പുകയുന്ന മുല്ലപ്പെരിയാര്‍

പത്രാധിപർ

2021 നവംബര്‍ 20 1442 റബിഉല്‍ ആഖിര്‍ 15

പീരുമേട് താലൂക്കില്‍ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്‌നാട് അതിര്‍ത്തിയിലെ ശിവഗിരി മലകളില്‍നിന്ന് ഉത്ഭവിക്കുന്ന വിവിധ പോഷകനദികള്‍ ചേര്‍ന്നുണ്ടാകുന്നതാണ് മുല്ലയാര്‍. മുല്ലയാര്‍ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. ഇത് പൊട്ടും, പൊട്ടില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാള പത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇടുക്കി മുതല്‍ എറണാകുളം വരെയുള്ള ജനങ്ങളെ അത് വല്ലാതെ ഭീതിയിലാഴ്ത്തിയിരുന്നു. പിന്നീട് അത് കെട്ടടങ്ങി. ഇപ്പോള്‍ വീണ്ടും മുല്ലപ്പെരിയാര്‍ താരമായി മാറിയിരിക്കുന്നു. അതിനെക്കുറിച്ച് ചെറിയൊരു വാര്‍ത്തയെങ്കിലുമില്ലാതെ പത്രങ്ങള്‍ ഇറങ്ങുന്നില്ല.

ഡാം പരിധിയിലുള്ള മരം മുറിക്കാന്‍ ഉത്തരവു നല്‍കിയത് വിവാദമായി നീറിപ്പുകയുകയാണ്. ഈ ഉത്തരവിനു പിന്നില്‍ ഉദ്യോഗസ്ഥരാണെന്നും തനിക്കതില്‍ പങ്കില്ലെന്നും മാധ്യമ വാര്‍ത്തകളിലൂടെയാണ് അങ്ങനെയൊരു ഉത്തരവ് പുറത്തുവന്ന കാര്യം അറിഞ്ഞത് എന്നുമാണ് വനംവകുപ്പു മന്ത്രിയുടെ വിശദീകരണം. നിലവില്‍ അഴിമതിയും ദുര്‍ഭരണവും ഇന്ത്യാരാജ്യത്ത് ഒരു പ്രധാനവാര്‍ത്തയല്ലാതായി മാറിയിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഇതില്‍ വലിയ താല്‍പര്യമോ പ്രതിഷേധമോ ഉള്ളതായി കാണുന്നില്ല.

എന്നാല്‍ ഡാമിന്റെ അവസ്ഥ ശോചനീയമാണെന്നും ചോര്‍ച്ച വലുതാവുകയാണെന്നും തകരാന്‍ സാധ്യതയേറെയാെണന്നുമുള്ള വാര്‍ത്തകള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇത് ബോധ്യപ്പെട്ട കേരളസര്‍ക്കാര്‍ പുതിയ ഡാം നിര്‍മിക്കുക എന്ന ആവശ്യവുമായി മുന്നോട്ടുപോകുകയാണ്. അതിന്റെ ആവശ്യകത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ചയുടെ അളവിനെക്കുറിച്ചുള്ള കൃത്യമായ കണക്കു തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കേരളവും തമിഴ്‌നാടുമുള്ളത്. അണക്കെട്ടിലെ ചോര്‍ച്ചയുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നു സുപ്രീം കോടതി തമിഴ്‌നാടിനോടു നിര്‍ദേശിച്ചെങ്കിലും പല വഴികളിലൂടെ വെള്ളം ചോരുന്നതിനാല്‍ ആധികാരികമായ കണക്ക് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.

അണക്കെട്ടില്‍നിന്നു ഗാലറിയിലേക്കു വരുന്ന വെള്ളത്തിന്റെ (സീപ്പേജ് വാട്ടര്‍) അളവ് പരിശോധിച്ചു രേഖപ്പെടുത്തുന്നതു തമിഴ്‌നാടാണ്. ഡാമിന്റെ പൂര്‍ണ നിയന്ത്രണം തമിഴ്‌നാടിനായതിനാല്‍, ഇവര്‍ നല്‍കുന്ന കണക്ക് റജിസ്റ്ററില്‍ ചേര്‍ക്കുന്ന ജോലി മാത്രമാണു കേരളത്തിലെ ഉദേ്യാഗസ്ഥര്‍ക്കുള്ളത്. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ടസമിതിയും ഉപസമിതിയും അണക്കെട്ടില്‍ പരിശോധന നടത്തുമ്പോള്‍ കേരളത്തിലെ ഉദേ്യാഗസ്ഥരുടെ സാന്നിധ്യത്തിലാണ് തമിഴ്‌നാട് സീപ്പേജ് വാട്ടറിന്റെ കണക്കെടുക്കുക. (അണക്കെട്ടിന്റെ ഉള്‍വശത്തുള്ള ഗാലറിയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളമാണു സീപ്പേജ് വാട്ടര്‍). ഡാമിലെ നിരപ്പ് ഉയരുമ്പോള്‍ സീപ്പേജ് കൂടും. ഡാമിന്റെ അടിത്തട്ടില്‍നിന്നു 10 അടി ഉയരത്തിലും 45 അടി ഉയരത്തിലുമാണ് ഗാലറികളുള്ളത്. ഒരാഴ്ച മുമ്പ് തമിഴ്‌നാട് കേരളത്തിനു നല്‍കിയ കണക്കനുസരിച്ച് 10 അടി ഉയരത്തിലുള്ള ഗാലറിയില്‍ മിനിറ്റില്‍ 97.695 ലിറ്റര്‍ വെള്ളവും 45 അടി ഉയരത്തിലുള്ള ഗാലറിയില്‍ 31.752 ലിറ്റര്‍ വെള്ളവുമാണ് ചോര്‍ന്നെത്തുന്നത് എന്നാണുള്ളത്. ഈ കണക്ക് തെറ്റാണെന്നും ഇതിലേറെ വെള്ളം ചോരുന്നുണ്ടെന്നുമാണ് കേരളത്തിന്റെ പക്ഷം. ലൈം (കുമ്മായം) സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് 126 വര്‍ഷം മുമ്പ് നിര്‍മിച്ച അണക്കെട്ടില്‍ സീപ്പേജിലൂടെ മാത്രം വര്‍ഷം 35 ടണ്‍ ലൈം ഒഴുകിപ്പോകുന്നുവെന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. ഇക്കാര്യം തമിഴ്‌നാടുതന്നെ സമ്മതിക്കുന്നുണ്ട്. ലൈം ഒഴുകിപ്പോകുമ്പോള്‍ അണക്കെട്ടില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയശേഷം ഉന്നത മര്‍ദത്തില്‍ സിമന്റ് ചാന്ത് അടിച്ചുകയറ്റിയാണ് ചോര്‍ച്ച തടയുന്നത്. ഈ അവസ്ഥയില്‍ ഇനിയും കൂടുതല്‍ കാലം ഡാം നിലനില്‍ക്കാനുള്ള സാധ്യത കുറവാണ് എന്നതാണ് മലയാളികളെ ഭയപ്പെടുത്തുന്നത്.