മഴ: ഒരു ദൈവികദൃഷ്ടാന്തം

പത്രാധിപർ

2021 ജൂൺ 05 1442 ശവ്വാല്‍ 24

കാലാവസ്ഥയില്‍ വര്‍ഷംതോറും വലിയ വ്യതിയാനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. മുമ്പൊക്കെ കൃത്യമായി വന്നുകൊണ്ടിരുന്ന മഴക്കാലം ചിലപ്പോള്‍ നേരത്തെയെത്തുന്നു, അല്ലെങ്കില്‍ വൈകിയെത്തുന്നു. ജീവന്റെ അടിസ്ഥാന ഘടകമാണല്ലോ വെള്ളം. മഴ പെയ്യാതിരുന്നാല്‍ കിണറുകളും കുളങ്ങളും മറ്റു ജലസോതസ്സകളുമെല്ലാം വറ്റും. പുഴകളിലെ നീരൊഴുക്ക് നിലയ്ക്കും. മഴ കിട്ടാതിരിക്കുമ്പോഴാണ് അതിന്റെ വില നാം അറിയാറുള്ളത്. മഴയുടെ ലഭ്യതയില്‍ വിസ്മയകരവും ചിന്താര്‍ഹവുമായ പല കാര്യങ്ങളുണ്ട്. ചിന്തിക്കുന്ന മനുഷ്യര്‍ക്ക് സര്‍വശക്തനായ സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കുവാന്‍തക്ക തെളിവുകള്‍ അവയില്‍നിന്ന് ലഭിക്കുമെന്നതില്‍ സംശയമില്ല. അല്ലാഹു പറയുന്നു:

''തന്റെ (മഴവര്‍ഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവന്‍ (അല്ലാഹു) തന്നെ. ആകാശത്തുനിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജീവമായ നാടിന് അതുമുഖേന നാം ജീവന്‍ നല്‍കുവാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി. അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സുവവന്നില്ല'' (ക്വുര്‍ആന്‍ 25:48-50).

ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് കണക്കില്ലാത്ത അനുഗ്രഹങ്ങള്‍ നല്‍കിയവനാണ് സ്രഷ്ടാവായ അല്ലാഹു. അതില്‍പെട്ട ഒന്നാണ് മഴ. അതുകൊണ്ട് കാരുണ്യം എന്നാണ് അല്ലാഹു മഴയെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്. ആ കാരുണ്യത്തിന്റെ ആഗമനത്തിനു മുന്നോടിയായി തണുത്ത കാറ്റടിച്ചുവീശുമ്പോള്‍ മഴ കാത്തിരിക്കുന്നവരുടെ മനംകുളിര്‍ക്കാറുണ്ടെന്നത് അനുഭവ യാഥാര്‍ഥ്യമാണ്.

''നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു...'''(ക്വുര്‍ആന്‍ 39:21).

''നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ മേഘത്തില്‍നിന്ന് അതിറക്കിയത്? അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് നാം ദുഃസ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്?'' (ക്വുര്‍ആന്‍ 56:68-70).

ഒരു കണക്കനുസരിച്ചാണ് അല്ലാഹു മഴ നല്‍കുന്നത്. കിണറുകളും കുളങ്ങളുമൊക്കെ കുഴിച്ചാല്‍ വെള്ളം ലഭിക്കത്തക്ക വിധത്തില്‍ വെള്ളത്തെ ഭൂമിയുടെ അഗാധതയിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ തടുത്തുനിര്‍ത്തുന്നതും അല്ലാഹു തന്നെ: ''ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് അതിനെ നാം ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയുവാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു''(ക്വുര്‍ആന്‍ 23:18).

വേനല്‍ക്കാലമായാല്‍ ഈര്‍പ്പം നഷ്ടപ്പെട്ട് ഭൂമി വിണ്ടുകീറുന്നു. സസ്യലതാതികള്‍ ഉണങ്ങിക്കരിയുന്നു. എന്നാല്‍ നല്ലൊരു മഴയേല്‍ക്കുമ്പോള്‍ തന്നെ ഭൂമിക്ക് ജീവന്‍ വെക്കുകയായി. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് നാം അതില്‍ ജലം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ...'' (41:39).

മഹത്തായ ഈ പ്രതിഭാസത്തിന്റെ പിന്നിലുള്ള അദൃശ്യവും അപാരവുമായ മഹാശക്തിയെക്കുറിച്ച് ആലോചിക്കുവാനും അവനോട് നന്ദിയും വിധേയത്വവും കാണിക്കുവാനുമാണ് വിശ്വാസികള്‍ തയ്യാറാകേണ്ടത്.