വെളിച്ചത്തിലേക്കു നയിക്കുന്ന വേദഗ്രന്ഥം

ടി.കെ.അശ്റഫ്

2021 ഏപ്രില്‍ 23 1442 റമദാന്‍ 11

വിശുദ്ധ ക്വുര്‍ആന്‍ മാനവസമൂഹത്തിനു വേണ്ടി പ്രപഞ്ചസ്രഷ്ടാവ് അവതരിപ്പിച്ച വേദഗ്രന്ഥമാണ്. എന്നാല്‍ ഈ ദൈവിക ഗ്രന്ഥത്തെക്കുറിച്ച് മനുഷ്യരിലധികവും അജ്ഞരാണ്. മിക്കവരും അതിനെമുസ്ലിംകളുടെ മാത്രം വേദഗ്രന്ഥമായി കണക്കാക്കുന്നു. ചിലരാകട്ടെ അജ്ഞതകാരണമോ തെറ്റുധാരണമൂലമോ അതിനെ തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും പ്രഭവകേന്ദ്രമായി മുദ്രകുത്തി അവഗണിക്കുന്നു. മുസ്ലിംകളില്‍ പെട്ടവരില്‍തന്നെ അതിനെ കേവലം പാരായണത്തില്‍ ഒതുക്കിനിര്‍ത്തുന്നവരും അതുമായി ഒട്ടും ബന്ധം പുലര്‍ത്താത്തവരുമുണ്ട്. അതിന്‍റെ ആശയം പഠിക്കുവാനും മനസ്സിലാക്കുവാനും പലരും സമയം കണ്ടെത്തുന്നില്ല.

മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചത്: "നിങ്ങളെ ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍വേണ്ടി തന്‍റെ ദാസന്‍റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കുന്നവനാണ് അവന്‍..."(ക്വുര്‍ആന്‍57:9).

"...മനുഷ്യരെ അവരുടെ രക്ഷിതാവിന്‍റെ അനുമതിപ്രകാരം ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്, ആകാശങ്ങളിലുള്ളതിന്‍റെയും ഭൂമിയിലുള്ളതിന്‍റെയും ഉടമയായ അല്ലാഹുവിന്‍റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ടുവരാന്‍ വേണ്ടി)..." (ക്വുര്‍ആന്‍ 14:1,2).

ആറാം നൂറ്റാണ്ടില്‍ ഇരുളിന്‍റെ ലോകത്ത് ഇരുളടഞ്ഞ മനസ്സുമായി ജീവിച്ചിരുന്ന ഒരു ജനതതിയെ വെളിച്ചത്തിലേക്ക് നയിച്ചതും അവരുടെ മനസ്സുകളെ പ്രകാശമാനമാക്കിയതും ക്വുര്‍ആനായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കയ്യൊഴിക്കുവാന്‍ അവര്‍ തയാറായത് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തിയതുകൊണ്ടായിരുന്നു.

"തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു)" (ക്വുര്‍ആന്‍ 17:9,10).

വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയുമെന്നല്ല, മുഴുവന്‍ മേഖലകളിലും അധമത്വത്തിന്‍റെ പടുകുഴിയിലാണ്ടു കിടന്നിരുന്ന ഒരു സമൂഹത്തെ ലോകാവസാനംവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാക്കാന്‍ പോന്ന ഉത്തമസമൂഹമാക്കി മാറ്റാന്‍ നബി(സ്വ)ക്ക് സാധിച്ചത് ക്വുര്‍ആനിന്‍റെ പിന്‍ബലം കൊണ്ടാണ്.

ക്വുര്‍ആന്‍ പഠിക്കല്‍ ഓരോരുത്തരുടെയും ബാധ്യതയാണെന്നതില്‍ സംശയമില്ല. അത് പഠനത്തിന് വളരെ എളുപ്പമുള്ളതാണ്. അല്ലാഹു തന്നെ അക്കാര്യം പറയുന്നത് കാണുക: "തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കുവാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?" (ക്വുര്‍ആന്‍ 54:32).

ക്വുര്‍ആന്‍ പഠിക്കുന്നവനും പഠിപ്പിക്കുന്നവനുമാണ് ഉത്തമന്‍ എന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്. മനുഷ്യന്‍റെ ഇഹപരജീവിത വിജയത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥം എന്ന നിലയ്ക്ക് അത് പഠിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അതിലെ ഓരോ അക്ഷരവും പാരായണം ചെയ്താല്‍ അതിന് പ്രതിഫലം ലഭിക്കും എന്ന് നബി(സ്വ) പറഞ്ഞത് നാം ഓര്‍ക്കണം. ഒരു വിശ്വാസി ക്വുര്‍ആനുമായി അഭേദ്യമായ ബന്ധം ഉണ്ടായിരിക്കേണ്ടവനാണ്.