തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടി കൊറോണ!

പത്രാധിപർ

2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25

കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. ജനുവരി 15ാം തീയതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം, ചികിത്സയിലുള്ളവരുടെ എണ്ണം 90000 ആയേക്കാം, മരണനിരക്ക് 0.5 ആയി ഉയര്‍ന്നേക്കാം എന്നൊക്കെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യവകുപ്പു സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്! നിലവില്‍ 0.4 ശതമാനമാണ് മരണനിരക്ക്. ശരാശരി 65000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജനങ്ങള്‍ തമ്മില്‍ ഇടപഴകല്‍ വര്‍ധിച്ചതും സ്‌കൂളുകളും കോളേജുകളും തുറക്കുന്നതുമാണ് കോവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുന്ന കാരണങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്‌കൂളുകളും കോളേജുകളും തുറന്നിട്ടേയുള്ളൂ. എന്നാല്‍ നിയന്ത്രണങ്ങളോടെയാണ് ക്ലാസ്സുകള്‍ നടക്കുന്നത്. ഒരുസമയം പകുതി വിദ്യാര്‍ഥികള്‍ക്കു മാത്രം പ്രവേശനം. 2 ബാച്ച് ആയി ഒരു വിദ്യാര്‍ഥിക്ക് 5 മണിക്കൂര്‍ അധ്യയനം ലഭിക്കുന്ന രീതിയില്‍ ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ്. ഷിഫ്റ്റ് അല്ലാത്തവര്‍ക്ക് നാലു സമയ ഷെഡ്യൂളുകള്‍. ഇങ്ങനെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതുവഴി കോവിഡ് വ്യാപനം വല്ലാതെയുണ്ടാകില്ലെന്ന് പ്രത്യാശിക്കാം. ക്ലാസ്സില്‍ പാലിക്കുന്ന അകലവും ശ്രദ്ധയുംക്ലാസ്സിനുപുറത്തും പാലിച്ചെങ്കിലേ ഉദ്ദേശിച്ച ഫലമുണ്ടാവുകയുള്ളൂ.

എന്നാല്‍ സര്‍ക്കാരും ആരോഗ്യവകുപ്പും പറയാന്‍ മടിക്കുന്ന ചില വസ്തുതകളുണ്ട്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം നാമമാത്രമായിരുന്ന കാലത്ത് നാം സമ്പൂര്‍ണ ലോക്ക്ഡൗണിലായിരുന്നു. ആളുകള്‍ ഭയപ്പാടിലായിരുന്നു. സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ദിനേനയുള്ള രോഗികളുടെ എണ്ണം ഏഴായിരവും എട്ടായിരിവും എത്തിയ സമയത്ത് എന്ത് നിയന്ത്രണമാണുള്ളത്? നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കുന്ന വിദ്യാലയങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുമെങ്കില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അങ്ങാടികളോ? ജനജീവിതം കോവിഡിനു മുമ്പുള്ള അവസ്ഥയിലേക്ക് ഏതാണ്ടെല്ലാം മാറിക്കഴിഞ്ഞിരിക്കെ വിദ്യാലയങ്ങളെ മാത്രം കോവിഡ് വ്യാപനത്തിന് കാരണമായേക്കാവുന്ന ഒന്നായി കാണേണ്ടതില്ല.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജനങ്ങള്‍ തമ്മില്‍ ഇടപഴകല്‍ വര്‍ധിച്ചത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നു എന്നതിനോട് യോജിക്കാം. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയും മിക്കവാറും എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയാണ് പ്രവര്‍ത്തിച്ചതെന്ന് കാണാനാവും. എന്നാല്‍ ഫലപ്രഖ്യാപനം വന്നതോടുകൂടി എല്ലാ നിയന്ത്രണങ്ങളെയും തല്ലിത്തകര്‍ക്കുന്ന കാഴ്ചകളാണ് കാണാനായത്. മാസ്‌ക് ധരിക്കുകപോലും ചെയ്യാതെ വിജയിച്ചവര്‍ നിറഞ്ഞാടുകയായിരുന്നു. നൂറുകണക്കിനാളുകള്‍ ഒരു സാമൂഹിക അകലവും പാലിക്കാത വിജയാഹ്ലാദപ്രകടനം നടത്തിയപ്പോള്‍ പൊലീസും ആരോഗ്യവകുപ്പും അതിന് മൗനാനുവാദം നല്‍കുകയായിരുന്നില്ലേ?

പഞ്ചായത്തുകളില്‍ ഭരണസാരഥ്യം ഏറ്റെടുത്തതിന്റെ ആഘോഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആയിരവും രണ്ടായിരവും അതിലേറെയും വരുന്ന ജനക്കൂട്ടം റോഡ് ബ്ലോക്കാക്കി സന്തോഷപ്രകടനം നടത്തി യാത്രക്കാരെ പ്രയാസത്തിലാക്കിയതും കാണാനായി. ഒരു പാര്‍ട്ടിയും ഇതിലെ അപകടം തിരിച്ചറിഞ്ഞ് വിജയാഘോഷത്തെ ലളിതമാക്കാന്‍ ശ്രമിച്ചില്ല. കോവിഡ് വ്യാപനത്തില്‍ ഇത്തരം പേക്കൂത്തുകളുടെ പങ്ക് ചെറുതൊന്നുമാകില്ല.