ആരാണ് മുസ്‌ലിം?

പത്രാധിപർ

2021 സെപ്തംബര്‍ 25 1442 സഫര്‍ 18

കുറ്റകൃത്യങ്ങളിലുള്ള  മുസ്‌ലിംനാമധാരികളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി മുസ്‌ലിം സമുദായത്തെ മൊത്തമായും ഇസ്‌ലാമിനെ പ്രത്യേകമായും അപകീര്‍ത്തിപ്പെടുത്താന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ചില സ്ഥാപിത താല്‍പര്യക്കാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റേതൊരു മതത്തില്‍പെട്ട വ്യക്തികള്‍ ചെയ്യുന്ന തെറ്റുകളെയും ആ മതത്തിന്റെയോ സമുദായത്തിന്റെയോ മേല്‍ ചാര്‍ത്തപ്പെടാറില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഇസ്‌ലാം എന്തെന്നറിയാത്തവര്‍ അബദ്ധധാരണയില്‍ അകപ്പെടാന്‍ ഇത് കാരണമാകുന്നുവെന്നതില്‍ സംശയമില്ല.

സ്രഷ്ടാവിനുള്ള സമ്പൂര്‍ണ സമര്‍പണമാണ് ഇസ്‌ലാം. ജീവിത പരിശുദ്ധി അതിന്റെ എല്ലാ അര്‍ഥത്തിലും വിശ്വാസി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവും അവന്റെ തിരുദൂതനും കാണിച്ചുതന്ന പാതയില്‍നിന്ന് വ്യതിചലിക്കാതെ ജീവിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്. വിശ്വാസകാര്യങ്ങളും കര്‍മപരമായ കാര്യങ്ങളും വിധിവിലക്കുകളും പെരുമാറ്റ-സംസാര മര്യാദകളുമെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ മനുഷ്യന്‍ പാലിക്കേണ്ടതായി ഇസ്‌ലാം അനുശാസിക്കുന്ന ഓരോ കാര്യവും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഗുണകരം മാത്രമാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബ(സ്വ) പറഞ്ഞു: ''നിങ്ങള്‍ അന്യോനം അസൂയ കാണിക്കരുത്. വ്യാപാരത്തില്‍ പരസ്പരം വില കൂട്ടിപ്പറയരുത്. പരസ്പരം പകവെക്കരുത്. അന്യോന്യം അവഗണിക്കരുത്. മറ്റുള്ളവര്‍ കച്ചവടം നടത്തിയതിനുമേല്‍ കച്ചവടം നടത്തരുത്. നിങ്ങള്‍ അല്ലാഹുവിന്റെ അടിമകള്‍ പരസ്പരം സഹോദരന്മാരായി വര്‍ത്തിക്കുക...'' (മുസ്‌ലിം).

മുകളിലുദ്ധരിച്ച നബിവചനം ശ്രദ്ധിക്കുക. അതില്‍ പറഞ്ഞ ഒന്നിനോടും ആര്‍ക്കും എതിര്‍പ്പുണ്ടാകുമെന്നു തോന്നുന്നില്ല. ആ കാര്യങ്ങള്‍ അനുസരിക്കുന്നവരാണ് മുസ്‌ലിം സമൂഹമെങ്കില്‍ അത് ഒരു മാതൃകാസമൂഹമായിരിക്കുെമന്നതില്‍ സംശയമില്ല. ഇസ്‌ലാം സുഭദ്രമായ ഒരു സാമൂഹിക ജീവിതത്തിന് ആവ്യമായ മുഴുവന്‍ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കിയതായി കാണുവാന്‍ സാധിക്കും.

ഒരു യഥാര്‍ഥ മുസ്‌ലിം അസൂയയില്‍നിന്നും മുക്തി നേടിയവനായിരിക്കും. 'നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകുതിന്നുന്നതു പോലെയോ പുല്ല് കരിച്ചുകളയുന്നതുപോലെയോ അസൂയ സല്‍കര്‍മങ്ങളെ നശിപ്പിച്ചുകളയും'' എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം.

കച്ചവടത്തില്‍ എന്തുമാകാം എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നവരുണ്ട്. കൃത്യമായി സമസ്‌കരിക്കുകയും ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്യുന്നവര്‍. പക്ഷേ, കച്ചവടത്തില്‍ മാന്യത പുലര്‍ത്താറില്ല. കച്ചവടത്തില്‍ തനിക്ക് ഉന്നതിയിലെത്തണം എന്ന ചിന്തയില്‍ മറ്റുള്ളവരുടെ പരാജയത്തിനായി ഏതറ്റംവരെ പോകാനും തയ്യാറാകുന്നവര്‍ ഏറെയുണ്ട്. 'അല്ലാഹു പലിശ നിഷിദ്ധമാക്കുകയും കച്ചവടം അനുവദിക്കുകയും ചെയ്തിരിക്കുന്നു' എന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട്. പലിശ ചൂഷണമാണ്. ദ്രോഹമാണ്. അതുകൊണ്ടുതന്നെ അത് നിഷിദ്ധമാക്കപ്പെട്ടു. എന്നാല്‍ അനുവദിക്കപ്പെട്ട കച്ചവടത്തെയും ചൂഷണവും ദ്രോഹവുമാക്കി മാറ്റുന്നത് ന്യായീകരണമര്‍ഹിക്കുന്നില്ല.

ഇതരരുടെ അഭിമാനത്തിന് ക്ഷതം വരുത്തുവാനും ധനം അപഹരിക്കുവാനും അന്യായമായി രക്തം ചിന്തുവാനും ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. സൂക്ഷ്മതയോടുകൂടി ജീവിക്കുന്ന ഒരു സത്യവിശ്വാസിയില്‍നിന്നും ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ ഉണ്ടാവുകയില്ല. അല്‍പവിശ്വാസിയില്‍നിന്നുണ്ടാകുന്ന അബദ്ധങ്ങളെ ജിഹാദുമായി ബന്ധിപ്പിച്ചു പറയുന്ന അല്‍പന്മാര്‍ക്ക് വിശുദ്ധജീവിതത്തിലൂടെയാണ് വിശ്വാസികള്‍ മറുപടി നല്‍കേണ്ടത്.