പശ്ചാത്താപത്തിലൂടെ മനസ്സിനെ ശുദ്ധീകരിക്കുക

പത്രാധിപർ

2021 മെയ് 08 1442 റമദാന്‍ 26

ശരീരത്തില്‍ മണ്ണ് പുരളുന്നതും മനസ്സില്‍ പാപത്തിന്റെ മാലിന്യം പുരളുന്നതും മനുഷ്യ ജീവിതത്തില്‍ സ്വാഭാവികമാണ്. അതിനാല്‍ ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. ശരീരത്തിലെ മാലിന്യം കഴുകിക്കളയാം. അങ്ങനെ ശരീരം വൃത്തിയാക്കാം. മനസ്സിലെ മാലിന്യം വൃത്തിയാക്കേണ്ടത് തെറ്റുകുറ്റങ്ങള്‍ വര്‍ജിച്ചുകൊണ്ടും പശ്ചാത്താപിച്ചുകൊണ്ടുമാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.'' (ക്വുര്‍ആന്‍ 2:222).

ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമില്‍ നിന്നും അവന്‍ ഉള്‍ക്കൊണ്ട വിശ്വാസം, ആരാധനകള്‍, സ്വഭാവങ്ങള്‍, പെരുമാറ്റങ്ങള്‍, നിലപാടുകള്‍, സഹവര്‍ത്തിത്വ മര്യാദകള്‍ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടു കൂടാ എന്ന നിഷ്‌കര്‍ഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാന്‍ സത്യവിശ്വാസിക്ക് സാധ്യമാവുക.

പശ്ചാത്താപമാണ് പാപത്തിന്റെ പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠന്‍മാര്‍. നബി ﷺ പറഞ്ഞു:'''ആദമിന്റെ പുത്രന്മാര്‍ എല്ലാവരും തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്മാര്‍ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്'' (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).

വിശ്വാസിയായ ദാസന്റെ പശ്ചാത്താപത്തില്‍ അല്ലാഹുവിന്ന് അത്യധികം സന്തോഷിക്കുന്നു എന്നറിയിക്കുന്ന നബിവചനം പ്രസിദ്ധമാണ്. വിജനമായ മരുഭൂമിയില്‍ വെച്ച് കാണാതായ യാത്രാമൃഗത്തെ തിരിച്ചുകിട്ടുമ്പോള്‍ യാത്രക്കാരനുണ്ടാകുന്ന സന്തോഷത്തെക്കാള്‍ വലിയ സന്തോഷം! തെറ്റുകള്‍ ബോധ്യപ്പെട്ടും അവയില്‍ ആത്മാര്‍ഥമായി ഖേദിച്ചും കണ്ണുനീര്‍ പൊഴിച്ചും പശ്ചാത്തപിച്ചു പ്രാര്‍ഥിക്കുമ്പോള്‍ സത്യവിശ്വാസിയില്‍ നിറഞ്ഞുകവിയുന്നത് വിശ്വാസമാണ്. അവന്ന് അല്ലാഹുവിനെ അറിയാം. അവന്റെ കാരുണ്യത്തെപ്പറ്റി അറിയാം. പശ്ചാത്താപത്തിന്റെ മഹിമയറിയാം. പശ്ചാത്തപിക്കുന്നവര്‍ക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന പദവികളെപ്പറ്റിയുമറിയാം. പാപ പങ്കിലമായ മനസ്സുമായി പടച്ചവനെ കണ്ടുമുട്ടേണ്ടി വന്നാലുണ്ടാകുന്ന ദുരന്തവും ദുരിതവും അവന്നറിയാം. ഇത്തരം സ്വഭാവമുള്ള സത്യവിശ്വാസികളെപ്പറ്റി അല്ലാഹു പറഞ്ഞു: ''വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?-ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 3:135).

പശ്ചാത്താപം തീര്‍ത്തും അടിമയും അല്ലാഹുവുമായി ബന്ധപ്പെട്ടതാണ്. മാപ്പിരക്കുന്നത് അടിമയാണ്; മാപ്പ് നല്‍കുന്നത് അല്ലാഹുവും. വാക്കുകളിലോ, കര്‍മങ്ങളിലോ, വീക്ഷണങ്ങളിലോ, സ്വഭാവത്തിലോ തെറ്റുകള്‍ സംഭവിച്ചിരിക്കുന്നൂ എന്ന് മനസ്സിലാക്കുന്നതോടെ അവ ശരിയാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് പശ്ചാത്താപമനഃസ്ഥിതിയുള്ളവന്റെ ഗുണം. തെറ്റുകള്‍ അംഗീകരിച്ചാല്‍, അവ തിരുത്തിയാല്‍, അല്ലാഹുവിനോട് ഖേദിച്ചാല്‍ സമൂഹം എന്തു പറയുമെന്ന ചിന്ത അവന്നുണ്ടാകില്ല. അങ്ങനെയൊന്നും ചെയ്യാതിരുന്നാല്‍ തന്റെ പര്യവസാനം എന്തായിത്തീരുമെന്ന ആധിയേ അവന്നുണ്ടാകൂ. എങ്കില്‍, അവന്‍ വിനീതനാണ്. അല്ലാഹുവില്‍നിന്നുള്ള കാരുണ്യദാഹിയാണ്.