കോവിഡും മാനസിക പ്രയാസങ്ങളും

പത്രാധിപർ

2021 ജൂലൈ 24 1442 ദുല്‍ഹിജ്ജ 13

കൊറോണ വൈറസ് മനുഷ്യസമൂഹത്തെയാകമാനം വിടാതെ പിന്തുടരുകതന്നെയാണ്. ലോകത്ത് ഇരുപത് കോടിയോളം മനുഷ്യരെ കോവിഡ് 19 ബാധിച്ചു. നാല്‍പതു ലക്ഷം ആളുകള്‍ ലോകത്താകമാനം കോവിഡ് ബാധിച്ച് മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. യാഥാര്‍ഥ്യം അതിലും എത്രയോ അധികമാകാനാണ് സാധ്യത. മനുഷ്യവംശത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താനും നാശം വിതയ്ക്കാനും ഒരു വൈറസിന് സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൊവിഡ് ബാധ.

കോവിഡ് ബാധിച്ച ആളുകള്‍ക്ക് അത് ശാരീരികമായും മാനസികമായും പ്രയാസമുണ്ടാക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ കോവിഡ് ബാധിക്കാത്ത ആളുകളുടെ മാനസികാരോഗ്യത്തെയും അത് ബാധിക്കുന്നതായാണ് പുറത്തുവരുന്ന പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആദ്യമൊക്കെ എവിടെയെങ്കിലും നടന്ന ഒറ്റപ്പട്ട കോവിഡ് മരണ വാര്‍ത്തകള്‍ അറിയുമ്പോള്‍ അത് തന്റെ കുടുംബത്തിലേക്കോ നാട്ടിലേക്കോ എത്തിയിട്ടില്ലല്ലോ എന്ന ആശ്വാസവും എത്തില്ലെന്ന ശുഭാപ്തി വിശ്വാസവുമാണ് ആളുകള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ആ അവസ്ഥ പാടെ മാറിയിരിക്കുന്നു. തന്റെ പ്രദേശത്ത് എന്നല്ല, അയല്‍പക്കത്തും കുടുംബത്തിലും കോവിഡ് ബാധിച്ചുള്ള മരണം കടന്നുവന്നിരിക്കുന്നു എന്ന യാഥാര്‍ഥ്യം അനുഭവിച്ചറിഞ്ഞിരിക്കുകയാണ് എല്ലാവരും. പതിനയ്യായിരത്തോളം ആളുകള്‍ നമ്മുടെ സംസ്ഥാനത്തുതന്നെ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. അതിലധികമുണ്ടെന്ന് ആശുപത്രികളില്‍ നടന്ന മരണങ്ങളുടെ കണക്ക് ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.  

തന്റെ ചുറ്റുപാടിലുള്ളവരും പരിചയക്കാരും സുഹൃത്തുക്കളും മരണത്തിന് കീഴ്‌പെടുമ്പോള്‍, കുടുംബത്തില്‍ മരണം സംഭവിക്കുമ്പോള്‍ സ്വാഭാവികമായും വല്ലാത്തൊരു ഭയം ഉള്ളില്‍ നിറയും. തനിക്ക് രോഗംവരുമോ എന്ന ഭയം മുതല്‍ പ്രിയപ്പെട്ടവരെ രോഗംമൂലം നഷ്ടപ്പെട്ടതിന്റെ ദുഃഖംവരെയുള്ള വ്യത്യസ്ത കാരണങ്ങളാല്‍ കോവിഡ് ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്.  

തനിക്ക് രോഗം പിടിപെടുമോ എന്ന ഭയമാണ് മുതിര്‍ന്നവര്‍ക്കുള്ളത്. സങ്കടം, നിരാശ, ദേഷ്യം തുടങ്ങിയവ അത്തരക്കാരില്‍ വളരുന്നു. വീടിനുള്ളില്‍ ഒതുങ്ങിക്കൂടുന്നതിന്റെ ബുദ്ധിമുട്ടുകളും ഉപജീവനമാര്‍ഗം അടഞ്ഞതിലെ പ്രയാസവും അവരെ മാനസികമായി കൂടുതല്‍ തളര്‍ത്തും.

കുട്ടികളില്‍ രക്ഷിതാക്കളെ അമിതമായി ആശ്രയിക്കുന്ന മനോഭാവം, ദേഷ്യം, നിസ്സഹകരണം, പേടി, ഉള്‍വലിയുന്ന സ്വഭാവം എന്നിവ പ്രകടമാകുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ അവര്‍ക്ക് ക്ക് പ്രത്യേക പരിഗണന നല്‍കേണ്ട സമയംകൂടിയാണിത്. കുട്ടികള്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കുവാന്‍ രക്ഷിതാക്കള്‍ തയ്യാറാകേണ്ടതുണ്ട്.  തങ്ങളുടെ വിഷമങ്ങള്‍ തുറന്നുപറയാന്‍ അവസരം ലഭിക്കുന്നത് അവര്‍ക്ക് ആശ്വാസം പകരും.

സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല വീട്ടില്‍നിന്നുതന്നെ പുറത്തിറങ്ങാനോ മറ്റു കുട്ടികളുമായി സംസാരിക്കാനോ കളിക്കാനോ അവസരമില്ലാത്ത സാഹചര്യവും ഓണ്‍ലൈന്‍ പഠനത്തിനായി മണിക്കൂറുകളോളം മൊബൈല്‍ ഫോണിനു മുന്നിലിരിക്കുകയും ചെയ്തുതീരാത്തത്ര ഹോംവര്‍ക്കുകള്‍ നല്‍കപ്പെടുകയും ചെയ്യുന്ന അവസ്ഥ അവരെ മാനസികമായി പ്രയാസപ്പെടുത്തുണ്ടാകും. ഇക്കാര്യങ്ങള്‍ കണ്ടറിഞ്ഞ് രക്ഷിതാക്കള്‍ അവരോട് ഇടപെടേണ്ടതുണ്ട്.  

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രയാസങ്ങളും പ്രതിബന്ധങ്ങളും നിരാശപ്പെടേണ്ട കാര്യങ്ങളല്ല. സംശുദ്ധ ജീവിതവും അകമഴിഞ്ഞ പ്രാര്‍ഥനയും സ്രഷ്ടാവിലുള്ള ഭരമേല്‍പിക്കലും അവര്‍ക്ക് മാനസികമായ കരുത്ത് പകരുന്ന കാര്യങ്ങളാണ്.