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയത്, ഏതോ രാജ്യത്ത് എന്നോ നടന്ന ചില സംഭവങ്ങളെ വര്‍ത്തമാനകാലത്ത് സ്വന്തം നാട്ടില്‍ നടന്നതായി അടിക്കുറിപ്പ് നല്‍കി പോസ്റ്റ് ചെയ്യുന്നവയടക്കമുള്ളത്), മോര്‍ഫിംഗ് നടത്തിയ ചിത്രങ്ങള്‍...ഇങ്ങനെ പലതും മറ്റുള്ളവരെ അപമാനിക്കുവാനും പരിഹസിക്കുവാനും ഒരുവേള വര്‍ഗീയ ധ്രുവീകരണവും കലാപവും ഉണ്ടാക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായും നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരുണ്ട്.

ഒരു വാര്‍ത്താശകലം കേള്‍ക്കുമ്പോഴേക്കും അതിനെക്കുറിച്ച് സ്വന്തം താല്‍പര്യസംരക്ഷണത്തിനോ എതിര്‍പക്ഷത്തെ അടിക്കാനുള്ള വടി എന്ന നിലയിലോ ഭാവനയില്‍നിന്ന് വ്യാഖ്യാനം നല്‍കി നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കലും 'ട്രോള്‍ മഴ' പെയ്യിക്കുന്നതുമൊക്കെ നാം കണ്ടുകൊണ്ടിരിക്കുന്നു. ആ വാര്‍ത്തയുടെ സത്യാവസ്ഥ പിന്നീട് പുറത്തുവരുമ്പോള്‍ ഇവരുടെ വ്യാഖ്യാനമെല്ലാം തലതിരിഞ്ഞതായിരുന്നു എന്ന് ബോധ്യമാകും. അതോടെ അവര്‍ പുതിയ ഇരകളെ തേടിപ്പോകും. അവര്‍ ഉണ്ടാക്കിവെച്ച തെറ്റുധാരണകള്‍ നിലനില്‍ക്കുകയും ചെയ്യും.  

അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് നവമാധ്യമങ്ങളെ ഉപയോഗിക്കുന്ന ഒരുപാടാളുകളുണ്ട്. ഇവര്‍ക്കൊന്നും മറ്റൊരു പണിയുമില്ലേ എന്ന് ചോദിക്കാന്‍ തോന്നും; അത്രമാത്രം ജാഗ്രതയാണവര്‍ തര്‍ക്കിക്കുന്ന വിഷയത്തില്‍ കാണിക്കുന്നത്. ഉപകാരപ്രദമായ വിഷയത്തിലാണെങ്കില്‍; ആ തര്‍ക്കംകൊണ്ട് തര്‍ക്കിക്കുന്നവര്‍ക്കോ അത് വായിക്കുകയോ കാണുകയോ ചെയ്യുന്നവര്‍ക്കോ എന്തെങ്കിലും ഗുണം ലഭിക്കുമെങ്കില്‍ തരക്കേടില്ല. എന്നാല്‍ തര്‍ക്കിക്കാന്‍ മാത്രം തര്‍ക്കിക്കുക; അതിലുള്ള തന്‍റെ സാമര്‍ഥ്യം തെളിയിക്കുക, അതിനായി വൃത്തികെട്ട ഭാഷ ഉപയോഗിക്കുക എന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല എന്നേ പറയാനുള്ളൂ.

സത്യവിശ്വാസികള്‍ ഇത്തരം കാര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഉപകാരപ്രദമല്ലാത്ത അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നത് അല്ലാഹുവും റസൂലും വിരോധിച്ചിട്ടുണ്ട്. എങ്കിലും വ്യത്യസ്ത സംഘടനകളില്‍പെട്ട മുസ്ലിംകള്‍ തമ്മില്‍ നവമാധ്യമങ്ങള്‍ വഴി ആശാസ്യകരമല്ലാത്ത രീതിയില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തുന്നത് നാം കാണാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും മറ്റു മേഖലകളിലും നാം കാണുന്ന അനാവശ്യ തര്‍ക്കവിതര്‍ക്കങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.